Top

ഇബിസയിലെ ഓറഞ്ചുകളും ഫാസ്റ്റ് ഫുഡിനു വഴിമാറുന്ന മെഡിറ്ററേനിയന്‍ ഭക്ഷണവും

ഇബിസയിലെ ഓറഞ്ചുകളും ഫാസ്റ്റ് ഫുഡിനു വഴിമാറുന്ന മെഡിറ്ററേനിയന്‍ ഭക്ഷണവും

ഗ്ലോബല്‍ ടൈംസ്

യുനെസ്‌കോയുടെ പൈതൃകപട്ടികയിലുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല. മെഡിറ്ററേനിയന്‍ ഭക്ഷണം ഫാസ്റ്റ് ഫുഡിനു വഴിമാറുകയാണെന്നു വിദഗ്ദര്‍ പറയുന്നു. ആരോഗ്യകരമായ ഈ ഭക്ഷണം ഉപേക്ഷിക്കപ്പെട്ടാല്‍ ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവെണ്ണ എന്നിവ നിറഞ്ഞ മെഡിറ്ററേനിയന്‍ ഭക്ഷണം മിതമായ രീതിയില്‍ മത്സ്യം, പാല്‍ ഉത്പന്നങ്ങള്‍, മുട്ട, ചുവന്ന വൈന്‍, ചെറിയൊരു ഭാഗം ഇറച്ചി എന്നിവയും അടങ്ങിയതാണ്.

മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തിനു ചുറ്റുമുള്ള രാജ്യങ്ങളിലെല്ലാം കാണപ്പെടുന്ന ഈ ഭക്ഷണരീതി 2010ല്‍ യുനെസ്‌കോയുടെ 'ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി' പട്ടികയില്‍ ഇടം പിടിച്ചത് ഏഴു രാജ്യങ്ങള്‍ക്കുവേണ്ടിയാണ്. ക്രോയേഷ്യ, സൈപ്രസ്, ഗ്രീസ്, ഇറ്റലി, മോറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍.

ആതിഥ്യമര്യാദ, പരിചിതത്വം, സാംസ്‌കാരിക സൗഹൃദം, സൃഷ്ടിപരത എന്നിവയും പ്രചരിപ്പിക്കുന്നുവെന്ന് യുഎന്‍ പറയുന്ന ഈ ഭക്ഷണരീതി അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

'ഗ്രീസില്‍ ഇത് 70 ശതമാനത്തോളം ഇല്ലാതായിക്കഴിഞ്ഞു. സ്‌പെയിനില്‍ 50 ശതമാനവും,' മെഡിറ്ററേനിയന്‍ ഭക്ഷണത്തിനുവേണ്ടിയുള്ള രാജ്യാന്തര ഫൗണ്ടേഷന്‍ തലവന്‍ ലൂയി സെറ മജേം ഈയിടെ എ എഫ് പിയോടു പറഞ്ഞു.

ഇസ്രയേല്‍, ന്യൂസീലാന്‍ഡ്, സ്വീഡന്‍ എന്നിങ്ങനെ വിവിധ ദേശങ്ങളില്‍നിന്നുള്ള വിദഗ്ദര്‍ ഈ ഭക്ഷണരീതിയെ പുനരുജ്ജീവിപ്പിക്കാന്‍ പല വഴികളും നോക്കി. കൗമാരപ്രായക്കാര്‍ക്ക് ഇഷ്ടപ്പെടും വിധം ചില മാറ്റങ്ങള്‍ വരുത്തുക, വില കൂടിയതെങ്കിലും പുതുമയുള്ള ഭക്ഷണം വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നിവ ഇതില്‍പ്പെടും.

സ്‌പെയിനില്‍ മെഡിറ്ററേനിയന്‍ ഭക്ഷണത്തിന്റെ ആരാധകരില്‍ നടി പെനിലോപ്പ് ക്രൂസ് മുതലായ പ്രശസ്തരുമുണ്ട്. എങ്കിലും സാധാരണക്കാര്‍ ഇതിനെ ഉപേക്ഷിക്കുകയാണ്. 15 ശതമാനത്തില്‍ താഴെ മാത്രം പേരാണ് സ്‌പെയിനില്‍ മെഡിറ്ററേനിയന്‍ ഭക്ഷണം കഴിക്കുന്നത്. 50 മുതല്‍ 60 വരെ ശതമാനം പേര്‍ വല്ലപ്പോഴും ഇത് പരീക്ഷിക്കുന്നു. 20 മുതല്‍ 30 വരെ ശതമാനം പേര്‍ ഇത് ഉപേക്ഷിച്ചുകഴിഞ്ഞതായി സേറ മജേം പറയുന്നു.ഗ്രീസിലും കഥ വ്യത്യസ്തമല്ലെന്ന് ഹെലെനിക് ഹെല്‍ത്ത് ഫൗണ്ടേഷനിലെ അന്റോണിയ ട്രിക്കോപൗലൗ പറയുന്നു. 65 വയസിനു മുകളിലുള്ളവരാണ് ഇപ്പോള്‍ പരമ്പരാഗതഭക്ഷണം കഴിക്കുന്നത്. ചെറുപ്പക്കാര്‍ ഫാസ്റ്റ് ഫുഡിനു പിന്നാലെയാണ്.

'ഇതിനു പല കാരണങ്ങളുമുണ്ട്. ഭക്ഷണരീതിയിലെ ആഗോളവത്ക്കരണം പടിഞ്ഞാറന്‍ ഭക്ഷണത്തിനു പ്രചാരം കൊടുത്തതാണ് അതിലൊന്ന്,' സേറ മജേം പറയുന്നു. വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ചയാണ് ഇവിടെ പ്രധാന കുറ്റവാളി.

തീരപ്രദേശങ്ങളില്‍ ഇത് വളരെ പ്രകടമാണ്. സ്‌പെയിനിലും ഇറ്റാലിയന്‍ തീരങ്ങളിലും പ്രത്യേകിച്ചും.

'നിയന്ത്രണമില്ലാത്ത വിനോദസഞ്ചാരം നഗരവല്‍ക്കരണമുണ്ടാക്കുന്നു. ഇറച്ചി, ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ ഭക്ഷണത്തിലേക്കു വരുന്നു. പരമ്പാരാഗത ഭക്ഷണം കുറയുന്നു'.

ഭക്ഷണരീതിയിലെ മാറ്റം ജനങ്ങളുടെ ആരോഗ്യം തകര്‍ത്തു. പൊണ്ണത്തടി, ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നിവ കൂടി. ദീര്‍ഘായുസിനു പേരുകേട്ട ജനവിഭാഗങ്ങളിലാണിത്.

ഗ്രീസില്‍ 10ല്‍ ഏഴു പേരും ഇന്ന് പൊണ്ണത്തടിക്കാരാണ്. ഇവരില്‍ 11 ശതമാനത്തിനും പ്രമേഹവുമുണ്ട്. ശാരീരിക അധ്വാനവും മെഡിറ്ററേനിയന്‍ ഭക്ഷണവും ചേര്‍ന്നാല്‍ പ്രമേഹം തടയാനാകുമെന്ന് സേറ മജേം ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണ ഇറ്റലി, ഉത്തര ആഫ്രിക്ക തുടങ്ങി ചില പ്രദേശങ്ങള്‍ ഫാസ്റ്റ് ഫുഡിനെ ചെറുക്കുമ്പോള്‍ ഭക്ഷണരീതിയിലെ മാറ്റത്തെ ഇല്ലാതാക്കുകയോ അതിന്റെ വേഗം കുറയ്ക്കുകയെങ്കിലുമോ ചെയ്യാനുള്ള ശ്രമങ്ങള്‍ എവിടെയുമുണ്ട്. മിലാനില്‍ നടന്ന യോഗം ഇതിന്റെ ഭാഗമാണ്.ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉയരുന്ന ചികില്‍സാ ചെലവുകള്‍ക്കും പുറമെ ഭക്ഷണരീതികളിലെ മാറ്റം പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. 25 ശതമാനത്തോളം ഹരിതഗൃഹ വാതകങ്ങള്‍ ഭക്ഷണനിര്‍മാണത്തില്‍നിന്നാണു വരുന്നത്.

പ്രാദേശിക കഴിവുകളായ വിളവെടുപ്പ്, മല്‍സ്യബന്ധനം, മൃഗസംരക്ഷണം, ഭക്ഷണം സൂക്ഷിച്ചുവയ്ക്കല്‍ എന്നിവ ഇല്ലാതാകാനും ഭക്ഷണരീതികളിലെ മാറ്റം ഇടയാക്കുന്നു.

ആരോഗ്യകരമായ ഭക്ഷണരീതി തീര്‍ത്തും ഇല്ലാതായെന്നു പറയാനാകില്ല. ഗ്രീസില്‍ വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന സമൂഹശ്രേണികളിലുള്ളവരും മെഡിറ്ററേനിയന്‍ ഭക്ഷണരീതികളുടെ ആരാധകരാണ്.

'പണമല്ല ഇവിടെ പ്രശ്‌നം. കാരണം പച്ചക്കറികളും പഴങ്ങളും താരതമ്യേന വില കുറഞ്ഞവയാണ്. വിദ്യാഭ്യാസവും സാമൂഹിക മനോഭാവവുമാണ് ഇതിനു കാരണം,' ട്രിക്കോ പൗലൗ പറയുന്നു. ആളുകള്‍ പാചകത്തിന് കുറച്ചുമാത്രം സമയം ചെലവിടുന്നു. ടിന്നിലടച്ചതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണത്തിന്റെ പരസ്യങ്ങളില്‍ ആകൃഷ്ടരാകുകയും ചെയ്യുന്നു.

വന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ എവിടെയും പ്രദേശിക ഭക്ഷണം പ്രോല്‍സാഹിപ്പിക്കുകയും തനതു സംസ്‌കാരത്തിലൂന്നിയ വിനോദസഞ്ചാരം പ്രചരിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തുകയുമാണ് ആവശ്യമെന്ന് സ്വതന്ത്ര വിദഗ്ദ ഫ്ലോറന്‍സ് ഇഗാല്‍ പറയുന്നു.

സ്‌പെയിനിലെ ബലേറിക് ദ്വീപുകളില്‍ - ജനപ്രീതിയുള്ള മജോര്‍ക്കയും ഇബിസയും ഇവിടെയാണ് - വന്‍ ഹോട്ടലുകളില്‍ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണു ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ സ്വദേശി ഓറഞ്ചുകള്‍ വാങ്ങാനാളില്ലാതെ നശിക്കുന്നു. ഇറക്കുമതി ചെയ്യപ്പെടുന്ന ഓറഞ്ചിനു വിലക്കുറവാണെന്നതാണു കാരണം.

ഓറഞ്ച് തോട്ടങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ആളുകള്‍ തൊഴില്‍ തേടി നഗരങ്ങളിലേക്കു പോകുകയും ചെയ്യുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ മെഡിറ്ററേനിയന്‍ ഭക്ഷണം ഇല്ലാതാകാന്‍ അധികം താമസമില്ലെന്ന് ഇഗാല്‍ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories