Top

ഇത് മാധ്യമ പ്രവര്‍ത്തനമല്ല; വഞ്ചനയാണ് - ഫ്രൈഡേ റിവ്യു

ഇത് മാധ്യമ പ്രവര്‍ത്തനമല്ല; വഞ്ചനയാണ് - ഫ്രൈഡേ റിവ്യു
ഫ്രൈഡേ റിവ്യൂ / ടീം അഴിമുഖം

"ജെ എന്‍ യുവില്‍ നടന്ന പ്രതിഷേധവും ഹഫീസ് സയീദും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് എന്താണ് താങ്കളുടെ പ്രതികരണം?"

ഇക്കഴിഞ്ഞ ഫെബ്രുവരി 14-ന്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലാ അധ്യാപക സംഘടന നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ആദ്യ ചോദ്യങ്ങള്‍ ഇതായിരുന്നു. ജെ എന്‍ യുവിലെ പ്രതിഷേധക്കാര്‍ക്ക് ലഷ്കര്‍-ഇ-തൊയ്ബയുടെ മേധാവി ഹഫീസ് സയീദിന്റെ പിന്തുണയുണ്ടെന്ന ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന വന്നതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇത്.

അവിടെ കൂടിയിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പരിഹാസം നിറഞ്ഞ കയ്യടികളും മുഴങ്ങുന്ന ചിരികളുമായാണ് അതിനോടു പ്രതികരിച്ചത്. "ലജ്ജാകരം”എന്നവര്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ജെ എന്‍ യു വിവാദത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് സര്‍വകലാശാലയിലെ മഹാഭൂരിപക്ഷം വിദ്യാര്‍ത്ഥികളും എങ്ങനെ കരുതുന്നു എന്നതിന്റെ പ്രതിഫലനമായിരുന്നു ആ പ്രതികരണങ്ങള്‍.

ഫെബ്രുവരി 12-നു ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതു മുതല്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ചും വലിയ പ്രചാരമുള്ള ചില ടി വി ചാനലുകള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ അമര്‍ഷവും പ്രതിഷേധവും നിരാശയുമൊക്കെ ഉയരുന്നുണ്ട്.

സര്‍വകലാശാല വളപ്പിലെ അമര്‍ഷം
"JNUSU അധ്യക്ഷന്റെ അറസ്റ്റും അതിനെ സര്‍വകലാശാല അധികൃതര്‍ ശരിവെച്ചതിനുമൊപ്പം മാധ്യമങ്ങളുടെ നിഷേധാത്മകമായ വാര്‍ത്താപ്രചാരണവും കൂടിയായപ്പോള്‍ ഉരുത്തിരിഞ്ഞ അസാധാരണമായ സാഹചര്യം ഞങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യമാക്കിയിരിക്കുന്നു,” എന്നാണ് JNUTA-യുടെ വാര്‍ത്താ കുറിപ്പിലെ ആമുഖവാചകം.

ഫെബ്രുവരി ഒമ്പതിലെ സംഭവങ്ങളെയും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയെയും ഒരു വിഭാഗം ദൃശ്യമാധ്യമങ്ങള്‍ അവതരിപ്പിച്ച രീതിയില്‍ ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആശങ്കയും അമര്‍ഷവും പ്രകടിപ്പിച്ചു. 'ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍, രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കി ഭീകരവാദി അഫ്സല്‍ ഗുരുവിനെ രക്തസാക്ഷിയായി ചിത്രീകരിച്ചു', എന്ന തലക്കെട്ടില്‍ Zee News ഒരു വീഡിയോ പുറത്തുവിട്ടു. വിചിത്രമായ കാര്യം, ഏഴു മിനിറ്റുള്ള ദൃശ്യത്തില്‍ ഒരിടത്തും ഏതെങ്കിലും വിദ്യാര്‍ത്ഥി അങ്ങനെയെന്തെങ്കിലും പറയുന്നത് ഉണ്ടായിരുന്നില്ല എന്നതാണ്.ദൃശ്യങ്ങളില്‍ ഒരിടത്ത് പകുതി ഭാഗങ്ങളിലാക്കി രണ്ടു ചിത്രങ്ങള്‍ കാണിക്കുന്നു. ഒന്നില്‍ JNUSU ജോയിന്‍റ് സെക്രട്ടറിയും ABVP അംഗവുമായ സൌരഭ് ശര്‍മ സംസാരിക്കുന്നു. മറ്റൊന്നില്‍ AISA (All India Students Association) അംഗം അനന്ത് പ്രകാശ് നാരായണ്‍ സംസാരിക്കുന്നു. AISA അംഗത്തിന്റെ ദൃശ്യത്തില്‍ 'ഭീകരവാദി അഫ്സല്‍ ഗുരുവിന് പിന്തുണ' എന്ന് ടി വി സ്ക്രീനില്‍ എഴുതിയിരിക്കുന്നു. സൌരഭ് ശര്‍മയുടെ ദൃശ്യത്തില്‍ 'ഭീകരവാദി അഫ്സലിന് എതിര്' എന്നും. ശ്രദ്ധിക്കേണ്ട വസ്തുത വിവാദത്തിനാസ്പദമായ സാംസ്കാരിക പരിപാടി AISA സംഘടിപ്പിച്ചതേയല്ല എന്നതാണ്.  AISA-യുടെ എതിരാളികള്‍ എന്നുപോലും പറയാവുന്ന DSU (Democratic Students’s Union) മുന്‍ അംഗങ്ങളാണ് അത് സംഘടിപ്പിച്ചത്. ദൃശ്യത്തില്‍ ഒരിടത്തും അഫ്സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്നതുപോയിട്ട്, അനന്ത് നാരായണ്‍, അഫ്സല്‍ ഗുരു എന്ന പേരുപോലും പരാമര്‍ശിക്കുന്നില്ല. മറിച്ച് ഫെബ്രുവരി ഒമ്പതിന് എന്തു സംഭവിച്ചു എന്നും എങ്ങനെയാണ് ABVP, ജെ എന്‍ യു അഡ്മിനിസ്ട്രേഷനെ സ്വാധീനിക്കുന്നത് എന്നുമായിരുന്നു അയാള്‍ വിശദീകരിച്ചത്.

Zee News വരികള്‍ക്കിടയില്‍ മാത്രമല്ല അതിന്റെ പുറത്തും വായിച്ചിരിക്കുന്നു!

വിദ്യാര്‍ത്ഥികള്‍ മാത്രമല്ല
Times Now, NewsX, Zee News എന്നിവക്കെതിരായ പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രമല്ല. ജെ എന്‍ യുവിനെ ദേശവിരുദ്ധ താവളമാക്കി ചിത്രീകരിക്കാന്‍ ചില മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന ശ്രമത്തിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധം പുകയുന്നുണ്ട്.

രണ്ടു ദിവസവും ബി ജെ പി പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദിച്ചു എന്ന സ്വന്തം സ്ഥാപനത്തിലെ ലേഖകരുടെ വാര്‍ത്തകള്‍ നല്‍കാന്‍പോലും ടൈംസ് നൌവിലെ അര്‍ണബ് ഗോസ്വാമി വിസമ്മതിച്ചു. NewsX ചാനലിലെ രണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെങ്കിലും ഈ വാര്‍ത്ത തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ വിസമ്മതിച്ചു. പോലീസും ചില മാധ്യമങ്ങളും ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ജെയിഷ്-ഇ-മുഹമ്മദ് സംഘടനയുടെ അനുഭാവിയാക്കിയും കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികലെ ഭീകരരാക്കി ചിത്രീകരിച്ചും നല്‍കിയ / നല്‍കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ എക്കാലത്തെയും വലിയ കളങ്കമായി അവശേഷിക്കുകയും ചെയ്യും. രാജ്യത്തെ വലിയ പല മാധ്യമസ്ഥാപനങ്ങളിലും ജെ.എന്‍.യു വിഷയം കൈകാര്യം ചെയ്ത രീതിയെച്ചൊല്ലി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുമുണ്ട്.കനയ്യ കുമാര്‍ ‘ആസാദി’ എന്ന് വിളിക്കുന്നതടക്കമുള്ള പല ചാനലുകളും കാണിച്ച പല ദൃശ്യങ്ങളും വ്യാജമായി ചമച്ചതാണെന്ന് ദിവസങ്ങള്‍ കഴിയുന്തോറും തെളിയുകയാണ്.

http://indiatoday.intoday.in/programme/jnu-row-fake-video-of-kanhaiya-kumar-fuelling-fire/1/599979.html

എന്താണ് മാധ്യങ്ങളുടെ കുഴപ്പം
ജെ എന്‍ യു വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറെ തരംതാണതിന് നിരവധി ഘടകങ്ങള്‍ ഒത്തുവന്നിട്ടുണ്ട്. അതിലൊന്ന് നിലവിലുള്ള സര്‍ക്കാരിനോട് ചില മാധ്യമ മുതലാളിമാര്‍ക്കുള്ള ശക്തമായ അടുപ്പമാണ്. Zee ഗ്രൂപ്പിന്റെ ഉടമ സുഭാഷ് ചന്ദ്ര അറിയപ്പെടുന്ന ബി ജെ പി അനുഭാവിയാണ്. ഇന്ത്യ ടി വിയുടെ രജത് ശര്‍മ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ്.TRP കൂട്ടാനുള്ള മത്സരമാണ് ഈ ഭ്രാന്തിന്റെ മറ്റൊരു കാരണം. ഒരു ചാനലിന്റെ വരുമാനം ആതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ അത് കണക്കാക്കുന്നതാകട്ടെ തികച്ചും വക്രീകരിച്ച രീതികളിലും. ഇംഗ്ലീഷ് ന്യൂസ് ചാനലുകളില്‍ അര്‍ണബ് ഗോസ്വാമിയുടെ Times Now ആണ് മുന്നില്‍ നില്‍ക്കുന്നത്. സമവാക്യം ലളിതമാണ്; ദിവസത്തില്‍ ഏതാണ്ട് മുഴുവന്‍ സമയവും പരസ്പരം അധിക്ഷേപിക്കുകയും വാദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന, സംവാദത്തിന് പകരം വ്യാജമായ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുന്ന അതിഥികളെക്കൊണ്ട് അയാളുടെ വാര്‍ത്താമുറി നിറയുന്നു. അവരെക്കാളെല്ലാം ഉച്ചത്തില്‍ അര്‍ണബ് അലറുന്നു. ഒരു ചെലവുമില്ല. വാര്‍ത്തകള്‍ റിപ്പോര്‍ടും ചെയ്യേണ്ട. NewsX ചാനലും മറ്റുള്ളവരും ഇപ്പോള്‍ അയാളെ അനുകരിക്കുകയാണ്.

അലിഖിതമായൊരു മൂന്നാം ഘടകം കൂടിയുണ്ട്: ഒരുപക്ഷേ അതാണ് നമ്മെ കൂടുതല്‍ ആകുലരാക്കുന്നതും. നരേന്ദ്ര മോദി സര്‍ക്കാരിനോടുള്ള ഭയമാണത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ മോദി ഇത്തരം സമ്മര്‍ദങ്ങള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും മിടുക്കനായിരുന്നു. കണ്ണുരുട്ടാനും കഴുത്തു ഞെരിക്കാനും മടിക്കില്ലെന്ന് അയാളുടെ കീഴിലുള്ള ബി ജെ പി പലതവണ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മാധ്യമവ്യാപാരത്തിലെ അപായഘടകങ്ങള്‍ പരിഗണിച്ച് മിക്ക ഉടമകളും സര്‍ക്കാരിനെ പിണക്കാന്‍ തയ്യാറല്ല. വ്യാഴാഴ്ച ഡല്‍ഹി നഗരമധ്യത്തില്‍ റോസാപ്പൂക്കളും മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയ പതിനായിരത്തോളം വരുന്ന വിദ്യാര്‍ഥികളുടെ കൂട്ടായ്മ നിങ്ങളില്‍ എത്ര പേര്‍ക്ക് ടി.വിയിലൂടെ കാണാന്‍ സാധിച്ചുവെന്ന്‍ ഒന്നോര്‍ത്തുനോക്കുക. വളരെ കുറച്ച് ചാനലുകള്‍ മാത്രം അതും ഏതാനും ഷോട്ടുകളില്‍ ഒതുക്കിക്കളഞ്ഞു അതിന്റെ പ്രക്ഷേപണം.

ഇതേ കാരണങ്ങള്‍ക്കൊണ്ടുതന്നെ ഭരണകൂടത്തെ അതിനിശിതമായി വിമര്‍ശിക്കുന്നതില്‍ തരിമ്പും വിട്ടുവീഴ്ച്ച കാണിക്കാന്‍ നമുക്കാവുകയുമില്ല.


Next Story

Related Stories