TopTop
Begin typing your search above and press return to search.

മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധതയും ജനകീയാസൂത്രണവും- ഡോ. തോമസ് ഐസക് സംസാരിക്കുന്നു

മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധതയും ജനകീയാസൂത്രണവും- ഡോ. തോമസ് ഐസക് സംസാരിക്കുന്നു

ഡോ. ടി എം തോമസ് ഐസക്

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന സാമൂഹിക പ്രക്രിയയാണ് വികസനം. ജനങ്ങളുടെ ജീവിത നിലവാരം ഉയരണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ഉണ്ടാകണം. ഒന്ന് നാട്ടിലെ ഉത്പാദനം വര്‍ദ്ധിക്കണം. രണ്ട് അതില്‍ നല്ലൊരു പങ്ക് ജനങ്ങള്‍ക്ക് ലഭ്യമാകണം. ഇതില്‍ രണ്ടെടുത്താലും കമ്മ്യൂണിക്കേഷന്‍ വളരെ പ്രധാനമാണ്. ഉത്പാദനത്തിന്റെ കേന്ദ്രബിന്ദു സാങ്കേതിക വിദ്യയാണ്. സാങ്കേതിക വിദ്യയിലെ പുരോഗതിയാണ് ഉത്പാദന വളര്‍ച്ചയ്ക്ക് രംഗമൊരുക്കുന്നത്. ഒരു സാങ്കേതിക വിദ്യ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അല്ലെങ്കില്‍ അതില്‍ ഇന്നൊവേഷന്‍ ഉണ്ടായാല്‍ അത് എത്ര വേഗം സമൂഹത്തില്‍ പരക്കുന്നു എന്നതില്‍ വളരെ നിര്‍ണായകമായ പങ്ക് മാധ്യമങ്ങള്‍ക്കുണ്ട്. വളര്‍ച്ച ഉണ്ടായാല്‍ മാത്രം പോര. അത് ജനങ്ങള്‍ക്ക് പ്രാപ്യമാകണം. സമത്വമില്ലെങ്കിലും കുഴപ്പമില്ല നീതിപൂര്‍വമായ പങ്ക് ലഭിക്കണം. വികസനത്തിന്റെ സാമ്പത്തിക തലമെടുത്താലും സാമൂഹിക തലമെടുത്താലും വളരെ പ്രധാനപ്പെട്ട പങ്കാണ് കമ്യൂണിക്കേഷന് വഹിക്കാനുള്ളത്. അങ്ങിനെ കമ്യൂണിക്കേഷന്‍റെ പങ്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിശ്ചയമായിട്ടും മാധ്യമങ്ങള്‍ക്ക് സവിശേഷമായ സ്ഥാനം തന്നെയുണ്ട്. ഇന്‍റര്‍ പെര്‍സണല്‍ കമ്മ്യൂണിക്കേഷനും ഗ്രൂപ്പ് കമ്യൂണിക്കേഷനുമൊക്കെ വലിയ പ്രാധാന്യമുണ്ട്. പക്ഷേ ഇതിനൊക്കെ പരിമിതികളുണ്ട്. ഇവിടെയാണ് മാസ് മീഡിയ പ്രധാനമാകുന്നത്.

ഞാന്‍ സമീപകാലത്ത് ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഉരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിയെക്കുറിച്ചാണ് ആ പുസ്തകം. ഇതിനിടയില്‍ ഞാന്‍ കേട്ടൊരു കാര്യമുണ്ട്; മാതൃഭൂമി പത്രത്തിലെ ഒരു വാര്‍ത്ത വായിച്ചിട്ടാണ് വാഗ്ഭടാനന്ദന്‍ ഇങ്ങനെയൊരു പ്രസ്ഥാനം തുടങ്ങിയതെന്ന്. ഒരു മിത്തോളജി മേക്കിംഗിന്റെ ഭാഗമായിട്ടായിരിക്കും ഇത്തരമൊരു വാര്‍ത്ത ഉണ്ടാകുന്നതെന്നാണ് കരുതിയത്. എങ്കിലും അതിന്റെ പിന്നിലെന്തെങ്കിലുമുണ്ടോയെന്നു അന്വേഷിക്കാന്‍ തോന്നി. അങ്ങനെയാണ് 1920-കളിലെ മാതൃഭൂമി പത്രങ്ങള്‍ തപ്പിയെടുത്ത് വായിക്കാന്‍ തീരുമാനിച്ചത്. പറഞ്ഞുകേട്ട വാര്‍ത്തയിലെ തീയതിയിലുള്ള മാതൃഭൂമി പത്രം കിട്ടി. പട്ടാമ്പിയില്‍ നടന്ന അഖില മലബാര്‍ സഹകരണപ്രസ്ഥാനത്തിന്റെ ഒന്നാം സമ്മേളനത്തോടനുബന്ധിച്ച് മദിരാശിയിലുള്ള ശിവരാമന്‍ നടത്തിയ പ്രസംഗത്തിന്റെ രണ്ടു കോളം വാര്‍ത്ത അതിലുണ്ട്. ഈ സമയത്ത് തന്നെയാണ് ഒഞ്ചിയത്തിനടുത്ത് പുതിയ റെയില്‍വേ സ്റ്റേഷന്‍ ആരംഭിക്കുന്നത്. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് ഒരു ചായക്കടയും തുടങ്ങുന്നു. ചായക്കടയില്‍ മാതൃഭൂമി പത്രം വരും. ഇതുവായിക്കുന്ന ഒരു സംഘം ആളുകളും രൂപപ്പെട്ടിരുന്നു. അവരാരുംതന്നെ നിരന്തരം വിജ്ഞനവുമായി ബന്ധപ്പെടുന്ന ആളുകളല്ല. വ്യത്യസ്ത ജാതി, മതങ്ങളില്‍പ്പെട്ട കൂലിവേലക്കാരാണ്. അങ്ങനെ ഒരു പബ്ലിക് സ്പേസ് അവിടെ ഉണ്ടാവുകയായിരുന്നു. ആ സംഘത്തില്‍ ഈ വാര്‍ത്ത വായിക്കുകയും ഇത് പിന്നീട് ചര്‍ച്ചയാകുകയും ഈ ചര്‍ച്ചകളുടെ ഫലമായിട്ട് അവിടെയൊരു സഹകരണ പ്രസ്ഥാനം രൂപം കൊള്ളുകയുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.മാധ്യമങ്ങളുടെ ചരിത്രത്തിലൂടെ
കേരളത്തിലെ പത്രമാധ്യമങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അതിന് പല ഘട്ടങ്ങളുള്ളതായി കാണാം. ആദ്യഘട്ടത്തില്‍ നമ്മള്‍ പരിചയപ്പെടുന്നത് ദീപികയും പിന്നീട് മനോരമയുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളാണത്. ഈ കാലമെന്നത് ആധുനികവത്ക്കരണത്തിന്റെ ആരംഭം കൂടിയാണ്. പുതിയ മുതലാളിത്ത കാഴ്ചപ്പാടുകളും സാങ്കേതിക വിദ്യകളും അതിന്റെ സംഘടനകളുമൊക്കെ രൂപം കൊള്ളുന്നു. വ്യാപാരങ്ങള്‍, മധ്യവര്‍ഗ്ഗ ആവിര്‍ഭാവം, പുതിയ സാംസ്‌കാരിക ചലനങ്ങള്‍, എല്ലാത്തിനുമുപരി വലിയൊരു പുരോഗതിയുടെ കാഴ്ചപ്പാടുകളും വന്നുചേരുന്നത് ഈ കാലത്താണ്. ഇവയുടെയൊക്കെ പതാകവാഹകരായിട്ടാണ് ദീപികയും മനോരമയും കടന്നുവരുന്നത്. അതൊരു നവോഥാന കാലഘട്ടമൊന്നുമായിരുന്നില്ല. ഈ പത്രങ്ങളൊന്നും കര്‍ക്കശമായ ചട്ടക്കൂടുകള്‍ അത്രകണ്ടൊന്നും വെല്ലുവിളിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ മനോരമ ബൈലോ എടുത്ത് പരിശോധിച്ചാല്‍ ലാഭത്തിന്റെ തത്ത്വം അതില്‍ ഇന്‍വോള്‍വ്ഡ് ആണെന്ന് കാണാം.

ബെസ്റ്റ് ഓഫ് അഴിമുഖം


ഒളിഞ്ഞു നോക്കുന്ന മാധ്യമങ്ങള്‍
ശിക്ഷ കിട്ടേണ്ടത് രാജ്യത്തെ ഒറ്റിയവര്‍ക്കാണ് - നമ്പി നാരായണന്‍
മാധ്യമ ഭീകരതയും സിന്‍ഡിക്കേറ്റും - ഒരു തമാശക്കഥ
നിങ്ങള്‍ എന്തു വായിക്കരുതെന്ന് ഞങ്ങള്‍ തീരുമാനിക്കും
1911 ലാണ് കേരളകൗമുദി ഈ രംഗത്തേക്ക് കടന്നുവരുന്നത്. അതൊരു പുതിയൊരു ഘട്ടമാണ്. നവോത്ഥാനത്തിന്റെ കാലഘട്ടം അവിടെയാണ് തുടങ്ങുന്നത്. സാമൂഹികപരിഷ്‌കരണ പ്രസ്ഥാനങ്ങളൊക്കെ രൂപം കൊള്ളുന്നതും അവിടെയാണ്. മുന്‍കാല പത്രങ്ങള്‍ ഉത്പാദനത്തില്‍ മാത്രമാണ് ശ്രദ്ധ ഊന്നിയിരുന്നതെങ്കില്‍ ഈ ഘട്ടത്തില്‍ സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്ന സമീപനത്തിലേക്ക് പത്രങ്ങള്‍ മാറി. ഈ സാമൂഹ്യപ്രസ്ഥാനങ്ങള്‍ ദേശീയപ്രസ്ഥാനങ്ങളായി വളരുന്ന ഘട്ടത്തിലാണ് മാതൃഭൂമി കടന്നുവരുന്നത്. ഒരുപടികൂടി കടന്ന് ദേശീയപ്രസ്ഥനങ്ങള്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളായി രൂപം കൊള്ളുമ്പോള്‍ 42ല്‍ ദേശാഭിമാനിയുടെ ഉദയവും ഉണ്ടാകുന്നു. ഇത്തരമൊരു നീണ്ടപ്രയാണം നമ്മുടെ പത്രമാധ്യമങ്ങളുടെ വളര്‍ച്ചയ്ക്കിടയില്‍ കാണാം. കേരളത്തിലുണ്ടായ വികസന മാറ്റങ്ങള്‍, പുതിയ സങ്കേതങ്ങള്‍, ശാസ്ത്രം എന്നിവയെല്ലാം ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ പ്രയാണത്തിനിടയ്ക്ക് പത്രങ്ങള്‍ക്ക് കഴിഞ്ഞു. യഥാര്‍ഥത്തില്‍ അന്നു കേരളത്തിലുണ്ടായ സാമൂഹികപുരോഗതി അന്നത്തെ പത്രങ്ങളുടെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. പ്രചാരം എത്ര പത്രം വില്‍ക്കുന്നു എന്നതായിരുന്നില്ല, അവര്‍ സൃഷ്ടിക്കുന്ന പുതിയ സംവാദതലങ്ങളായിരുന്നു. നേരത്തെ ജാതി-ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ ഇല്ലാതിരുന്ന ഒരു സംവാദ തലം രൂപപ്പെടുന്നു. ഈ സംവാദങ്ങള്‍ കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു.

സ്വാതന്ത്ര്യത്തിനുശേഷമുള്ള കാലം വളരെ പ്രധാനപ്പെട്ടതാണ്. പഞ്ചവത്സരപദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ഘട്ടത്തിലേക്ക് രാജ്യം കടക്കുകയാണ്. ഇതോടുകൂടി ഡവലപ്പ്‌മെന്റ് കമ്മ്യൂണിക്കേഷന്‍ വികസന തന്ത്രത്തില്‍ ഒരു പ്രധാനപ്പെട്ട ഘടകമായി മാറി. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള ഘട്ടത്തില്‍ വളരെ അനുഷാംഗികമായൊരു ധര്‍മ്മം മാധ്യമങ്ങള്‍ വഹിച്ചിരുന്നെങ്കില്‍, സ്വാതന്ത്ര്യാനന്തര കാലത്ത്, കൃഷി-വ്യവസായം മുതലായ മേഖലകളില്‍ എല്ലാം ഉണ്ടാകുന്ന മാറ്റങ്ങള്‍ സര്‍ക്കാരിന് ജനങ്ങളെ അറിയിക്കാനുള്ള സന്ദേശവാഹകരായി മാധ്യമങ്ങള്‍ മാറുന്നു. പ്ലാന്‍ പബ്ലിസിറ്റി എന്നത് പഞ്ചവത്സരപദ്ധതിയുടെ പ്രധാന അധ്യായങ്ങളിലൊന്നായി മാറി. അതിനുവേണ്ടി സര്‍ക്കാരിന്റെ പ്രത്യേക സംവിധാനങ്ങളുണ്ടായി. ഇതെല്ലാം അന്നത്തെ പത്രങ്ങളിലും പ്രതിഫലിച്ചു. കാര്‍ഷികരംഗങ്ങളും പഞ്ചവത്സരപദ്ധതികളും ഗ്രാമവികസന പരിപാടികളുമൊക്കെ പത്രങ്ങളിലേക്ക് കടന്നുവന്നു. ഇതിനൊപ്പം തന്നെ മാധ്യങ്ങളുടെ സ്വഭാവത്തിലും അടിസ്ഥാനപരമായ മാറ്റം ഈ കാലയളവില്‍ ഉണ്ടായി.എന്താണ് ആ മാറ്റങ്ങള്‍?
പ്രചാരത്തിന്റെ കാര്യത്തിലുണ്ടായ മാറ്റം തന്നെയാണ് പ്രധാനം. കേരള സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ ഇവിടത്തെ പത്രങ്ങളുടെ മൊത്തം പ്രചാരം രണ്ടര ലക്ഷമായിരുന്നു. ഇന്നത് എഴുപത് ലക്ഷമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ വളര്‍ച്ച വളരെ കൂടുതലാണ്. ഈ വളര്‍ച്ച കേരളത്തിലെ സാമ്പത്തിക വികസനത്തെ മാത്രമല്ല നയങ്ങളെ ആകെതന്നെ സ്വാധീനിക്കുന്ന. ഘടകമാണ്. പത്രങ്ങളുടെ വ്യാപനത്തോടൊപ്പം വന്ന മറ്റൊരു പ്രധാനപ്പെട്ട മാറ്റം പത്രത്തിന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായ കേന്ദ്രീകരണമാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ഏതു സാമൂഹികപ്രസ്ഥാനം രൂപം കൊണ്ടാലും അതിനൊപ്പം ഒരു പത്രമോ മാസികയോ ഉണ്ടാകും. കോപ്പികള്‍ വളരെ കുറവാണെങ്കിലും, അത് വായിക്കുന്നവരും ചര്‍ച്ച ചെയ്യുന്നവരും വളരെ വലുതായിരുന്നു. എന്നാല്‍ അന്നത്തെ കാലത്തില്‍ നിന്ന്, രണ്ടരലക്ഷത്തില്‍ നിന്ന് എഴുപത് ലക്ഷത്തിലേക്ക് വരുമ്പോള്‍ ആ വളര്‍ച്ച രണ്ടു പത്രങ്ങളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് കാണാം.

1957 ല്‍ മാതൃഭൂമിക്കും മനോരമയ്ക്കും 18 ശതമാനം മാത്രമായിരുന്നു പ്രചാരം. അന്ന് ഭൂരിപക്ഷം മറ്റു പത്രങ്ങള്‍ക്കായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥിതിവിശേഷം മാറി ഇവരില്‍ രണ്ടു പേരിലേക്കും പ്രചാരം കേന്ദ്രീകരിക്കുകയായിരുന്നു. ഇന്നത് ഇരുവര്‍ക്കും കൂടി 70-80 ശതമാനമാണ്. ഇവിടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ രണ്ടുകാര്യങ്ങള്‍ കാണാന്‍ സാധിക്കും. ഒന്ന്, ആരാണ് ഇവരില്‍ മുമ്പന്‍? അതില്‍ മാറ്റം വന്നുകൊണ്ടേയിരുന്നു. എഴുപതുകളില്‍ 18 ശതമാനത്തില്‍ നിന്ന് മാതൃഭമിയുടെ വളര്‍ച്ച 25 ശതമാനമായി, മനോരമയുടെത് 20 ഉം. പിന്നീട് മാതൃഭൂമി 17 ആയി താഴുകയും മനോരമ 48 ആയി ഉയരുകയും ചെയ്തൂ. നിലവില്‍ മാതൃഭമി 32 ശതമാനവും മനോരമ 57 ശതമാനവുമാണ്. ഏറ്റവും തീക്ഷ്ണമായ കമ്പോള മത്സരം ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഈ രണ്ടുപത്രങ്ങളും തമ്മില്‍ നടക്കുന്നുണ്ടെന്ന് വ്യക്തം.

രണ്ടാമത്തെ കാര്യം, രണ്ടരലക്ഷത്തില്‍ നിന്ന് എഴുപതു ലക്ഷത്തിലേക്ക് വളര്‍ച്ച എത്തുന്ന സാഹചര്യത്തില്‍ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കാണാം; പത്രങ്ങളുടെ വളര്‍ച്ച എല്ലാ കൊല്ലവും പത്തുശതമാനം വച്ച് കൂടിക്കൊണ്ടിരിക്കുകയല്ല. മറിച്ച് ചില വര്‍ഷങ്ങളില്‍ ഒരു എടുത്തുചാട്ടം നടക്കുകയാണ്. 57ലെ വിമോചനസമരം, 67 ലെ രാഷ്ട്രീയ ധ്രുവീകരണം, അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷമുള്ള സമയം- ഇവിടെയൊക്കെ പത്രങ്ങളുടെ ഒരു ജംപ് കാണാം. ഋജുവായൊരു വളര്‍ച്ച എന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ 90 കള്‍ മുതല്‍ ആ സ്ഥിതി മാറി. ഇവിടെ മുതല്‍ അനുക്രമമായൊരു വളര്‍ച്ച പത്രങ്ങള്‍ക്കുണ്ടാകുന്നു. അതിനുകാരണം സര്‍ക്കുലേഷന്‍ കൂട്ടാന്‍ എഫര്‍ട്ട് എടുക്കാന്‍ പത്രങ്ങള്‍ തയ്യാറായതാണ്.

വീണ്ടും സ്വാത്രന്ത്യത്തിനു മുമ്പുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ പത്രങ്ങളില്‍ വന്ന മറ്റൊരു വലിയ മാറ്റം കൂടി വെളിവാകും. അത് കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. 1957 മുതലാണ് ഈ മാറ്റം വരുന്നത്. സി ഐ എ പണമിറക്കി പത്രം ആരംഭിച്ചതുമാത്രമല്ല, മറ്റു പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും സ്വാധീനിക്കാനുള്ള വലിയ ഫണ്ടിംഗും ഇവിടെ നടന്നു. ഈ കാലയളവില്‍ കേരളത്തില്‍ മാത്രമല്ല ഇടതുപക്ഷ സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെട്ടത്. ബ്രസീല്‍, ഗ്വാട്ടിമാല, ബ്രിട്ടീഷ് ഗയാന തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെട്ടു. അവിടെയല്ലാം ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയപങ്കാണ് വഹിച്ചത്. കേരളത്തില്‍ പക്ഷെ അത്രവലിയ സ്വാധീനമൊന്നും ഇടതുപക്ഷസര്‍ക്കാരിനെ പുറത്താക്കുന്നതിലൂടെ മാധ്യമങ്ങള്‍ക്ക് ഉണ്ടാക്കാന്‍ പറ്റിയില്ല. അതിനുകാരണം; കേരളത്തിലെ വായനക്കാരില്‍ ഭൂരിപക്ഷവും ഇടതുപക്ഷവിശ്വാസികളായിരുന്നു എന്നത് തന്നെ. ഇപ്പോള്‍ സാഹചര്യം മാറിയിട്ടുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ വരവോടെ മാധ്യമലോകം വികസിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനകത്ത് തന്നെ തെറ്റുകളും കുറവുകളും ചൂണ്ടികാണിക്കാനുണ്ട്. മെസേജിന്റെ വസ്തുനിഷ്ടതയെ ബാധിക്കുന്ന തരത്തില്‍ പക്ഷപാതിത്വം മാധ്യമങ്ങളില്‍ ഉണ്ടായിട്ടുണ്ട്.ഡവലപ്പ്‌മെന്റ് കമ്യൂണിക്കേഷന്‍
ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഡവലപ്പ്‌മെന്റ് കമ്യൂണിക്കഷന്റെ ഫലപ്രാപ്തിയെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. അതിലേക്ക് പോകുന്നതിനു മുമ്പ് ഒരുകാര്യം, വികസന കാഴ്ചപ്പാട് ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. എന്റെ സങ്കല്‍പ്പമനുസരിച്ച് വികസനത്തില്‍, വളര്‍ച്ച മാത്രമല്ല, റി-ഡിസ്ട്രിബ്യൂഷന്‍, അതിനോടനുബന്ധിച്ചുള്ള ജനകീയ സംഘടനകള്‍ ഒക്കെത്തന്നെ പ്രധാനപ്പെട്ടതാണ്. ആ സംഗതികളെ സഹായിക്കാനുള്ള ഒരു കമ്യൂണിക്കേഷനാണ് വേണ്ടത്. ജനങ്ങള്‍ റി - ഡിസ്ട്രിബ്യൂഷനുവേണ്ടിയും അത് നിലനിര്‍ത്തിക്കൊണ്ട് ഉത്പാദന വര്‍ദ്ധനവിനുവേണ്ടിയും പരിശ്രമിക്കണമെങ്കില്‍ വികേന്ദ്രീകരണവും വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം പ്രക്രിയകളെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള കമ്യൂണിക്കേഷനാണ് സാധ്യമാകേണ്ടത്. സാക്ഷരതാ പ്രസ്ഥാനം ഇത്തരം കമ്യൂണിക്കേഷന് എടുത്തുകാണിക്കാനുള്ള വളരെ നല്ലൊരു ഉദാഹരണമാണ്. മാധ്യമങ്ങള്‍ സാക്ഷരതാ പ്രസ്ഥാനത്തിന് സര്‍വ്വവിധ പിന്തുണയും കൊടുത്തു. അതിന്റെയും കൂടി ഫലമെന്നു പറയാം, ഈ പ്രസ്ഥാനം കേരളത്തില്‍ വളരെ വലിയ മാറ്റത്തിനും കാരണമായി. എന്നാല്‍ ജനകീയാസൂത്രണത്തോട് ഈ നിലപാടല്ല മാധ്യമങ്ങള്‍ കാണിച്ചത്.

ജനകീയാസൂത്രണവും മാധ്യമങ്ങളും
മനോരമ, മാതൃഭൂമി, ഇന്ത്യന്‍ എക്‌സ്പ്രസ്, കൗമുദി, ദേശാഭിമാനി എന്നീ അഞ്ചുപത്രങ്ങള്‍ എങ്ങിനെയെല്ലാമാണ് ജനകീയാസൂത്രണത്തെ സമീപിച്ചതെന്ന് ഞാനൊരു പഠനം നടത്തിയിട്ടുണ്ട്. അവയിലെ വാര്‍ത്തകള്‍, അവലോകനങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നിവയടിസ്ഥാനമാക്കിയാണ് ആ പഠനം. ജനകീയാസൂത്രണത്തിന്റെ ഒന്നാംഘട്ടത്തില്‍ മുഴുവന്‍ പത്രങ്ങളും ഇതിനെ പിന്താങ്ങുന്നുണ്ട്. എന്നാല്‍ രണ്ടാം ഘട്ടത്തിലേക്ക് വരുമ്പോള്‍ ആദ്യം മനോരമ പിന്മാറുകയാണ്. അവര്‍ ഒരു സിനിക്കല്‍ സമീപനത്തിലേക്കാണ് മാറിയത്. മൂന്നാം ഘട്ടത്തില്‍ ഔപചാരികമായിത്തനെ മനോരമ ഇതുമായി ബന്ധപ്പെട്ട സമിതികളില്‍ നിന്നെല്ലാം പിന്‍വാങ്ങുന്നു. പിന്നീടവര്‍ ഈ പ്രസ്ഥാനത്തിന്റെ വിമര്‍ശക റോളിലേക്ക് എത്തി. മാതൃഭൂമിയിലും സമാനമായ പരിവര്‍ത്തനം ഉണ്ടായി. നാലാം ഘട്ടമായപ്പോഴേക്ക് ഭരണമാറ്റം വന്നെങ്കില്‍പ്പോലും ഈ പത്രങ്ങള്‍ അവരുടെ വിമര്‍ശക റോളില്‍ നിന്ന് മാറാന്‍ തയ്യാറായില്ല. ഇതൊരു അന്തരീക്ഷം സൃഷ്ടിക്കലായിരുന്നു. കൂട്ടത്തില്‍ പാഠം മാസികയും അതിന്‍റെ വക്താക്കളുമെല്ലാം ചേരുകയാണ്.

ഈ പത്രങ്ങള്‍ ജനകീയാസൂത്രണത്തെക്കുറിച്ച് ഉയര്‍ത്തിയ വിവാദങ്ങള്‍ ഒന്നുപോലും ശരിയായിരുന്നുവെന്ന് പില്‍ക്കാലത്ത് ആരും പറഞ്ഞിട്ടില്ല. തെളിവ് വെച്ച് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, അവര്‍ക്ക് ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കുമേല്‍ ഉണ്ടാക്കാനായ ഇംപാക്ട് വലുതായിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ പ്രസ്ഥാനം വിട്ടുപോയത്. അവരെയൊക്കെ തിരിച്ചുകൊണ്ടുവരുന്നതും അസാധ്യമാണിനി. തങ്ങള്‍ ചെയ്തതെല്ലാം വലിയ രാജ്യദ്രോഹമാണെന്ന് പൊതുസമൂഹത്തെക്കൊണ്ട് ഈ പത്രങ്ങള്‍ പറയിപ്പിച്ചു എന്നതാണ് അവരെ നിരാശരാക്കിയത്. ഇതില്‍ നിന്ന് തന്നെ മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ ചായ്‌വ് മനസ്സിലാക്കാവുന്നതാണ്.

ഇനി നിലവില്‍ മൂവ്‌മെന്റിനകത്തുള്ള പ്രശ്‌നങ്ങള്‍ നോക്കിയാല്‍, കമ്യൂണിക്കേഷന്‍ പഴയനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നില്ലായെന്ന് കാണാം. അധികാര വികേന്ദ്രീകരണത്തില്‍ പ്ലാന്‍ പബ്ലിസിറ്റി മാത്രംപോര. മുകളില്‍ നിന്ന് താഴെക്കുകൊടുക്കലല്ല ഇവിടെ വേണ്ടത്. താഴത്തുനിന്ന് കാര്യങ്ങള്‍ ചെയ്യലാണ്. മുകളില്‍ നിന്ന് ഗുളികരൂപത്തില്‍ കൊടുക്കുന്ന ശീലം താഴത്തെ എംപവര്‍മെന്റിന് തടസ്സമാണ്.

ഇവിടെ നമുക്ക് വ്യത്യസ്തമായൊരു കമ്യൂണിക്കേഷന്‍ സിസ്റ്റമാണ് വേണ്ടത്. മുകളില്‍ നിന്നു. മാത്രമല്ല തിരശ്ചീനമായിട്ടും. ജനകീയാസൂത്രണത്തിന്റെ പരിശീലന പരിപാടികളില്‍ നടന്നത് അതാണ്. വനിതാ ഘടക പദ്ധതിയുടെ കാര്യത്തില്‍ ഇത്തരം ഒരു കമ്യൂണിക്കേഷന്‍ ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ ഭാഗമായി നിരവധിമികച്ച മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. കുടുംബശ്രീയൊക്കെ ഉദാരണമാണ്. എന്നാല്‍ പട്ടിക വര്‍ഗ മേഖല ഇപ്പൊഴും നമുക്ക് അപമാനമാണ്. അട്ടപ്പാടിയിലൊക്കെ നടക്കുന്നത് കേള്‍ക്കുമ്പോള്‍..എന്താണ് താഴെ തട്ടില്‍ നടക്കുന്നത്? പങ്കാളിത്തം എന്നൊക്കെ പറഞ്ഞ് ലക്ഷ്യമിട്ടത് അതൊക്കെ ഇവിടെ അര്‍ഥമില്ലാത്ത കാര്യമായി മാറി. ശ്രമിക്കാഞ്ഞിട്ടല്ല. ഊരുകൂട്ടമുണ്ടാക്കി. അവിടെ തീരുമാനിക്കുന്നതായിരിക്കണം ഗ്രാമസഭയില്‍ എത്തേണ്ടത്. പക്ഷേ ഇതൊക്കെ ഗുണഭോക്താക്കളായ പട്ടിക വര്‍ഗ്ഗ വിഭാഗം അറിയേണ്ടേ? അവിടെ കമ്യൂണിക്കേഷന്‍ പരാജയപ്പെടുകയായിരുന്നു. നിങ്ങളുടെ പുസ്തകങ്ങളും നോട്ടീസുകളും ഒന്നും അവിടെ എത്തത്തില്ല.


മാസ് മീഡിയയിലൂടെ ഇന്ററാക്ടീവായിട്ടുള്ള, അധികാരവികേന്ദ്രീകരണത്തിന് അനുഗുണമായിട്ടുള്ള ഒരു കമ്യൂണിക്കേഷന്‍ സംവിധാനം ഉണ്ടാക്കിയെടുക്കുക എന്ന ചര്‍ച്ചയുടെ ഫലമാണ് ഞാന്‍ ധനകാര്യമന്ത്രി ആയിരുന്ന സമയത്ത് നടപ്പിലാക്കിയഗ്രീന്‍ കേരള എക്സ്പ്രസ്സ് എന്ന ടെലിവിഷന്‍ ഷോ. ഒരു റിയാലിറ്റി ഷോയുടെ രൂപത്തിലായിരുന്നു എങ്കിലും എഴുതുന്നതിനെക്കാള്‍ ഫലപ്രദമായി താഴെ നിന്നുള്ള കമ്യൂണിക്കേഷന്‍ സാധിച്ചെടുക്കാനുള്ള ഒരു മാതൃക സൃഷ്ടിക്കാന്‍ അതിനായി. താഴെതട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഡോക്കുമെന്‍റ് ചെയ്യപ്പെടുന്നു, ഒരു ജൂറിയുമായി ഇന്‍ററാക്ഷന്‍ നടക്കുന്നു. താഴെ തട്ടിലുള്ളവര്‍ക്ക് സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും സാധിക്കുന്നു. വളരെ രസകരമായ ഒരു കമ്യൂണിക്കേഷന്‍ പ്രക്രിയ അതില്‍ ഉണ്ടായിരുന്നു. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും വ്യര്‍ഥമായില്ല എന്ന് പലര്‍ക്കും തോന്നിക്കുന്നതില്‍ ആ പരിപാടിവിജയിച്ചു. അത് മാസ് മീഡിയയുടെ വിജയമാണ്. ഡവലപ്പ്മെന്‍റ് കമ്യൂണിക്കേഷനില്‍ ഫലപ്രദമായ ഒരു മാതൃകയാണ് അവിടെ ഉരുത്തിരിഞ്ഞു വന്നത്.


(ഗ്രീന്‍ കേരള എക്സ്പ്രസ്സില്‍ വീഡിയോ പ്രൊഡ്യൂസര്‍ ആയിരുന്ന അജിത്ത് പാവൂരിനെ അനുസ്മരിച്ചുകൊണ്ട് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ മുന്‍ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് നടത്തിയ പ്രഭാഷണത്തിന്‍റെ പൂര്‍ണ്ണ രൂപം)


Next Story

Related Stories