TopTop

ട്രംപ് കാലത്ത് മാധ്യമങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്തത്; ഏറ്റെടുക്കേണ്ടത് പുതിയ ദൌത്യങ്ങള്‍

ട്രംപ് കാലത്ത് മാധ്യമങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്തത്; ഏറ്റെടുക്കേണ്ടത് പുതിയ ദൌത്യങ്ങള്‍
ജനുവരി 20-നു ഡൊണാള്‍ഡ് ജെ ട്രംപ് യു.എസ് പ്രസിഡണ്ടായി സ്ഥാനമേറ്റെടുത്തപ്പോള്‍ മനുഷ്യ ചരിത്രത്തില്‍ ഒരു വിചിത്രമായ ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു എന്നു പറയുന്നതു ഒട്ടും അതിശയോക്തിയല്ല. എല്ലാ വാതുവെപ്പുകളും മിതമായി പറഞ്ഞാല്‍ നിന്നിരിക്കുന്നു.

നിലവിലെ ലോകത്തെക്കുറിച്ച് വാര്‍ത്ത നല്‍കാനും വിലയിരുത്താനും ചുമതലപ്പെട്ടവര്‍ ആകെ അന്ധാളിപ്പിലാണ്. മുഖ്യധാര മാധ്യമങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ തുറന്ന വെറുപ്പ് അപലപനീയമാണ്. പക്ഷേ വാര്‍ത്താ ലേഖകരിലും വിദഗ്ദ്ധരിലുമുള്ള പൊതുജനവിശ്വാസം എന്നത്തേക്കാളും കുറവാണെന്നതിനാലാണ് ട്രംപിനും സാമൂഹ്യമാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തങ്ങളുടെ വ്യാഖ്യാനം വിജയിപ്പിക്കാന്‍ കഴിയുന്നത് എന്നതൊരു മറച്ചുവെക്കാനാകാത്ത വസ്തുതയാണ്.

പരമ്പരാഗത മാധ്യമങ്ങളുടെ പരാജയങ്ങള്‍ ട്രംപിന്റെ അത്യാവേശ ട്വീറ്റുകളില്‍ മാത്രമല്ല കാണുന്നത്. 2012-ല്‍ തന്നെ "ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്ന ജനാധിപത്യ രാഷ്ട്രീയവും സ്വകാര്യ സമ്പത്ത് സൃഷ്ടിക്കാന്‍ മുന്നോട്ട് പോകുന്ന ആഗോള മുതലാളിത്തവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അസഹനീയമാകുന്നു"വെന്ന് ഞാന്‍ എഴുതിയിരുന്നു. എന്നിട്ടുപോലും, വരുമാനത്തിലെയും അവസരങ്ങളിലെയും അസമത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പിന്റെ ആഴവും തീക്ഷ്ണതയും അളക്കുന്നതില്‍ പരാജയപ്പെട്ടവരുടെ കൂട്ടത്തിലാണ് ഞാനും.

മറ്റ് പല മാധ്യമപ്രവര്‍ത്തകരും നിരീക്ഷകരും ഈ ക്ഷോഭത്തെയും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും അവഗണിച്ചു. എല്ലാ രാജ്യങ്ങള്‍ക്കും വികസനത്തിന് ഒരേ വഴിയേ ഉള്ളൂ എന്ന നിഗമനത്തെ വിമര്‍ശിക്കാന്‍ സാമ്പത്തിക വിദഗ്ധന്‍ ആല്‍ബെര്‍ട് ഹിര്‍ഷ്മാന്‍ ‘ഏകസാമ്പത്തികശാസ്ത്രം’ (mono-economics) എന്ന വാക്കാണ് ഉപയോഗിച്ചത്. ശീതയുദ്ധത്തിന്റെ അവസാനം മുതല്‍ നിലവിലെ രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ ക്കുറിച്ചുള്ള വിശകലനങ്ങളിലധികവും ‘ഏക-മാധ്യമപ്രവര്‍ത്തനം’ എന്നു വിളിക്കാവുന്നതാണ്.

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയോടെ ഒരേ തരത്തിലുള്ള ഭരണ സംവിധാനത്തിലേക്കും (ഉദാര ജനാധിപത്യം) സാമ്പത്തിക വ്യവസ്ഥയിലേക്കും (സ്വതന്ത്ര-വിപണി മുതലാളിത്തം) നീങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല എന്ന വിശ്വാസം ശക്തിപ്പെട്ടു. മുതലാളിത്തവും ജനാധിപത്യവും പരസ്പര വിരുദ്ധമാകും എന്നോ മുതലാളിത്തം സൃഷ്ടിക്കുന്ന അസമത്വങ്ങള്‍ ജനാധിപത്യ ഭൂരിപക്ഷത്തിന്റെ തിരിച്ചടി ഉണ്ടാക്കുമെന്നോ മനസിലാക്കാതെ മുഖ്യധാര ഈ വിശ്വാസത്തെ ആന്തരീകരിച്ചു.

സ്വതന്ത്ര വിപണിയുടെ അസ്ഥിരതയിലേക്ക് വലിച്ചെറിയപ്പെടുകയും 1990-കളില്‍ അന്തമില്ലാത്ത കഷ്ടപ്പാടുകള്‍ അനുഭവിക്കുകയും ചെയ്ത റഷ്യന്‍ ജനത ഒരു കെജിബിക്കാരനെ തങ്ങളുടെ രക്ഷകനായി തെരഞ്ഞെടുത്തുകൊണ്ട് ആദ്യ സൂചനകള്‍ നല്കി. ദുരിതങ്ങളില്‍ നിന്നും പക നിറഞ്ഞ ദേശീയതയിലേക്ക് കടന്ന റഷ്യന്‍ അനുഭവത്തെ, ഇന്ത്യയിലും ചൈനയിലുമുള്ള ദശലക്ഷക്കണക്കിനു പേരെ ദാരിദ്ര്യ രേഖയില്‍ നിന്നും പൊക്കിക്കൊണ്ടുവരുന്ന ആഗോള മുതലാളിത്തം എന്ന വസ്തുതയില്‍ മാത്രം ശ്രദ്ധിച്ച നിരീക്ഷകര്‍ വിലവെച്ചില്ല.ഏതാണ്ട് 300 കോടി വരുന്ന മനുഷ്യരുടെ ഇടയിലെ ഈ ആഗ്രഹങ്ങളുടെ വിപ്ലവം, രാഷ്ട്രീയവും പാരിസ്ഥിതികവുമായി ഉണ്ടാക്കാന്‍ പോകുന്നതെന്താണെന്നോ, നിരന്തരം പുതുക്കുകയും തര്‍ക്കത്തിലുള്ളതുമായ ഒരു ദാരിദ്ര്യ രേഖക്ക് തൊട്ടുമുകളിലുള്ള ജീവിതം എന്തായിരിക്കുമെന്നോ ഒരു അന്വേഷണവും നടന്നില്ല. ഉദാഹരണത്തിന്, വളര്‍ച്ചാ മാന്ദ്യത്തിലും മധ്യ-വര്‍ഗ കുരുക്കിലും കുടുങ്ങുന്ന നിരാശരായ മനുഷ്യര്‍ അതി-ദേശീയ വാചകക്കസര്‍ത്തുകാര്‍ക്ക് വഴിപ്പെടുകയില്ലേ? യൂറോപ്യന്മാരും അമേരിക്കക്കാരുമായ കുറേപ്പേര്‍ നയിക്കുന്ന തരം ജീവിതശൈലി നൂറുകണക്കിനു കോടി മനുഷ്യര്‍ക്ക് നല്‍കാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ടോ?

അതേ സമയം മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ആഗോളീകരണത്തിന്റെ നിഷേധാത്മകവശങ്ങളെ മൂലധനത്തിന്റെയും തൊഴിലിന്റെയും എവിടേയും എത്താവുന്ന അവസ്ഥയില്‍ അവഗണിച്ചു. സിഇഒ ഒരു താരപരിവേഷമായി. കര്‍ഷകനും ഖനി തൊഴിലാളിയും നിഴലുകളായി. മുന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി പാറ്റ് ബുക്കാനനെ പോലെയുള്ള പുറത്തുനില്‍ക്കുന്നവര്‍, വെള്ളക്കാരന്‍ തൊഴിലാളിയുടെ മോശമാകുന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞു. മറ്റുള്ളവര്‍ അപ്പോഴും മുതലാളിത്തത്തിന്റെയും ജനാധിപത്യത്തിന്റെയും ആഗോള വിജയം ആഘോഷിച്ചു.

ഇന്നിപ്പോള്‍, മിക്കപ്പോഴും എഴുതിത്തള്ളിയതും എന്നാല്‍ അന്തിമമായി വിജയം കണ്ടതുമായ സ്ഥാനാര്‍ത്ഥിത്വം ഏക-മാധ്യമ പ്രവര്‍ത്തനത്തിന്റെ ബൌദ്ധിക അപര്യാപ്തതകളും രാഷ്ട്രീയ അപകടങ്ങളും വെളിപ്പെടുത്തുന്നു. അതിനോട് ഒത്തുനിന്നവര്‍ക്ക് അവരുടെ ലക്ഷ്യങ്ങളും രീതികളും പുന:നിര്‍ണ്ണയിക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ല.

ദുര്‍ബ്ബലമായ മാധ്യമ പ്രവര്‍ത്തനം എപ്പോഴും രാഷ്ട്രീയ ഞെട്ടലുകള്‍ നേരിട്ടിട്ടുണ്ട്. ചരിത്രകാരന്‍ ജോണ്‍ ജെ ഫെയര്‍ബാങ്ക് പറഞ്ഞപോലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ‘വലിയ പരാജയങ്ങളിലൊന്നും’ അമേരിക്കന്‍ ജനതയുടെ ഒന്നാം തരം പരാജയങ്ങളിലൊന്നുമായ 1949-ലെ ചൈനയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവം ഉദാഹരണം. മാവോ സെ തൂങ്ങിന്റെ ജനസ്വാധീനം മനസിലാക്കുന്നതില്‍ പടിഞ്ഞാറന്‍മാരുടെ ഇഷ്ടക്കാരനായ ചിയാങ് കൈഷെക്കിന്റെ പ്രഭാവലയത്തിലായിരുന്ന, ചൈനയില്‍ നിന്നും വാര്‍ത്തകള്‍ നല്കിയിരുന്ന തന്നെപ്പോലുള്ള അമേരിക്കക്കാര്‍ക്ക് പിഴവ് പറ്റി എന്നു ഫെയര്‍ബാങ്ക് പിന്നീട് പറഞ്ഞു. “ഞങ്ങളുടെ വാര്‍ത്തകള്‍ വെറും ഉപരിപ്ലവമായിരുന്നു. സാധാരണക്കാരായ ചൈനക്കാരുടെ ജീവിതത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല... അല്ലെങ്കില്‍ അതറിയാനുള്ള വഴിയുണ്ടായിരുന്നില്ല.”

ട്രംപിന്റെ പ്രസിഡണ്ട് ഭരണത്തിന്റെ രൂപത്തില്‍ നമ്മെ മറ്റൊരു ഒന്നാന്തരം ദുരന്തം കാത്തിരിക്കുന്നതിനാല്‍ ഫെയര്‍ബാങ്കിന്റെ മുന്നറിയിപ്പ് പ്രസക്തമാണ്: “ഓരോ മാധ്യമ പ്രവര്‍ത്തകനും ഒരു നൂല്‍പ്പാലത്തിലൂടെയാണ് നടക്കുന്നത്-പരിഹരിക്കപ്പെടാത്ത, അനിശ്ചിതമായ ചരിത്ര സാഹചര്യങ്ങളുടെ- അതിനെ വാക്കുകളിലൂടെ എങ്ങനെയെങ്കിലും പ്രതിനിധീകരിക്കാന്‍ ശ്രമിച്ചു കൊണ്ട്.” ഫെയയര്‍ബാങ്കിനെ സംബന്ധിച്ച് “മാധ്യമപ്രവര്‍ത്തനത്തിന്റെ സത്ത” എന്നത് “പരിണതി എന്താണെന്ന് ഉറപ്പില്ലാത്ത, മൂല്യങ്ങള്‍ കൂടിക്കുഴഞ്ഞ, തര്‍ക്കങ്ങള്‍ നിറഞ്ഞ അവ്യക്തമായ സാഹചര്യങ്ങളുമായി നേരിടുന്ന ലേഖകര്‍” ആണ്.

ഇക്കാലത്തായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഫലത്തെയും മൂല്യങ്ങളെയും വ്യക്തമായി നിശ്ചയിക്കാന്‍ തത്പരരാണ്. ട്വിറ്ററിലെ ആവേശക്കാരും വ്യാജ വാര്‍ത്തകളുടെ വില്‍പ്പനക്കാരും അവരെ കോമാളിത്തമാക്കി പകര്‍ത്തുന്നു. പരാജയത്തിന്റെ പാടുകളുള്ള പഴയ മാധ്യമങ്ങള്‍ പുതിയ മാധ്യമങ്ങള്‍ വെറുക്കുന്ന മൂല്യങ്ങളെ ശക്തമാക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം: മനുഷ്യ വ്യവഹാരങ്ങളിലെ അവ്യക്തതകളോട് കൂടുതല്‍ ജാഗ്രത, പരാജയസാധ്യതകളോടുള്ള സൂക്ഷ്മമായ ബോധം, ചരിത്രത്തിലെ വിജയികളെക്കാളേറെ പരാജിതരോടുള്ള അടുത്ത ശ്രദ്ധ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories