UPDATES

മേഘത്തോട്ടി സുചരിത എന്ന ദലിത് നേതാവ് ആന്ധ്രപ്രദേശിന്റെ ആദ്യ വനിത ആഭ്യന്തര മന്ത്രിയാകുമ്പോള്‍

പിന്നോക്ക സമുദായക്കാര്‍ക്ക് വലിയ തോതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് ജനക്ഷേമ പ്രവര്‍ത്തനങ്ങളിലെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആത്മാര്‍ത്ഥയാണ് എന്ന് സുചരിത അഭിപ്രായപ്പെട്ടു.

ഐക്യ ആന്ധ്രപ്രദേശിന്റെ വിഭജനത്തിന് ശേഷമുണ്ടായ പുതിയ ആന്ധ്രപ്രദേശില്‍ ദലിത് സമുദായത്തില്‍പ്പെട്ട വനിത നേതാവിനെ ആഭ്യന്തര മന്ത്രിയാക്കി പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍മോഹന്‍ റെഡ്ഡി. 2003ലെ പദയാത്രയ്ക്കിടെ ജഗന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയാണ് സാമൂഹ്യപ്രവര്‍ത്തകയായ മേഘത്തോട്ടി സുചരിതയെ കണ്ടെത്തിയതും കോണ്‍ഗ്രസിലെത്തിച്ചതും. പട്ടികജാതിയായ ‘മാല’ സമുദായക്കാരിയാണ് മേഘത്തോട്ടി സുചരിത. സംവരണ മണ്ഡലമായ പ്രതിപാഡുവില്‍ നിന്നാണ് സുചരിത നിയമസഭയിലെത്തിയത്.

2006ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണ്ടൂരിലെ ഫിരാംഗിപുരത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു. രണ്ട് വര്‍ഷം സില്ല പഞ്ചായത്ത് ടെറിട്ടോറിയന്‍ കോണ്‍സ്റ്റിറ്റ്വന്‍സീസ് (ഇസഡ്പിടിസി) അംഗമായി പ്രവര്‍ത്തിച്ചു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മന്ത്രിസഭയില്‍ 18 പേര്‍ പിന്നോക്ക സമുദായക്കാരാണ്. 11 പേര്‍ മുന്നോക്കക്കാരും. എല്ലാ സമുദായങ്ങള്‍ക്കും സംസ്ഥാനത്തെ എല്ലാ മേഖലകള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രദ്ധിച്ചുള്ള മന്ത്രിസഭ രൂപീകരണത്തില്‍ ഏറ്റവും ശ്രദ്ധേയമായത് സുചരിതയുടെ നിയമനം തന്നെ. പിന്നോക്ക സമുദായക്കാര്‍ക്ക് വലിയ തോതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് ജനക്ഷേമ പ്രവര്‍ത്തനങ്ങളിലെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആത്മാര്‍ത്ഥയാണ് എന്ന് സുചരിത അഭിപ്രായപ്പെട്ടു.

ALSO READ: ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിനെ കുഴിച്ചുമൂടിയ ജഗന്റെ പ്രതികാരകഥ: യെദുഗുരി സന്തിന്തി രാജശേഖര റെഡ്ഡി കോണ്‍ഗ്രസ്

2009ല്‍ പ്രതിപാഡുവില്‍ സുചരിതയ്ക്ക് ആദ്യം മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത് വൈഎസ് രാജശേഖര റെഡ്ഡിയാണ്. സുചരിത ആദ്യമായി നിയമസഭയിലെത്തി. 2010ല്‍ ജഗന്‍ കോണ്‍ഗ്രസ് വിടുകയും 2011ല്‍ കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ ഇളക്കിക്കൊണ്ടുപോയി വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയതപ്പോള്‍ സുചരിത കൂടെ നിന്നു. 2009ല്‍ ജഗന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട സുചരിത കോണ്‍ഗ്രസ് വിടുകയും ചെയ്തു. 2011 മാര്‍ച്ചില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. 2012 മേയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും നിയമസഭയിലെത്തി. 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സുചരിത ടിഡിപിയുടെ രവേല കിഷോര്‍ ബാബുവിനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ സുചരിത തോല്‍പ്പിച്ചത് രണ്ട് വമ്പന്മാരെയാണ് – ടിഡിപിയുടെ ഡി മാണിക്യ വരപ്രസാദിനേയും ടിഡിപി വിട്ട് ജനസന പാര്‍ട്ടിയിലേയ്ക്ക് പോയ രവേല കിഷോര്‍ ബാബുവിനേയും.

2014ലെ തിരഞ്ഞെടുപ്പില്‍ ജഗന് വേണ്ടി അമ്മ വൈഎസ് വിജയമ്മയ്‌ക്കൊപ്പം സുചരിതയും സജീവമായിരുന്നു. വൈഎസ്ആര്‍ കുടുംബത്തോടുള്ള അടുപ്പവും സുചരിതയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി. 2014ലെ തിരഞ്ഞെുപ്പിന് ശേഷം വിജയമ്മ പൊതുവേദികളില്‍ വരാതായി. ഇതിന് മുമ്പ് വരെ വിജയമ്മയോടൊപ്പം പൊതുപരിപാടികളിലും വേദികളിലും സ്ഥിരം സാന്നിധ്യമായിരുന്നു സുചരിത.

ഗുണ്ടൂര്‍ ജില്ലയിലെ ഫിരാംഗിപുരം സ്വദേശിയായ മേഘത്തോട്ടി സുചരിത പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ്. അച്ഛന്‍ എന്‍ അങ്ക റാവു ഫിരാംഗിപുരത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ആയിരുന്നു. ഭര്‍ത്താവ് ഇന്ത്യന്‍ റെവന്യൂ സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥനും മുംബൈയില്‍ നിലവില്‍ ഇന്‍കം ടാക്‌സ് കമ്മീഷണറുമായ എം ദയാസാഗര്‍ ആണ്. ഒരു മകനും ഒരു മകളുമുണ്ട്.

ALSO READ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍