UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് ചര്‍ച്ചകള്‍: ഇതുവരെ

Avatar

അഴിമുഖം പ്രതിനിധി

സ്വാശ്രയ മെഡിക്കല്‍ ഫീസുയര്‍ത്തിയതിലെ പ്രതിഷേധങ്ങള്‍ സഭയ്ക്കകത്തും പുറത്തും കനത്തുകൊണ്ടിരിക്കുകയാണ്. നിയമസഭാസമ്മേളനം രണ്ടാം ദിവസവും നിര്‍ത്തിവെച്ചു. യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും ശക്തമായിക്കൊണ്ടിരിക്കുന്നു. ഫീസ് കുറയ്ക്കില്ലെന്ന നിലപാടിലുറച്ചു തന്നെയാണ് സര്‍ക്കാര്‍. എകെ ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്വാശ്രയമേഖലയില്‍ മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചത്. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ചെലവ് എങ്ങിനെ കണക്കാക്കുന്നു എന്നതിനെക്കുറിച്ച്  സുതാര്യമായ കണക്കുകളൊന്നും ഇതുവരെ എവിടെയും കാര്യമായ ചര്‍ച്ചകളുയര്‍ത്തിയിട്ടില്ല.

സ്വാശ്രയ ചര്‍ച്ച ഇങ്ങനെ

പുതുക്കിയ ഫീസ് ഘടന
സ്വാശ്രയ മാനേജുമെന്റുകളുമായി സർക്കാർ എത്തിയിരിക്കുന്ന ധാരണയനുസരിച്ച് നൂറു സീറ്റുള്ള ഒരു സ്വാശ്രയ കോളേജിൽ ഫീസ് ക്രമീകരിച്ചിരിക്കുന്നതിങ്ങനെയാണ്.- 20 മെറിറ്റ് സീറ്റിൽ 25,000 രൂപ ,30 മെറിറ്റ് സീറ്റിൽ 2.5 ലക്ഷം രൂപ, 35 മാനേജ്‌മെന്റ്സീറ്റിൽ 11 ലക്ഷം രൂപ, 15 എൻ ആർ ഐ സീറ്റിൽ 15 ലക്ഷം എന്നിങ്ങനെയാണ്. ക്രിസ്ത്യൻ മാനേജ്‌മെന്റ് കോളേജുകളിലാണെങ്കില്‍ 75 സീറ്റിൽ 4.4 ലക്ഷം, 15 എൻ ആർ ഐ സീറ്റിൽ 12 ലക്ഷം,10 സീറ്റിൽ 25,000 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ആദ്യത്തെ 50 സീറ്റ് സർക്കാർ മെറിറ്റും, 35 മാനേജ്‌മെന്റ് മെറിറ്റും 15 എൻ ആർ ഐ സീറ്റുകള്‍ക്കുമായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

പ്രതിപക്ഷ പ്രതിഷേധങ്ങള്‍
അഞ്ചു വര്‍ഷമായി സ്വാശ്രയമേഖലയിലെ ഫീസ് വര്‍ധന 47000 രൂപ മാത്രമായിരുന്നുവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യവര്‍ഷം തന്നെ അത് 2.5 ലക്ഷം വര്‍ധനവ് വരുത്തിയെന്നതുമാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിനാധാരം. ഫീസ് വര്‍ധിപ്പിച്ച് കൊടുത്തതോടെ കൂടുതല്‍ മാനേജ്മെന്‍റുകള്‍ കരാര്‍ ഒപ്പിട്ടതോടെയാണ് മെറിറ്റ് സീറ്റ് കൂടിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

പ്രതിപക്ഷ സമരം ഉന്നയിക്കുന്ന ആവശ്യങ്ങള്‍
*സ്വാശ്രയമെഡിക്കല്‍ ഫീസ് 2.5 ലക്ഷമായി ഉയര്‍ത്തിയത് ഒരു ലക്ഷം ആയി കുറയ്ക്കുക.

*മാനേജ്മെന്‍റ് ക്വാട്ട ഫീസ് 11 ലക്ഷം എന്നത് 8.5 ലക്ഷമാക്കി നിജപ്പെടുത്തുക. 

*എന്‍ആര്‍ഐ ക്വോട്ട ഫീസ് 15 ലക്ഷത്തില്‍ നിന്ന് 12.5 ലക്ഷമാക്കുക.

*പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് വര്‍ധന പിന്‍വലിക്കുക.

*സ്വാശ്രയ കോഴയെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്തുക.

*മാനേജ്മെന്‍റ്, എന്‍ആര്‍ഐ ക്വാട്ടകള്‍ക്ക് സുതാര്യത ഉറപ്പു വരുത്തുക.

*നിയമവിധേയമല്ലാതെ പ്രവേശനം നടത്തുന്ന സ്വകാര്യ മെഡിക്കല്‍ കോളജുകളെ നിയമത്തിന്‍റെ പരിധിയില്‍ വരുത്തുക.

*പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെയും തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജിലെയും ഇടുക്കി മെഡിക്കല്‍ കോളജിലെയും എംബിബിഎസ് സീറ്റുകള്‍ പുനഃസ്ഥാപിക്കുക.

*സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിക്കാത്ത മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം പിന്‍വലിക്കുക.

*ക്യാപിറ്റേഷന്‍ ഫീസ് ആവശ്യപ്പെടുന്ന കോളേകളുടെ അധികാരികളെ അറസ്റ്റ് ചെയ്യുക.

കൂട്ടിയ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരാഹാര സമരം എട്ടാം ദിവസമാണിന്ന്. പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകളില്‍ സംസ്ഥാന വ്യാപകമായി സംഘര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇന്നലെ കെ എസ് യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സമരക്കാര്‍ പോലീസുകാരുമായി ഏറ്റുമുട്ടി. പോലീസ് സമരപന്തലിലേക്ക് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെയും സിആര്‍ മഹേഷിനെയും സെക്രട്ടറിയേറ്റിന് മുന്‍പില്‍ നിന്നു മാറ്റിയിട്ടുണ്ട്. പിണറായിയെ സര്‍ സി പിയുടെ പ്രേതം പിടികൂടിയിരിക്കുകയാണ് എന്നാണ് പോലീസ് അതിക്രമത്തെ കുറിച്ച് കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ പ്രതികരിച്ചത്. 

സര്‍ക്കാര്‍ നിലപാട്
മാനേജ്മെന്‍റുകളുമായി കരാര്‍ ഒപ്പിട്ട് പ്രവേശന നടപടി പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ ഫീസ് കുറയ്ക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത്തവണ 20 കോളേജുകള്‍ സര്‍ക്കാരുമായി കരാറുണ്ടാക്കിയതിനാല്‍ 1150 സീറ്റുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. പുതുതായി അംഗീകാരം ലഭിച്ച കണ്ണൂര്‍ കെഎംസിടിയും കരാറിന് തയ്യാറാണ്. എസ് യു ടിക്കും 50 സീറ്റുകള്‍ അധികം ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 1225 ആയി ഉയരും. കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനാകുമെന്നതാണ് കാരണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതായത്, 100 സീറ്റുള്ള ഓരോ കോളജിലും താഴ്ന്ന വരുമാനക്കാരായ 20 ശതമാനം കുട്ടികള്‍ക്ക് 25000 രൂപയും 30 ശതമാനം കുട്ടികള്‍ക്ക് രണ്ടരലക്ഷവുമാണ് ഫീസ്. ഫീസില്‍ നേരിയ വര്‍ധനവുണ്ടായാലും കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പ്രവേശനം ലഭിച്ചതിനാല്‍ തീരുമാനം ശരിയാണെന്ന നിലപാടാണ് സര്‍ക്കാരിന്‍റേത്. ഇത്രയും കുറഞ്ഞ ഫീസില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പഠിക്കാനാകുന്നത് ആദ്യമായാണെന്നാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്.

പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് വര്‍ധന റദ്ദാക്കണമെന്നതും പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമാണ്. ഇക്കാര്യത്തിലും ഫീസ് കുറയ്ക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ മേല്‍നോട്ടമുണ്ടെങ്കിലും നടത്തിപ്പുച്ചെലവു കണക്കാക്കിയാണ് പരിയാരത്തിനും ഫീസ് നിര്‍ണയിച്ചു നല്‍കിയത്. കോളജ് നഷ്ടത്തിലായത് കൊണ്ട് ഫീസ് കുറയ്ക്കുന്നത് പ്രായോഗികമല്ല. തലവരിപ്പണം വാങ്ങുന്ന കോളജുകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മെഡിക്കല്‍ പ്രവേശനത്തിന് ജെയിംസ് കമ്മറ്റിയുടെ കര്‍ശനമേല്‍നോട്ടമുണ്ടെന്നും ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 50ശതമാനം മാനേജ്മെന്‍റ് സീറ്റില്‍ നിശ്ചിതഫീസ് ഘടന ഉണ്ടായിരുന്നുവെങ്കിലും പ്രായോഗികപ്രശ്നങ്ങള്‍ മാനേജ്മെന്‍റുകള്‍ ഉന്നയിച്ചത്കൊണ്ടാണ് ഫീസ് ഘടനയില്‍ മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീറ്റ് മെറിറ്റില്‍ വരുന്ന കുട്ടികള്‍ കേരള മെറിറ്റുകാരേക്കാള്‍ അധികഫീസ് നല്‍കേണ്ടതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുപ്രിംകോടതിയുടെ ഉത്തരവ് കൂടി പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. 

മെഡിക്കല്‍ പ്രവേശനം കോടതിയില്‍
മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത കൌണ്‍സില്‍ വേണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. മെഡിക്കല്‍, ഡെന്‍റല്‍ ബിരുദ പ്രവേശനത്തിനു മാനേജ്മെന്‍റ് സീറ്റുകളിലേക്കും സര്‍ക്കാര്‍ കൌണ്‍സിലിങ് നടത്തണമെന്ന നിര്‍ദ്ദേശമനുസരിച്ച് കേരള സര്‍ക്കാര്‍ നല്‍കിയ ഉത്തരവിനെതിരായ ഹൈക്കോടതി വിധി ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതി വിധി കേരളത്തിന് നിര്‍ണായകമാകും. ഏകീകൃത കൌണ്‍സിലിങ് സുപ്രിംകോതി അനുവദിച്ചാല്‍ മാനേജ്മെന്‍റ് സീറ്റുകളിലേക്ക് സര്‍ക്കാര്‍ പട്ടിക അനുസരിച്ച് സ്വാശ്രയമെഡിക്കല്‍ കോളജുകള്‍ പ്രവേശന നടപടി പുനരാരംഭിക്കേണ്ടി വരും. മാനേജ്മെന്‍റുകള്‍ക്ക് കനത്ത തിരിച്ചടിയാകും ഈ വിധി. 50ശതമാനം സീറ്റുകളിലേക്ക് മാനേജ്മെന്‍റുകള്‍ നടത്തുന്ന പ്രവേശനനടപടികള്‍ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കരാറിനനുസരിച്ച് 35ശതമാനം മാനേജ്മെന്‍റ് സീറ്റിലും 15ശതമാനം എന്‍ആര്‍ഐ സീറ്റിലും മാനേജ്മെന്‍റുകളുടെ പട്ടിക അനുസരിച്ചാണ് പ്രവേശനനടപടികള്‍ പുരോഗമിക്കുന്നത്. വിധി എതിരായാല്‍ പ്രവേശനനടപടി റദ്ദാക്കപ്പെടും. ഇതോടെ നിലവില്‍ പട്ടികയില്‍ ഇടം പിടിച്ച പലര്‍ക്കും സീറ്റ് നഷ്ടപ്പെടും. കമ്മീഷന്‍ തയ്യാറാക്കുന്ന പട്ടികയില്‍ നിന്ന് വേണം പിന്നെ പ്രവേശനം നടത്താന്‍.

ഏകീകൃത കൌണ്‍സില്‍ വേണമെന്ന കേന്ദ്രനിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പിന്തുണയ്ക്കും. സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താന്‍ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ക്ക് ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്രം സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. അമൃത കല്‍പ്പിത സര്‍വ്വകലാശാല സ്വന്തം നിലയില്‍ കൌണ്‍സിലിങ് നടത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍