TopTop
Begin typing your search above and press return to search.

ചാനല്‍ ചര്‍ച്ചയ്‌ക്കെത്തുന്നവര്‍ക്ക് വേണ്ട യോഗ്യതകള്‍; അവതാരകര്‍ക്കും

ചാനല്‍ ചര്‍ച്ചയ്‌ക്കെത്തുന്നവര്‍ക്ക് വേണ്ട യോഗ്യതകള്‍; അവതാരകര്‍ക്കും

കേരള രാഷ്ട്രീയം നിയമസഭയിലോ സെക്രട്ടറിയേറ്റിലോ പാര്‍ട്ടി ഓഫിസുകളിലോ അല്ല, വാര്‍ത്ത ചാനല്‍ സ്റ്റുഡിയോകളിലാണ് അതിന്റെ നയങ്ങളും പരിപാടികളും അജണ്ടകളും ജനകീയതയും രൂപപ്പെടുത്തുന്നതെന്ന് 2011 ല്‍ ഡോ. ഷാജി ജേക്കബ് എഴുതിയത് ഓര്‍ത്തുപോവുകയാണ്.

ഇപ്പോഴും അങ്ങനെ തന്നെയാണോ?

ചില ചര്‍ച്ചകള്‍ കണ്ടാല്‍ അതിന്റെ കാലം എന്നേ കഴിഞ്ഞൂ എന്ന് പറയാന്‍ തോന്നും.

ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിമിതമായ ചരിത്രബോധമേയുള്ളൂ എന്ന വിമര്‍ശനം 2009 ലേ ഉള്ളതാണ്- (സി എസ് വെങ്കിടേശ്വരന്‍ കാര്യകാരണ സഹിതം അത് എഴുതിയിട്ടുണ്ട്). എന്നാല്‍ ഇന്ന് അവതാരകരേക്കാള്‍, രാഷ്ട്രീയപ്പാര്‍ട്ടികളെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയാത്ത അതിഥി വേഷങ്ങള്‍ സ്റ്റുഡിയോകളില്‍ ഇരുന്ന് വിഡ്ഡിത്തങ്ങള്‍ വിളമ്പാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി. അവതാരകവേഷങ്ങളുടെ സര്‍വ്വതന്ത്രസ്വാതന്ത്ര്യത്താല്‍, ബുദ്ധിജീവികളായി രംഗപ്രവേശം ചെയ്യുന്നവരാണ് ഇവരില്‍ പലരും.

ഒരു അതിഥി വിദ്വാന്‍ സമീപകാലത്തിരുന്ന് കത്തിക്കുകയാണ്;
' നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തറിയാം? നിങ്ങളില്‍ എത്രപേര്‍ എഴുത്തുകാരുണ്ട്. നിങ്ങളുടെ ചാനലിന്റെ തലപ്പത്തിരിക്കുന്നയാള്‍ക്ക് വല്ല വിവരവുമുണ്ടോ? നിങ്ങളില്‍ എത്രപേര്‍ പത്രം വായിക്കും? പുസ്തകം വായിക്കും? ഇങ്ങനെ പോകുന്നു രോഷാഗ്നി. അവതാരകന്റെ ചോദ്യത്തിന് ഉത്തരം പറയാതെയാണ് മേപ്പടിയാന്റെ ഈ മറുചോദ്യങ്ങള്‍! 'അരിയെത്ര? പയറഞ്ഞാഴി' ശൈലിയില്‍. അതെല്ലാം കേട്ടിട്ട് അവതാരക വേഷത്തിന്റെ മറുപടിയോ? ' താങ്കളുടെ രോഷത്തില്‍ ഞാനും പങ്കുചേരുകയാണ്. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് താങ്കളുടെ നിലപാടുകള്‍!ആ ചാനലിന്റെ ചീഫ് എഡിറ്ററായിരിക്കുന്നയാളെക്കുറിച്ച് അതിഥിക്കുപോട്ടെ, അവതാരകനുപോലും ബോധമില്ലെന്ന് കേട്ടപ്പോള്‍ ബോധ്യമായി.
നല്ല വിദ്യാഭ്യാസവും വിവരവും അനുഭവ പരിചയവും ഉള്ള മികച്ച മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് വാസ്തവത്തില്‍ ആ ചാനലിന്റെ ചീഫ് എഡിറ്റര്‍. നല്ല വായനാശീലം അദ്ദേഹത്തിനുണ്ടെന്ന് അദ്ദേഹത്തിന്റെ വര്‍ത്തമാനവും എഴുത്തും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടാണ് ഇത്തരം ചര്‍ച്ചാഭാസങ്ങള്‍!

ചീഫ് എഡിറ്ററെ എന്തിനു കുറ്റം പറയണം? ചില വിഷയങ്ങള്‍ക്ക് അതിഥികളെ കിട്ടാതാകുമ്പോള്‍, പുതിയ ചിലരെ കണ്ടെത്താനുള്ള വ്യഗ്രതയിലാണ് ഇത്തരം കെട്ടുകാഴ്ച്ചകള്‍ രംഗപ്രവേശം ചെയ്യുന്നത്.

ഇനി പരിണതപ്രജ്ഞരെന്ന് ചില പ്രേക്ഷകരെങ്കിലും ധരിച്ചിട്ടുള്ള അതിഥിവേഷങ്ങളുടെ സ്ഥിതിയോ?

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്‌സിസ്റ്റിന്റെ അഞ്ചാമത് ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ട ദിവസം (2015 ഏപ്രില്‍ 19 ഞായറാഴ്ച്ച). ആരാകും പുതിയ ജനറല്‍ സെക്രട്ടറി എന്നതിനെപ്പറ്റിയാണ് കൊണ്ടുപിടിച്ചുള്ള ചര്‍ച്ച. തലേന്ന് മുതലെ തുടങ്ങിയതാണ്. ചില പ്രമുഖ പത്രങ്ങളിലെ വാര്‍ത്തകളെ ആധാരമാക്കിയാണ് പല വിദ്വാന്മാരും, സ്വന്തം കണ്ടെത്തല്‍പോലെ ചര്‍ച്ച നയിക്കുന്നത്.

മാതൃഭൂമി ടെലിവിഷനില്‍ വേണു ബാലകൃഷ്ണനാണ് തലേന്നും പിറ്റേന്നും ചര്‍ച്ച പൊടിപൊടിച്ചത്. തലേന്നു തന്നെ പിറ്റേന്നത്തെ പാനലിനെയും വേണു പ്രഖ്യാപിച്ചു. കൃത്യം പ്ലാനിംഗ്. മറുപടി പറയാന്‍ സമയം കിട്ടാത്തവരോട് നാളെ മറുപടി പറയാം എന്ന് ആശ്വസിപ്പിക്കുന്നതും കേട്ടു!

ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പുദിനം. രാവിലെ മുതല്‍ 'പെട്ടി' ഓണാക്കി. എല്ലാ മലയാള വാര്‍ത്താ ചാനലുകളുടെയും ചോദ്യം ഒന്നാണ്-എസ് ആര്‍ പി യോ യെച്ചൂരിയോ? വിശാഖപട്ടണത്തു നിന്ന് റിപ്പോര്‍ട്ടര്‍മാര്‍ അപ്പപ്പോള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് നല്‍കുന്നുമുണ്ട്. എന്തോ വലിയതൊന്ന് സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതിയാണ് എല്ലാ ചാനലുകളും ചേര്‍ന്ന് സൃഷ്ടിച്ചത്. സീതാറാം യെച്ചൂരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മാധ്യമങ്ങളുടെ അമിതാവേശം. ആ ആവേശം എസ് ആര്‍ പിയെ അടുത്ത ജനറല്‍ സെക്രട്ടറിയായി ഉറപ്പിച്ചു. 12. 45 ന് പ്രഖ്യാപനമുണ്ടാകുമെന്ന് 'സ്‌ക്രോള്‍' തെളിഞ്ഞു. ഒരതിഥി, മലപ്പുറം സമ്മേളനത്തില്‍ പിണറായി പക്ഷം, വി എസ് പക്ഷത്തെ വെട്ടിനിരത്തി 'മിന്നല്‍ പിണറാ'യ ചരിത്രം ഉദ്ധരിച്ച് യെച്ചൂരിക്ക് ഒരു സാധ്യതയുമില്ലെന്ന് ഉദാഹരിക്കുകയും ചെയ്തു. വേണു ബാലകൃഷ്ണന്‍, ഡോ. സെബാസ്റ്റ്യന്‍ പോളിലേക്ക് വന്നു. അപ്പോള്‍ സമയം പത്തുപത്തരയായിക്കാണും. ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ നിഗമനം ഇതായിരുന്നു- എസ് ആര്‍ പിയ്ക്കായിരിക്കല്ല, യെച്ചൂരിക്കായിരിക്കും ജനറല്‍ സെക്രട്ടറി പദം ലഭിക്കാന്‍ സാധ്യത. അതിന്റെ കാര്യകാരണങ്ങള്‍ കുറഞ്ഞ വാക്കുകളില്‍ അദ്ദേഹം നിരത്തുകയും ചെയ്തു. സര്‍വ്വ ചാനലുകളും അവതാരകരും റിപ്പോര്‍ട്ടര്‍മാരും അതിഥികളും എസ് ആര്‍ പി യെ ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ച വേളയിലാണ് ഡോ സെബാസ്റ്റ്യന്‍ പോളിന്റെ പ്രവചനം. ഇതുപറഞ്ഞ് അരമണിക്കൂറിനകം വിശാഖപട്ടണത്തു നിന്ന് ശ്രീജിത്തിന്റെ റിപ്പോര്‍ട്ട് വന്നു- സി സി തീരുമാനം യെച്ചൂരിക്ക് അനുകൂലമെന്ന്. കേരളത്തില്‍ നിന്നുള്ള ഒരംഗം നല്‍കിയ വിവരം. അതിനെ ചാനലിലുണ്ടായിരുന്ന ചിലര്‍ 'മാധ്യമ സൃഷ്ടി'യായി പരിഹസിച്ചു. ഊറിയൂറിച്ചിരിച്ചു. റിപ്പോര്‍ട്ടറുടെ വിവരക്കേടായി വ്യാഖ്യാനിച്ചു. പക്ഷെ വേണുവിന്റെ തുടര്‍ ചര്‍ച്ച ആ' മാധ്യമ സൃഷ്ടി'യെ പിടിച്ചായിരുന്നു. അപ്പോള്‍ ആ രീതിയില്‍ ചര്‍ച്ച നയിച്ച ഒരേയൊരു ചാനല്‍' മാതൃഭൂമി'യായിരുന്നു. ക്രമേണ എല്ലാ ചാനലുകളിലേക്കും ആ വാര്‍ത്ത പടര്‍ന്നു (മുമ്പേ ഗമിക്കുന്ന ചാനല്‍ തന്റെ/ പിമ്പേ ഗമിക്കും ബഹുചാനലെല്ലാം!). പക്ഷേ 'മാതൃഭൂമി'യില്‍ ചര്‍ച്ച കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ ' ഏഷ്യാനെറ്റ്' സ്ഥിരീകരിച്ചു-ബ്രേക്കിംഗ് നല്‍കി-'യെച്ചൂരി ജനറല്‍ സെക്രട്ടറി'യാകും. മാതൃഭൂമിയില്‍ 'ലൈവ്' ആയ ഒരതിഥി 'ഏഷ്യാനെറ്റി'ലെ ആ ബ്രേക്കിംഗിനെപ്പറ്റി പറയുന്നതുകേട്ടാണ് റിമോര്‍ട്ട് ഏഷ്യാനെറ്റിലേക്ക് അമര്‍ത്തിയത്.' മാതൃഭൂമി' പറഞ്ഞു തുടങ്ങി ഏഷ്യാനെറ്റ് സ്‌കോര്‍ ചെയ്തു! ബ്രേക്കിംഗും സ്‌കോറിംഗും അവിടെ നില്‍ക്കട്ടെ. ഇക്കാര്യം ആദ്യം പറഞ്ഞത് ഡോ.സെബാസ്റ്റ്യന്‍ പോളാണ്. ഇതെങ്ങനെ സാധിച്ചു? സി സി യില്‍ നിന്ന് ആരെങ്കിലും അപ്പോള്‍ ആ വാര്‍ത്ത അദ്ദേഹത്തിന് ചോര്‍ത്തി കൊടുത്തതാകാന്‍ തരമില്ല. എന്നിട്ടും അദ്ദേഹം യെച്ചൂരിയെ ഉറപ്പിച്ചു. അതാണ് രാഷ്ട്രീയബോധം.സി.പി.ഐ(എം) എന്നാല്‍ എന്താണ്? അതിന്റെ സംഘടന സംവിധാനം അഖിലേന്ത്യാതലത്തില്‍ എങ്ങനെയാണ്? അതില്‍ സീതാറാമിനുള്ള സ്ഥാനമെന്താണ്? ഇങ്ങനെയെല്ലാമുള്ള കാര്യങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയബോധം. താന്‍ ജനറല്‍ സെക്രട്ടറിയായതിനെ കുറിച്ച് മാതൃഭൂമിയിലെ ഉണ്ണി ബാലകൃഷ്ണന് യെച്ചൂരി നല്‍കിയ അഭിമുഖത്തില്‍ പറയുന്ന കാര്യമുണ്ട്. 'പാര്‍ട്ടി തീരുമാനമെടുക്കുന്നത് എന്ത് ദൗത്യമാണ് നിറവേറ്റാനുള്ളത് എന്നതും ആരാണ് അതിന് പറ്റിയ ആള്‍ എന്നതും പരിഗണിച്ചാണ്. ഇതാണ് വസ്തുത. അല്ലാതെ നിങ്ങള്‍ എന്റെ മേലും പാര്‍ട്ടിയുടെ മേലും അരോപിക്കാന്‍ ശ്രമിക്കുന്ന താല്‍പര്യങ്ങളൊന്നും ഇതിന്റെ പിന്നിലില്ല.' അഭിപ്രായവ്യത്യാസത്തെ അഥവ ഭിന്നതയെ 'ഉള്‍പ്പാര്‍ട്ടി ജനാധിപത്യം' എന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്. ഇതിനെപ്പറ്റിയൊക്കെ ആലോചിച്ചിട്ടാകണം ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജനറല്‍ സെക്രട്ടറിക്കായി യെച്ചൂരിയെ മുന്‍കൂട്ടി ഉറപ്പിച്ചത്. വാസ്തവത്തില്‍ ഇത്തരത്തില്‍ സൂക്ഷ്മതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന അതിഥികളാണ് ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത് എന്നാണ് എന്റെ വിനീതമായ അഭിപ്രായം. വെറുതെ ഒച്ചകേള്‍പ്പിച്ച് വെടിയും പുകയും പോലെ ആയിത്തീരാറുണ്ട് പലപ്പോഴും നമ്മുടെ ടെലിവിഷന്‍ ചര്‍ച്ചകള്‍. പലരും' ടൈംസ് നൗ'വിലെ അര്‍ണാബ് ഗോസാമിയുടെ 'ഷോ' അനുകരിക്കുകയാണ്.

വേണുവിന്റെ ഈ ചര്‍ച്ച-super prime time- തലേന്നു രാത്രിയിലും ഞാന്‍ കണ്ടിരുന്നു. ആ ചര്‍ച്ചയില്‍ ഒരതിഥി പറഞ്ഞ അഭിപ്രായം, സ്വന്തം അഭിപ്രായമായി ഒരുളുപ്പുമില്ലാതെ പ്രമുഖനായ മറ്റൊരതിഥി പിറ്റേന്നു തട്ടിവിടുന്നു. അഭിപ്രായം ഇതായിരുന്നു- 'നവലിബറല്‍ നയങ്ങളുടെ ഭാഗത്ത് നില്‍ക്കുന്ന സഖാവ് പിണറായിയും സംഘവും ക്ലാസിക്കല്‍ കമ്യൂണിസ്റ്റ് തത്വങ്ങള്‍ മുറുകെ പിടിക്കുന്ന കാരാട്ടിനെ പിന്തുണയ്ക്കുന്നു. ക്ലാസിക്കല്‍ കമ്യൂണിസ്റ്റായ വി എസ് അച്യുതാനന്ദന്‍ നവലിബറല്‍ മനോഭാവം പുലര്‍ത്തുന്ന സീതാറാം യെച്ചൂരിയെ പിന്തുണയ്ക്കുന്നു. ഈ വൈരുദ്ധ്യം കണ്ട് വിവരമുള്ളവര്‍ പൊട്ടിച്ചിരിക്കുകയാണ്. ഈ അഭിപ്രായത്തിലെ രണ്ടാംഭാഗമാണ് അടുത്തദിവസം തലേന്നത്തെ അതിഥിക്ക് പേറ്റന്റ് നല്‍കാതെ, സ്വന്തം പാണ്ഡിത്യമെന്ന നിലയില്‍ ഇരുന്നു കൊണ്ടാടിയത്. വി എസ് അച്യുതാനന്ദന്‍, സീതാറാം യെച്ചൂരിയെ പിന്തുണയ്ക്കുന്നതിലെ പ്രത്യയശാസ്ത്ര വൈരുദ്ധ്യം എടുത്തുകാണിക്കലായിരുന്നു മേപ്പടിയാന്റെ ലക്ഷ്യം. പക്ഷേ ആദ്യഭാഗം വിഴുങ്ങി! ഇത്തരം അതിഥികള്‍ക്ക് കാണികളോട് എന്തു സത്യസന്ധതയാണുള്ളത?പക്ഷേ കാണികള്‍ക്ക് എല്ലാം ബോധമാകുന്നുണ്ട്.

സമാനമായ ഒരനുഭവം എനിക്കുണ്ടായത് പങ്കുവയ്ക്കട്ടെ.ആത്മപ്രശംസയാണെന്ന് ദയവായി തെറ്റിദ്ധരിക്കരുത് (കരുതില്ലെന്ന ബോധ്യത്തോടെ എഴുതുന്നു): ഗോവവധ നിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ച. അവതാരകന്‍ ഈയുള്ളവനായിരുന്നു (കൈരളി-പീപ്പിള്‍ ന്യൂസ് ആന്‍ഡ് വ്യൂസ്). ഒരു അഭിപ്രായം ഉന്നയിച്ചുകൊണ്ടായിരുന്നു എന്റെ ചോദ്യം. അഭിപ്രായം ഇതായിരുന്നു:'' ഗോവിനെ കൊല്ലരുത് എന്നു പറയുന്നത് ഗോവ് ഗോമാതാവാണ് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അതിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം ഹിന്ദുമത പ്രീണനമാണ്. ഇതനുവദിച്ചു കൊടുത്താല്‍ നാളെ ആരും മത്സ്യം പിടിച്ച് കറിവച്ചു തിന്നരുത് എന്നു പറയും. കാരണം മത്സ്യം മഹാവിഷ്ണുവിന്റെ അവതാരമാണ്''. ചര്‍ച്ചയിലും ചര്‍ച്ച കഴിഞ്ഞും ഈ അഭിപ്രായത്തെ പലരും അഭിനന്ദിച്ചു. അധികദിവസം കഴിഞ്ഞില്ല. നമ്മുടെ ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ഈ ആശയം ഏകദേശം എന്റെ വാചകങ്ങളുടെ സ്വരഘടനയില്‍ തന്നെ പ്രത്യക്ഷപ്പെട്ടു.

മാധ്യമങ്ങളില്‍ പറയുന്ന ആശയങ്ങള്‍ക്കും വേണ്ടേ പേറ്റന്റ്? വേണം; തീര്‍ച്ചയായും വേണം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകമുകളില്‍ പറഞ്ഞ കാര്യങ്ങളുടെ സാരാംശം ഇത്രയേയുള്ളൂ:

1, ടെലിവിഷനില്‍ അതിഥികളായി എത്തുന്നവര്‍ക്ക് കറകളഞ്ഞ വിവരവും ബോധവും യുക്തിചിന്തയും വേണം.
2,ടെലിവിഷനില്‍ അതിഥികളായി എത്തുന്നവര്‍ വിഢിത്തരങ്ങള്‍ വിളിച്ചു പറഞ്ഞ്, കാണികളുടെ മുന്നില്‍ സ്വയം പരിഹാസപാത്രങ്ങളാകരുത്.
3,മറ്റുള്ളവരുടെ ആശയങ്ങള്‍ മോഷ്ടിച്ച് തന്റേതാണെന്ന നാട്യത്തില്‍ അവതരിപ്പിച്ച് മിടുക്കരാകാന്‍ അവതാരകരും അതിഥികളും ശ്രമിക്കരുത്.
4, ആശയങ്ങള്‍ എടുക്കുമ്പോള്‍ ആ ആശയം ആദ്യം അവതരിപ്പിച്ചവര്‍ക്ക് 'കടപ്പാട്' നല്‍കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories