TopTop
Begin typing your search above and press return to search.

ദേവിയെ കാത്തുകാത്തു കിടന്ന ഭാസ്ക്കരന്‍ വെളിച്ചപ്പാടിന്റെ ജീവിതം

ദേവിയെ കാത്തുകാത്തു കിടന്ന ഭാസ്ക്കരന്‍ വെളിച്ചപ്പാടിന്റെ ജീവിതം
ഉത്സവകാലമായാല്‍ നാട്ടിലെ ഭഗവതിയമ്പലം ഓര്‍ത്തുപോകും. അമ്പലത്തെ ഓര്‍ക്കുന്നതിന് പ്രധാന കാരണം അവിടുത്തെ വെളിച്ചപ്പാടാണ്. ഇത്രമേല്‍ ദേവിയോട് 'അടുത്ത്' നിന്നൊരു വെളിച്ചപ്പാട് മറ്റൊരിടത്തും ഉണ്ടാകാന്‍ വഴിയില്ല. ദേവി മൊത്തമായും ചില്ലറയായും തന്റെ മാത്രം സ്വന്തമാണെന്നും ദേവിയിലേക്ക് പ്രവേശിക്കല്‍ തന്നിലൂടെ മാത്രമേ സാധ്യമാവൂ എന്നും ആ മഹാന്‍ മറ്റുള്ളവരോട് പറഞ്ഞുനടന്നു. അത് വിശ്വസിച്ച് ദേവിയെ കാണുന്ന ഭയഭക്തിയോടെ അദ്ദേഹത്തെ കണ്ട് തൊഴുതുനിന്ന നാട്ടുകാരേയും ഞാന്‍ കണ്ടിട്ടുണ്ട്.

ഭാസ്‌കരന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അത്രയൊന്നും സാമ്പത്തികഭദ്രതയില്ലാത്ത, ഒത്തിരിയേറെ അംഗങ്ങള്‍ ഉള്ള വീട്ടിലെ ഗൃഹനാഥനായിരുന്നു അദ്ദേഹം. ഭാര്യയും മൂത്തമകളും അടുത്ത വീടുകളില്‍ ജോലിക്കു പോയിരുന്നു. ഒരു മകന്‍ എന്നോ നാടുവിട്ടുപോയി. എവിടെന്ന് അറിവുകിട്ടീട്ടില്ല. ഒരു മകന്‍ പത്താംക്ലാസ് കടമ്പ കടക്കാതെ യാതൊരു പണിയുമില്ലാതെ വെറുതെ തെണ്ടിനടക്കുന്നു. പിന്നെ രണ്ട് പെണ്‍മക്കള്‍, ഒരാള്‍ക്ക് കാലിനു സ്വാധീനമില്ല.

ഇത്രയും സൗഭാഗ്യങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതു കൊണ്ടാവാം ഇദ്ദേഹം എവിടേലും ജോലിക്കു പോയിരുന്നതായോ എന്തേലും ജോലി ചെയ്തിരുന്നതായോ അറിവില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ദേവിയുടെ ഉപാസകന്‍ ആയിരിക്കുന്നതു തന്നെ എടുത്താല്‍ പൊങ്ങാത്ത ജോലിയാണ്. എന്നാല്‍ ആ അമ്പലമുറ്റത്തെ ഇല പോലും ഒന്നു നീക്കിയിട്ട ചരിത്രം കക്ഷിക്കില്ല. പിന്നെ അദ്ദേഹത്തിന്റെ പണി എന്നു പറയുന്നത് കവലയില്‍ നാലുപേര്‍ കൂടുന്നിടത്ത് താന്‍ യക്ഷിയേയും മാടനേയും മറുതയേയും ചൂണ്ടുവിരലില്‍ നിര്‍ത്തിയ കഥ പറയുന്നതാണ്. പറയുന്നത് ദേവീടെ സ്വന്തം ആളാകുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യവുമില്ല. അതുകഴിഞ്ഞാല്‍ നാട്ടിലെ ഏതെങ്കിലും ഒരു സ്ത്രീയുടെ ദുര്‍നടപ്പിനെ പറ്റി നാലു ന്യായം പറയുക, അദ്ദേഹം സ്വപ്‌നം കാണുന്ന കിനാശ്ശേരിയിലെ സ്ത്രീകള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചൊരു പ്രസംഗം നടത്തുക, ഇതൊക്കെ തലയാട്ടി സമ്മതിക്കാന്‍ കുറെ നാട്ടുകാരും. പിന്നെയുള്ള പ്രധാന പണി സ്ത്രീകള്‍ വെള്ളമെടുക്കാന്‍ വരുന്ന പൊതു പൈപ്പിടങ്ങളില്‍ സ്ത്രീകള്‍ക്കിടയില്‍ പൃഷ്ടവും തലയും ചൊറിഞ്ഞുനിന്ന് വായിനോക്കുക എന്നുള്ളതും.

ഇങ്ങനെയൊക്കെ ആണേലും സ്വന്തം വട്ടച്ചെലവിനുള്ളത് കക്ഷി ദിവസവും കഷ്ടപ്പെട്ട് സമ്പാദിച്ചിരുന്നു. കക്ഷിക്ക് ഇടയ്ക്കിടയ്ക്ക് വന്നിരുന്ന നെഞ്ച് വേദനയെ ഹൃദ്രോഗമായി കക്ഷി തന്നെ വിധി എഴുതി. എന്നിട്ട് തന്റെ ദയനീയാവസ്ഥ നാട്ടുകാരോട് പറഞ്ഞ് നടക്കും. ദേവി വാഴുന്ന നെഞ്ചിന്‍ കൂടിന് ഒരു അപകടവും സംഭവിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമുള്ള നാട്ടുകാര്‍ അദ്ദേഹത്തിന് ദിവസവും പത്തോ അന്‍പതോ അതില്‍ കൂടുതലോ കൊടുത്തിരുന്നു. മദ്യപാനം, പുകവലി എന്നിങ്ങനെ യാതൊരു ദുശ്ശീലവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ കൂട്ടിയടിപ്പിക്കല്‍, നുണപറയല്‍ തുടങ്ങിയവയില്‍ ഒക്കെ കക്ഷിക്ക് മാത്രമായി പ്രത്യേക വൈദഗ്ധ്യം ഉണ്ടായിുരന്നു.

വേണ്ടിടത്തും വേണ്ടാത്തിടത്തും ദേവിയെ കൂട്ടുപിടിച്ച് ഇല്ലേല്‍ ദേവിയുടെ പേരുപറഞ്ഞ് നാട്ടുകാരെ പറ്റിക്കല്‍ മാത്രമായിരുന്നു കക്ഷിയുടെ പ്രധാന വിനോദം. മറ്റുള്ളവരുടെ പറമ്പില്‍ പോയി വെളിക്കിരിക്കുക, ചവറിടുക തുടങ്ങിയ പണികളൊക്കെ ചെയ്യും. ആ വീട്ടുടമ എങ്ങാനും അതുകണ്ട് ചീത്തപറഞ്ഞാല്‍ ആ നിമിഷം വെളിച്ചപ്പാടിന്റെ ഉള്ളിലേക്ക് ദേവി പ്രവേശിക്കും. പിന്നെ തന്റെ പ്രിയഭക്തന് മാനസിക വിഷമമുണ്ടാക്കിയ അയാളെ ദേവി ചീത്ത പറഞ്ഞ് ശപിക്കാനൊരുങ്ങുമ്പോഴേക്ക് നാട്ടുകാര്‍ ഓടിക്കൂടുകയും പറമ്പുടമസ്ഥന്‍ താന്‍ ചെയ്തുപോയ മഹാപരാധത്തിന്, ഭാസ്‌കരനോടും ദേവിയോടും മാപ്പുപറഞ്ഞ് ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു.അമ്പലമുറ്റത്തെ മരച്ചുവടാണ് കക്ഷിയുടെ മറ്റൊരു ആവാസകേന്ദ്രം. പരീക്ഷയ്ക്കു പോകുന്ന കുട്ടികള്‍ ദേവിയെ തൊഴുന്നതോടൊപ്പം ഭാസ്‌കരനെയും തൊഴുതിരുന്നു. ദേവിയുടെ ഭണ്ഡാരപ്പെട്ടിയില്‍ ഇട്ടിരുന്ന പോലുള്ള നാണയത്തുട്ടുകള്‍ ഭാസ്‌കരനും കൊടുത്തിരുന്നു.
പത്ത് ദിവസാണ് ദേവീക്ഷേത്രത്തിലെ ഉത്സവം. പത്താംദിവസം ഉത്സവാവസാനദിവസം ദേവി ഭാസ്‌കരനില്‍ പ്രവേശിച്ച് നാടു മുഴുവന്‍ പ്രദക്ഷിണം വയ്ക്കും. തന്റെ ഭക്തര്‍ക്ക് ഭാസ്‌കരനിലൂടെ ദേവി അനുഗ്രഹം നല്‍കും. ആ സമയത്ത് വഴക്കിനിടയില്‍ വരുന്ന ദേവിയെ പോലെ ഭാസ്‌കരന്‍ ഡയലോഗൊന്നും പറയില്ല. പ്രസാദം കൊടുക്കും, അനുഗ്രഹിക്കും. പ്രദക്ഷിണത്തിന് പോകുമ്പോള്‍ രണ്ടുപേര്‍ ശക്തമായി ഭാസ്‌കരനെ പിടിച്ചിരിക്കും. എങ്ങോട്ടും ഓടിമറയാതിരിക്കാന്‍. ഇവര്‍ വിട്ടിരുന്നാല്‍ പോലും ഭാസ്‌കരന് ഓടാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല.

ആ സമയത്ത് എന്നെയും കൂട്ടുകാരെയും എപ്പോഴും ആശയക്കുഴപ്പത്തിലാക്കിയിരുന്ന കാര്യമെന്താണെന്ന് വച്ചാല്‍ അവസാനദിവസം ദേവി തന്നിലേക്ക് പ്രവേശിക്കാനായി ഉച്ചമുതല്‍ ഭാസ്‌കരന്‍ വ്രതമെടുത്ത് ശ്രീകോവിലിനുള്ളില്‍ ദേവിയുടെ മുന്‍പില്‍ കിടക്കും. ആ സമയത്തൊന്നും മറ്റാര്‍ക്കും ശ്രീകോവിലിനുള്ളില്‍ പ്രവേശനമില്ലായിരുന്നു. ഉച്ച മുതല്‍ സന്ധ്യവരെ ഭാസ്‌കരന്‍ അങ്ങനെ കിടക്കും. എല്ലാവര്‍ഷവും സന്ധ്യ കഴിയുമ്പോള്‍ ദേവി ഊരുചുറ്റാന്‍ ഭാസ്‌കരനോടൊപ്പം ഇറങ്ങും. സംശയമെന്താണെന്ന് വച്ചാല്‍ ഓരോ വഴക്കിനും ഓരോ ജംഗ്ഷനിലും മിനിറ്റിനു മിനിറ്റിനു ഭാസ്‌കരന്റെ അടുത്തുവന്നു പോകുന്ന ദേവി എന്തുകൊണ്ടാണ് കൊടിയിറങ്ങുന്ന അവസാനദിവസം ഭാസ്‌കരന്റെ അടുത്തെത്താന്‍ ഇത്രയും താമസിക്കുന്നത് എന്നതായിരുന്നു. ശ്രീകോവിലിനുള്ളില്‍ മറ്റുള്ളവര്‍ക്ക് പ്രവേശിക്കാന്‍ കഴിയാതിരുന്നത് കൊണ്ട് ആ സംശയം ദുരീകരിക്കാനും കഴിഞ്ഞില്ല.

നടക്കുമ്പോള്‍ സ്ത്രീയുടെ പിന്നാലെ നടക്കാനാണ് തനിക്ക് ഇഷ്ടമെന്ന് ഒരിക്കല്‍ കക്ഷി കവലയിലിരുന്ന് പറഞ്ഞു. അന്ന് എല്ലാവരും ദേവീ ഉപാസകന്റെ നാരീ ബഹുമാനം എന്നതിനെ വാഴ്ത്തി. പിന്നെ കക്ഷി തന്നെ ഒരു സുഹൃത്തിനോട് പറഞ്ഞത് പിന്നില്‍ നടന്നാലല്ലേ നിതംബം ഇളകുന്നത് കാണാന്‍ പറ്റുള്ളു എന്ന്.

അമ്പലത്തില്‍ നിന്ന് മൂന്നുനേരത്തെ ഭക്ഷണവും വട്ടചെലവിന് ഹൃദ്രോഗവും ഉള്ളത് കൊണ്ട് സ്വന്തം കുടുംബത്തിന് ചെലവിനു കൊടുക്കുന്നതിനെപ്പറ്റി ഭാസ്‌കരന്‍ ഓര്‍ത്തില്ല. വീട്ടിലുള്ളവര്‍ എങ്ങനെ കഴിഞ്ഞിരുന്നു എന്നും അയാള്‍ അറിഞ്ഞിരുന്നില്ല. ഒടുവില്‍ അവസാനകാലത്ത് രോഗശയ്യയില്‍ ആയിപ്പോയ ഭാസ്‌കരന്റെ അടുക്കല്‍ ദേവി ഒരിക്കല്‍ പോലും വന്നില്ല. അന്ന് വീടുപണിക്കു പോകുന്ന ഭാര്യ തന്നെയാണ് ഭാസ്‌കരനെ ശുശ്രുഷിച്ചത്.

ഭാസ്‌കരന്‍ മരിച്ചിട്ട് പത്ത് വര്‍ഷമായി. ഇപ്പോള്‍ വെളിച്ചപ്പാടാരാണെന്നെനിക്കറിയില്ല. എങ്കിലും ശ്രീകോവില്‍ കാണുമ്പോള്‍ ആദ്യം ഓര്‍ക്കുക ദേവിവരാന്‍ വേണ്ടി ഭാസ്‌കരന്റെ ഉച്ച മുതല്‍ സന്ധ്യവരെയുള്ള കിടപ്പാണ്.

ഭാസ്‌കരനും ദേവിയും മാത്രമുള്ള ആ നിമിഷങ്ങളിലെങ്കിലും അയാള്‍ ശക്തമായി ദേവിയെ വിളിച്ചിരിക്കും; തന്നിലേക്ക് ആദ്യമായിട്ട് ഒന്ന് വരാന്‍.


Next Story

Related Stories