TopTop
Begin typing your search above and press return to search.

അര്‍ജന്റീന തോറ്റാലും മെസിയുടെ പിറന്നാള്‍ ഈ ചായക്കടക്കാരന്‍ കേമമാക്കും

അര്‍ജന്റീന തോറ്റാലും മെസിയുടെ പിറന്നാള്‍ ഈ ചായക്കടക്കാരന്‍ കേമമാക്കും

ക്രൊയേഷ്യയോട് 3-0 ത്തിന് അര്‍ജന്റീന പരാജയപ്പെട്ടത് അയാളെ തകര്‍ത്തുകളഞ്ഞു, പക്ഷേ സ്വന്തം വീടിന് അര്‍ജന്റീന പതാകയുടെ വെള്ളയും നീലയും ചായമടിച്ച ഷിബു ശങ്കര്‍ പാത്ര എന്ന കടുത്ത ആരാധകന് എല്ലാ വര്‍ഷത്തെയും പോലെ ലയണല്‍ മെസിയുടെ ജന്‍മദിനമാഘോഷിക്കാന്‍ അതൊന്നും തടസമല്ല.

ലോകകപ്പില്‍ ആദ്യമായി കളിക്കുന്ന ഐസ്ലാന്റിനോട് 1-1 സമനില വഴങ്ങിയതിന് ശേഷം തെക്കേ അമേരിക്കയിലെ പന്തുകളി ഭീമന്‍മാര്‍ ദയനീയമായ ഒരു പ്രകടനത്തിലൂടെ റഷ്യന്‍ ലോകകപ്പിലെ തങ്ങളുടെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിന്റെ നൂല്‍പ്പാലത്തില്‍ തൂക്കിയിട്ടിരിക്കുകയാണ്. ഇനിയിപ്പോള്‍ ഗ്രൂപ് ഡി-യിലെ മറ്റ് മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാണ് അര്‍ജന്റീനയുടെ ഈ ലോകകപ്പിലെ ഭാവി. മാത്രവുമല്ല, നൈജീരിയയുമായി നടക്കാനുള്ള കളിയില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇനിയവരെ തുണയ്ക്കില്ല.

''ഞാന്‍ ക്രൊയേഷ്യക്കെതിരായ കളി കണ്ടില്ല, എന്റെ മകളോട് കാണാന്‍ പറഞ്ഞു. ഞാന്‍ കണ്ടില്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ ജയിച്ചേക്കും എന്നെനിക്ക് തോന്നി. അന്ധവിശ്വാസങ്ങളാണ്, അല്ലേ,'' പാത്ര പറഞ്ഞു.

നോര്‍ത്ത് 24 പര്‍ഗാനയിലെ നവാബ്ഗഞ്ച് ടൌണ്‍ഷിപ്പില്‍ ഒരു ചായക്കട നടത്തുന്ന ഈ 53-കാരന്‍ ഇത്തവണ റഷ്യയിലേക്ക് പോകാന്‍ 60,000 രൂപ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അവിടെപ്പോയി കളി കാണാന്‍ ഈ കാശ് തികയില്ല എന്നു ഒരു ട്രാവല്‍ ഏജന്‍സിക്കാരന്‍ പറഞ്ഞപ്പോള്‍ പാത്ര മറ്റൊന്നും ആലോചിച്ചില്ല; ആ കാശിന് തന്റെ മൂന്നുനില കെട്ടിടത്തിന് വെള്ളയും നീലയും ചായമടിച്ചു. എല്ലാ നാലുകൊല്ലം കൂടുമ്പോഴും ലോകകപ്പ് വരുമ്പോള്‍, താഴത്തെ നിലയില്‍ ചായക്കട നടത്തുന്ന പാത്ര കെട്ടിടത്തിനെ അര്‍ജന്റീനയുടെ പതാക നിറങ്ങള്‍ പൂശാറുണ്ട്.

ജൂണ്‍ 24 മെസ്സിയുടെ ജന്മദിനം, പാത്രയും കുടുബവും-ഭാര്യ സ്വപ്ന 20-കാരിയായ മകള്‍ നേഹ, 10 വയസുകാരന്‍ ശുഭം- ഗംഭീരമായി ആഘോഷിക്കും.

''ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ല,'' നേഹ പറയുന്നു.

2012 മുതല്‍ മെസിയുടെ ജന്‍മദിനം കേക് മുറിച്ചും അയല്‍പക്കത്തെ കുട്ടികള്‍ക്ക് മധുരവും വസ്ത്രങ്ങളും വിതരണം ചെയ്തും പാത്ര കുടുംബം ആഘോഷിക്കുന്നു. ഇത്തവണ കുട്ടികള്‍ക്ക് 100 അര്‍ജന്റീന ജഴ്‌സി നല്‍കാനാണ് പരിപാടി.

സ്ഥലം എം എല്‍ എമാര്‍ക്കൊപ്പം ഇന്ത്യയുടെ U-17 ലോകകപ്പ് സംഘത്തിലെ മുന്നേറ്റനിര കളിക്കാരന്‍ റാഹീം അലിയും ചടങ്ങിലുണ്ടാകും. മെസിക്ക് 31 തികയുമ്പോള്‍ 31 പൌണ്ട് വിലയുള്ള കേക്കാണ് മുറിക്കുന്നത്. ''ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. അതേ, ഞങ്ങല്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്. പരിശീലകന്‍ (ജോര്‍ജ് സാംപോളി) കളിക്കാരെ ഉപയോഗിച്ച രീതി, എനിക്കിഷ്ടമായില്ല. മെസിക്ക് പന്ത് കാണാന്‍ പോലും കിട്ടിയില്ല, ഒരു ഗെയിം പ്ലാനും ഉണ്ടായിരുന്നില്ല.''

''അര്‍ജന്റീനയെയും മെസിയേയും പിന്തുണയ്ക്കുന്നത് ഞങ്ങല്‍ക്ക് നിര്‍ത്താനാകില്ല. അത് ഞങ്ങളുടെ രക്തത്തിലുള്ളതാണ്. ജന്മദിനാഘോഷങ്ങള്‍ മുന്‍ നിശ്ചയിച്ച പോലെ നടക്കും. വിജയിച്ചെങ്കില്‍ അത് കൂടുതല്‍ മധുരതരമായേനെ എന്നതില്‍ സംശയമില്ല. അടുത്ത തവണ എന്ന സാധ്യത എപ്പോഴുമുണ്ട്,'' കടുത്ത അര്‍ജന്റീന ആരാധികയായ നേഹ പറഞ്ഞു. വെള്ളിയാഴ്ച്ച അച്ഛന്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും ഏറെ നിര്‍ബന്ധിച്ചപ്പോഴാണ് കഴിച്ചത് എന്നുംകൂടി നേഹ പറഞ്ഞു.

''ഞാന്‍ വളരെ ദുഖിതനാണ്. അതെത്രയാണെന്ന് എനിക്ക് പറയാന്‍ പോലുമാകില്ല. അര്‍ജന്റീന എന്റെ ജീവനാണ്. അതുകൊണ്ടാണ് ഞാനവരുടെ നിറങ്ങള്‍ എന്റെ വീടിന് പൂശിയത്.'' ''ഞാന്‍ അര്‍ജന്റീനയില്‍ നിന്നും തീര്‍ച്ചയായും മെസിയില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നു. ജൂണ്‍ 26-നു നൈജീരിയയുമായുള്ള അവരുടെ കളി ഞാന്‍ എന്തായാലും കാണും,'' ശിബ് പാത്ര പറഞ്ഞു.


Next Story

Related Stories