TopTop
Begin typing your search above and press return to search.

നമുക്കിനിയും 'തട്ടുകട മെഡിക്കല്‍ കോളേജുകള്‍' വേണോ?

നമുക്കിനിയും തട്ടുകട മെഡിക്കല്‍ കോളേജുകള്‍ വേണോ?

മോനായിച്ചേട്ടന്റെ തട്ടുകട നാട്ടില്‍ പ്രസിദ്ധമായിരുന്നു. ഒരു വണ്ടിക്കടയില്‍ സമോവര്‍ വച്ച് ചായ അടിച്ചുതരും. വട ഉള്‍പ്പെടെയുള്ള ചെറുകടികള്‍ അവിടെത്തന്നെ സ്റ്റൗവില്‍ പാചകം ചെയ്ത് കണ്ണാടിപ്പെട്ടിയിലിട്ടുവച്ചിട്ടുണ്ടാവും. വേണമെന്നുള്ളവര്‍ക്ക് പപ്പടംകുത്തികൊണ്ട് എടുത്ത് തരും. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം മോനായിച്ചേട്ടന്‍ ടൗണില്‍ പോയത്. അവിടത്തെ കൂറ്റന്‍ കെട്ടിടം കണ്ട് വാപൊളിച്ചുനിന്നു. അത് ഫൈവ്‌സറ്റാര്‍ ഹോട്ടലാണെന്നും അവിടെ ഒരു ചായയുടെ വില നൂറുരൂപയാണെന്നും കേട്ടതോടെ മോനായിച്ചേട്ടന്റെ മനസ്സമാധാനംപോയി. സ്ഥലത്തെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉദ്യോഗക്കയറ്റംകിട്ടി പോയിക്കഴിഞ്ഞും തിരിച്ചെത്തുമ്പോഴൊക്കെ പറയാറുണ്ടായിരുന്നു - 'പല ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍നിന്നും ചായ കുടിച്ചിട്ടുണ്ട്, അതൊന്നും മോനായിച്ചേട്ടന്റെ ചായയുടെ ഏഴയലത്തെത്തില്ല.'തിരിച്ചെത്തിയ മോനായിച്ചേട്ടന്‍ ആദ്യം ചെയ്തത് ഒരു ഫ്‌ളെക്‌സ് തയ്യാറാക്കി ബോര്‍ഡായി വണ്ടിക്കടക്കുമുകളില്‍ തൂക്കുകയായിരുന്നു. 'ഫൈവ്സ്റ്റാര്‍ ഹോട്ടല്‍' എന്നായിരുന്നു ആ ബോര്‍ഡ്. ഒരു സാമൂഹിക വിമര്‍ശം എന്ന നിലയില്‍ പലരും കണ്ടു എന്നല്ലാതെ അതിനുശേഷവും ചായ കുടിച്ചവരില്‍ ഒരാളും ഒരു രൂപപോലും അധികം നല്‍കിയില്ല. തട്ടുകട ഫൈവ്സ്റ്റാര്‍ ഹോട്ടലാവുന്നതോടെ ചായവില നൂറുരൂപയാവുമെന്ന് പ്രതീക്ഷ പൊലിഞ്ഞ മോനായിച്ചേട്ടനെ പിന്നീട് മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.

മോനായിച്ചേട്ടന്റെ അതേ അവസ്ഥയിലാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ പുതിയ പല മെഡിക്കല്‍ കോളേജുകളും. പല സര്‍ക്കാര്‍ ആശുപത്രികളെയും മെഡിക്കല്‍ കോളേജായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കള്ളനെ വാഴ്ത്തപ്പെട്ടവനായി ജ്ഞാനസ്‌നാനം ചെയ്യുന്നതുപോലത്തെ പരിപാടി. തട്ടുകടക്കുമുന്നില്‍ ഫൈവ്സ്റ്റാര്‍ എന്ന ബോര്‍ഡുവയ്ക്കുന്നുവെന്നേയുള്ളൂ. സൗകര്യങ്ങളുടെ കാര്യത്തില്‍ എല്ലാം പഴയപോലെതന്നെ.

ഏറ്റവും പുതിയ ഉദാഹരണം - തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയേയും മൂന്നുകിലോമീറ്റര്‍ അപ്പുറത്തുള്ള തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും കൂട്ടിച്ചേര്‍ത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുണ്ടാക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ നാല് മെഡിക്കല്‍ കോളേജുകളാണുള്ളത്. അതില്‍ മൂന്നും സ്വകാര്യമേഖലയിലാണ്. കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ തിരുവന്തപുരം ഗവ. മെഡിക്കല്‍ കോളേജ് പുതിയ പ്രഖ്യാപിത മെഡിക്കല്‍ കോളേജുമായി നാലുകിലോമീറ്റര്‍മാത്രം അകലെയാണ്.സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല, സ്വകാര്യ മേഖലയിലും മെഡിക്കല്‍ കോളേജുകള്‍ പുതിയതായി വരുന്നതിനെ എതിര്‍ക്കേണ്ടതില്ല. അവയ്ക്ക് മതിയായ സൗകര്യങ്ങള്‍ വേണമെന്നേയുള്ളൂ. സ്വകാര്യമേഖലയില്‍ ഒരു പുതിയ മെഡിക്കല്‍ കോളേജ് വരുമ്പോള്‍ അവിടങ്ങളില്‍ പുതിയ ആശുപത്രികള്‍ വരികയാണ്. എല്ലാ സൗകര്യവുമുള്ള ആ ആശുപത്രികളില്‍ പണം കൊടുക്കുന്നവര്‍ക്കാണ് പ്രയോജനം എന്നിരിക്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ തിരക്കൊഴിവാകാന്‍ അവ വഹിക്കുന്ന പങ്ക് ചെറുതല്ല.

എന്നാല്‍, ഇവിടത്തെ സ്ഥിതി എന്താണ്? ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള ഏറ്റവും അഭിമാനകരമായ സ്ഥാപനങ്ങളാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയും തൈക്കാട് ആശുപത്രിയും. സ്വകാര്യമേഖലയിലെതന്നെ പല പ്രമുഖ ആശുപത്രികള്‍ക്കും ദേശീയതലത്തിലെ അഭിമാന അംഗീകാരമായ എന്‍.എ.ബി.എച്ച് ലഭിക്കാതിരിക്കേ പ്രതിബദ്ധമായ ഇടപെടല്‍ അത് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിക്ക് കിട്ടി. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച് തിരുവനന്തപുരത്തെ ഏറ്റവും മികച്ച ആശുപത്രിയായി വിലയിരുത്തപ്പെടുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഭാഗമായ എസ്.എ.ടി ആശുപത്രിയാണ്. എന്നാല്‍, ഇപ്പോള്‍ തൈക്കാട് ആശുപത്രി അതിനോട് കിടപിടിക്കുന്നതായി ഉയര്‍ന്നുകഴിഞ്ഞു.

ഗവ.മെഡിക്കല്‍ കോളേജ് തിരുവനന്തപുരത്ത് തുടങ്ങുംമുമ്പുതന്നെ തലസ്ഥാനത്തെ ഏറ്റവും പ്രമുഖമായി ആശുപത്രിയായിരുന്നു ജനറല്‍ ആശുപത്രി. തിരുവിതാംകൂര്‍ രാജാവായിരുന്ന കാര്‍ത്തിക തിരുനാള്‍ 1865ല്‍ സ്ഥാപിച്ചതാണിത്. മെഡിക്കല്‍ കോളേജ് സ്ഥാപിച്ചപ്പോള്‍ ആദ്യ ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്‌ളിനിക്കല്‍ പരിശീലനം നല്‍കിയത് ഈ ആശുപത്രിയിലായിരുന്നു. മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യാന്‍ 1951ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹൃ വന്നപ്പോള്‍ കൈമുറിയുകയും അങ്ങനെ സാങ്കേതികമായി അദ്ദേഹം അവിടത്തെ ആദ്യ രോഗി ആയെങ്കിലും അടിയന്തര ചികിത്സ ലഭ്യമാക്കിയത് ജനറല്‍ ആശുപത്രിയിലായിരുന്നുവെന്നും കേട്ടിട്ടുണ്ട്. സ്ഥിരീകരിക്കപ്പെട്ടില്ല. ഇതിന് സാക്ഷ്യം വഹിച്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ.കേശവന്‍ നായരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി ചിരിയിലൊതുക്കിയതേയുള്ളൂ. ഇന്നും ഇവിടത്തെ ചില വകുപ്പുകള്‍ മെഡിക്കല്‍ കോളേജിനെക്കാള്‍ മികച്ചവയാണ്.

ഈ രണ്ട് ആശുപത്രികളും കൂട്ടിച്ചേര്‍ത്ത് പുതിയൊരു മെഡിക്കല്‍ കോളേജ് ഉണ്ടാക്കുമ്പോള്‍ നാട്ടുകാര്‍ക്ക് അല്ലെങ്കില്‍ രോഗികള്‍ക്ക് എന്താണ് പ്രയോജനം? ഒരു പ്രയോജനവുമില്ല എന്നു മാത്രമല്ല നിലവിലുള്ള പല സൗകര്യങ്ങളും നഷ്ടമാവുകയും ചെയ്യുമെന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണത്തിന് ജനറല്‍ ആശുപത്രിയില്‍ നിലവില്‍ ശിശുരോഗവിഭാഗമുണ്ട്. പുതിയ മെഡിക്കല്‍ കോളേജില്‍ അത് തൈക്കാട്ടേക്ക് മാറ്റും. 12 മണിക്കൂര്‍ പകല്‍ ഒ.പി, ഞായറാഴ്ചത്തെ സ്‌പെഷ്യാലിറ്റി ഒ.പി, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ യൂണിറ്റ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പേവിഷ പ്രതിരോധ ചികിത്സാ കേന്ദ്രം, നിരാലംബര്‍ക്കുള്ള ഒമ്പതാം വാര്‍ഡ് എന്നിവയൊക്കെ ഇല്ലാതാവും.

നൂറോ നൂറ്റമ്പതോ കുട്ടികള്‍ക്ക് പഠിക്കാന്‍ പുതിയൊരു മെഡിക്കല്‍ കോളേജ് വേണമെങ്കില്‍ അത് തുടങ്ങുകതന്നെ വേണം. അതിന് കൈ നനയാതെ മീന്‍ പിടിക്കുകയല്ല വേണ്ടത്. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ പുതിയ മെഡിക്കല്‍ കോളേജ് എന്ന് ഗീര്‍വാണം മുഴക്കാം. പക്ഷേ, അതുകൊണ്ട് ഈ മണ്ഡലത്തിലുള്ളവര്‍ക്ക് പ്രയോജനമൊന്നുമില്ലെന്നുമാത്രമല്ല, കുറേനാളത്തേക്ക് ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലും തൈക്കാട്ടും കിട്ടിയിരുന്ന പലേ സൗകര്യങ്ങളും ഇല്ലാതാവുകയും ചെയ്യും എന്നതാണ് യാഥാര്‍ത്ഥ്യം. മന്ത്രിക്ക് യഥാര്‍ത്ഥ ജനസേവനമാണ് ഉദ്ദേശ്യമെങ്കില്‍ ജന്മദേശമായ നെയ്യാറ്റിന്‍കര ആശുപത്രിയെ ഉയര്‍ത്തി അവിടെ പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാം. (പുതിയതായി 'ഉയര്‍ത്തി' മെഡിക്കല്‍ കോളേജുകളായി പ്രഖ്യാപിച്ച പത്തനംതിട്ട, മലപ്പുറം തുടങ്ങിയവയുടെ സ്ഥിതി പരിതാപകരമാണ്! മുമ്പ്, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെങ്കിലും ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് ആക്കിയതോടെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ നിന്നായി. സ്വതേ ഡോക്ടര്‍മാര്‍ക്ക് ക്ഷാമം നേരിടുന്ന നിലവിലുള്ള മെഡിക്കല്‍ കോളേജുകളില്‍നിന്ന് ഇന്‍സ്‌പെക്ഷന്‍ സമയത്ത് സ്ഥലംമാറ്റം നടത്തി അഡ്ജസ്റ്റുമെന്റുകള്‍ നടത്തിവരികയാണിപ്പോള്‍.) അല്ലെങ്കില്‍ നിലവിലെ മണ്ഡലത്തില്‍ തീരദേശമേഖലകളുണ്ട്. പകര്‍ച്ചവ്യാധികള്‍ പകര്‍ന്നുപിടിക്കുന്ന അവിടങ്ങളില്‍ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള സ്ഥലവും സര്‍ക്കാരിന്റെ പക്കലുണ്ട്.സംസ്ഥാനത്തെ നിലവിലുള്ള 3100 എം.ബി.ബി.എസ് സീറ്റുകളില്‍ 350 സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണിപ്പോള്‍. സൗകര്യങ്ങളുടെയും അദ്ധ്യാപകരുടെയും അഭാവം കാരണമാണിത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ആരോഗ്യവകുപ്പിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവം അതിരൂക്ഷമാണ്. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴില്‍ 18 ജനറല്‍ ആശുപത്രികളും 16 ജില്ലാ ആശുപത്രികളും 682 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1278 ആശുപത്രികളാണുള്ളത്. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഉപരിപഠനസൗകര്യം തീരെക്കുറവാണ്. നിലവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡിഎന്‍ബി കോഴ്‌സുണ്ട്. സര്‍ജറി, അനസ്തീഷ്യ എന്നീ വിഭാഗങ്ങളില്‍ ഈ കോഴ്‌സ് ആരംഭിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. മെഡിക്കല്‍ കോളേജ് ആവുന്നതോടെ അതൊക്കെ ഈ വിഭാഗം ഡോക്ടര്‍മാര്‍ക്ക് നഷ്ടപ്പെടും.

അതുകൊണ്ട് 'തട്ടിക്കൂട്ട് തട്ടുകട' മെഡിക്കല്‍ കോളേജ് വേണോ ജനങ്ങള്‍ക്ക് പ്രയോജനകരമായ മെഡിക്കല്‍ കോളേജ് വേണോ എന്ന് ഗൗരവമായ ആലോചന ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വന്തം മണ്ഡലത്തില്‍ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിച്ചു എന്ന മേനി പറയാനാണ് ആരോഗ്യമന്ത്രി ഈ തുഗ്‌ളക് പരിഷ്‌കാരത്തിന് മുന്നിട്ടിറങ്ങുന്നത്. അതുമൂലം ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ, രാജഭരണകാലം മുതല്‍ ആശ്രയമായിരുന്ന ജനറല്‍ ആശുപത്രിയുടെയും തൈക്കാട് ആശുപത്രിയുടെയും അന്തകന്‍ എന്ന പേര് തനിക്കുവന്നു ചേരുന്നത് ഗുണകരമാണോ എന്ന് ആരോഗ്യമന്ത്രി ശാന്തമായി ആലോചിക്കണം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories