TopTop
Begin typing your search above and press return to search.

മീന: അഭിനയകലയുടെ സൂക്ഷ്മഭേദങ്ങള്‍ അറിഞ്ഞ നടി

മീന: അഭിനയകലയുടെ സൂക്ഷ്മഭേദങ്ങള്‍ അറിഞ്ഞ നടി

മലയാളം സിനിമയെ അറിയാവുന്ന ആര്‍ക്കും മേരി ജോസഫ് അഥവ മീന കുമാരി (അവരുടെ ആദ്യ സിനിമയുടെ ടൈറ്റിലില്‍ ഇങ്ങനെയായിരുന്നു പേര്. ഒടുവില്‍ അത് മീനയായി) അഥവ മീനയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രത്തോളമുണ്ട് മീന എഫക്റ്റ്. സര്‍ക്കാസം ഇത്ര ആവേശത്തോടെയും ധൈര്യത്തോടെയും ചെയ്യുന്ന അഭിനേതാക്കള്‍ ലോകസിനിമയില്‍ തന്നെ (അതെ, വേണമെങ്കില്‍ ഒന്നുകൂടി വായിച്ചോളൂ) വേറെയില്ല. അതിന്റെ കൂടെ സ്വാഭാവിക നര്‍മ്മം കൂടെയാകുമ്പോള്‍ പൊട്ടിച്ചിരിച്ചു വയറു വേദനിക്കുകയല്ലാതെ നിങ്ങള്‍ക്കൊന്നും ചെയ്യാനില്ല. ഗൂഢാലോചന നടത്തുന്ന, കൗശലക്കാരിയായ അമ്മായിയമ്മയായി (ഇന്ത്യന്‍ സിനിമയില്‍ തന്നെ അത്തരത്തിലുള്ള പലവിധം അമ്മായിയമ്മമാരുടെ വേഷം ചെയ്തയാള്‍ മീനായാവും. എന്നിട്ടാണ് നമ്മള്‍ ടൈപ്പ് കാസ്റ്റിനെ പറ്റി പറയുന്നത്), അല്ലെങ്കില്‍ യേശുവിനെ ശരണം പ്രാപിച്ച കടുത്ത വിശ്വാസിയായി, യാഥാസ്ഥിതികയായ ബ്രാഹ്മണ വീട്ടമ്മയായി, അല്ലെങ്കില്‍ സ്‌നേഹവാത്സല്യങ്ങള്‍ക്കൊപ്പം ബ്ലേഡിന്റെ മൂര്‍ച്ചയുള്ള നാക്കുള്ള അമ്മയായി ഈ വേഷങ്ങള്‍ ഒക്കെ അവര്‍ ചെയ്തിട്ടുണ്ട്. സ്‌ക്രീനില്‍ പലര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ധൈര്യത്തോടെ.

മലയാള സിനിമയിലെ മികച്ച അഭിനേത്രിയെന്നതു കൂടാതെ കാരുണ്യം നിറഞ്ഞൊരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു മീന; ഒപ്പം ഭയമില്ലാത്ത നര്‍മ്മവും. അവരുടെ ദയാവായ്പ്പിന്റെയും ഉദാരതയുടെയും കഥകള്‍ ഒരുപാടു തവണ സത്യന്‍ അന്തിക്കാട് പങ്കു വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും അവര്‍ക്ക് ഒരു വേഷമുണ്ടായിരുന്നു; മീനയുടെ മികച്ച വേഷങ്ങള്‍ പലതും സത്യന്‍ അന്തിക്കാട് സിനിമകളിലായിരുന്നുതാനും. തന്റെ സിനിമയിലെ നടീനടന്മാരെക്കുറിച്ചുള്ള സത്യന്റെ സ്മരണകള്‍ താഹ മാടായി 'സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍' എന്ന പേരില്‍ പുസ്തകമാക്കിയിട്ടുണ്ട്. അതില്‍ വിവരിച്ചിരിക്കുന്ന ഒരു സംഭവം ഇതാണ് (മീനയുടെ സ്‌നേഹവും ശ്രദ്ധയും വെളിപ്പെടുത്തുന്ന അനേകം കഥകളിലൊന്ന്), സത്യന്റെ ആദ്യപടമായ 'കുറുക്കന്റെ കല്യാണ'ത്തിന്റെ ഷൂട്ടിങ്ങ് ഒരു ഘട്ടത്തില്‍ ഏതാണ്ട് മുടങ്ങുമെന്ന അവസ്ഥയായി. എത്ര ശ്രമിച്ചിട്ടും സംഘാംഗങ്ങള്‍ക്ക് വൈകുന്നേരത്തെ ഭക്ഷണം കൊടുക്കാനുള്ള പണം കണ്ടെത്താന്‍ നിര്‍മ്മാതാവിനാകാത്തതു കൊണ്ടായിരുന്നു അത്. 6 മണിക്ക് അവസാനിക്കുന്ന മുഴുദിന ഷൂട്ടിന് ശേഷം ഉള്ള പതിവായിരുന്നു ഭക്ഷണം കൊടുക്കുകയെന്നത്.

നിര്‍മ്മാതാവായിരുന്ന റഷീദ്, സത്യനോട് 5 മണിക്ക് പാക്കപ്പ് ചെയ്യാന്‍ പറഞ്ഞു. സത്യന്‍ ഞെട്ടി. വളരെ സര്‍ക്കസ്സ് അഭ്യാസങ്ങള്‍ കഴിഞ്ഞാണ് നായിക നടിയായ മാധവിയുടെ ഡേറ്റുകള്‍ ശരിയാക്കിയത്. ഒരു ദിവസം നഷ്ടപ്പെടുത്തിയാല്‍ ശരിക്കും അരിഷ്ടിച്ചു കൊണ്ടു പോയിരുന്ന ബഡ്ജറ്റിന് അതു കനത്ത അടിയായിത്തീരും. പ്രധാന അഭിനേതാക്കള്‍ സെറ്റിലുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തേണ്ടിയിരുന്നു എന്നതുകൊണ്ട് 10 മണി വരെയുള്ള ഷൂട്ടിങ്ങായിരുന്നു സത്യന്‍ തീരുമാനിച്ചിരുന്നത്. അദ്ദേഹം എന്തുചെയ്യണമെന്നറിയാതെ നിരാശനായി വിഷമിച്ചു നിന്നു പോയി. ചിത്രത്തില്‍ ആമിനുമ്മ എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന മീന ഇവര്‍ തമ്മിലുള്ള അടക്കിപ്പിടിച്ച സംസാരമെല്ലാം കേട്ടു നിന്നിരുന്നു. അവര്‍ ഒന്നും മിണ്ടാതെ ചെന്ന് ആവശ്യമായ പണം റഷീദിന്റെ കയ്യില്‍ ഏല്‍പ്പിച്ചു; എല്ലാവര്‍ക്കുമുള്ള ഭക്ഷണം പെട്ടന്ന് ഓര്‍ഡര്‍ ചെയ്യാനും നിര്‍ദ്ദേശിച്ചു. സത്യനെ അത് വല്ലാതെ സ്പര്‍ശിച്ചു.

കുറുക്കന്റെ കല്യാണം (1982) സിനിമയില്‍ നിന്നുള്ള രംഗം

ആറാം മിനുട്ട് മുതല്‍ കാണുകഹരിപ്പാടിനടുത്തുള്ള കരുവാറ്റയില്‍ 1941 ഏപ്രില്‍ 23-നാണ് മേരി എന്ന മീന ജനിച്ചത്. കോയിക്കലേത്ത് ഇട്ടി ചെറിയാച്ചന്റെയും ഏലിയാമ്മയുടെയും എട്ടാമത്തേതും അവസാനത്തേതുമായ സന്താനം. അവിടങ്ങളിലെ പ്രാദേശിക നാടക പ്രവര്‍ത്തനങ്ങളോട്, വെള്ളത്തോട് മീനിനെന്ന പോലെ സ്വഭാവികമായ ഒരു അഭിനിവേശം വളരെ ചെറുപ്പത്തിലേ മീനയ്ക്കുണ്ടായിരുന്നു. അവരുടെ പേരും സൂചിപ്പിക്കുന്നത് അതല്ലേ? മീന! അക്കാലത്തെ മറ്റ് നടീനടന്മാരെ പോലെ അമച്വര്‍, പ്രൊഫഷണല്‍ നാടകങ്ങളിലെ ദീര്‍ഘകാലത്തെ മികച്ച പ്രകടനങ്ങള്‍ക്കു ശേഷമാണ് അവരും സിനിമയിലെത്തിയത്.

എന്റെയറിവില്‍ അവരുടെ ആദ്യനാടകം നിര്‍ദ്ദോഷി ആയിരുന്നു. സിനിമയിലെത്തുന്നതിന് മുന്‍പുള്ള ആറു വര്‍ഷങ്ങള്‍ ഗീഥ ആര്‍ട്‌സ്, കലാനിലയം തുടങ്ങിയ പ്രസിദ്ധ നാടകസമിതികളില്‍ അവര്‍ അംഗമായിരുന്നു. ആദ്യ സിനിമ 1964 ല്‍ ഇറങ്ങിയ കുടുംബിനി ആണെന്നാണറിവ് (മീനയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ വളരെ പ്രയാസമാണ്). ശശി കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമയിലൂടെയാണ് പിന്നണി ഗായകനായുള്ള സീറോ ബാബുവിന്റെ അരങ്ങേറ്റം. എല്‍ പി ആര്‍ വര്‍മ്മയെ ഒരു സംഗീത സംവിധായകനെന്ന നിലയില്‍ പ്രശസ്തിയിലെത്തിച്ച ചിത്രമാണ് കുടുംബിനി. സിഒ ആന്റോയുടെ ആദ്യ ഹിറ്റ് ഗാനവും ഇതിലെയായിരുന്നു. 1964ലെ കുടുംബിനി മുതല്‍ അവസാന ചിത്രമായ 1997-ലെ അഞ്ചരക്കല്യാണം വരെ ഏതാണ്ട് നാലു ദശകങ്ങള്‍ നീണ്ട അഭിനയജീവിതത്തില്‍ മീന എത്ര ചിത്രങ്ങളിലഭിനയിച്ചു എന്ന കണക്ക് ലഭ്യമല്ല. അഭിനയിച്ച ചിത്രങ്ങളെ തനിക്കു വേണ്ടി സംസാരിക്കാന്‍ വിട്ട്, അന്തസ്സോടെയും മാന്യതയോടെയും തികഞ്ഞ പ്രൊഫഷണലിസത്തോടെയും അവസാനം വരെ കഴിച്ചു കൂട്ടിയ വ്യക്തിയായിരുന്നു അവര്‍.

മീനയുടെ സമകാലികരുടെ പാതയിലൂടെ തന്നെയാണ് ഏതാണ്ട് അവരുടെ കരിയറും പോയിരിക്കുന്നത് എന്നു കാണാം. സിനിമാ നിര്‍മ്മാണ സമവാക്യങ്ങളനുസരിച്ച് പല പുരുഷ നടന്മാരും തുടക്കകാലത്ത് വില്ലന്‍, ദുഷ്ടന്‍, ഇടി കൊള്ളുന്ന ഗുണ്ട വേഷങ്ങളിലേയ്ക്ക് ഒതുക്കി നിര്‍ത്തപ്പെട്ടു. പിന്നീട് സ്വന്തം പരിശ്രമവും താല്പര്യവും കൊണ്ടും ചെറുപ്പക്കാരായ സംവിധായകരുടെ ദീര്‍ഘവീക്ഷണം കൊണ്ടും വ്യത്യസ്തമായ തലങ്ങളിലേയ്‌ക്കെത്തി. അഭിനയം തുടങ്ങിയപ്പോള്‍ ജനാര്‍ദ്ദനനും കൊച്ചിന്‍ ഹനീഫയുമെല്ലാം ഇടി കൊള്ളാന്‍ മാത്രമുള്ള വേഷങ്ങളിലായിരുന്നു. രാജസേനനും സിബി മലയിലും സംവിധാനമാരംഭിച്ചപ്പോള്‍ നമ്മള്‍ അവരുടെ അഭിനയമികവ് മനസിലാക്കി. മീനയുടെ കാര്യവും വ്യത്യസ്തമല്ല.

ദുഷ്ടയായ അമ്മായിയമ്മ/ രണ്ടാനമ്മ / ഭാര്യ റോളുകളില്‍ തളച്ചിടപ്പെട്ടിരിക്കുകയായിരുന്നു മീനയും; മലയാളത്തിന്റെ ലളിത പവാര്‍ ആയിരുന്നു അവര്‍ കുറെക്കാലം. ഒരേപോലെയുള്ള ഈ വേഷങ്ങളില്‍ പോലും ശരീരഭാഷ കൊണ്ടും വസ്ത്രധാരണത്തിലെ മാറ്റങ്ങള്‍ കൊണ്ടും സംസാര രീതി കൊണ്ടുമൊക്കെ വ്യത്യസ്തത കൊണ്ടുവരാന്‍ മീനയ്ക്കായി. ദുഷ്ടയായിരിക്കും കഥാപാത്രമെന്ന് നേരത്തേ അറിയാമെങ്കില്‍ക്കൂടി അഭിനയം കണ്ട് അവരെ കൂടുതല്‍ വെറുക്കാന്‍ പ്രേരിപ്പിക്കുന്ന ആ സാന്നിദ്ധ്യം നമ്മള്‍ നോക്കിയിരുന്നുപോകും. 'വില്ലത്തി അമ്മായിയമ്മ' ഗണത്തിലെ രണ്ടു സിനിമകള്‍ ഒന്നു താരതമ്യം ചെയ്യാം. 'അച്ചാരം അമ്മിണി ഓശാരം ഓമന'യിലെ (1977) പാറുവമ്മയും 'സ്ത്രീധന'വും (1993); രണ്ടിലെയും കഥാപരിസരവും കഥാപാത്ര വിവരണവും സാമ്യമുള്ളതാണ്. എന്നാല്‍ അവയില്‍ മീന കൊണ്ടുവന്ന പ്രത്യേകതകളിലൂടെ ഈ കഥാപാത്രങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുന്നവയായി. കാഴ്ചക്കാരായും ഇടപെടുന്നവരായും നമ്മള്‍ കാണുന്ന അന്തര്‍ലീന സ്വഭാവങ്ങള്‍ ഒന്നുതന്നെയാണ്; എന്നാല്‍ അവ വ്യത്യസ്തമായി നിലനില്‍ക്കുന്നു. അവയെ ശരിയായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ സൂക്ഷ്മഭേദങ്ങള്‍ അറിയുക തന്നെ വേണം. അതിനുള്ള മന്ത്രവടി കയ്യിലുള്ള ആളായിരുന്നു മീന.

മലയാളത്തിലെ 'ദുഷ്ട സ്ത്രീ' കളത്തില്‍ മാത്രം നില്‍ക്കുമ്പോഴും വളരെ വ്യത്യസ്തമായ, മനോഹരമായ വേഷങ്ങളില്‍ അവതരിപ്പിച്ച ചിത്രങ്ങളിലേയ്ക്ക് ഒരു അഭിനേത്രി എന്ന നിലയില്‍ അവര്‍ ക്രമേണ എത്തിച്ചേര്‍ന്നു. കെഎസ് സേതുമാധവന്റെ 'അരനാഴികനേരം' (1970) സന്തോഷകരമായ ഒരു മാറ്റമായിരുന്നു. അതിലെ അന്നമ്മ അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതക്കാരിയും, സാധാരണക്കാരിയുമായ ഭാര്യയാണ്. ചിത്രത്തിന്റെ അവസാനം അവര്‍ക്ക് അത്ഭുതകരമായ മാറ്റമാണ് സംഭവിക്കുന്നത്; അത് ഹൃദയഭേദകവുമാണ്. എനിക്കിതു വരെ ശരിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത ശശി കുമാറിന്റെ 'ഡിറ്റക്റ്റീവ് റൊമാന്റിക്' സിനിമകളിലെ മീനയുടെ വേഷങ്ങളുമായി ഇതിനെ താരതമ്യം ചെയ്തു നോക്കൂ. ആ ചിത്രങ്ങളിലെ അര്‍ത്ഥമില്ലാത്ത ഡയലോഗുകള്‍ക്ക് എന്തെങ്കിലും ആഴത്തിലുള്ള അര്‍ത്ഥമോ ഫിലോസഫിയോ ഉണ്ടായിരുന്നെങ്കില്‍ എനിക്കത് ഇതുവരെ മനസിലായിട്ടില്ല. അതി വിചിത്രമായ കഥകളില്‍ കൊരുത്തിട്ട സുന്ദര ഗാനങ്ങള്‍ മാത്രമാണ് എന്നെ സംബന്ധിച്ച് അക്കാലത്തെ ശശികുമാര്‍ പടങ്ങള്‍. സിഐഡി സിനിമകള്‍ പോലെതന്നെ ഇവയും എനിക്കിഷ്ടമാണ്. അല്ലെങ്കില്‍ 'പദ്മവ്യൂഹ'ത്തിലെ (1973) ചിരിയുണര്‍ത്തുന്ന 'പഞ്ചവടിയിലെ' എന്ന ഈ പാട്ട് എങ്ങനെയുണ്ടാവാന്‍? അടൂര്‍ ഭാസിയുമൊത്താണ് മീന അതില്‍ ആടിപ്പാടുന്നത്. നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകുമോ അവരെ അങ്ങനെ?

പദ്മവ്യൂഹത്തിലെ 'പഞ്ചവടിയിലെ' എന്ന ഗാനം

പ്രമുഖ നടിമാരുടെ പ്രേമ വശീകരണ ഗാനങ്ങളുടെ ഏറ്റവും വലിയ പാരഡികള്‍ തന്റേതായ രീതിയില്‍ ചെയ്തതാണ് അവരെന്നാണ് എന്റെ ഊഹം. മദ്യപിച്ച അവസ്ഥയിലാണ് ആ രംഗത്ത്; ഇഷ്ടമുള്ള രീതിയില്‍ ചെയ്യാന്‍ ആ സ്വാതന്ത്ര്യവും ഒരു കാരണമായിരുന്നിരിക്കാം. എങ്കിലും ക്ലാസിക്കല്‍ ഭാഗങ്ങളിലെ അവരുടെ ചുണ്ടനക്കല്‍ കൃത്യമാണ്.


മാന്യശ്രീ വിശ്വാമിത്രനിലെ (1974) 'സാരസായി മദനാ'യോ?

എണ്‍പതുകളിലാണ് അവരുടെ അഭിനയം പൂര്‍ണതയിലെത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ കുറുക്കന്റെ കല്യാണത്തിലെ റോള്‍ അത്തരം അവസരങ്ങള്‍ക്ക് നല്ല തുടക്കമിട്ടു കൊടുത്തുവെന്നു വേണം കരുതാന്‍. നാടകാഭിനയത്തില്‍ നിന്നുള്ള ശക്തമായ അടിത്തറയും മൂന്നു പതിറ്റാണ്ടിലെ സിനിമാഭിനയ പരിചയവും ഇതിനു സഹായകമായി. സത്യന്‍ അന്തിക്കാടുമൊത്ത് മണ്ടന്മാര്‍ ലണ്ടനില്‍ (1983), അപ്പുണ്ണി (1984), കളിയില്‍ അല്‍പ്പം കാര്യം (1984), നാടോടിക്കാറ്റ് (1987), വരവേല്‍പ്പ് (1989), മഴവില്‍ക്കാവടി (1989), സസ്‌നേഹം (1990), തലയണമന്ത്രം (1990), ഗോളാന്തരവര്‍ത്ത (1993) എന്നീ സിനിമകളില്‍ മീന നമ്മളെ ആഹ്‌ളാദിപ്പിച്ചു. (ഞാന്‍ ഏതെങ്കിലും വിട്ടു പോയിട്ടുണ്ടോ?) ഈ കൂട്ടുകെട്ടില്‍ നിന്നാണ് അവരുടെ ഏറ്റവും മികച്ച പല വേഷങ്ങളും ഓര്‍മിക്കപ്പെടുന്ന കഥാപാത്രങ്ങളുമുണ്ടായത് എന്നാണ് ഞാന്‍ കരുതുന്നത്.

വരവേല്‍പ്പില്‍ (1989) നിന്നുള്ള ക്ലിപ്പിംഗ്. 5.50 മിനിറ്റു മുതല്‍ കാണുക

തൊണ്ണൂറുകളില്‍ രാജസേനന്റെ സിനിമകളായിരുന്നു. അവയിലെ പ്രത്യേകതകള്‍ നിറഞ്ഞ തമാശ രംഗങ്ങള്‍ (പോകെപ്പോകെ രാജസേനന്‍ സിനിമകളിലെ തമാശകള്‍ നിലവാരമില്ലാത്തതും അസഹ്യവുമായി) സ്വതസിദ്ധമായ രീതിയില്‍ മീന അഭിനയിച്ചു ഫലിപ്പിച്ചു. 'അയലത്തെ അദ്ദേഹ'മായിരുന്നു (1992) ഒന്ന്. പിന്നെ വന്നത് അവരുടെ കരിയറിലെ ഏറ്റവും മികച്ചതും ഗംഭീരവുമായ (എന്നെ സംബന്ധിച്ച്) വേഷമായിരുന്നു 'മേലേപ്പറമ്പില്‍ ആണ്‍വീടി'ല്‍ (1994). ഇക്കൂട്ടത്തില്‍ അവസാനത്തവയായ 'അനിയന്‍ ബാവ ചേട്ടന്‍ ബാവ' (1995)യും 'ദ കാറും' അതിനെ തുടര്‍ന്നെത്തി.

വിഎം വിനു സംവിധാനം ചെയ്ത 'അഞ്ചരക്കല്യാണ'മായിരുന്നു മീനയുടെ അവസാന ചിത്രം. 1997 സെപ്തംബര്‍ 17-നാണ് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ അന്തരിക്കുന്നത്. കടുവാക്കുളം ആന്റണി 1988-ല്‍ പുറത്തിറക്കിയ സിനിമാ അഭിനേതാക്കളുടെ ഡയറക്ടറിയില്‍ മീന അഭിനയിച്ചിട്ടുള്ള സിനിമകളുടെ എണ്ണം കൊടുത്തിരിക്കുന്നത് 600 എന്നാണ്! ഇത്രയധികം പ്രോജക്റ്റുകളുടെ ഭാഗമായിരുന്നു അവരെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. സുകുമാരിയുടെ ചിത്രങ്ങള്‍ക്കടുത്തു വരും ഇത്. എഴുപതുകളുടെ അവസാനം മീനയുടെ റിലീസ് ചിത്രങ്ങള്‍ ഒരു വര്‍ഷത്തില്‍ 12-13 എണ്ണമായിരുന്നു; ജയന്‍ പ്രശസ്തിയുടെ പരകോടിയില്‍ നില്‍ക്കുമ്പോള്‍ റിലീസ് ചെയ്തിരുന്ന അത്രയും ചിത്രങ്ങള്‍, അല്ലെങ്കില്‍ അതില്‍ കൂടുതല്‍! സിനിമാ വ്യവസായത്തിന്റെ വിജയ ഫോര്‍മുലകളിലെ ഭാഗമായിരുന്ന അവരുടെ അഭിനയ മികവിനെയും മീനയെ സ്വന്തം സിനിമകളില്‍ കൂട്ടാന്‍ എല്ലാവരും കാണിച്ചിരുന്ന ആവേശത്തെയുമാണ് ഇതു കാണിക്കുന്നത്. അവരുടെ സാന്നിദ്ധ്യം പല പ്രധാന അഭിനേതാക്കള്‍ക്കും പിന്തുണയും ആശ്വാസവുമായിരുന്നു. മീന മലയാള സിനിമയിലെ മികവുറ്റ അഭിനേതാക്കളില്‍ ഒരാളാണെന്നതില്‍ സംശയമില്ല; അത്ര തന്നെ.

മീന, നിങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories