TopTop

ഹിന്ദു ദേശീയത: സര്‍ക്കാരാണ് അതിന്റെ പ്രചാരകര്‍ എന്നതാണ് മുഖ്യ ആശങ്ക

ഹിന്ദു ദേശീയത: സര്‍ക്കാരാണ് അതിന്റെ പ്രചാരകര്‍ എന്നതാണ് മുഖ്യ ആശങ്ക

ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച ' മേക്കിങ് സെന്‍സ് ഓഫ് മോദീസ് ഇന്ത്യ' യില്‍ മേഘ്‌നാദ് ദേശായിയുടെ 'ഇന്ത്യ ആസ് എ ഹിന്ദു നേഷന്‍ - ആന്‍ഡ് അദര്‍ ഐഡിയാസ് ഓഫ് ഇന്ത്യ'യില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍.

ഹിന്ദു ദേശീയത സിദ്ധാന്തത്തിന്റെ കാതല്‍ താഴെപ്പറയുന്നവയാണ്.

- ഇന്ത്യ ചരിത്രാതീതകാലം മുതല്‍ എക്കാലവും ഭാരതവര്‍ഷ അല്ലെങ്കില്‍ ആര്യഭൂമി എന്ന ഒരൊറ്റ രാജ്യമായിരുന്നു.

- എട്ടാം നൂറ്റാണ്ടുമുതല്‍ വടക്കുപടിഞ്ഞാറുനിന്ന് മുസ്ലിം പടയേറ്റങ്ങളുണ്ടായപ്പോഴാണ് ഇന്ത്യ അടിമത്തത്തിലായത്. മുഹമ്മദ് ബിന്‍ കാസിമും മഹമൂദ് ഗസനിയും ഇവരെത്തുടര്‍ന്നുണ്ടായ ഡല്‍ഹി സുല്‍ത്താന്‍ ഭരണവും മുഗള്‍ സാമ്രാജ്യവും; അതിനൊപ്പം, മുസ്ലിങ്ങള്‍ വിദേശികളാണ്.

ഈ വംശവിദ്വേഷത്തിന്റെ ഉപലക്ഷ്യം ആര്യന്മാര്‍ ഇന്ത്യയിലെത്തിയത് മറ്റെവിടെയോ നിന്നാണ് എന്നതു നിഷേധിക്കുകയാണ്. ആര്യന്‍ കടന്നാക്രമണങ്ങളുടെ കഥകളെ ഇന്‍ഡസ് വാലി സംസ്‌കാരവുമായി പൊരുത്തപ്പെടുത്തുന്നതില്‍ പ്രശ്‌നമുണ്ട്. ആര്യന്മാര്‍ വിദേശികളായിരുന്നു എന്നത് ഹിന്ദു ദേശീയവാദികള്‍ പാടേ നിഷേധിക്കുന്നു.

- ഇന്ത്യയെ സൃഷ്ടിച്ചത് ബ്രിട്ടീഷുകാരല്ല. അത് എക്കാലവും നിലവിലുണ്ടായിരുന്നു. മെക്കാളെ കൊണ്ടുവന്ന വിദ്യാഭ്യാസ സമ്പ്രദായം മേല്‍ത്തട്ടുകാരെ സൃഷ്ടിച്ചു. വിദേശികളെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന മെക്കാളെ പുത്രര്‍.

- 1947ല്‍ 1200 വര്‍ഷത്തെ അടിമത്തം അവസാനിച്ചു (തെരഞ്ഞെടുപ്പിനുശേഷം പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെ ആദ്യ പ്രസംഗത്തില്‍ നരേന്ദ്ര മോദി ഇത്രയും പറഞ്ഞു). ഹിന്ദുരാജ്യമെന്ന അതിന്റെ ശരിയായ വ്യക്തിത്വം വെളിപ്പെടുത്താനാകും വിധം ഇന്ത്യ സ്വതന്ത്രയായി.

- കോണ്‍ഗ്രസ് മതേതരവാദികള്‍ മുസ്ലിങ്ങള്‍ക്ക് എപ്പോഴും ആനുകൂല്യങ്ങള്‍ നല്‍കി. മുസ്ലിങ്ങളുടെ കൂറ് സംശയിക്കേണ്ടതാണ്, കാരണം അവരുടെ ദേശം പാക്കിസ്ഥാനാണ്.വ്യാജ ചരിത്രത്തിലെ വസ്തുതകള്‍
ഈ അഭിപ്രായങ്ങള്‍ ആശയപരമായും ചരിത്രപരമായും നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. അവ പരിശോധിക്കാം.

ആദ്യം സ്വദേശി - വിദേശി പ്രശ്‌നം തന്നെയെടുക്കാം. ബ്രിട്ടീഷുകാര്‍ വ്യക്തമായും വിദേശികളായിരുന്നു. അവര്‍ ഉദ്ദേശിച്ച ജോലി ചെയ്യാനായി വന്നു. ഇവിടെ താമസമുറപ്പിക്കുകയോ റൊഡേഷ്യയിലോ ഓസ്‌ട്രേലിയയിലോ ചെയ്തതുപോലെ കോളനിവല്‍ക്കരിക്കുകയോ ചെയ്തില്ല. എന്നാല്‍ മുസ്ലിം ഭരണകര്‍ത്താക്കള്‍ തിരിച്ചുപോയില്ല. അവര്‍ ഇന്ത്യയെ അവരുടെ സ്വന്തം ദേശമാക്കി.

ഇത് ഹിന്ദു ദേശീയതക്കാര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നു. മുസ്ലിങ്ങള്‍ 1200 വര്‍ഷം ഇവിടെയുണ്ടായിരുന്നു എന്നത് അവരെ സ്വദേശീയരായി അംഗീകരിക്കാന്‍ മതിയായ യോഗ്യതയായി ഹിന്ദു ദേശീയതക്കാര്‍ കാണുന്നില്ല. അവര്‍ എക്കാലവും അന്യരാജ്യക്കാരായി തുടരും. ഇത് വിചിത്രമായ സിദ്ധാന്തമാണ്. കാരണം ഇന്ത്യ എക്കാലവും വിവിധ 'വിദേശ' ഗോത്രങ്ങളെ സ്വീകരിച്ചിരുന്നു. ശാകന്മാര്‍ തുടങ്ങി ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്ത വിവിധ 'വംശങ്ങള്‍'. പക്ഷേ അപ്പോള്‍ 1200 വര്‍ഷങ്ങള്‍ മതിയാകില്ല. ആര്യന്മാരെപ്പറ്റി എന്തു പറയുന്നു? തിലക് വാദിച്ചതുപോലെ അവരും മധ്യയൂറോപ്പില്‍ നിന്നോ ഉത്തരധ്രുവത്തില്‍നിന്നോ വന്നവരല്ലേ?

ആര്യന്മാര്‍ വിദേശികളാണെന്നു പറഞ്ഞാല്‍ ഹിന്ദുമതം വിദേശ മതമാണെന്നു വരും. ചില ദളിത് പണ്ഡിതര്‍ വാദിച്ചിട്ടുള്ളതുപോലെ ആദിവാസികള്‍ അല്ലെങ്കില്‍ ഗോത്രവര്‍ഗക്കാര്‍ മാത്രമാണ് സ്വദേശികള്‍ എന്നും വരും. അതുകൊണ്ടാണ് ഹിന്ദുദേശീയവാദികള്‍ ആര്യന്മാരുടെ വിദേശീയത നിഷേധിക്കുന്നത്. പൂജകള്‍ നടത്തുന്ന ബ്രാഹ്മണര്‍, വേദങ്ങള്‍ എന്നിങ്ങനെ ഒറ്റയടിക്ക് ഇന്ത്യ മുഴുവന്‍ ഹിന്ദുത്വം സ്ഥാപിക്കപ്പെട്ടു എന്ന ഹിന്ദു ദേശീയതയുടെ വാദങ്ങള്‍ക്ക് ആര്യന്മാര്‍ അനാദി മുതല്‍ സ്വദേശികളായിരിക്കേണ്ടത് ആവശ്യമാണ്. അതേ കാരണം കൊണ്ടുതന്നെ ഹിന്ദു ഇന്ത്യയുടെ ഭാഷയെന്ന പ്രാഥമിക സ്ഥാനത്ത് സംസ്‌കൃതവും ആയിരിക്കണം.

വ്യാജ ചരിത്രത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ഇവയാണ്. ഹിന്ദുക്കള്‍ പാലിക്കുന്ന മതത്തിന് വേദങ്ങളുമായി വളരെ നേര്‍ത്ത ബന്ധമേയുള്ളൂ. വേദകാല ദൈവങ്ങള്‍ ഇപ്പോള്‍ ആരാധിക്കപ്പെടുന്നില്ല. വേദങ്ങള്‍ക്കു ശേഷം ആയിരം വര്‍ഷങ്ങളെങ്കിലും കഴിഞ്ഞുള്ള ദേവതാഗണത്തിലാണ് വിഷ്ണു, ശിവന്‍, കാളി എന്നിവര്‍ പ്രത്യക്ഷപ്പെടുന്നത്. ബ്രാഹ്മണിസത്തിന്റെ (മതം യഥാര്‍ത്ഥത്തില്‍ വിളിക്കപ്പെടേണ്ട പേര്) ചരിത്രം പഞ്ചാബിന്റെ ഹൃദയഭാഗത്തുനിന്ന് ഡല്‍ഹി പ്രദേശത്തേക്കും തുടര്‍ന്ന് യുപി, ബിഹാര്‍ പ്രദേശങ്ങളിലേക്കുമുള്ള വ്യാപനം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബിസി ആറാം നൂറ്റാണ്ടുമുതല്‍ അജീവിക, ജെയ്‌നിസം, ബുദ്ധിസം എന്നിവയുടെ പ്രചാരണത്തില്‍ പാലി, അര്‍ദ്ധ മഗധി ഭാഷകള്‍ക്കുള്ള പ്രാധാന്യവും അറിയപ്പെടുന്നതാണ്.

ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുള്ള ആയിരം വര്‍ഷത്തെ പോരാട്ടത്തിനുശേഷമാണ് ബ്രാഹ്മണിസത്തിന് പൂര്‍ണവിജയം നേടാനായത്. ബുദ്ധിസ്റ്റുകളെ ആദി ശങ്കരാചാര്യ സംവാദത്തില്‍ പരാജയപ്പെടുത്തിയ കാലത്താണ് ഇന്ത്യ ഹിന്ദുരാജ്യമായത്. എന്നാല്‍ ഹിന്ദു ദേശീയതക്കാരുടെ കാലഗണന ഗൗരവമായെടുത്താല്‍ ഇത് സംഭവിച്ചത് ഇന്ത്യ മുസ്ലിങ്ങള്‍ക്ക് 'അടിമ'യായപ്പോഴാണ്.

ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുള്ള സംഘര്‍ഷം നിഷേധിക്കുകയും ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി കാണുകയും ചെയ്യുക എന്നതാണ് ഹിന്ദു ദേശീയതക്കാരുടെ തന്ത്രം. ഈ വാദം ഏഴാം നൂറ്റാണ്ടുവരെ പുരാണങ്ങളിലൊന്നും കാണാനില്ല. ആ സമയം ബുദ്ധിസം ഏതാണ്ട് അവസാനിക്കാറായിരുന്നു. ചരിത്രത്തിലുടനീളം ഇന്ത്യയെ ഹിന്ദുരാജ്യമെന്നു സ്ഥാപിക്കാന്‍ ഹിന്ദൂയിസം മതിയാകില്ല.

ഈ വട്ടത്തെ ചതുരമാക്കാനാണ് ഹിന്ദുത്വത്തെപ്പറ്റിയുള്ള തന്റെ പ്രബന്ധത്തില്‍ സവര്‍ക്കര്‍ ശ്രമിച്ചത്. അദ്ദേഹം ആധുനികനായിരുന്നു; മതഭക്തനായിരുന്നില്ല. രാജ്യം എന്ന സവര്‍ക്കരുടെ ആശയം അന്ന് പ്രചാരത്തിലിരുന്നതും യൂറോപ്പില്‍ പുതുതായി രൂപം കൊണ്ട രാജ്യങ്ങളുടെ - അവയില്‍ പലതും 1918-ല്‍ തകര്‍ന്ന ഹബ്‌സ്ബര്‍ഗ് സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു - രീതിക്കനുസരിച്ചതുമായിരുന്നു. ഹംഗറി, പോളണ്ട്, ചെക്കോസ്ലോവാക്യ തുടങ്ങിയ രാജ്യങ്ങള്‍. രാജ്യമെന്നത് പ്രദേശത്തെ ആശ്രയിച്ചായിരുന്നു. ഒരു പ്രദേശത്തു ജനിച്ചവര്‍ ആ രാജ്യത്തെ അംഗങ്ങളായി.

അദ്ദേഹത്തിന്റെ ഹിന്ദുത്വ ഹിന്ദൂയിസവുമായി ബന്ധിപ്പിച്ചിട്ടുള്ളതല്ല. ഇന്‍ഡസ് - സിന്ധു - പ്രദേശത്ത് ജനിച്ചവരെല്ലാം ഹിന്ദുവാണെന്നും ഹിന്ദുത്വയുടെ ഭാഗമാണെന്നുമാണ് അതു പറയുന്നത്. ഹിന്ദുക്കള്‍ മുസ്ലിങ്ങളെക്കാള്‍ അങ്ങനെയാണെന്നു പറയുന്ന ഒരു ആന്തരിക ധ്വനിയുണ്ട്. എന്നാല്‍ ജന്മഭൂമിയോട് കൂറുള്ള മുസ്ലിങ്ങളും ഹിന്ദുത്വത്തില്‍പ്പെട്ടവരാണ്. പിന്നീടുവന്ന ഹിന്ദു ദേശീയതക്കാര്‍ ഹിന്ദുത്വ എന്ന ആശയം ഏറ്റെടുത്തെങ്കിലും സവര്‍ക്കറുടെ മതേതര സിദ്ധാന്തം സ്വീകരിച്ചില്ല.അടിമത്തമെന്ന വ്യാജ ആശയം
ഇന്ത്യയുടെ ചരിത്രമെന്ന നിലയില്‍ ഹിന്ദു ദേശീയതക്കാരുടെ കഥ നെഹ്‌റുവിന്റെ ദര്‍ശനമെന്ന കഥ പോലെ തന്നെ ഭാഗികമാണ്. രണ്ടും ഉത്തരേന്ത്യ അടിസ്ഥാനമായ കഥകളാണ്. ഡല്‍ഹിയും അതിന്റെ ഭരണകര്‍ത്താക്കളുമാണ് ഇന്ത്യ എന്നതാണ് രണ്ടിന്റെയും സങ്കല്‍പം. മുസ്ലിം ആക്രമണകാരികള്‍ എട്ടാം നൂറ്റാണ്ടില്‍ സിന്ധിലും സൗരാഷ്ട്രയിലും വന്നിരിക്കാം. 12ാം നൂറ്റാണ്ടില്‍ ഡല്‍ഹി സാമ്രാജ്യം സ്ഥാപിച്ചിരിക്കാം. പക്ഷേ അവര്‍ ഒരിക്കലും വിന്ധ്യനു തെക്കോട്ടു കടന്നില്ല.

മുസ്ലിം കുടിയേറ്റക്കാരെപ്പറ്റിയുള്ള ദക്ഷിണേന്ത്യന്‍ ചരിത്രം ഉത്തരേന്ത്യയുടേതില്‍നിന്ന് വളരെ വ്യത്യസ്തമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔറംഗസേബ് തെക്കോട്ടു പോയത്. അതിനാല്‍ വളരെക്കാലം അവര്‍ക്ക് മുസ്ലിം ഭരണം 'സഹിക്കേണ്ട'തായും വന്നില്ല. ദക്ഷിണേന്ത്യയില്‍ ഹിന്ദുസാമ്രാജ്യങ്ങള്‍ക്കൊപ്പം ഒരേ സമയം മുസ്ലിം സാമ്രാജ്യങ്ങളും നിലനിന്നു. പക്ഷേ അതു സംഭവിച്ചത് രണ്ടാം സഹസ്രാബ്ദത്തിന്റെ മദ്ധ്യത്തില്‍ മാത്രമാണ്. '1200 വര്‍ഷത്തെ അടിമത്ത'മെന്ന ആശയം തന്നെ വ്യാജമാണ്. അസം ഒരിക്കലും ഒരു മുസ്ലിം ശക്തിയുടെയും കീഴില്‍ വന്നില്ല.

എന്നാല്‍ ആത്യന്തികമായി, ഒരിക്കലും 'സത്യസന്ധമായി വസ്തുതാപരമായ ചരിത്രം' എന്നൊന്ന് ഉണ്ടാകില്ല. ഒരു രാജ്യത്തിനും അങ്ങനെയൊന്നില്ല. സംവാദങ്ങളും പുനരാഖ്യാനങ്ങളും എക്കാലവും തുടരുന്നു. ഗവേഷകരുടെ മേലുള്ള രക്ഷാകര്‍തൃത്വം ഉപയോഗിച്ച് ചരിത്രത്തെ ഔദ്യോഗിക ഭാഷ്യത്തിനു താങ്ങാക്കി നിര്‍ത്താം. പണം വരുന്നത് ഭരണതലത്തില്‍നിന്നാകുമ്പോള്‍ പക്ഷം പിടിക്കാത്ത ഗവേഷണവിശുദ്ധി ഒരിക്കലും ഉറപ്പാക്കാനാകില്ല. സ്വകാര്യമേഖലയില്‍നിന്ന് ഗവേഷണത്തിനു സാമ്പത്തിക സഹായമെന്ന പാരമ്പര്യം ഇന്ത്യയിലില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ വാതിലുകളിലും കാവല്‍ നില്‍ക്കുന്നത് സര്‍ക്കാരാണ്. രാജ്യത്തിന്റെ ആദ്യത്തെ 30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പക്ഷപാതത്തിന്റെ ഫലം. അതേ പക്ഷപാതം ബിജെപിയിലും കടന്നുകയറിയിരിക്കുന്നു.

ഹിന്ദു ദേശീയത എന്ന ആശയമല്ല, സര്‍ക്കാരാണ് അതിന്റെ പ്രചാരകര്‍ എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

(ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ മുന്‍ ഇക്കണോമിക്‌സ് പ്രഫസറും ' ദ് റീഡിസ്‌കവറി ഓഫ് ഇന്ത്യ ആന്‍ഡ് ഡവലപ്‌മെന്റ് ആന്‍ഡ് നേഷന്‍ഹുഡ്' എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ് മേഘ്‌നാദ് ദേശായി)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories