Top

കളക്ടര്‍ 'ബ്രോ'യ്ക്ക് പിന്നാലെ മറ്റൊരു കളക്ടര്‍ കൂടി വിവാദത്തില്‍

കളക്ടര്‍

അഴിമുഖം പ്രതിനിധി

കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തും എംകെ രാഘവനും കൊമ്പുകോര്‍ത്തതിന്റെ വിവാദങ്ങളും വാര്‍ത്തകളും അടുങ്ങുന്നതിനു മുന്‍പ് തന്നെ വീണ്ടും ഒരു കളക്റ്റര്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം. എന്‍ പ്രശാന്ത്‌ ട്രോള്‍ ചെയ്ത് താരമായത് ജനപ്രതിനിധിക്ക് മുന്‍പിലാണെങ്കില്‍ രാജമാണിക്യം ഉടക്കിയിരിക്കുന്നത് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജുവിനോടാണ്.

കോഴിക്കോട് സംഭവത്തിലേത് പോലെ ഇവിടെയും രണ്ടു വശങ്ങള്‍ ഉണ്ട്. പി രാജുവു കൂട്ടരും ഭരണമുന്നണിയായതുകൊണ്ട് ആളാകുകയാണെന്നു കളക്ടറോട് അടുത്ത വൃത്തങ്ങള്‍ ആരോപിക്കുമ്പോള്‍ കളക്റ്റര്‍ അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അഴിമതിയ്ക്ക് കൂട്ട് നില്‍ക്കുകകയാണ് എന്നുമാണ് സിപിഐക്കാരുടെ ആരോപണം. കളക്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് സിപിഐയുടെ യുവജനസംഘടന കൊടിപിടിച്ച് സമരവുമായിഇറങ്ങുകയും ചെയ്തു. പി രാജു നാളെ കോടതിയില്‍ കളക്ടര്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുവാനൊരുങ്ങുകയാണ്.

ഹാരിസണ്‍ മലയാളം കമ്പനിയെ വഴിവിട്ട് സഹായിക്കണമെന്ന ആവശ്യം നിരസിച്ച എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തെ സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഭീഷണിപ്പെടുത്തിയെന്നാണ് കളക്റ്ററോടടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ഹാരിസണ്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ചുമതലയുളള സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയാണ് കളക്ടര്‍ രാജമാണിക്യം.

പിണറായി വിജയന്‍റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേരളത്തില്‍ വ്യാപകമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇടതുപക്ഷ അനുകൂലികളെയും സംഘടനകളില്‍ പെടുന്നവരെയും തിരുകി കയറ്റുകയാണ്. മറ്റു രാഷ്ട്രീയ വിശ്വാസമുള്ളവരെ പ്രത്യേകിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥലം മാറ്റുകയാണ്. ഇതിനെ തുടര്‍ന്ന് എറണാകുളം കളക്റ്ററേറ്റിലെ ജീവനക്കാരേയും സ്ഥലം മാറ്റാനാവശ്യപ്പെട്ടു കൊണ്ട് സിപിഐ നേതൃത്വം രംഗത്ത് വന്നിരുന്നു. ഇത് അനുവദിക്കാതിരുന്ന കളക്ടര്‍ക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഇപ്പോള്‍ സിപിഐ നേതൃത്വം അഴിച്ചു വിടുന്നത് എന്നുമാണ് കളക്ടറെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

എന്നാല്‍ വിഷയത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു പ്രതികരിക്കുന്നത് ഇങ്ങനെയാണ്:

“പുത്തന്‍ വേലിക്കര സന്തോഷ്‌ മാധവന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കളക്ടറുടെ പങ്ക് അന്വേഷിക്കണം. കളക്റ്റര്‍ അറിയാതെ നൂറോളം ഏക്കര്‍ സ്ഥലം ജില്ലയില്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ മാത്രമല്ല സ്ഥലം മാറ്റങ്ങള്‍ നടത്തുന്നത്, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എറണാകുളം കളക്ടറേറ്റില്‍ ഉള്‍പ്പെടെ സ്ഥലം മാറ്റങ്ങള്‍ നടന്നിരുന്നു. ഒരുപാട് ഇടതു പക്ഷ സംഘടനപ്രവര്‍ത്തകരെ ദൂരെ പ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. അതില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും ഒക്കെ പെടും. അവരുടെ കാര്യത്തില്‍ ഒരു പരിഗണന വേണം എന്ന നിര്‍ദ്ദേശം മാത്രമാണ് ഞങ്ങള്‍ മുന്നോട്ടു വച്ചത്”.

ഹാരിസണ്‍ എന്നൊരു വാക്ക് കളക്ടറോട് താന്‍ പറഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിച്ച് കളക്ടറുടെ കുശിനിക്കാരനായി ജോലി ചെയ്യാമെന്നാണ് പി രാജുവിന്‍റെ വെല്ലുവിളി.

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങുവാന്‍ വേണ്ടി ഭൂമിഗീതം എന്ന പേരില്‍ സിനിമ സംഘടനയായ അമ്മയുടെ കൂടെ ചേര്‍ന്ന് നടത്തിയ സാംസ്കാരിക പരിപാടിയില്‍ ടിക്കറ്റ് വിട്ടു കിട്ടിയ തുകയിലും അഴിമതി നടന്നു എന്നതാണ് അടുത്ത ആരോപണം. അമ്മ സൌജന്യമായി ആണ് പരിപാടി നടത്തിയത്, ഒരു കോടിക്ക് മുകളില്‍ പിരിഞ്ഞു കിട്ടിയ പൈസയില്‍ നിന്നും ഒരു സെന്റ്‌ ഭൂമി പോലും ആര്‍ക്കും വാങ്ങിയിട്ടില്ല എന്നും ബാക്കിയായി ഇരുപത്തിയേഴായിരത്തി അഞ്ഞൂറ് രൂപ മാത്രമാണ് ബാങ്കില്‍ ഉള്ളതെനും പി രാജു ആരോപിക്കുന്നു.

എന്നാല്‍ ഈ വിഷയങ്ങളോടൊന്നും പ്രതികരിക്കാനില്ല എന്നാണ് എംജി രാജമാണിക്യം സ്വീകരിച്ച നിലപാട്.


Next Story

Related Stories