TopTop
Begin typing your search above and press return to search.

യുവര്‍ ഓണര്‍, മാധ്യമങ്ങളെ തൂക്കിക്കൊല്ലരുത്‌

യുവര്‍ ഓണര്‍, മാധ്യമങ്ങളെ തൂക്കിക്കൊല്ലരുത്‌

ഒരു രാഷ്‌ട്രം എത്രത്തോളം സ്വതന്ത്രമാണെന്നറിയാന്‍ ആ രാജ്യത്തെ പത്രങ്ങളും കോടതികളും ശ്രദ്ധിച്ചാല്‍ മതി. പത്രസ്വാതന്ത്ര്യവും തുറന്ന കോടതികളുമാണ്‌ ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം അടയാളപ്പെടുത്തുന്നത്‌.സ്വാതന്ത്ര്യമെന്താണെന്ന്‌ നിര്‍വചിക്കുന്ന ഈ മഹത്ത്‌ വചനങ്ങള്‍ എത്രയോ ശരിയാണെന്ന്‌ സമീപകാല സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുന്നതിനിടെയാണ്‌ അഭിഭാഷകരില്‍ നിന്ന്‌ കൂട്ടായ ആക്രമണമുണ്ടായത്‌. ഇതിന്റെ ചുവടു പിടിച്ച്‌ കേരള ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഇനിയും പ്രവേശിക്കാന്‍കഴിഞ്ഞിട്ടില്ല. അഭിഭാഷക സമൂഹം ഒന്നടങ്കം മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞതിനു പിന്നാലെ കോടതികളിലെ വാര്‍ത്താ റിപ്പോര്‍ട്ടിംഗ്‌ ഏറെക്കുറേ നിലച്ച മട്ടാണ്‌. പ്രത്യേകിച്ച്‌ കേരള ഹൈക്കോടതിയില്‍. ഈ ദുസ്‌ഥിതി അത്യന്തം അപകടകരമാണ്‌.

മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും തല്ലു കൊള്ളുന്ന ചെണ്ടകളാണെന്നും മാധ്യമങ്ങള്‍ ദിനംപ്രതി കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും പലരും വിശ്വസിക്കുന്നുണ്ട്‌. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ തല്ലുകൊള്ളുന്നത്‌ അവരുടെ കയ്യിലിരിപ്പു കൊണ്ടാണെന്നു വരെ സോഷ്യല്‍ മീഡിയയില്‍ ഗീര്‍വാണം വിട്ടവരുണ്ട്‌. ഇത്തരക്കാരൊക്കെ കേരളത്തിലെ പൊതുസമൂഹത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ എത്രത്തോളം ശക്തമായ തിരുത്തല്‍ ശക്തിയാണെന്ന കാര്യം സൗകര്യപൂര്‍വം വിസ്‌മരിക്കുകയാണ്‌. ഒരു ദിവസം പത്രം വായിച്ചില്ലെങ്കില്‍, ടി.വി. വാര്‍ത്ത കണ്ടില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്നൊക്കെ ചര്‍ച്ചാവേദികളില്‍ തട്ടിവിടുന്നവര്‍ ഒരു ദിവസംപോലും പത്രം മുടങ്ങാതെ വായിക്കുന്നവരാണെന്നും ടി.വി വാര്‍ത്തകള്‍ കാണുന്നവരാണെന്നും ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കേരളത്തിലെപൊതുസമൂഹത്തിനും നന്നായി അറിയാം. പിന്നെ എവിടെയാണ്‌ മാധ്യമങ്ങള്‍ചിലര്‍ക്കെങ്കിലും ഇഷ്‌ടമില്ലാത്തച്ചിയാകുന്നത്‌?

മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുന്നു എന്നാരോപിക്കുന്നവരൊക്കെ അടുത്തിടെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവായി അഡ്വ. എം.കെ.ദാമോദരനെ നിയോഗിച്ച സംഭവം ഓര്‍ത്തെടുക്കണം. എന്താണ്‌ ഇതില്‍ സംഭവിച്ചത്‌. കേരളത്തിലെ പ്രഗത്ഭനായ ക്രിമിനല്‍ അഭിഭാഷകനാണ്‌ അഡ്വ. എം.കെ. ദാമോദരന്‍. അദ്ദേഹം അഡ്വക്കേറ്റ്‌ ജനറലുമായിരുന്നു. പക്ഷേ, അദ്ദേഹം മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവായി നിയോഗിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ എതിര്‍ കക്ഷിയായ കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി അദ്ദേഹം ഹാജരാകുന്നതിലെ ധാര്‍മ്മികതയാണ്‌ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്‌. ഒരു നയാപൈസ പ്രതിഫലം വാങ്ങാതെയാണ്‌ നിയമനം എങ്കില്‍ പോലും മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ്‌ സര്‍ക്കാര്‍ എതിര്‍ കക്ഷിയായി വരുന്ന ലോട്ടറിക്കേസിലുള്‍പ്പെടെ പ്രതിഭാഗത്തിനു വേണ്ടി ഹാജരാകേണ്ടി വരുന്നത്‌ ധാര്‍മ്മികമല്ലെന്ന്‌ ചിന്തിക്കുന്നത്‌ സ്വാഭാവികമാണ്‌. ഇതു മാധ്യമ സൃഷ്‌ടി മാത്രമാണെങ്കില്‍ ബി.ജെ.പി നേതാവ്‌ കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജിയില്‍ അദ്ദേഹം ചുമതല ഏല്‍ക്കുന്നില്ലെന്ന്‌ സര്‍ക്കാര്‍ വിശദീകരിച്ചതെന്തിനാണ്‌? ഇതാണ്‌ മാധ്യമങ്ങള്‍ മുന്നോട്ടു വെക്കുന്ന ധാര്‍മ്മികത. ആ ധാര്‍മ്മികത മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്‌ പത്രപ്രവര്‍ത്തനത്തിന്റെ ധര്‍മ്മമെന്ന നിലയ്‌ക്കാണ്‌. ഇതില്‍ ഏതെങ്കിലും തരത്തില്‍ മാധ്യമങ്ങള്‍ നുണപ്രചരിപ്പിച്ചോയെന്ന്‌ വിലയിരുത്തപ്പെടണം.

തൃശൂരിലെ ചന്ദ്രബോസ്‌ എന്ന സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസാണ്‌ മറ്റൊരു സംഭവം. ഈ കേസില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ഉത്‌ഭവിച്ച നൂലാമാലകളും അട്ടിമറി സാധ്യതകളും മലയാളി വായിച്ചറിഞ്ഞത്‌ മാധ്യമങ്ങളിലൂടെയാണ്‌. കേസിന്റെ വിചാരണയിലും ശിക്ഷാ വിധിപ്രസ്‌താവ വേളയിലും മാധ്യമങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. അതുകൊണ്ടാണ്‌ കോടതി പ്രതിയെ ശിക്ഷിച്ചതെന്നല്ല പറയുന്നത്‌. ഈ കേസില്‍ മാധ്യമങ്ങള്‍ കാട്ടിയ ജാഗ്രത അന്വേഷണത്തിന്റെ പലഘട്ടങ്ങളിലും പ്രോസിക്യൂഷനെ സഹായിച്ചിട്ടേയുള്ളൂ. ഇതിലെവിടെയാണ്‌ മാധ്യമങ്ങള്‍ നുണപ്രചരിപ്പിച്ചത്‌.പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ ആദ്യദിനങ്ങളില്‍ ജിഷയുടെ മരണം കേരളത്തിലെ മാധ്യമങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്‌തിരുന്നില്ല. മന:പൂര്‍വം വാര്‍ത്ത കൊടുക്കാതിരുന്നതല്ല. ജിഷയുടെ മരണം മാതൃഭൂമിയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്‌തു. എന്നാല്‍ സംഭവത്തിന്റെ ഗൗരവം ജിഷയുടെ സുഹൃത്തുക്കളിലൂടെ പുറം ലോകമറിഞ്ഞ സമയം മുതല്‍ പ്രതി പിടിയിലാകുന്നതുവരെ കേരളത്തിലെ മാധ്യമങ്ങള്‍ വള്ളിപുള്ളി വിടാതെ ഈ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തില്ലേ.

തീര്‍ന്നില്ല, കേരളത്തില്‍ ഏറെ രാഷ്‌ട്രീയ കോളിളക്കങ്ങള്‍ക്ക്‌ വഴിയൊരുക്കിയ സോളാര്‍ കേസ്‌ നോക്കുക. സരിതയുടെ മൊഴിയും വെളിപ്പെടുത്തലുകളും ഒരു വാക്കുപോലും മറച്ചുവെക്കാതെ കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തില്ലേ. കോയമ്പത്തൂരില്‍ ഒരു സി.ഡി ഉണ്ടെന്ന്‌ കേട്ട്‌ ബിജുവിനു പിന്നാലെ ചാനലുകള്‍ പോയത്‌ ഇപ്പോഴും പരിഹസിക്കുന്നവരുണ്ട്‌. ഒരു സി.ഡിയുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന്‌ അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക്‌ പോകുമ്പോള്‍ പിന്നാലെ മാധ്യമങ്ങള്‍ പോയതു കൊണ്ടാണ്‌ പുറംലോകം ഈ യാത്രയെക്കുറിച്ച്‌ അറിഞ്ഞത്‌. സരിത പറഞ്ഞ ഏതെങ്കിലും വിഷയം മാധ്യമങ്ങള്‍ ഒളിച്ചു വച്ചെങ്കില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതിന്‌ അര്‍ത്ഥമുണ്ടാകുമായിരുന്നു.

ദിനപത്രങ്ങള്‍ മാത്രമല്ല, ടി.വി ചാനലുകള്‍, ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഇങ്ങനെ മലയാളിയുടെ പൊതു സമൂഹത്തിലേക്ക്‌ മറച്ചുവെക്കപ്പെടാനാകാത്ത തരത്തില്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്‌. ഓരോ മാധ്യമങ്ങള്‍ക്കും വ്യക്തമായ നിലപാടുകളുണ്ട്‌. ഇതു നിര്‍ണ്ണയിക്കുന്നത്‌ മാധ്യമ പ്രവര്‍ത്തകരല്ലെന്ന്‌ ആദ്യം തിരിച്ചറിയണം. ഒരു വാര്‍ത്ത ഒരു മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തില്ലെങ്കില്‍ മറ്റൊരു മാധ്യമം, അത്‌ ടി.വിയോ, പത്രമോ, ഓണ്‍ലൈന്‍ മീഡിയകളോ ആ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടാകും. ഇത്തരത്തില്‍ കേരളീയ സമൂഹത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ ആര്‍ക്കും ചെറുതായി കാണാനാവില്ല. ഇനി മാധ്യമങ്ങള്‍ അപവാദ പ്രചരണമാണ്‌ നടത്തുന്നതെന്നിരിക്കട്ടെ, ഈ രാജ്യത്തെ നിയമം അനുശാസിക്കുന്ന തരത്തിലുള്ള ശിക്ഷ അത്തരം മാധ്യമങ്ങള്‍ക്ക്‌ നല്‍കണം. അപവാദങ്ങളും അപകീര്‍ത്തിയും കോടതികള്‍ പരിശോധിച്ച്‌ ശിക്ഷ വിധിക്കും. ഇത്തരത്തില്‍ മാധ്യമങ്ങളെ കോടതി തിരുത്തിയ സന്ദര്‍ഭങ്ങളും കുറവല്ലെന്നു സമ്മതിക്കുന്നു. ഇത്തരത്തില്‍ മാധ്യമങ്ങളുടെ തെറ്റു തിരുത്താന്‍ നിയമപരമായ പോംവഴി നിലനില്‍ക്കുന്ന രാജ്യത്ത്‌ അതിനു മുതിരാതെ മാധ്യമ പ്രവര്‍ത്തകരെ വഴിയിലിട്ട്‌ തല്ലിക്കൊല്ലാന്‍ നോക്കുന്നത്‌ ഒരു പരിഷ്‌കൃത സമൂഹത്തിന്‌ യോജിച്ചതല്ല. തന്റെ രാഷ്‌ട്രീയ സാമൂഹ്യ നിലപാടുകള്‍ക്ക്‌ അനുകൂലമായ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ നല്ലപിള്ളയും മറിച്ചായാല്‍ കള്ളന്മാരുമാണെന്ന പ്രചരണത്തിന്‌ മാധ്യമങ്ങളെന്ന കണ്ണാടിയല്ല കുറ്റക്കാര്‍. നിങ്ങളുടെ മുഖമായി മാറുന്ന നിലപാടാണ്‌. ഇതു തിരിച്ചറിയാന്‍ പൊതു സമൂഹം ഇനിയും വൈകിക്കൂട.അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന്‌ കേരള ഹൈക്കോടതിയിലുള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നിയന്ത്രണവും എതിര്‍പ്പും നേരിടേണ്ടി വരുന്നുണ്ട്‌. ഇതു തുടര്‍ന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളടക്കമുള്ളവര്‍ നിശബ്‌ദരാകേണ്ടി വരും. അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസ്‌, വിവരാവകാശ നിയമത്തില്‍ നിന്ന്‌ മന്ത്രിസഭാ തീരുമാനങ്ങളെ ഒഴിവാക്കാനാവില്ലെന്ന ഉത്തരവിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി, കാസര്‍കോഡ്‌ മഞ്ചേശ്വരത്ത്‌ വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ട കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ നല്‍കിയ തിരഞ്ഞെടുപ്പു ഹര്‍ജികള്‍ ഇങ്ങനെ പൊതു സമൂഹം അറിയേണ്ട ഒരുപാടു വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ ഹൈക്കോടതിയിലും സമാനമായ നിരവധി കേസുകള്‍ വിജിലന്‍സ്‌ കോടതിയുള്‍പ്പടെയുള്ള കീഴ്‌ക്കോടതികളിലും വരുന്നുണ്ട്‌. ഇവയൊക്കെ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ നിന്നാണ്‌ മാധ്യമ പ്രവര്‍ത്തകരെ അകറ്റി നിറുത്തുന്നതെന്ന്‌ ഓര്‍ക്കണം.

മാധ്യമങ്ങളെ അകമഴിഞ്ഞു വെറുക്കുന്ന സകലമാനപേരും ഇതു തിരിച്ചറിയുന്ന ഒരു കാലം വരും. സ്വാതന്ത്ര്യമെന്നത്‌ മാധ്യമങ്ങളുടെ മാത്രമല്ല, പൊതുസമൂഹത്തിന്റേതു കൂടിയാണ്‌. ഒരു സര്‍ക്കാര്‍ അഭിഭാഷകര്‍ യുവതിയെ കടന്നു പിടിച്ചതു വാര്‍ത്തയാക്കിയ മാധ്യമങ്ങളെ കുറ്റം പറയുന്നവര്‍ ഇത്തരമൊരു വാര്‍ത്ത മാധ്യമങ്ങള്‍ക്കു മിസ്‌ ആയിരുന്നെങ്കില്‍ എന്തു പറയുമായിരുന്നു. അതു മറ്റൊരു വിവാദമായി കത്തിപ്പടരുമായിരുന്നു. പക്ഷേ വാര്‍ത്തകള്‍ നിര്‍ഭയം റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഇത്തരം എതിര്‍പ്പുകളുണ്ടാവുമെന്നറിഞ്ഞു തന്നെയാണ്‌ കേരളത്തിലെ ചാനലുകളിലുള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകര്‍ പണിയെടുക്കുന്നത്‌.

സ്വതന്ത്രമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ലെങ്കില്‍ അതു ബാധിക്കുന്നത്‌ പൊതുസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ തന്നെയാണ്‌. ആദ്യം ഞങ്ങളെ തേടി വരുന്നവര്‍ക്ക്‌ നിങ്ങള്‍ കയ്യടിച്ചു പ്രോത്സാഹനം നല്‍കിയാല്‍ പിന്നീട്‌ നിങ്ങളെ തേടി അവര്‍ വരുമ്പോള്‍ അരുതെന്ന്‌ പറയാന്‍ ആരുമുണ്ടാവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories