TopTop
Begin typing your search above and press return to search.

മാനേജ്മെന്റും പോലീസും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കി; ഭാവി വഴിമുട്ടി മാള മെറ്റ്സ് കോളേജ് വിദ്യാര്‍ത്ഥികള്‍

മാനേജ്മെന്റും പോലീസും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കി; ഭാവി വഴിമുട്ടി മാള മെറ്റ്സ് കോളേജ് വിദ്യാര്‍ത്ഥികള്‍

' വിദ്യാര്‍ഥികളായ ഞങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല കോളേജില്‍ സംഭവിച്ചത്. മാനേജ്‌മെന്റും പോലീസും ചേര്‍ന്ന് അതിനുംമാത്രം ഞങ്ങളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി, പീഡിപ്പിച്ചു. ആത്മഹത്യയെക്കുറിച്ച് പോലും ഞങ്ങള്‍ ചിന്തിച്ചു. ഞങ്ങളുടെ ഭാവിയെക്കുറിച്ച് സ്വപ്‌നം കണ്ട് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് പഠിക്കാനയച്ച വീട്ടുകാരെ ഓര്‍ത്തിട്ട് മാത്രമാണ് അത് ചെയ്യാതിരുന്നത്. പക്ഷെ ഇനി ഞങ്ങള്‍ പിന്നോട്ടില്ല. നീതി കിട്ടും വരെ പോരാടും' പ്രതിസന്ധികളില്‍ വീണ് പോവാതെ പോരാടാന്‍ സ്വയം ആര്‍ജ്ജിച്ചെടുത്ത ധൈര്യത്തില്‍ നിന്നാണ് തൃശൂര്‍ മാള മെറ്റ്‌സ് എഞ്ചിനീയറിങ് കോളേജിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥി സാജന്‍ സാഗര്‍ ഇന്നിത് പറയുന്നത്. ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയായ സാജനുള്‍പ്പെടെയുള്ള എട്ട് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ആഴ്ചകളില്‍ നേരിടേണ്ടി വന്നത് അവരുടെ ഭാവി തന്നെ ഇല്ലാതാക്കുന്ന കാര്യങ്ങളാണ്. കോളേജ് മാനേജ്‌മെന്റിന്റെ നടപടികളെ ചോദ്യം ചെയ്താല്‍ അത് ചെയ്യുന്നവരെ കള്ളക്കേസില്‍ പെടുത്തുമോ? വ്യക്തമായ പരാതിയില്ലാത്ത ഒരു കേസില്‍ പോലീസുകാര്‍ ഇവരെ വേട്ടയാടുമോ? ഇതെല്ലാം ശരിവയ്ക്കുന്ന കാര്യങ്ങളാണ് മാള മെറ്റ്‌സ് കോളേജില്‍ നടന്നത്. മാനേജ്‌മെന്റിനെതിരെ സംസാരിച്ചതിന് തങ്ങള്‍ക്കെതിരെ വ്യാജ പരാതികള്‍ ഉന്നയിച്ച് കോളേജ് അധികൃതര്‍ മാനസികമായി ഇല്ലായ്മ ചെയ്യുകയാണെന്ന ആരോപണവുമായി കോളേജിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്.

മാനേജ്‌മെന്റിനെതിരെ സംസാരിക്കുകയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ സമരം നയിക്കുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടികളുമായി മാനേജ്‌മെന്റും കോളേജ് അധികൃതരും എത്തിയപ്പോള്‍ അതിത്രത്തോളം വലിയ പ്രശ്‌നങ്ങള്‍ തങ്ങളുടെ ജീവിതത്തിലുണ്ടാക്കുമെന്ന് വിദ്യാര്‍ഥികള്‍ കരുതിയിരുന്നില്ല. പെണ്‍കുട്ടികള്‍ വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞ് നോക്കിയെന്ന വ്യാജ ആരോപണവുമായാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികളെ വെട്ടിലാക്കിയത്.

'കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കോളേജ് മാനേജ്‌മെന്റില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കും ചില അധ്യാപകര്‍ക്കും പുറത്ത് പറയാന്‍ പറ്റാത്ത വിധത്തിലുള്ള പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് നടന്നു വരുന്നത്. വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുണ്ടാവുന്ന ചെറിയ പിഴകള്‍ക്ക് പോലും വലിയ തുക പിഴ ചുമത്തുക എന്നതായിരുന്നു ഇവിടുത്തെ രീതി. കഞ്ചാവും മറ്റ് ലഹരി പാര്‍ഥങ്ങളും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ കോളേജിലുണ്ട്. എന്നാല്‍ ഇവരെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിക്കാതെ പതിനായിരം മുതല്‍ പിഴ ചുമത്തി ഇവരെ കോളേജില്‍ തുടരാന്‍ അനുവദിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. പിഴയായി വലിയ തുക കിട്ടുമെന്നതിനാല്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരും ഒത്താശ ചെയ്യുകയാണ്. വസ്ത്രധാരണത്തിന്റെ പേരില്‍ പോലും വന്‍പിഴകള്‍ ചുമത്തുക, വിദ്യാര്‍ഥികള്‍ക്ക് താത്പര്യമില്ലാത്ത, സിലബസില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കോഴ്‌സുകള്‍ക്ക് നിര്‍ബന്ധപൂര്‍വ്വം ഭീഷണിപ്പെടുത്തി ചേര്‍ക്കുക അങ്ങനെ മാനേജ്‌മെന്റിന്റെ പീഡനങ്ങള്‍ സഹിക്കാനാവുന്നതല്ല. സിലബസിലില്ലാത്ത ആഡ് ഓണ്‍ കോഴ്‌സിന് നിര്‍ബന്ധിച്ച് ചേര്‍ക്കുകയാണ് പതിവ്. ഇതിന് പതിനായിരം രൂപയിലധികം ഓരോ വിദ്യാര്‍ഥികളും അടയ്ക്കണം. എന്നാല്‍ തുക കൈപ്പറ്റിയതായുള്ള രസീതും തരില്ല. കോഴ്‌സ് ഇഷ്ടപ്പെട്ടില്ലെങ്കിലോ പൂര്‍ത്തിയായില്ലെങ്കിലോ അടച്ച മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നായിരുന്നു കോളേജ് അധികൃതരുടെ വാഗ്ദാനമെങ്കിലും പാലിക്കപ്പെട്ടില്ല. ഇതുവഴി ലക്ഷക്കണക്കിന് രൂപയാണ് മാനേജ്‌മെന്റ് ലാഭമുണ്ടാക്കുന്നത്. ലക്ഷങ്ങള്‍ നല്‍കി പഠിയ്ക്കുന്ന ഞങ്ങള്‍ക്ക് ലാബ് പോലും ഉപയോഗിക്കാനുള്ള സൗകര്യം പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. അധ്യാപകരുടെ യോഗ്യതയും ഒരു വിഷയമായി ഞങ്ങള്‍ ഉന്നയിച്ചിരുന്നു. കോളേജില്‍ ഇടിമുറിയുണ്ട്. പ്രിന്‍സിപ്പലിന്റെ മുറിയോട് ചേര്‍ന്ന് കര്‍ട്ടനിട്ട് മറച്ച ഒരു മുറിയാണ് ഇതിനായി അവര്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് വിദ്യാര്‍ഥികളെ തെറ്റായ ആരോപണം ഉന്നയിച്ച് ഈ മുറിയില്‍ കയറ്റി പേപ്പര്‍ വെയിറ്റ് തുണിയില്‍ കെട്ടിയടിച്ചിരുന്നു. തുടര്‍ന്ന് മാരകമായി പരിക്കേറ്റ ഈ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും പ്രിന്‍സിപ്പലിനെതിരെ കേസ് നല്‍കുകയും ചെയ്തു. ഈ കേസില്‍ പ്രിന്‍സിപ്പല്‍ പ്രതിയാണ്. പക്ഷെ ഇതേവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. മാനേജ്‌മെന്റിന്റെ നടപടികളെ വിമര്‍ശിക്കുന്ന അധ്യാപകര്‍ക്കും മോശം കണ്ടക്ട് സര്‍ട്ടിഫിക്കറ്റാണ് പലപ്പോഴും കോളേജില്‍ നിന്ന് കൊടുത്തിരുന്നത്. ഇതിനെല്ലാമെതിരെ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ സമരം നടത്തി. അന്ന് സമരത്തില്‍ മുന്നിലുണ്ടായിരുന്നതാണ് ഞാന്‍. അന്നുമുതല്‍ എന്നെ മാനേജ്‌മെന്റും കോളേജ് അധികൃതരും നോട്ടമിട്ടതാണ്. പല വിദ്യാര്‍ഥികള്‍ക്കും കോളേജിന്റെ നടപടികളില്‍ പരാതിയുണ്ടെങ്കിലും ഇന്റേണല്‍ മാര്‍ക്കിന്റേയും കണ്ടക്ട് സര്‍ട്ടിഫിക്കറ്റിന്റേയും കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി നിര്‍ത്തുകയാണ് പതിവ്. ആ പതിവ് തെറ്റിച്ചത് ഞങ്ങളില്‍ ചിലരായതുകൊണ്ട് ഇവരിപ്പോള്‍ പ്രതികാര നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്' സാജന്‍ സാഗര്‍ പറഞ്ഞു.

ഫെബ്രുവരി 28ന് ഇവരിലൊരാളില്‍ നിന്നുണ്ടായ ഒരു അബദ്ധത്തത്തില്‍ നിന്നാണ് ഇപ്പോഴുണ്ടായ സംഭവങ്ങളുടെ തുടക്കം. അന്ന് മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് കോളേജിലെ സ്‌പോര്‍ട്‌സ് ഡേ ആയിരുന്നു. 'ഉച്ചഭക്ഷണം കഴിച്ച് കൈകഴുകാനായി പോയ ഞങ്ങള്‍ ഒരു ക്ലാസ് മുറിയില്‍ നിന്ന് ഒരു പെണ്‍കുട്ടി ഓടി വരുന്നത് കണ്ടു. ഓടിയതിന്റെ കാരണം അറിയാനായി ക്ലാസ് മുറിയ്ക്ക് സമീപമെത്തിയപ്പോള്‍ അത് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഗില്‍ദാസ് ക്ലാസ് മുറിയുടെ വാതില്‍ തള്ളിത്തുറന്നു. അവിടെ രണ്ട് പെണ്‍കുട്ടികള്‍ ഇരിക്കുന്നത് കണ്ട് അവിടെ നിന്ന് തിരികെ പോരുകയും ചെയ്തു. അതവിടെ കഴിഞ്ഞു. പക്ഷെ പലപ്പോഴായി മാനേജ്‌മെന്റിനെതിരെ സംസാരിച്ചിട്ടുള്ള, പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുള്ള ഞങ്ങളെ കുടുക്കാനുള്ള ആയുധമായി മാനേജ്‌മെന്റ് ഇക്കാര്യത്തെ വളച്ചൊടിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഞങ്ങള്‍ എട്ടുപേരെ സസ്പന്‍ഡ് ചെയ്തുകൊണ്ടുള്ള മെമ്മോ കയ്യില്‍ കിട്ടുമ്പോഴാണ് അക്കാര്യം മനസ്സിലാവുന്നത്. മാര്‍ച്ച് രണ്ടാം തീയതി എന്നെയും സാജന്‍ സാഗര്‍.വി, സച്ചിന്‍ ദേവസി, അഭിലാഷ് പോളി, എല്‍ദോ കുര്യാക്കോസ്, ഗില്‍ദാസ്.പി.എം., ഹരി.എം.കെ., റോഷന്‍ തോമസ് എന്നിവരേയും പ്രിന്‍സിപ്പല്‍ വിളിപ്പിച്ചു. ഞങ്ങള്‍ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് നോക്കിയെന്ന ആരോപണം ഉന്നയിച്ചു. ഞങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും അയാള്‍ ക്ലാസ് മുറിയിലേക്കാണ് നോക്കിയതെന്നും ഡ്രസ്സിങ് റൂമിലേക്കല്ലെന്നുമൊക്കെ ഞങ്ങള്‍ വാദിച്ചെങ്കിലും പ്രിന്‍സിപ്പല്‍ അത് ചെവിക്കൊണ്ടില്ല. ഞങ്ങള്‍ എല്ലാവരും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷ എഴുതി നല്‍കണമെന്ന് നിര്‍ബന്ധിച്ചു. ചെയ്യാത്ത കുറ്റത്തിന് മാപ്പെഴുതേണ്ട കാര്യമില്ലാത്തതിനാല്‍ ഞങ്ങള്‍ അതിന് തയ്യാറായില്ല. എന്നാല്‍ ഈ സംഭവത്തില്‍ പെണ്‍കുട്ടികളുടെ പരാതിയുണ്ടെന്ന കാരണം പറഞ്ഞ് അന്ന് വൈകിട്ട് നാല് മണിയോടെ ഞങ്ങളെ സസ്പന്‍ഡ് ചെയ്ത മെമ്മോ കയ്യില്‍ തന്നു. ഇതില്‍ സച്ചിന്‍ ദേവസി സംഭവം നടക്കുന്ന സമയം ആ ബ്ലോക്കില്‍ പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഇതൊന്നും അവര്‍ കണക്കിലെടുത്തില്ല.' കുറ്റാരോപിതനായ നെവില്‍.സി.രാജ് പറയുന്നു.

എന്നാല്‍ സസ്പന്‍ഷന്‍ മെമ്മോ കൊണ്ട് തീരുന്നതായിരുന്നില്ല കോളേജ് അധികൃതരുടെ നടപടികള്‍. പല തവണ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും പ്രിന്‍സിപ്പല്‍ കോളേജിലേക്ക് വിളിച്ചു വരുത്തി. അപ്പോഴെല്ലാം വിദ്യാര്‍ഥികള്‍ യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങള്‍ അധികൃതരോട് പറയുകയും ചെയ്തു. എന്നാല്‍ അപ്പോഴെല്ലാം വ്യാജ ആരോപണത്തില്‍ കുറ്റസമ്മതം നടത്തി ഒപ്പിട്ട് നല്‍കാനാണ് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടത്. ആരോപിക്കപ്പെടുന്ന സംഭവം നടക്കുമ്പോള്‍ ആ പ്രദേശത്ത് തന്നെയുണ്ടായിരുന്നില്ല എന്ന സച്ചിന്‍ ദേവസിയുടെ വാദവും അധികൃതര്‍ ചെവിക്കൊണ്ടില്ല. സച്ചിന്‍ ദേവസി ഈ സംഭവത്തില്‍ നേരിട്ടല്ലാതെയുള്ള ചെറിയ ഇടപെടല്‍ നടത്തി എന്ന കുറ്റമാണ് അധികൃതര്‍ ആരോപിച്ചത്. 'ക്ലാസ്മുറി തള്ളിത്തുറന്ന വിഷയത്തില്‍ നേരിട്ടല്ലാതെ എങ്ങനെ ഇടപെടുമെന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടിയൊന്നും നല്‍കുനുണ്ടായിരുന്നില്ല. മാപ്പപേക്ഷയില്‍ ഒപ്പിടാതെ സസ്പന്‍ഷന്‍ പിന്‍വലിക്കില്ലെന്ന അവസ്ഥ വന്നപ്പോള്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളായ ഞങ്ങള്‍ വേറെ ഗത്യന്തരമില്ലാതെ കോളേജ് ബില്‍ഡിങ്ങിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇതില്‍ ഭയന്ന കോളേജ് അധികൃതര്‍ അന്വേഷണം കൂടാതെ, യാതൊരു ഉപാധികളുമില്ലാതെ ഞങ്ങളുടെ സസ്പന്‍ഷന്‍ പിന്‍വലിച്ചു. അന്വേഷണം നടത്താനാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഏത് തരത്തിലുള്ള അന്വേഷണവും ഈ വിഷയത്തില്‍ നേരിടാന്‍ ഒരുക്കമാണ്.' സാജന്‍ സാഗര്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സേവ് എജ്യുക്കേഷന്‍ കമ്മിറ്റിയുമായി ഇക്കാര്യം പങ്കുവച്ചു. പരാതിയും നല്‍കി. സേവ് എജ്യുക്കേഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ കോളേജ് അധികാരികളുമായി ഇക്കാര്യം സംസാരിച്ചു. ഇതില്‍ പ്രകോപിതരായ മാനേജ്‌മെന്റും കോളേജ് അധികൃതരും മാപ്പപേക്ഷയില്‍ ഒപ്പിട്ട് നല്‍കണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തി. ഇന്റേണല്‍ മാര്‍ക്ക്, പ്രോജക്ട്, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ് ഇങ്ങനെ പല കാര്യങ്ങള്‍ പറഞ്ഞ് മാനേജ്‌മെന്റ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്‌തെങ്കിലും മാപ്പപേക്ഷയില്‍ ഒപ്പിട്ട് നല്‍കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായില്ല. പിന്നീട് മാര്‍ച്ച് 16ന് ഇന്റേണല്‍ മാര്‍ക്കിന് വേണ്ടിയുള്ള പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മാള പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഈ വിദ്യാര്‍ഥികളെ അന്വേഷിച്ച് കോളേജിലെത്തി. പരീക്ഷയെഴുതിക്കൊണ്ടിരുന്ന ഇവരെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഏഴ് പെണ്‍കുട്ടികള്‍ ഈ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും കോളേജ് അധികൃതര്‍ ആവശ്യപ്പെട്ട പ്രകാരം എഴുതി ഒപ്പിട്ട് നല്‍കിയില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയിലിലേയ്ക്ക് അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഇതുകൂടാതെ ഈ എട്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ മാള പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി മാപ്പപേക്ഷയില്‍ കുട്ടികളെക്കൊണ്ട് ഒപ്പിടുവിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇത്തരത്തില്‍ മാനേജ്‌മെന്റിന്റേയും കോളേജ് അധികാരികളുടേയും പോലീസിന്റേയും ഭീഷണിപ്പെടുത്തലുകളും സമ്മര്‍ദ്ദം ചെലുത്തലും പതിവായതോടെ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വന്ന വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പോലീസ് ചീഫ്, കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍, തൃശൂര്‍ ജില്ലാ പോലീസ് ചീഫ് എന്നിവര്‍ക്ക് പരാതികളയച്ചു. എന്നാല്‍ ഇതിന് ശേഷവും കാര്യങ്ങളില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. പത്ത് ദിവസത്തേക്ക് പോലീസുകാര്‍ യാതൊരു വിധത്തിലും ഈ കുട്ടികളെ അന്വേഷണത്തിന്റെ പേരിലോ മറ്റെന്തിനെങ്കിലുമോ ബുദ്ധിമുട്ടിക്കാന്‍ പാടുള്ളതല്ല എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ പത്ത് ദിവസം കഴിഞ്ഞാല്‍ എന്ത് എന്നായിരുന്നു വിദ്യാര്‍ഥികളുടെ മുന്നിലുള്ള ചോദ്യം. ഒടുവില്‍ അവര്‍ തങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കാന്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങി.

"മെന്റലി ഹാരാസ് ചെയ്തു എന്നുപറഞ്ഞുള്ള പെൺകുട്ടികളുടെ പരാതിയിന്മേലാണ് കോളേജ് 8 വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത്. എന്നാലിവർ ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ നടപടികൾ പിന്‍വലിക്കുകയും ചെയ്തു. കുട്ടികൾ ആത്മഹത്യ ശ്രമം നടത്തിയതിനെതിരെ പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയിട്ടുള്ളതുമാണ്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. പലതവണ ഒത്തുതീർപ്പ് ചർച്ചകൾക്ക് കോളേജ് അധികൃതർ തയ്യാറായെങ്കിലും കുട്ടികൾ ഇതിനു വഴങ്ങാത്തതാണ് കാര്യങ്ങൾ ഇത്രത്തോളം എത്താൻ കാരണം" കോളേജിലെ എന്‍ എസ് എസ് കോര്‍ഡിനേറ്ററും ഈസംഭവം അന്വേഷിക്കാനായി കോളേജ് അധികൃതർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനുമായ കെ എന്‍ രമേഷ് പറഞ്ഞു.

പരാതി നല്‍കിയെന്ന് പറയുന്ന പെണ്‍കുട്ടികളുടേയും കുറ്റാരോപിതരായ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടെ യോഗം ഇവര്‍ വിളിച്ച് ചേര്‍ത്തു. യോഗത്തില്‍ വച്ച് പെണ്‍കുട്ടികള്‍ യഥാര്‍ഥത്തില്‍ നല്‍കിയ പരാതി വായിച്ചു. വസ്ത്രങ്ങള്‍ മാറുകയായിരുന്നില്ലെന്നും വിദ്യാര്‍ഥി വാതില്‍ തള്ളിത്തുറക്കുമ്പോള്‍ തങ്ങള്‍ വസ്ത്രം നേരെയാക്കി കൊണ്ടിരിക്കുകയായിരുന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതോടെ വസ്ത്രം മാറുമ്പോള്‍ വിദ്യാര്‍ഥികള്‍ ഒളിഞ്ഞ് നോക്കി എന്ന കോളേജ് അധികാരികളുടെ ആരോപണം തെറ്റാണെന്ന് യോഗം വിലയിരുത്തി. ആരോപണമുന്നയിച്ച് വിദ്യാര്‍ഥികളെ സസ്പന്‍ഡ് ചെയ്തത് രണ്ടാം തീയതിയാണ്. എന്നാല്‍ പെണ്‍കുട്ടികളില്‍ നിന്ന് പരാതി എഴുതി വാങ്ങിയിരിക്കുന്നത് മാര്‍ച്ച് മൂന്നാം തീയതിയാണ്. ഇതോടെ പരാതിയിന്‍മേലുള്ള നടപടി എന്ന അതികൃതരുടെ വാദവും പൊളിഞ്ഞു. വിഷയത്തെ വളച്ചൊടിച്ച് തങ്ങളോട് പ്രതികാരം ചെയ്ത പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കെ.എസ്.യു., എ.ബി.വി.പി. പ്രവര്‍ത്തകരും കോളേജില്‍ സമരമാരംഭിച്ചിരിക്കുകയാണ്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories