Top

മെഡിക്കല്‍ കോഴ കേസില്‍ ജുഡീഷ്യല്‍ അഴിമതി സംബന്ധിച്ച് നിര്‍ണായകമാകുന്ന ഫോണ്‍ സംഭാഷണം പുറത്ത്

മെഡിക്കല്‍ കോഴ കേസില്‍ ജുഡീഷ്യല്‍ അഴിമതി സംബന്ധിച്ച് നിര്‍ണായകമാകുന്ന ഫോണ്‍ സംഭാഷണം പുറത്ത്
വിവാദമായ മെഡിക്കല്‍ കോളേജ് കോഴ കേസില്‍ സുപ്രീം കോടതിയിലെയും അലഹബാദ് ഹൈക്കോടതിയിലെയും ഉന്നത ജഡ്ജിമാര്‍ക്ക് പ്രസാദ് മെഡിക്കല്‍ എജുക്കേഷന്‍ ട്രസ്റ്റ് കൈക്കൂലി നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതായി പ്രതികള്‍ തമ്മില്‍ ടെലിഫോണ്‍ സംഭാഷണ രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നിഷേധിച്ച അലഹബാദിലെ പ്രസാദ് മെഡിക്കല്‍ കോളേജിന് അനുകൂലമായി വിധി സമ്പാദിക്കുന്നതിനായി ജഡ്ജിമാര്‍ക്ക് കോഴ നല്‍കുന്നതിന് പ്രതികളായ ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഐഎം ഖുദ്ദൂസി, ഇടനിലക്കാരനായ വിശ്വനാഥ് അഗര്‍വാള്‍ ട്രസ്റ്റ് പ്രതിനിധി ബിപി യാദവ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സിബിഐയുടെ പക്കലുള്ള ടെലിഫോണ്‍ സംഭാഷണങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ thewire.in ആണ് പുറത്തുവിട്ടത്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന കൊളീജിയം ജഡ്ജിമാരെ പ്രധാന കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാറ്റി നിറുത്തുവെന്നും രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ താരതമ്യേന ജൂനിയറായ ജഡ്മാര്‍ക്കാണ് നല്‍കുന്നത് എന്നതിന്റെയും പേരില്‍ സുപ്രീം കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ വെളിപ്പെടുത്തല്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. ജൂഡീഷ്യല്‍ അഴിമതിയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായതാണ് പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായുള്ള വെളിപ്പെടുത്തലുകള്‍.

ട്രസ്റ്റ് നടത്തുന്ന മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്നും അവരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കുറ്റാരോപണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ പശ്ചാത്തലത്തിലാണ് കോളേജ് അധികൃതര്‍ വിഷയത്തില്‍ അനുകൂല തീരുമാനത്തിനായി സുപ്രീം കോടതിയെയും അലഹബാദ് ഹൈക്കോടതിയെയും സമീപിച്ചത്. ഈ സമയത്ത് പ്രതികള്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2017 സെപ്തംബര്‍ മുന്ന്, നാല് തീയതികളിലാണ് സംഭാഷണങ്ങള്‍ നടന്നത്. 2017 ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചുകള്‍ ട്രസ്റ്റിന് അനുകൂലമായി ഒന്നിലേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.

http://www.azhimukham.com/update-odisha-high-court-judge-booked-by-cbi-in-corruption-case/

2017 ഓഗസ്റ്റിന് ശേഷം ട്രസ്റ്റിന് അനുകൂലമായ നിരവധി ഇളവുകളാണ് സുപ്രീം കോടതിയില്‍ നിന്നും അലഹബാദ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്. കോളേജുമായി ബന്ധപ്പെട്ടുള്ള മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശകള്‍ പുനഃപരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായുള്ള സുപ്രീം കോടതി ബഞ്ച് കേന്ദ്ര സര്‍ക്കാരിന് 2017 ഓഗസ്റ്റ് ഒന്നിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അവലോകന കമ്മിറ്റി ഓഗസ്റ്റ് മൂന്നിന് കോളേജിന്റെ വാദങ്ങള്‍ വീണ്ടും കേള്‍ക്കുകയും ആഗോള പ്രവേശനാനുമതി റദ്ദാക്കാനുള്ള മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. കൂടാതെ കോളേജിന്റെ രണ്ട് കോടിയുടെ ബാങ്ക് ഗ്യാരന്റി മാറിയെടുക്കാന്‍ ്‌മെഡിക്കല്‍ കൗണ്‍സിലിന് അനുമതി നല്‍കുകയും ചെയ്തു. ഈ തീരുമാനത്തിനെതിരെ പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഓഗസ്റ്റ് 24ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ആ ഹര്‍ജി അവര്‍ പിന്‍വലിച്ചു. ട്രസ്റ്റിന് ഹര്‍ജി പിന്‍വലിക്കാനും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനുമുള്ള അനുമതി നല്‍കിയതും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായുള്ള ബഞ്ച് തന്നെയായിരുന്നു. കേന്ദ്രം പ്രവേശനാനുമതി നിര്‍ദ്ദേശിച്ചതിനെതിരെ നിരവധി കോളേജുകളുടെ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് പരിഗണിച്ചുകൊണ്ടിരിക്കെ ഒരു കോളേജിന് മാത്രം ഇളവ് നല്‍കിയത് സംശയങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു.

പ്രസാദ് എജുക്കേഷന്‍ ട്രസ്റ്റിന് പ്രവേശന കൗണ്‍സിലിംഗുമായി മുന്നോട്ട് പോകാമെന്ന് ജസ്റ്റിസ് നാരായണ്‍ ശുക്‌ള അദ്ധ്യക്ഷനായുള്ള അലഹബാദ് ഹൈക്കോടതി ബഞ്ച് പിറ്റെ ദിവസം തന്നെ, അതായത് ഓഗസ്റ്റ് 25ന് ഉത്തരവിട്ടു. കൂടാതെ ബാങ്ക് ഗ്യാരന്റി മാറ്റിയെടുക്കരുതെന്ന് മെഡിക്കല്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഗസ്റ്റ് 29ന് സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ ട്രസ്റ്റ് സമര്‍പ്പിച്ച റിട്ട് പെറ്റീഷന്‍ ജസ്റ്റിസ് മിശ്ര തള്ളിക്കളഞ്ഞെങ്കിലും ഭരണഘടനയുടെ 32-ാം അനുശ്ചേദ പ്രകാരം അവര്‍ക്ക് വീണ്ടും പരമോന്നത കോടതിയെ സമീപിക്കാമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ പെറ്റീഷന്‍ തള്ളിക്കളഞ്ഞെങ്കിലും കോളേജിന് കൗണ്‍സിലിംഗ് തുടരാമെന്ന ഹൈക്കോടതി ബഞ്ചിന്റെ ഇടക്കാല ഉത്തരവ് മരവിപ്പിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ട്രസ്റ്റ് സമര്‍പ്പിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2017 സെപ്തംബര്‍ നാലിന് ചീഫ് ജസ്റ്റിസ് മിശ്ര ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. തുടര്‍ന്ന് 2017 സെപ്തംബര്‍ 18ന്, കോളേജിന്റെ ബാങ്ക് ഗ്യാരന്റി മാറിയെടുക്കുന്നതില്‍ നിന്നും മെഡിക്കല്‍ കൗണ്‍സിലിനെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായുള്ള ബഞ്ച് വിലക്കിയെങ്കിലും 2017-18 അക്കാദമിക് വര്‍ഷത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം നടത്തുന്നത് പുതുക്കി നല്‍കാന്‍ വിസമ്മതിച്ചു.

2017 സെപ്തംബര്‍ 19ന്, മുതിര്‍ന്ന പൊതുസേവകര്‍ക്ക് കോഴ കൊടുത്തു എന്ന ആരോപണത്തിന്റെ പേരില്‍ ഖുദ്ദൂസ്സിക്കും യാദവിനും അഗര്‍വാളിനും എതിരെ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ച് രണ്ട് ദിവസത്തിന് ശേഷം സെപ്തംബര്‍ 21ന് ആണ് സുപ്രീം കോടതിയുടെ 18ലെ ഉത്തരവ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഖുദ്ദൂസ്സിയെയും മറ്റുള്ളവരെയും സിബിഐ അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായ നാരായണ്‍ ശുക്ലയ്ക്കും വീരേന്ദ്ര കുമാറിനും എതിരായ അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐ നടത്തിയ വിവിധ റയ്ഡുകളില്‍ ഏകദേശം രണ്ട് കോടി രൂപ പണമായും നിരവധി ക്രിമിനല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

http://www.azhimukham.com/update-let-india-decide-if-chiefjustice-be-impeached/

സെപ്തബംര്‍ മുന്നിന് സിബിഐ രേഖപ്പെടുത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ കോളേജിന്റെ അംഗീകാരം തിരികെ ലഭിക്കുന്നതിനും ബാങ്ക് ഗ്യാരന്റി മെഡിക്കല്‍ കൗണ്‍സില്‍ മാറിയെടുക്കാതിരിക്കുന്നതിനുമള്ള നീക്കങ്ങള്‍ക്കായി ട്രസ്റ്റിന്റെ പ്രധാന ലോബിയിസ്റ്റായ യാദവ്, ഇടനിലക്കാരായ ഖുദ്ദൂസിയും അഗര്‍വാളും ആയി വിലപേശുന്നതാണുള്ളത്. സെപ്ംതബര്‍ മൂന്നിന് നടന്ന സംഭാഷണത്തിന്റെ പിറ്റേദിവസം തന്നെ സുപ്രീം കോടതിയില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തു. പരാതി കോടതി സ്വീകരിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. കോടതിയില്‍ ട്രസ്റ്റിന് അനുകൂലമായ വിധി ഉറപ്പുനല്‍കുന്ന അജ്ഞാത വ്യക്തിയെ 'ക്യാപ്ടന്‍' എന്നാണ് സംഭാഷണങ്ങളില്‍ വിശേഷിപ്പിക്കുന്നത്.

മുന്ന്, നാല് തീയതികളില്‍ നടന്ന സംഭാഷണങ്ങളില്‍ വലിയ തുക തന്നെ 'പ്രസാദം' ആയി നല്‍കേണ്ടി വരുമെന്ന യാദവിനോട് ഖുദ്ദൂസിയും വിശ്വനാഥ അഗര്‍വാളും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ 'ചായക്കടക്കാരന്റെ സര്‍ക്കാര്‍' 'എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്, അതാണ് പ്രശ്‌നമെന്നും സംഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. സെപ്തംബര്‍ നാല് കഴിഞ്ഞുള്ള തിങ്കളാഴ്ചയെ കുറിച്ച് ഖുദ്ദൂസിയും യാദവും പരാമര്‍ശിക്കുന്നുണ്ട്. ട്രസ്റ്റിന്റെ കേസ് പിന്നീട് പരിഗണിക്കുന്ന സെപ്തംബര്‍ 11 തിങ്കളാഴ്ചയെ കുറിച്ചാണ് ഈ പരാമര്‍ശങ്ങള്‍. സെപ്തംബര്‍ 11ന് ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് കേസ് പരിഗണിക്കുകയും അന്തിമ വിധി പറയുന്നതിനായി സെപ്തംബര്‍ 18ലേക്ക് നീണ്ടിവെക്കുകയും ചെയ്തു.

കൈമാറേണ്ടിവരുന്ന പണത്തെ സംബന്ധിച്ച് മൂവരും തമ്മില്‍ കടുത്ത വിലപേശല്‍ നടക്കുന്നുണ്ട്. ഒരു 'ജഡ്ജിക്ക്' പണം അയയ്‌ക്കേണ്ട രീതിയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രസാദത്തിന് പുറമെ 'പുസ്തകം' 'കിഴി' തുടങ്ങിയ വിശേഷണങ്ങളും കൈക്കൂലി പണത്തിന് നല്‍കിയിട്ടുണ്ട്. കൈക്കുലി നല്‍കുന്നതിനും കേസിന്റെ അന്തിമ വിധിയെ സ്വാധീനിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലായിരുന്നു എന്നാണ് സിബിഐ ചോര്‍ത്തിയ സംഭാഷണങ്ങള്‍ തെളിയിക്കുന്നത്. പദ്ധതി വിജയകരമായിരുന്നോ എന്നും അതിന്റെ ഫലം എന്തായിരുന്നു എന്നും ഇപ്പോഴും വ്യക്തമായിട്ടില്ല. കേസിന്റെ ഓരോ ഘട്ടവും പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന് അനുകൂലമായിരുന്നു എന്ന കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ വ്യക്തതയുള്ളത്.

http://www.azhimukham.com/update-supremecourt-in-disorder-justice-chelameswar/

എന്നാല്‍ അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് 'നിയമവിരുദ്ധ ആനുകൂല്യങ്ങള്‍' ലഭിച്ചിട്ടുണ്ടെന്ന് സിബിഐ പ്രാഥമിക അന്വേഷ രേഖയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഖുദ്ദൂസിയില്‍ നിന്നും അനധികൃത ആനൂകുല്യങ്ങള്‍ കൈപ്പറ്റിയ അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ പേര് 2017 സെപ്തംബര്‍ എട്ടിന് സിബിഐ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം കൈകാര്യം ചെയ്യുന്നതിനായി ഐഎം ഖുദ്ദൂസി അലഹബാദ് ഹൈക്കോടതി ജഡ്ജി നാരായണ്‍ ശുക്ലയെ സമീപിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 25-08-2017ല്‍ ഖുദ്ദൂസിയും ബിപി യാദവും ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ ലക്‌നൗവിലെ വീട്ടിലെത്തുകയും അനധികൃത പാരിതോഷികം നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭാഷണത്തിന്റെ കൈയെഴുത്ത് പ്രതികളും മറ്റ് രേഖകളും പ്രാഥമിക വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന 2017 സെപ്തംബര് ആറിന് തന്നെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ചുവെന്നും ജസ്റ്റിസ് ശുക്ലയ്‌ക്കെതിരെ എഫ്‌ഐആര്‍ ഇടാനുള്ള അനുമതി തേടിയെന്നും ചില വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ അനുമതി നിഷേധിക്കപ്പെടുകയായിരുന്നുവത്രെ. അല്ലാത്തപക്ഷം ഏഴാം തീയതി ഇടപാട് നടക്കുന്ന സമയത്തുതന്നെ ജസ്റ്റിസ് ശുക്ലയെ കൈയോടെ പിടികൂടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ വകുപ്പുതല അന്വേഷണം നടത്താമെന്നാണ് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്. ഇതുവരെ പ്രസാദ് എഡ്യൂക്കേഷണല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് നാരായണ്‍ ശുക്ലയ്‌ക്കെതിരെ എന്തെങ്കിലും അന്വേഷണം നടക്കുന്നതായി അറിവില്ല. ഏതായാലും thewire.in പുറത്തുവിട്ട രേഖകള്‍ ഇന്ത്യന്‍ നീതിപീഠവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പുതിയ മാനം നല്‍കുമെന്ന് വേണം കരുതാന്‍.

Next Story

Related Stories