TopTop
Begin typing your search above and press return to search.

പെണ്‍ശരീരം മിമിക്രിചെയ്യുന്ന ആണത്തം

പെണ്‍ശരീരം മിമിക്രിചെയ്യുന്ന ആണത്തം

പ്രകൃതി/ദൈവം അതിന്റെ നിഗൂഢതയിലൂടെ രൂപപ്പെടുത്തുന്ന നിയമങ്ങളിലൂടെയാണ് ശരീരവും ലിംഗവും സാധ്യമാകുന്നതെന്ന ചിന്തയിലാണ് ഇന്നും കേരളീയര്‍. സമൂഹത്തില്‍ ആണും പെണ്ണുമെന്ന രണ്ട് ലിംഗങ്ങളേയുള്ളൂവെന്നും വളരെ വ്യക്തമായ ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന പരസ്പരം ബന്ധമില്ലാത്ത സമാന്തരപാതകളാണ് ഇവയെന്നും ഏതാണ്ട് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. മൂര്‍ത്തമായ രൂപങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ശരീരങ്ങള്‍ ചലിക്കുന്നതെന്നും ഇത് പ്രകൃതി തന്നെ രൂപപ്പെടുത്തിയതാണെന്നും ഇവയിലൊന്നും ചെറിയ ഭേദഗതിപോലും സാധ്യമല്ലെന്നും നാം നിരന്തരം ഉരുവിടുന്നതായിക്കാണാം. അങ്ങനെ ശരീരവും ലൈംഗികതയും കൃത്യമായ അതിരുകള്‍ക്കകത്തെ അഭ്യാസമായി നാം മാറ്റിയിട്ടുണ്ട്. അതിലൂടെ അവയുടെ ചെറിയ ചോദ്യം ചെയ്യലുകള്‍പോലും നാം അനുവദിക്കുന്നുമില്ല. അതിശക്തമായി കടുത്ത അധികാര പ്രയോഗത്തിലൂടെ അത്തരം ലിംഗത്തിന്റെ പ്രശ്നവല്കരണങ്ങളെ നാം അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഈ ചിന്തകളിലൂടെയും സാമുഹ്യപ്രയോഗങ്ങളിലൂടെയും ഇതിലെ പ്രശ്നവല്കരണങ്ങളെ എതിര്‍ക്കുന്ന 'ശരീരതീവ്രവാദ'ത്തെ അഥവാ 'സദാചാരഭീകരത' നാം സൃഷ്ടിച്ചിട്ടുണ്ട്. പാരമ്പര്യത്തെയും മറ്റും സംരക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മതസംഘടനകളുടെ ഈ തീവ്രവാദം കാരണം നമ്മുടെ വര്‍ത്തമാനകാല അന്തരീക്ഷം കലുഷമായിരിക്കുന്നു. എന്നാല്‍ ലിംഗവും ശരീരവും ദൈവികമായതോ മാറ്റങ്ങള്‍ അസാധ്യമായതാണെന്നുമുള്ള ചിന്തയെ ഇന്ന് സാമുഹ്യചിന്തകര്‍ ചോദ്യം ചെയ്യുന്നു. സമൂഹത്തിലെ അധികാര പ്രത്യയശാസ്ത്രങ്ങള്‍ നിര്‍മിച്ചെടുക്കുന്ന ഒന്നാണ് ശരീരവും ലിംഗവും ലൈംഗികതയുമൊക്കെയെന്ന് വ്യക്തമാക്കപ്പെടുന്നു. പരസ്പരം ഇടകലരുന്ന, അയഞ്ഞ ഒന്നാണ് ശരീരമെന്ന ചിന്ത, വെറും കെട്ടയാടുന്ന പ്രച്ഛന്നവേഷമാണ് നമ്മുടെ പെണ്ണത്തവും ആണത്തവും മൂന്നാംലിംഗവും എന്നൊക്കെ വ്യക്തമാക്കുന്നു. മലയാളത്തിലെ ചില ആഖ്യാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഈ പ്രച്ഛന്നവേഷങ്ങള്‍ പേറിയ ശരീരങ്ങളെ കണ്ടുമുട്ടുകയും ശരീര / സദാചാര തീവ്രവാദത്തെ നോക്കി ചിരിക്കുകയും ചെയ്യാം.


1
ലിംഗത്തെ പ്രശ്നവല്‍കരിക്കുന്ന ചിന്തകളൊക്കെ പുതിയ കാലത്തിന്റെ സൃഷ്ടികളാണെന്നുള്ള സമീപനമാണ് പൊതുവേ കാണുന്നത്. എന്നാല്‍ ചരിത്രപരമായി വിവിധ കാലഘട്ടങ്ങളില്‍ ലിംഗത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ പഴയകാല സാമൂഹ്യഘടനയിലെ വ്യത്യസ്തമായ ദായക്രമങ്ങളും അവയെ കേന്ദ്രീകരിച്ച ലൈംഗികവ്യവസ്ഥകളും നമ്മുടെ വര്‍ത്തമാന ലൈംഗികസദാചാരത്തെ വല്ലാതെ പോറലേല്പിക്കുന്ന ഒന്നാണെന്നു കാണാന്‍ വലിയ കാഴ്ച ആവശ്യമില്ല. മരുമക്കത്തായത്തിലെ സ്ത്രീയവസ്ഥയുടെ വ്യത്യസ്തമായ പാഠങ്ങള്‍ സ്ത്രീകളുടെ വര്‍ത്തമാനത്തെ വല്ലാതെ തകര്‍ക്കുന്ന ഒന്നാണ്. ഇവയുടെ പുനര്‍വായനയിലൂടെ നമ്മുടെ ലിംഗപ്രശ്നങ്ങളുടെ വൈവിധ്യത്തെ തിരിച്ചറിയാനും വര്‍ത്തമാനത്തിലെ ലിംഗകോയ്മകളെ ചോദ്യം ചെയ്യാനും കഴയും. മതിലേരിക്കന്നി പൊലുള്ള നിരവധി കാവ്യങ്ങളിലെ ലിംഗത്തിന്റെ സന്ദിഗ്ധതകള്‍ സവിശേഷമായ വായന ഇന്ന് ആവശ്യപ്പെടുന്നു.

പതിനാറ് പതിനേഴ് നൂറ്റാണ്ടിലെ കേരളത്തിലെ കഥയാണ് മതിലേരിക്കന്നി എന്ന വടക്കന്‍ പാട്ടു കാവ്യം. കോലത്തിരി രാജാവിന്റെ തലമുറയില്‍പെട്ട ചിറക്കരവാഴുന്നവരും മതിലേരിയിലെ നാടുവാഴിയുടെ മകളായ മതിലേരിക്കന്നിയും തമ്മിലുള്ള ജീവിതമാണ് ഇതിലെ കഥാവസ്തു. മതിലേരിക്കന്നിയെ അച്ഛനായ നാടുവാഴി ചെറുപ്പത്തിലേ കളരിവിദ്യാഭ്യാസവും അയോധനകലയും നല്കിയാണ് വളര്‍ത്തിയത്. അവളെ ചിറക്കല്‍ വാഴുന്നവര്‍ കണ്ട് പ്രണയത്തിലാവുകയും ഭാര്യയാക്കുകകയും ചെയ്തു. ഇക്കാലത്ത് വേണാടിനെ ഓടനാട് ആക്രമിച്ചു. ചിറക്കല്‍ തമ്പുരാന്‍ വേണാടിനെ സഹായിക്കാനായി പോയി. എന്നാല്‍ യുദ്ധം നീണ്ടുനിന്നതിനാല്‍ അദ്ദേഹത്തിനു പെട്ടന്നു തിരികെ വരാന്‍ കഴിഞ്ഞില്ല. മൂന്നുവര്‍ഷങ്ങള്‍ കടന്നുപോയി. ഇക്കാലത്തിനിടയില്‍ അദ്ദേഹം കന്നിയ്ക്ക് യാതൊരു വിവരങ്ങളും അറിയിച്ചില്ല. കന്നിക്ക് ഇക്കര്യത്തില്‍ വലിയ കുണ്ഠിതമായിരുന്നു തന്റെ ഭര്‍ത്താവിന്റെ ചെയ്തികളെല്ലാം അവരെ വല്ലാതെ സംഘര്‍ഷത്തിലാക്കി. നിര്‍ദയനാണ് തന്റെ ഭര്‍ത്താവെന്നവര്‍ കരുതി. എന്നാല്‍ ഒടുവില്‍ അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് കന്നിക്കു വ്യക്തമായത്. തന്റെ ഭര്‍ത്താവ് കടുത്ത യുദ്ധത്തിനിടയലാണെന്നും കന്നിയെ ഈ വിവരം അറിയിച്ച് വേദനിപ്പിക്കരുതെന്നും അദ്ദേഹം നിരന്തരം എഴുതി അറിയിച്ചിരുന്നുവെന്നും അച്ഛന്‍ പറഞ്ഞ് അറിഞ്ഞപ്പോളാണ് കന്നിക്ക് തന്റെ ഭര്‍ത്താവിന്റെ സ്നേഹത്തിന്റെ ആഴം മനസിലായത്.

ആ കാലത്ത് വേണാട്ടില്‍ നിന്നൊരു ദൂതന്‍ കത്തുകൊണ്ടുവന്നു. ഓടനാടുമായുള്ള യുദ്ധത്തില്‍ വേണാടിന്റെ നല്ലൊരു ശതമാനം പടയാളികളും മരിച്ചെന്നും നല്ലൊരു പടനായരുണ്ടെങ്കില്‍ യുദ്ധമുഖത്തേക്കയക്കാനുമായിരുന്നു കത്തില്‍. കത്ത് വായിച്ച് കന്നി മടിച്ചു നിന്നില്ല. പുരുഷവേഷം കെട്ടി പടനായരായി പൊന്നന്‍ എന്ന പേരില്‍ ഭര്‍ത്താവിന്റെ യുദ്ധമുഖത്തേക്കു പോയി. പൊന്നന്‍ ചെന്ന് ഓടനാടിന്റെ സൈന്യത്തെ ഏഴുദിവസംകൊണ്ട് തകര്‍ത്ത് വേണാടിനെ വിജയിപ്പിച്ചു. ശക്തമായ നേതൃത്വമാണ് പൊന്നനെന്ന കന്നി നല്കിയത്. യുദ്ധം കഴിഞ്ഞ് വേണാട്ടില്‍ പല പരിഷ്കാരങ്ങളും പൊന്നന്റെ നേതൃത്വത്തില്‍ തമ്പുരാന്‍ വരുത്തി. പൊന്നന് തന്റെ സ്ത്രീയവസ്ഥ വെളിവാക്കാനും കഴിഞ്ഞില്ല. ഇതിനിടെ തമ്പുരാന്റെ നേര്‍ പെങ്ങള്‍, പൊന്നനെ പ്രണയിക്കാന്‍ തുടങ്ങി. പ്രണയത്തിന്റെ തീവ്രത മനസിലാക്കിയ പൊന്നന്‍ മതിലേരിയിലേക്കു ഒളിച്ചോടി. പൊന്നനെ തേടി തമ്പുരാനും പോയി. തമ്പുരാനെകണ്ട് ചൂരിയമണിക്കോവിലത്തെ കന്നി സ്നേഹിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ അവളുടെ സ്നേഹത്തെ അവളുടെ അമ്മ, അദ്ദേഹം മതിലേരിക്കന്നിയുടെ ഭര്‍ത്താവാണെന്നു പറഞ്ഞ് തടഞ്ഞു. ചൂരിയമണിക്കന്നിക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ മതിലേരിക്കന്നിയില്‍ നിന്ന് തമ്പുരാനെ തട്ടിയെടുക്കാന്‍ ശ്രമം തുടങ്ങി. ഇതിനിടെ രണ്ടും കന്നിമാരും ഒരു ക്ഷേത്രയാത്രയില്‍ കൂടിക്കാണുകയും പൂരം നോല്‍മ്പ് നോക്കുന്നതിനെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. പൂരത്തിന്റെ മൂന്നുദിവസം മുമ്പേ മതിലേരിക്കന്നിയുടെ കോവിലകത്തു ചെന്ന ചൂരിയമണിക്കന്നി പൂരം അടയില്‍ വിഷം ചേര്‍ത്ത് മതിലേരിക്കന്നിയെ കൊന്നു. വിഷം ചേര്‍ന്ന അട കഴിച്ച് തമ്പുരാന്റെ മടയില്‍ കിടന്ന് മരിക്കുമ്പോള്‍ താനാണ് പൊന്നനെന്ന പടയാളിയായി വന്നതെന്നും അങ്ങനെ ചെയ്തതില്‍ പൊറുക്കണമെന്നും പറഞ്ഞ് മാപ്പു ചോദിച്ചു. പൂരം തീരുന്ന നാളുതന്നെ തമ്പുരാനും മരിച്ചു. ഈ ദുരന്തകാവ്യത്തിലെ പ്രസക്തമായ സംഗതി കന്നിയെന്ന ഭാര്യ പൊന്നനെന്ന പേരില്‍ പുരുഷ വേഷം കെട്ടി ജീവിക്കുന്നതും കടുത്ത യുദ്ധം ചെയ്ത് രാജ്യത്തെ രക്ഷിക്കുന്നതുമാണ്. പിന്നെ വളരെക്കാലം അവള്‍ പുരുഷനായാണ് കഴിഞ്ഞത്.

സ്ത്രീക്ക്, യാതൊരു സംശയവും ജനിപ്പിക്കാതെ വിധം പുരുഷനായി വേഷം കെട്ടി ജീവിക്കാമെന്നും ലിംഗം ജന്മനാകിട്ടുന്ന ശരീരത്തെ ആധാരമാക്കുന്നതല്ലെന്നും മറിച്ച് ശരീരത്തിനു മീതെ കെട്ടുന്ന വേഷത്തെ അനുസരിച്ചാണത് പ്രകാശിപ്പിക്കപ്പെടുന്നതെന്നുമാണ് ഇക്കഥ വ്യക്തമാക്കുന്നത്. വെറും വേഷം കെട്ടല്‍ മാത്രമല്ല, മറിച്ച് പൊതുവില്‍ പുരുഷനുമാത്രമായി നീക്കിവച്ചിരിക്കുന്ന ആയോധനകലയില്‍ ഏര്‍പ്പെട്ട് പുരുഷന്മാര്‍ പരാജയപ്പെട്ടിടത്ത് പതിനായിരക്കണക്കിന് പട്ടാളത്തെ കൊന്നൊടുക്കി തന്റെ രാജ്യത്തെ വിജയിപ്പിക്കുയകയും ചെയ്യുന്നു കന്നി. പുരുഷന്‍/ സ്ത്രീ എന്നിങ്ങനെ നാം കല്പിക്കുന്ന വ്യതാസങ്ങളെല്ലാം ഇവിടെ വല്ലാതെ തകര്‍ക്കപ്പെടുന്നു. ശരീരം/ ലിംഗം ഒരു വേഷം കെട്ടലാണെന്നും അതിന്മേല്‍ കെട്ടിയുയര്‍ത്തപ്പട്ടിരിക്കുന്ന ധര്‍മങ്ങളും ലിംഗപദവികളുമെല്ലാം കേവലമായ സാമൂഹ്യ സൃഷ്ടികളാണെന്നും കൃത്യമായി വിളിച്ചു പറയുന്നു മതിലേരിക്കന്നിയുടെ ശക്തമായ പുരുഷ വേഷം. ജൂഡിത് ബട്‌ലര്‍, ജൂഡിത്ത് ഹാല്‍ബര്‍സ്റ്റാം തുടങ്ങിയവര്‍ ഇത്തരത്തില്‍ യൂറോപ്പിലെ സ്ത്രീ ജീവിതങ്ങളെ വിശകലനം ചെയ്ത് ലിംഗം വേഷം കെട്ടലാണെന്നു സമര്‍ഥിക്കുന്നത് ഇവിടെ കൂട്ടിച്ചേര്‍ക്കാം. ഇത്തരത്തില്‍ നിരവധി നാട്ടുകഥകളും പാട്ടുകളും നമ്മുടെ സംസ്കാരത്തിന്റെ അടിത്തട്ടിലുണ്ടെന്നറിയുമ്പോഴാണ് ലിംഗത്തിന്റെ രാഷ്ട്രീയം സങ്കീര്‍ണമാകുന്നത്. ആധുനികതയില്‍ നമ്മുടെ ലിംഗ ചിന്തകള്‍ എപ്രകാരം മാറ്റിമറിക്കപ്പെട്ടു എന്നു ബോധ്യമാകുന്നതും. ലിംഗപരമായി സാമൂഹ്യ ഘടനയില്‍ നിലനിന്ന 'അയഞ്ഞ' മട്ടുകളെല്ലാം ആധുനികത/ നവോത്ഥാനം കൊളോണിയല്‍ സദാചാരത്തിലൂടെ ഏകശിലാത്മകമാക്കി അടിച്ചമര്‍ത്തി എന്ന വസ്തുത നാം കാണുന്നു. നമ്മുടെ ആധുനികതയുടെ ലിംഗത്തെ, ഇത്തരം നാട്ടുകഥകളിലൂടെ പുനര്‍വായിക്കേണ്ടിയിരിക്കുന്നു.

2

മതിലേരിക്കന്നിപോലെ പുതിയ കാലത്ത്, സ്ത്രീകള്‍ പുരുഷ വേഷം കെട്ടുന്ന നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ട്. പൊന്നാപുരം കോട്ട (1973), അമ്മയാണെ സത്യം(1993), കണ്‍മണിയെന്ന വേലക്കാരിയുടെ കഥ പറയുന്ന രസതന്ത്രം (2006), ദയ (1998), എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ പെണ്ണിന്റെ ശരീരത്തില്‍ കെട്ടിയാടുന്ന ആണ്‍ വേഷങ്ങളാണ്. നിലവിലുള്ള കലാചരിത്രം പരിശോധിച്ചാല്‍ നാടകത്തിലും മറ്റും പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടയ ചരിത്രമാണ് ഏറെ കാണുന്നത്. നാടകത്തില്‍ സ്ത്രീ വേഷം കെട്ടി ജീവിതത്തിലും സ്ത്രീയായി സമൂഹം കരുതിയ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം ഒരുദാഹരണമാണ്. പില്‍ക്കാലത്ത് നാടകത്തിലേക്കു വന്ന സ്ത്രീകളോട് വേലുക്കുട്ടിയെ പോലെ അഭിനയിക്കണമെന്നു സംവിധായകര്‍ പറഞ്ഞിരുന്നാതയി പലരും പറഞ്ഞിട്ടുണ്ട്. സിനിമയിലും പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടുന്നതായി കാണാം. നീണ്ടതലമുടിയും മുലയും വച്ചുകെട്ടുന്നതോടെ ഏതു പുരുഷനും സ്ത്രീയായി മാറുന്നതായിട്ടാണ് ഈ കാഴ്ച. അതായത് സ്ത്രീത്വമെന്നു പറയുന്നത് വളരെ നിസാരമാണെന്നും പുരുഷന് തന്റെ ശരീരത്തില്‍ വളരെ നിഷ്പ്രയാസം അഭിനയിക്കാവുന്ന ഒന്നാണ് സ്ത്രീത്വമെന്നുമാണ് ഈ കാഴ്ചകളുടെ രാഷ്ട്രീയം. ഈ ചരിത്രങ്ങളെ വല്ലാതെ ഉലയ്ക്കുകയാണ് സ്ത്രീകള്‍ കെട്ടുന്ന പുരുഷ വേഷം. മലയാള സിനിമായുടെ പുരുഷാധിപത്യ വ്യവസ്ഥയോട് കൂട്ടിയിണക്കുകയാണ് ഈ ചിത്രങ്ങളെങ്കിലും ഇവയുടെ പ്രസക്തി വീണ്ടും വായിക്കേണ്ടതുണ്ട്.


അമ്മയാണെ സത്യം എന്ന ചിത്രം പാര്‍വതിയെന്ന കോവിലകത്തെ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള പലായനത്തിന്റെ കഥയാണ്. തന്നെ തിരിച്ചറിയാതിരിക്കാന്‍ അവള്‍ ആണ്‍കുട്ടിയായി മാറുന്നു, തോമസ് എന്ന പേരില്‍. ഓമനക്കുട്ടനും കൂട്ടുകാരും താമസിക്കുന്നിടത്ത് വന്ന് വേലയ്ക്കു നില്ക്കുന്നതാണ് കഥ. ആണ്‍കുട്ടിയെപ്പോലെ പെരുമാറുകയും വേഷം ധരിക്കുകയും ഒക്കെ ചെയ്യുന്ന അവളുടെ പെണ്ണത്തം ഒരുനാള്‍ ഓമനക്കുട്ടന്‍ ഒളിഞ്ഞുനോക്കി കണ്ടെത്തുന്നതാണ് കഥയുടെ തിരിവ്. ഇതിനിടയില്‍ അയല്‍പ്പക്കത്തെ ഒരു പെണ്‍കുട്ടിയുമായി തോമസ് പ്രണയത്തിലാകുന്നുണ്ട്. ക്രമേണ അവളുടെ ആണത്തത്തിനു നിലനില്‍ക്കാന്‍ കഴിയാതെ വരുന്നു. മൂന്നു പുരുഷന്മാരുടെ നടുവില്‍ അവളുടെ വേഷംകെട്ടല്‍ ക്രമേണ അഴിഞ്ഞഴിഞ്ഞു വരുന്നു. ഒടുവില്‍ എല്ലാവരുടെയും മുമ്പില്‍ അവള്‍ തന്റെ 'യഥാര്‍ഥ' പെണ്‍സ്വത്വം വെളിപ്പെടുത്തുന്നു. പുരുഷത്വം പൂര്‍ണമായും ഉള്‍പ്പേറാന്‍ കഴിയുന്നതല്ല സ്ത്രീത്വം അല്ലെങ്കില്‍ ഇങ്ങനെ ലിംഗപരമായ മാറ്റിമറിക്കല്‍ ശരിയല്ല എന്ന് ഈ ചിത്രം വിളിച്ചു പറയുന്നു. ഉഭയലിംഗത്വവും അതിലൂടെയുള്ള ജീവിതവും അസാധ്യമാണെന്നും ഏതെങ്കിലും ഒരു ലിംഗാവസ്ഥ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ടെന്നും പാര്‍വതിയുടെ കഥ വ്യക്തമാക്കുന്നു.

എന്തൊക്കെ ചെയ്താലും ഒഴിഞ്ഞുപോകാത്ത ജൈവികതയുള്ള ഒന്നാണ് സ്ത്രൈണതയും പുരുഷത്വവും എന്ന മട്ടിലാണ് സിനിമകള്‍ ഈ പ്രശ്നം അവതരിപ്പിക്കുന്നത് .എന്നാല്‍ അറബിക്കഥയില്‍ നിന്നെടുത്തിച്ചുള്ള ദയ എന്ന സിനിമ മറ്റെല്ലാക്കാഴ്ചകളെയും വ്യക്തമായിത്തന്നെ മറികടക്കുന്നതു കാണാം. സമുറൂദ് എന്ന ബുദ്ധിമതിയായ പെണ്‍കുട്ടി സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് രക്ഷപെടാനായി പുരുഷനാവുകയും ഒടുവില്‍ നാട്ടിലെ മന്ത്രിയാവുകയും ചെയ്ത് പുരുഷനേക്കാള്‍ മികച്ച നിലയില്‍ ഭരണാധികാരിയാവുകയും ചെയ്യുന്ന കഥ ലിംഗത്തിന്റെ നിലവിലുള്ള സമവാക്യങ്ങളെയും മുന്‍വിധികളെയും കൃത്യമായി ആക്രമിക്കുന്നു.സ്ത്രീകള്‍ പുരുഷവേഷം കെട്ടുന്നത് കേവലം നേരമ്പോക്ക് എന്നതിനെ റദ്ദാക്കി പുരുഷത്വത്തിന്റെ ഘടനയെയും ശരീരീത്തിന്റെ രാഷ്ട്രീയത്തെയും അഴിച്ചെടുക്കുന്ന സവിശേഷമായ പ്രയോഗമായി മാറുന്നത് ഇതില്‍ കാണുന്നു. ജവാന്റെ തടവില്‍ നിന്ന് പുരുഷനായി രക്ഷപെടുന്ന ദയ ലവലേശംപോലും സ്ത്രൈണത തന്റെ ശരീരത്തിന്റെ പുറം കാഴ്ചയില്‍ ബാക്കിവയ്ക്കുന്നില്ല. മലയാളത്തിലെ സിനിമകളില്‍ സ്ത്രീ പുരുഷനാകുമ്പോള്‍ മിക്കപ്പോഴും അവരുടെ ശരീരത്തിലെ സ്ത്രീത്വം പുറം കാഴ്ചയിലും ഇടയ്ക്കിടയ്ക്കു പ്രത്യക്ഷപ്പെടുന്നതു കാണാം.

സ്ത്രൈണതയുടെ, സൗന്ദ്യര്യവല്ക്കരണത്തിന്റെയും ലൈംഗികതയുടെയും മാതൃത്വത്തിന്റെ ആദര്‍ശവല്ക്കരിച്ച പ്രതീകവുമായി കൊണ്ടാടുന്ന മാറിടം വലിയൊരു പ്രശ്നമാണ് എന്നതാണ് ഈ ചിത്രങ്ങളുടെ പൊതു (പുരുഷ) കാഴ്ചപ്പാട്. അങ്ങനെ സ്ത്രീയുടെ ശരീരമെന്നത് പ്രത്യേകമായ ഒന്നാണ് എന്നു പറയാന്‍ ശ്രമിക്കുന്ന ഇത്തരം യുക്തികളെ പാടേ നിരാകരിക്കുകയാണ് മഞ്ജുവിന്റെ ആണ്‍വേഷം. തന്റെ കൊട്ടാരത്തില്‍ മന്‍സൂറിനെയോര്‍ത്ത് വിഷാദിച്ചരിക്കവേ ദൂരെ മന്‍സൂര്‍ വരുന്നതു കാണുമ്പോള്‍ അവള്‍ താനപ്പോള്‍ അണിഞ്ഞിരുന്ന പെണ്‍വേഷം മാറ്റി ആണായി പുറത്തേക്ക് ഓടുന്നു. ഈ വേഷമാറ്റത്തിന് ഒരു പ്രയാസവുമില്ലെന്നതാണ് ഏറെ ശ്രദ്ധിക്കേണ്ടത്. തയ്യാറാക്കിയിരിക്കുന്ന മീശ ഒട്ടിക്കുന്നു, മുടികെട്ടി തലപ്പാവ് വയ്ക്കുന്നു, മേല്‍ക്കുപ്പായം ഇടുന്നു. ഇത്രയുംകൊണ്ട് പുറം വേഷത്തില്‍ ആണാകുന്നുവെങ്കിലും സാധാരണ സിനിമകളില്‍ പൊതുവേ ഇത്രയുമാണ് കാണുന്നതെങ്കിലും ഇവിടെ മറ്റൊന്നു കൂടി കാണുന്നുണ്ട്, അവളുടെ ശരീരം ആണത്തത്തിലേക്ക് പകര്‍ന്നാടുന്നു എന്നതാണത്. ആണിന്റെ ശരീരത്തിനുള്ളതെന്നു പറയുന്ന ശാരീരിക ചലനങ്ങളിലേക്ക് അവള്‍ നിമിഷം കൊണ്ട് വഴുതുന്നു. അതായത് ഒരുതരത്തിലുള്ള ഏകാംഗാഭിനയം പോലെയാണ് (Monoact) അവളുടെ ലിംഗജീവിതം. അതുകൊണ്ടാണ് ആണുങ്ങള്‍ നടത്തുന്ന എല്ലാ കാര്യങ്ങളും - കുതിരയെ ഓടിക്കുക, അമ്പെയ്യുക, യുദ്ധംചെയ്യുക- അവള്‍ക്ക് അനായാസമായി ചെയ്യാന്‍ കഴിയുന്നത്. അവളുടെ മാറിടം ഒരുതരത്തിലും ബാധ്യതയാകുന്നുമില്ലതാനും, മതിലേരിക്കന്നിയെപോലെ.


നിമിഷം കൊണ്ട് സ്ത്രീയില്‍ നിന്ന് ആണാകുന്ന അവള്‍ തിരിച്ച് തന്റെ പുരുഷത്വത്തില്‍ നിന്ന് സ്ത്രീയിലേക്കും വരുന്നുണ്ട്. അപ്പോള്‍ ചെയ്യുന്നത് തന്റെ തലപ്പാവും മീശയും മാറ്റുക മാത്രമാണ്. ഒപ്പം തന്റെ സ്ത്രീത്വത്തിന്റെ കീഴായ്മയെ ശരീരത്തിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. ദയയുടെ അവസാന ഭാഗം അതാണ് കാണിക്കുന്നത്. അതായത് രൂപത്തില്‍ സ്ത്രീയായിരിക്കുമ്പോള്‍ അവള്‍ക്ക് പുരുഷഭാവം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. സ്ത്രീയായിരിക്കവേ പുരുഷഭാവം പ്രകടിപ്പിക്കുന്ന നിരവധി സ്ത്രീകള്‍ സമൂഹത്തിലുണ്ട്. എന്നാല്‍ പുരുഷനായിരിക്കുമ്പോള്‍ പുരുഷത്വവും സ്ത്രീയായിരിക്കുമ്പോള്‍ പുരുഷന്‍ നിശ്ചയിച്ച സ്ത്രൈണതയും അഭിനയിക്കുന്ന ദയ ലിംഗത്തിന്റെ എല്ലാ പുരുഷ നിര്‍വചിത സമവാക്യങ്ങളെയും ഉല്ലംഘിച്ചുകൊണ്ട് പുരുഷത്വത്തെ സ്ത്രീത്വത്തിനുള്ളില്‍ അനായാസം അഭിനയിക്കാവുന്ന ഒന്നാണെന്ന് വ്യക്തമായിത്തന്നെ ദൃശ്യവല്കരിക്കുന്നു. എന്നാല്‍ കഥാന്ത്യത്തില്‍ അവളും അവളുടെ പെണ്ണത്തത്തിലേക്കു മടങ്ങുന്നതാണ് കാണുന്നത്. അടിസ്ഥാനപരമായി ലിംഗാവസ്ഥ ജൈവികമായ ഒന്നാണെന്നും ആന്തരികമായി പുരുഷത്വം ആര്‍ജിക്കാന്‍ സ്ത്രീക്കു കഴിയില്ലെന്നും പറയുകയാണ് പുരുഷന്മാരെടുത്ത ഈ ചിത്രങ്ങള്‍. അതായത് ആണത്തമെന്നത് വളരെ 'വലിയ' ഒരു ശേഷിയാണെന്നും 'ദുര്‍ബലരായ' സ്ത്രീകളുടെ ശരീരത്തിനത് സാധ്യമല്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം പുരുഷന്‍ സ്ത്രീകളാകുന്ന നിരവധി ആഖ്യാനങ്ങള്‍ കൂടി ഇവിടെ താരതമ്യം ചെയ്താല്‍ ഇതിന്റെ മറുവശം കാണാം. ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ദിലീപ് അടക്കമുള്ള (ഹാസ്യ)താരങ്ങള്‍ മിക്കവരും മിക്കചിത്രങ്ങളിലും പെണ്‍വേഷം കെട്ടുന്നതു കാണാം. അതൊക്കെ ക്ഷണികമായ നേരമ്പോക്കിന്റെ യുക്തിയിലാണ്, ആണുങ്ങള്‍ക്ക് സ്ത്രൈണത വളരെവേഗം ആര്‍ജിക്കാവുന്ന നിസാരതയാണെന്നാണ് ഈ ദൃശ്യതയുടെ കാതല്‍.

മതിലേരിക്കന്നി പോലെയുള്ള കാവ്യങ്ങളും പാട്ടുകളും കഥകളും ദയപോലുള്ള സിനിമകളും ചരിത്രപരമായി ലിംഗത്തിന്റെയും ശരീരത്തിന്റെയും പ്രശ്നവല്കരണത്തെയാണ് വിളിച്ചു പറയുന്നത്. ആത്യന്തികമായി ആണത്തം അനന്യമായ സ്വത്വമാണെന്നു പ്രഖ്യാപിക്കുകയാണ് ഈ വ്യവഹാരങ്ങളെങ്കിലും ആണത്തത്തെ ദുര്‍ബലരായ സ്ത്രീകള്‍ തങ്ങളുടെ ശരീരത്തില്‍ പേറിനടക്കുന്നത് ആവിഷ്കരിക്കുന്ന നിമിഷങ്ങളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. അഭിനയിക്കപ്പെടുന്നതാണ് ആണത്തവും പെണ്ണത്തവുമെന്ന കാഴ്ച ശരീരത്തിന്റെ ജൈവികതയെ എറിഞ്ഞുടയ്ക്കുന്ന കല്ലുകളാണ്. സ്ത്രീയുടെ ശരീരത്തിനുള്ളില്‍ അഭിനയിക്കപ്പെടുന്ന ആണത്തം കേരളീയമായ പുരുഷാധിപത്യത്തിന്റെ അധികാര നാട്യങ്ങളെ ശക്തമായി ഉലയ്ക്കുവാനുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നതാണ് പ്രസക്തം. ലിംഗം, ലൈംഗികത, ശരീരം, സദാചാരം എന്നിവയുടെ നിലവിലെ അലംഘ്യമെന്നു പറയുന്ന നിയമങ്ങളെ നോക്കി പൊട്ടിച്ചിരിക്കുവാന്‍ പ്രേരിപ്പിക്കുന്നു ഈ മിമിക്രികള്‍.

പെണ്ണും ആണും വേറിട്ട ഇടത്തുതന്നെ കഴിയണമെന്നും അധികം കൂടിക്കുഴയലുകള്‍ അനുവദിക്കരുതെന്നും ഹസ്തദാനവും കെട്ടിപ്പിടിത്തവും ചുംബനങ്ങളും അധികം പാടില്ലെന്നും നിരന്തരം പഠിപ്പിക്കപ്പെടുന്ന നമ്മുടെ പുരുഷ സദാചാര ഭീകരതാ പരിസരത്തില്‍ ഈ നാട്യങ്ങള്‍ അവയോടുള്ള കൊഞ്ഞനം കുത്തലായി മാറുന്നു. സ്വന്തം ശരീരത്തിലേക്കു നോക്കി ഈ മിമിക്രി ചിരിക്കു മലയാളി സന്നദ്ധരാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.....

പുസ്തകം: മതിലേരിക്കന്നി- (സമ്പാ.) ടി എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍


Next Story

Related Stories