TopTop
Begin typing your search above and press return to search.

നിഷ്പക്ഷ റിപ്പോര്‍ട്ടിംഗിന് പുല്ലുവില; ഹൈക്കോടതിയില്‍ നടന്നതെന്ത്? ചില സത്യങ്ങള്‍

നിഷ്പക്ഷ റിപ്പോര്‍ട്ടിംഗിന് പുല്ലുവില; ഹൈക്കോടതിയില്‍ നടന്നതെന്ത്? ചില സത്യങ്ങള്‍

അഡ്വ. മനു സെബാസ്റ്റ്യന്‍

ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ പറ്റി വളരെ ഏകപക്ഷീയവും തെറ്റിദ്ധാരണാജനകവുമായ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ വരുന്നത്. അഭിഭാഷകര്‍ “അഴിഞ്ഞാടിയെന്നും” “തെരുവു ഗുണ്ടകളെ പോലെ പെരുമാറി” എന്നും മറ്റും ഉള്ള തരത്തില്‍, അഭിഭാഷക സമൂഹത്തെ ഒന്നടക്കം അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ ആണ് വസ്തുതകള്‍ മറച്ചു പിടിച്ചും വളച്ചൊടിച്ചും പെരുപ്പിച്ചു കാണിച്ചും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍, ഒരു മാധ്യമത്തിലും വരാത്ത ചില സത്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് അത്യാവശ്യം ആയിരിക്കുന്നു.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ, ഒരു ഗവ:പ്ലീഡര്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ വാര്‍ത്ത നല്‍കിയതിനുള്ള പ്രതിഷേധമല്ല അഭിഭാഷക സമൂഹത്തില്‍ നിന്നും ഉണ്ടായത്. നിയമവിരുദ്ധവും നിരുത്തരവാദപരവും ആയ റിപ്പോര്‍ട്ടിംഗ് ആണ് ഈ വിഷയത്തില്‍ പല പ്രമുഖ മാധ്യമങ്ങളിലും ഉണ്ടായത്. അറസ്റ്റ്‌ ചെയ്തു നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിയുടെ ചിത്രം മാധ്യമങ്ങളില്‍ ഫ്ലാഷ് ചെയ്യുന്നത് തികച്ചും നിയമവിരുദ്ധം ആണ്. പ്രത്യേകിച്ച്, മുന്‍പരിചയം ഇല്ലാത്ത പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍. ജിഷ വധക്കേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയതിനു ശേഷമാണ് പ്രതിയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിച്ചത് എന്നോര്‍ക്കുക. അല്ലെങ്കില്‍, വിചാരണയേയും കോടതിവിധിയേയും അത് പ്രതികൂലമായി ബാധിക്കും. ഇതില്‍ നിന്ന് തന്നെ, ഇവിടെ ഉദ്ദേശം വിചാരണയിലൂടെ പ്രതിയായ ഗവ:പ്ലീഡറുടെ കുറ്റം തെളിയിക്കുക എന്നതല്ല എന്നും, പകരം അദ്ദേഹത്തെ ഗൂഢലക്ഷ്യത്തോടെ അപമാനിക്കുക എന്നതാണെന്നും വ്യക്തമാണ്.

അതുപോലെ, പരാതിക്കാരി മജിസ്ട്രേറ്റിനു നല്‍കുന്ന മൊഴി അത്യധികം രഹസ്യസ്വഭാവം ഉള്ളതാണ്. അന്വേഷണം കഴിയാതെ പ്രതിക്ക് പോലും അതിന്‍റെ കോപ്പി കിട്ടാന്‍ അവകാശമില്ല. കോര്‍ട്ട് റെക്കോര്‍ഡിന്റെ ഭാഗമായ രഹസ്യമൊഴി മാധ്യമങ്ങള്‍ക്ക് എങ്ങനെ പ്രസിദ്ധീകരിക്കാന്‍ ആകും? എങ്ങനെ അവര്‍ക്ക് അത് ചോര്‍ന്നു കിട്ടി? ഇതില്‍ നിന്ന് മാധ്യമങ്ങളും പോലീസും തമ്മിലുള്ള ഒത്തുകളി വളരെ വ്യക്തമാണല്ലോ. കോടതി നടപടികളിലും അന്വേഷണത്തിലും ഉള്ള മാധ്യമങ്ങളുടെ ഇത്തരം അനാവശ്യമായ ഇടപെടല്‍, സുഗമമായ വിചാരണയെ ബാധിക്കുകയും, പ്രതിക്ക് സ്വാഭാവിക നീതി നിഷേധിക്കുകയും ചെയ്യുന്നു. കോടതി നടപടികളെ ദോഷകരമായി ബാധിക്കുന്ന ഇത്തരം റിപ്പോര്‍ട്ടിംഗ് Contempt of Courts Act പ്രകാരം കോടതി അലക്ഷ്യം തന്നെയാണ്.പോലീസിന്റെയും മാധ്യമങ്ങളുടെയും ഇത്തരം നിയമവിരുദ്ധവും നീതിരഹിതവുമായ നടപടികളെ അപലപിച്ചു കൊണ്ടാണ് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രമേയം പാസാക്കിയത്. എന്നാല്‍ അതിനെ പറ്റിയും വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ വന്നു. ഭിന്നത മൂലം പ്രമേയം പാസായില്ല എന്ന പച്ചകള്ളം ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. റിപ്പോര്‍ട്ട്‌ ചെയ്ത ലേഖകന്‍ കോടതിയില്‍ വന്നപ്പോള്‍ അഭിഭാഷകര്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപെട്ടു. അദ്ദേഹം അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് മുന്നില്‍ നിരുപാധികം മാപ്പ് പറഞ്ഞു. ഈ റിപ്പോര്‍ട്ട്‌ പിന്നീട് ഡെക്കാന്‍ ക്രോണിക്കിള്‍ തിരുത്തി എന്നും, വായനക്കാരോട് തെറ്റിന് മാപ്പ് പറയുകയും ചെയ്തു എന്ന് ശ്രദ്ധിക്കുക. (http://www.deccanchronicle.com/nation/in-other-news/200716/kerala-high-court-no-to-stay-proceedings-in-sexual-abuse-case.html അവസാനത്തെ പരഗ്രാഫ് ശ്രദ്ധിക്കുക)

ലേഖകനോട് വിശദീകരണം ചോദിച്ചത് ചില മാധ്യമപ്രവര്‍ത്തകരെ ചൊടിപ്പിച്ചു. 19-ആം തിയതി വൈകുന്നേരം അവര്‍ സംഘം ചേര്‍ന്ന്, അഭിഭാഷകരെ ഒന്നടക്കം ആക്ഷേപിക്കുന്ന തരത്തില്‍ ഉള്ള ആഭാസകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ട്, അസോസിയേഷന്‍ ചേംബര്‍ കോംപ്ലക്സിലേക്ക് പ്രകടനം നടത്തി. ഹൈക്കോടതിയുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അവിടെ ഒരു തരത്തിലുള്ള പ്രകടനവും സംഘം ചേരലും അനുവദനീയമല്ല. പക്ഷെ, പോലീസ് സംരക്ഷണത്തോടെ, മാധ്യമപ്രവര്‍ത്തകര്‍, യാതൊരു പ്രവേശനാനുമതിയും ഇല്ലാത്ത ചേംബര്‍ കോംപ്ലെക്സിലേക്ക് അതിക്രമിച്ചു കയറി, വക്കീലന്മാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. കൂടാതെ, അഭിഭാഷകര്‍ക്ക് നേരെ കല്ലുകള്‍ വലിച്ചെറിയുകയും ചെയ്തു. ഇതില്‍ ഒരു വക്കീലിന് തോളെല്ലില്‍ പരിക്ക് ഉണ്ടായി. കൂടാതെ, മാദ്ധ്യമപ്രവര്‍ത്തകരുടെ ഗുണ്ടായിസം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ അഭിഭാഷകനെ ആക്രമിക്കുകയും, മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു നശിപ്പിക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ നടത്തിയ ഈ അക്രമത്തെ തുടര്‍ന്നു, ഹൈക്കോടതിയില്‍ ഉള്ള മീഡിയ റൂം രണ്ടു ദിവസത്തേക്ക് അടച്ചു പൂട്ടാന്‍ രജിസ്ട്രാര്‍ ഉത്തരവിട്ടു. സുപ്രീം കോടതിയില്‍ പോലും ഒരു മീഡിയ റൂം ഇല്ല എന്ന് ഓര്‍ക്കണം. എന്നാല്‍ അത് മാനിക്കാതെ, പിറ്റേ ദിവസം, മാദ്ധ്യമപ്രവര്‍ത്തകര്‍ മീഡിയ റൂം കൈയ്യേറുകയാണ് ചെയ്തത്. അവരോട്, രജിസ്ട്രാറുടെ ഉത്തരവ് പാലിച്ച് മീഡിയ റൂം വിട്ടു പോകുവാന്‍ അഭിഭാഷകര്‍ ആവശ്യപെട്ടു.അതിനെ തുടര്‍ന്നു പ്രകോപിതരായ മാധ്യമപ്രവര്‍ത്തകരാണ് പോലീസിന്റെ ഒത്താശയോടെ കോടതി പരിസരത്ത് അഴിഞ്ഞാടിയത്. ഇരുപതാം തിയതി ഉച്ചകഴിഞ്ഞു മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിച്ചു ഹൈക്കോടതി കവാടം ഉപരോധിച്ചു. പൊതുഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുത്തി. പോലീസ് എല്ലാം നിസ്സംഗരായി നോക്കി നില്‍ക്കുകയായിരുന്നു. കോടതി കഴിഞ്ഞു വക്കീലന്മാര്‍ക്കോ കക്ഷികള്‍ക്കോ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ഇതിനിടയില്‍ ഒരു ജൂനിയര്‍ വക്കീല്‍ തന്‍റെ സ്കൂട്ടര്‍ പുറത്തേക്ക് ഇറക്കാന്‍ ശ്രമിച്ചു. അതിനെയാണ്, അഭിഭാഷകര്‍ “വണ്ടി കയറ്റി കൊല്ലാന്‍ ശ്രമിച്ചു” എന്ന് ഏഷ്യാനെറ്റും മനോരമയും റിപ്പോര്‍ട്ട്‌ ചെയ്തത്. എത്ര അപഹാസ്യമാണിത്. ഇതിനോടൊപ്പം ഉള്ള വീഡിയോ കണ്ടാല്‍ വ്യക്തമാകും എന്തായിരുന്നു “വധശ്രമം” എന്ന്. സ്കൂട്ടറില്‍ പോയ ആ ജൂനിയര്‍ വക്കീലിനെ ചില പത്രപ്രവര്‍ത്തകര്‍ മാരകമായി ആക്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മുഖത്തിന്‌ ഗുരുതരമായ പരിക്കുകള്‍ പറ്റി ഇപ്പോള്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആണ്. കൂടുതല്‍ പ്രകോപിതരായ പത്രക്കാര്‍ അവിടെയുള്ള മറ്റു ജൂനിയര്‍ വക്കീലന്മാര്‍ക്ക് നേരെയും അക്രമം അഴിച്ചു വിട്ടു.

സംഘം ചേര്‍ന്ന് വന്നു വക്കീലന്മാരെ ഒന്നടങ്കം അധിക്ഷേപിച്ചു അവരെ പ്രകോപിപ്പിച്ച് വാര്‍ത്ത സൃഷ്ടിക്കുക എന്ന ആസൂത്രിത നീക്കമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ നടത്തിയത്. അതിനു വേണ്ട എല്ലാ സഹായവും പോലീസ് ചെയ്തുകൊടുക്കുകയും ചെയ്തു. അഭിഭാഷകര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു ഇടപെടലും നടത്താതെ നോക്കി നിന്നു. കോടതി ഉത്തരവ് മാനിച്ചു ധര്‍ണയിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിച്ചു വിടാന്‍ ചുമതലയുള്ള പോലീസ് പക്ഷെ അവര്‍ക്ക് സംരക്ഷണ കവചം ഒരുക്കികൊടുക്കുന്ന കാഴ്ചയാണ് അന്ന് കണ്ടത്.

അഭിഭാഷകരുടെ തൊഴില്‍ സ്ഥലമായ കോടതിയിലും, അവരുടെ ചേംബര്‍ കോംപ്ലക്സിലും അനുമതിയില്ലാതെ അതിക്രമിച്ചു കയറി അവരെ ആക്രമിച്ച മാധ്യമപ്രവര്‍ത്തകരുടെ നടപടിയെ പറ്റി എന്തെങ്കിലും റിപ്പോര്‍ട്ട്‌ ഉണ്ടോ? അതീവ സുരക്ഷ മേഖലയായ കോടതി പരിസരത്ത് ഘെരാവോ നടത്തുകയും, അക്രമ അഴിച്ചു വിടുകയും, ജൂനിയര്‍ വക്കീലന്മാരെ നിര്‍ദയം മര്‍ദിക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ നടപടികള്‍ ഏതെങ്കിലും ചാനലില്‍ കാണിച്ചോ? ഇതാണോ നിഷ്പക്ഷ പത്രപ്രവര്‍ത്തനം.

ഒരു സംഭവത്തിന്റെ ഒരു വശം മാത്രം എടുത്തു കാണിച്ചു അതിനെ പര്‍വതീകരിച്ച് മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരു സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നതല്ല പത്രസ്വാതന്ത്ര്യം. തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതിനു വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയും വാര്‍ത്തകള്‍ മുക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ രീതി ഇവിടെ പൊതുജനം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. സമീപകാലത്തെ ജിഷ വധ കേസ് ഉള്‍പ്പടെയുള്ള പല കാര്യങ്ങളിലും മാധ്യമങ്ങള്‍ ആരംഭഘട്ടത്തില്‍ പുലര്‍ത്തിയ നിസ്സംഗത എല്ലാവരും കണ്ടതാണ്. ബാര്‍കോഴ കേസിലും മറ്റും മാധ്യമങ്ങളുടെ നിഷ്പക്ഷ പ്രവര്‍ത്തനം ഇവിടെ എല്ലാവരും കണ്ടതാണ്. ഇപ്പോള്‍ കാണിക്കുന്ന തീവ്രതയുടെ നൂറില്‍ ഒരംശം പോലും അന്നൊന്നും കണ്ടില്ല.സോഷ്യല്‍ മീഡിയ വാര്‍ത്തയാക്കുന്ന കാര്യങ്ങള്‍ പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന പ്രവണതയാണ് സമീപകാലത്ത് കണ്ടു വരുന്നത്. അതുകൊണ്ട് പ്രിയ മാധ്യമ സുഹൃത്തുക്കള്‍ ഒന്നോര്‍ത്താല്‍ നന്ന്. നിങ്ങളുടെ പ്രസക്തി തന്നെ ഈ കാലത്ത് കുറഞ്ഞു വരുകയാണ്. പത്രവാര്‍ത്തകള്‍ വിശുദ്ധ സത്യമെന്ന് കരുതി ജനം വിശ്വസിച്ചിരുന്ന കാലമൊക്കെ പോയി. അനാവശ്യ സെന്‍സേഷന് പിറകെ പോകാതെ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ ഇന്നത്തെ കാലത്ത് സമൂഹം നിങ്ങളെ അംഗീകരിക്കൂ.

മാധ്യമങ്ങളുടെ നിരുത്തരവാദപരമായ റിപ്പോര്‍ട്ടിംഗ് മൂലം തകര്‍ന്ന ജീവിതങ്ങള്‍ നിരവധിയാണ്. നമ്പി നാരായണനെ പോലെയുള്ളവര്‍ ഇപ്പോഴും ജീവിക്കുന്ന ഉദാഹരങ്ങള്‍ ആയി നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് പൊതു ജനത്തിനോട്‌ ഒരു അപേക്ഷ. മാധ്യമങ്ങള്‍ പറയുന്നത് എന്തും സംശയദൃഷ്ടിയോടെ മാത്രം കാണുക. അപ്പൊപ്പോഴത്തെ സെന്‍സേഷന് വേണ്ടി വസ്തുതകള്‍ വളച്ചൊടിച്ചു കാര്യങ്ങള്‍ പെരുപ്പിച്ചു കാട്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങളുടെ കുതന്ത്രങ്ങളെ പറ്റി.

ഈ ഒരു സാഹചര്യത്തില്‍ പ്രസക്തമാകുന്ന മറ്റൊരു പ്രധാന വിഷയം കോടതി നടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നതാണ്. നിയമം എന്നത് അക്കാദമിക് പരിജ്ഞാനം ആവശ്യമുള്ള മേഖലയാണ്. അത്ര എളുപ്പം ഗ്രഹിക്കാവുന്ന ഒന്നല്ല നിയമവും കോടതി വ്യവഹാരവും ഒക്കെ. അതുകൊണ്ടാണ് “പ്രൊഫഷണല്‍” ആയ ആളുകള്‍ ഇത് കൈകാര്യം ചെയ്യുന്നത്. നിയമബിരുദം ഉള്ളവര്‍ക്ക് മാത്രമേ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ടിംഗ് നടത്താന്‍ അവകാശമുള്ളൂ. അതിനു സമാനമായ ചട്ടങ്ങള്‍ കേരള ഹൈക്കോടതിയിലും ഏര്‍പ്പെടുത്തണം എന്ന ആവശ്യത്തിനു ഈ സാഹചര്യത്തില്‍ പ്രസക്തി ഏറുന്നു. നിയമത്തില്‍ അടിസ്ഥാന അറിവ് ഉള്ളവര്‍ മാത്രം കോടതി നടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യാവൂ. എങ്കില്‍ മാത്രമേ കോടതി വ്യവഹാരത്തെ പറ്റി വ്യക്തവും സുതാര്യവും വസ്തുതാപരവും ആയ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തുകയുള്ളൂ.

(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories