TopTop

കോടതികള്‍ വിധി പറയട്ടെ, മാധ്യമങ്ങള്‍ ക്ഷമ കാണിക്കേണ്ടതുണ്ട്

കോടതികള്‍ വിധി പറയട്ടെ, മാധ്യമങ്ങള്‍ ക്ഷമ കാണിക്കേണ്ടതുണ്ട്

അഡ്വ. കെ. കെ പ്രീത

സൗമ്യ വധവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നയുടനെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗോവിന്ദച്ചാമിയുടെ ശിക്ഷ ഏഴുവര്‍ഷമാക്കി കുറച്ചു, ഇനി ഒന്നേകാല്‍ വര്‍ഷം കൂടി കഴിഞ്ഞാല്‍ അയാള്‍ ജയില്‍ മോചിതനാകും എന്നതരത്തിലായിരുന്നു. ഈ വാര്‍ത്ത കേരളത്തിലെ എല്ലാ ജനങ്ങളും വളരെ ഭീതിയോടെയും നിരാശയോടെയുമാണ് കണ്ടത്, പ്രത്യേകിച്ച് സ്ത്രീകള്‍. ഇനിയും ഗോവിന്ദച്ചാമിയുടെ ഉപദ്രവം ഉണ്ടാകുമോയെന്ന് ആശങ്കപ്പെട്ടവര്‍ നിരവധിയാണ്. വളരെ വൈകാരികമായി സൗമ്യയുടെ അമ്മയുടെ പ്രതികരണവും കേട്ടു (അതു തികച്ചും സ്വാഭാവികം). കഴിവില്ലാത്ത, കേസു പഠിക്കാത്ത വക്കീലിനെയാണ് കോടതിയില്‍ നിയമിച്ചതെന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇത്തരത്തിലൊരു വികാരം ഇളക്കിവിട്ട മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. എന്താണ് യഥാര്‍ത്ഥ കോടതി വിധിയെന്നറിയാതെ, പ്രതിഭാഗം വക്കീല്‍ പറഞ്ഞ ഒരു വാക്കിന്റെ മുകളിലാണ് മാധ്യമങ്ങള്‍ അവരുടെ ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കി വിട്ടത്. കുറച്ചു മണിക്കൂര്‍ പിന്നെ ആ വാര്‍ത്തകളുണ്ടാക്കിയ ആഘാതത്തിലായി മലയാളി. ബ്രേക്കിംഗ് ന്യൂസുകള്‍ ഇടതടവില്ലാതെ പോയിക്കൊണ്ടിരിക്കുന്നു, ന്യൂസ് ചര്‍ച്ചകള്‍ നടക്കുന്നു, നവമാധ്യമങ്ങളിലൂടെ പലതരത്തിലുള്ള അഭിപ്രായങ്ങള്‍ വരുന്നു, കോടതിയെ കുറ്റപ്പെടുത്തുന്നു, അഭിഭാഷകനെ കുറ്റപ്പെടുത്തുന്നു, രാഷ്ട്രീയക്കാരെയും സര്‍ക്കാരിനെയും തുടങ്ങി സകലവിധ ആളുകളെയും കുറ്റപ്പെടുത്തുന്നു. ഇതിനെല്ലാം പിന്നില്‍ മാധ്യമങ്ങളുടെ കുറ്റകരമായ ശ്രദ്ധയില്ലായ്മ ഉണ്ട്. യഥാര്‍ത്ഥവിധി എന്താണെന്നോ, വിധി പകര്‍പ്പ് വായിച്ചു നോക്കാനോ ഉള്ള ക്ഷമയോ ധാര്‍മികതയോ പ്രകടിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചില്ല. പകരം വളരെ വേഗത്തില്‍ വാര്‍ത്തുകൊടുത്ത് മത്സരത്തില്‍ ജയിക്കാനാണവര്‍ നോക്കിയത്. അതു തന്നെയാണ് കുറച്ചു മണിക്കൂറെങ്കിലും കേരളത്തിലെ ജനങ്ങള്‍ ഭീതിയിലും നിരാശയിലുമാക്കാന്‍ കാരണമായതും.

കൊലപാതകം എന്ന 302-ആം വകുപ്പ് 325 ആക്കി മാറ്റുകയാണ് സുപ്രീം കോടതി ചെയ്തത്. എഴുവര്‍ഷം തടവാണ് 325-ന് (ബലാത്സംഗം) ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്നത്. ആ ശിക്ഷ അങ്ങനെ നില്‍ക്കുമ്പോഴും ബാക്കിയുള്ള ഏതാണ്ട് 18 കുറ്റകൃത്യങ്ങള്‍ അയാള്‍ക്കു മേലുണ്ട്. അത്രയും കുറ്റങ്ങളില്‍ ഹൈക്കോടതിയുടെ വിധി അതേപോലെ സ്വീകരിക്കുകയാണ് സുപ്രീം കോടതി ചെയ്തത്. അതിലൊന്നും യാതൊരു മാറ്റവും സുപ്രീം കോടതി വരുത്തിയിട്ടില്ല.ബലാത്സംഗത്തിനു ക്യാപിറ്റല്‍ പണിഷ്‌മെന്റ് റദ്ദാക്കി ജീവപര്യന്തം കൊടുത്തു. ജീവപര്യന്തം എന്നാല്‍ അതിനു വിധിക്കപ്പെടുന്നയാള്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കണമെന്ന്‍ പലവപുരു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ള കാര്യവുമാണ്. ഗോവിന്ദച്ചാമി ചെയ്തിരിക്കുന്നത് അതീവഗുരുതരമായ ഒരു കുറ്റമാണെന്നിരിക്കെ അയാളെ ജീവിതകാലം മുഴുവന്‍ പുറത്തിറക്കാത്ത തരത്തിലുള്ള ഒരു വിധിയാണ് വന്നിരിക്കുന്നതെന്നു തന്നെയാണ് നമ്മള്‍ കാണേണ്ടത്.

ഇത്തരമൊരു വിധിയുടെ നല്ലവശം കാണാതെ ജനങ്ങള്‍ക്കു മുന്നില്‍ കോടതിയെക്കുറിച്ചും നിയമവ്യവസ്ഥയെക്കുറിച്ചും തെറ്റായ ധാരണ പരത്താന്‍ ഇടയാക്കിയത് മാധ്യമങ്ങള്‍ ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കാതെ ആദ്യം തങ്ങള്‍ക്ക് ഇതു ബ്രേക്ക് ചെയ്യണമെന്ന വെപ്രാളത്തോടെ വാര്‍ത്ത കൊടുക്കാന്‍ തുനിഞ്ഞതുകൊണ്ടാണ്. ഇതു തികച്ചും അക്ഷ്യന്തവ്യമായ കുറ്റം തന്നെയാണ്. ഇത്തരം ശ്രദ്ധയില്ലായ്മ സമൂഹത്തില്‍ ഏതുതരം ചലനം സൃഷ്ടിക്കും എന്നു കൂടി അവര്‍ ഓര്‍ക്കണം.

ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള കേസുകള്‍ കേള്‍ക്കുന്ന പരമോന്നത നീതിപീഠം എന്നു പറയുന്നതാണ് സുപ്രീം കോടതി. കേരളത്തില്‍ എന്തു നടക്കുന്നു, അവിടെ മീഡിയ എന്തു പറയുന്നു എന്ന്‍ സുപ്രീം കോടതിക്കു നോക്കേണ്ടതില്ല. മുന്നില്‍ വരുന്ന കേസുകളില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഓരോ കോടതിയും വിധി പ്രസ്താവിക്കുന്നത്. ഇതിനിടയില്‍ കോടതികള്‍ ചില സംശയങ്ങള്‍ ചോദിക്കാറുണ്ട്, ആശങ്കകള്‍ പ്രകടിപ്പിക്കാറുണ്ട്, നിരീക്ഷണങ്ങള്‍ നടത്താറുണ്ട്; ഇത്തരമൊരു സംശയമോ നിരീക്ഷണമോ വന്ന ഉടന്‍ തന്നെ നമ്മുടെ മാധ്യമങ്ങള്‍ അതു പര്‍വതീകരിക്കുകയാണ്. എന്താണു പൂര്‍ണമായ വിധിയെന്നു പോലും നോക്കാതെ അവര്‍ മാധ്യമവിചാരണ തുടങ്ങിക്കളയും. സൗമ്യയെ തളളിയിട്ടതിനു തെളിവുണ്ടോയെന്നു കോടതി ചോദിക്കുന്നു, കേരളത്തിന്റെ അഭിഭാഷകന്‍ നിസ്സംഗനായി നില്‍ക്കുന്നു, എന്ന തരത്തിലൊക്കെ ബ്രേക്കിംഗ് ന്യൂസ് കൊടുത്തു, ചര്‍ച്ച നടത്തി ആകെ മറ്റൊരു തലത്തിലേക്ക് വാസ്തവങ്ങളെ കൊണ്ടെത്തിക്കുകയാണ്. ഇതെല്ലാം തികച്ചും അധാര്‍മികം എന്നല്ലേ വിളിക്കാന്‍ പറ്റൂ. കോടതി പലതും ചോദിക്കും, അതൊന്നും വിധിയില്‍ പ്രതിഫലിക്കണമെന്നില്ല. ചോദിച്ച ചോദ്യത്തിന് എതിരായിട്ടായിരിക്കാം വിധി വരുന്നത്. എന്നാല്‍ ആ വിധി വരാന്‍ കാത്തുനില്‍ക്കാതെ തങ്ങള്‍ക്കു കിട്ടിയ പൊടിയും തൊങ്ങലുംവച്ച് ബ്രേക്കിംഗ് ന്യൂസിനു വേണ്ടി ഉപയോഗിക്കുകയാണ് ഉണ്ടാവുന്നത്. ഇനിയെങ്കിലും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക...

(ഹൈക്കോടതിയില്‍ അഭിഭാഷകയായ അഡ്വ. പ്രീതയുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയാറാക്കിയത്)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories