TopTop
Begin typing your search above and press return to search.

എം.ജി ക്യാമ്പസിലെ പെണ്‍പൈതങ്ങളും അവരുടെ ചാരിത്ര്യസംരക്ഷകരും അറിയാന്‍

എം.ജി ക്യാമ്പസിലെ പെണ്‍പൈതങ്ങളും അവരുടെ ചാരിത്ര്യസംരക്ഷകരും അറിയാന്‍

അനഘ സി ആര്‍

പൊതുഇടങ്ങളില്‍ ആണിനേയും പെണ്ണിനേയും ഒന്നിച്ചു കാണുന്നത് അരുതാത്തതാണെന്ന മലയാളി പൊതുബോധം എല്ലാ അതിരുകളും ലംഘിച്ചു അതിന്‍റെ ഏറ്റവും അപകടകരമായ രൂപം കൈക്കൊണ്ടിരിക്കുന്ന കാലമാണിത്. ദമ്പതിമാര്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത വിധത്തില്‍, സ്വസ്ഥമായ സാമൂഹ്യജീവിതം അസാധ്യമായിക്കൊണ്ടിരിക്കുന്നൊരു ഭീകരാവസ്ഥയിലാണ് നാം എത്തിനില്‍ക്കുന്നത്. ചാരിത്ര്യശുദ്ധിയില്‍ സംശയിച്ചു ഗര്‍ഭിണിയായ ഭാര്യയെ കാട്ടിലുപേക്ഷിച്ച രാജാവ് ധര്‍മസംരക്ഷകനായി വാഴ്ത്തപ്പെടുന്ന ഒരു നാട്ടില്‍ സദാചാരചിന്ത അത്ഭുതപ്രതിഭാസമൊന്നുമല്ലെങ്കിലും തീവ്രഹിന്ദുത്വത്തിനു വളക്കൂറുള്ള മണ്ണായി ഇവിടം പരിണമിക്കപ്പെട്ടപ്പോഴാണ് അത് കൂടുതല്‍ ശക്തവും പ്രകടവുമായിത്തുടങ്ങിയതെന്നത്‌ ശ്രദ്ധേയമാണ്. ഒരു വശത്ത് ഭാരതാംബയെന്ന സ്ത്രീബിബത്തെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മാര്‍ക്കറ്റ് ചെയ്യുകയും മറുഭാഗത്ത് അങ്ങേയറ്റം സ്ത്രീവിരുദ്ധത പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാമരാജ്യവക്താക്കളുടെ ശക്തമായ സ്വാധീനം മലയാളിയുടെ വര്‍ധിച്ച സദാചാര ബോധത്തില്‍ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്നതാണ് വാസ്തവം.

ഭരണകൂടം പോലും ഇത്തരം പിന്തിരിപ്പന്‍ പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും മാധ്യമങ്ങള്‍ അവയുടെ പ്രചാരകരാവുകയും ചെയ്യുന്ന ഈ ശോചനീയാവസ്ഥയിലാണ് “കിസ്സ്‌ ഓഫ് ലവ്” പോലുള്ള ചെറുത്തുനില്‍പ്പുകള്‍ ശ്രദ്ധേയവും ശ്ലാഘനീയവുമാകുന്നത്. മാറ്റം അനിവാര്യമാണെന്നുറപ്പിച്ച കര്‍മനിരതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സമയോചിതമായ സാമൂഹ്യ ഇടപെടലുകള്‍ പുതിയ പ്രതീക്ഷകളാകുന്നത് ശുഭസൂചന തന്നെയാണ്. വര്‍ധിച്ച യുവജനപങ്കാളിത്തത്തോടെ പുതിയതരം സമരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്ന ഇത്തരമൊരു സാമൂഹ്യ പശ്ചാത്തലത്തില്‍ വിമര്‍ശനാത്മകമായിത്തന്നെ വിശകലനം ചെയ്യപ്പെടേണ്ടതാണ്, എം ജി സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന കാമ്പസിലെ ലിംഗനീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലുയര്‍ന്നുവന്ന പ്രധാന വാദങ്ങളും അനുബന്ധ പ്രവണതകളും.

ചര്‍ച്ചയുണ്ടാക്കിയ ആഘാതത്തിന്‍റെ ബാക്കിപത്രമാണീ കുറിപ്പ്. വിപ്ലവചിന്തകളുടെ വിളഭൂമിയാകേണ്ട ഒരിടം പ്രാകൃതമായ പുരുഷമേധാവിത്വ മൂല്യങ്ങളുടെ പ്രാചാരണകേന്ദ്രമാകുന്നത് നേരിട്ടു കണ്ടനുഭവിച്ചുകൊണ്ടാണിതെഴുതുന്നത്. ചുംബനസമരവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളില്‍ നിന്ന് കാമ്പസിന്‍റെ സദാചാര ബോധത്തെയും സ്ത്രീവിരുദ്ധതയെയും കുറിച്ച് ഒരേകദേശധാരണ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ തുറന്ന പ്രകടനങ്ങളിലൂടെയാണ് അതിന്റെ വ്യാപ്തി ഇത്രത്തോളമുണ്ടെന്നറിയുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ, സമത്വത്തിന്റെ വക്താക്കളായ ചെറുസംഘത്തെ അക്രമണോത്സുകമായി നേരിട്ട സദാചാരക്കൂട്ടമായി മാറിയ ഭൂരിപക്ഷം ഒരു അക്കാദമിക് സമൂഹത്തിന്‍റെ നിലവാരത്തകര്‍ച്ചക്കൊപ്പം ഒരു സര്‍വകലാശാലയുടെതന്നെ അധഃപതനത്തെയാണ് തുറന്നു കാട്ടിയത്.ചര്‍ച്ചയിലേക്ക് നയിച്ച നിലവിലെ കാമ്പസ് സാഹചര്യങ്ങള്‍ വ്യക്തമാക്കാം. മൂന്നു മെന്‍സ് ഹോസ്റ്റലുകളും മൂന്നു വനിതാ ഹോസ്റ്റലുകളുമുള്ള സര്‍വകലാശാലയില്‍ സഞ്ചാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തീര്‍ത്തും വിവേചനപരമാണ്. മെന്‍സ് ഹോസ്റ്റലുകളിലുള്ളവര്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ലാതിരിക്കുകയും വനിതാ ഹോസ്റ്റലില്‍ നിന്ന് നിശ്ചിത സമയത്തിനു ശേഷം പുറത്തു പോകാന്‍ മേട്രന്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരെ കാരണം ബോധിപ്പിച്ചു പേര്, ഡിപ്പാര്‍ട്ട്മെന്റ്, പുറത്തുപോകുന്ന കാരണം, കയ്യൊപ്പ് എന്നിവ രേഖപ്പെടുത്തുകയും ചെയ്യേണ്ട ദുരവസ്ഥയുമാണുള്ളത്. ഹോസ്റ്റല്‍ നിയമങ്ങളുമായി ബന്ധപ്പെട്ട ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കുക, ഹോസ്റ്റലുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുക, Gender Sensitisation Committee Against Sexual Harassment (GSCASH) രൂപവല്‍ക്കരിക്കുകയും ചില ഗൈഡുകള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കുകയും ആവശ്യമെങ്കില്‍ നടപടിയെടുക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടന്നുവന്ന സമരപരിപാടികളുടെ ഭാഗായിരുന്നു ജൂലായ്‌ 8 ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ പരിസരത്തു വച്ചു നടക്കപ്പെട്ട ചര്‍ച്ച.

ക്ഷണിതാക്കളുടെ പ്രഭാഷണങ്ങള്‍ക്ക് ശേഷം ഗവേഷക വിദ്യാര്‍ഥികളുടെ സംഘടന പ്രതിനിധിയാണ് നിലപാടറിയിക്കനെത്തിയത്. കാമ്പസില്‍ യാതൊരുവിധ അസമത്വങ്ങളും നിലനില്‍ക്കുന്നില്ലെന്നും ആവശ്യത്തിലധികം സ്വാതന്ത്ര്യമാണ് വനിതാ ഹോസ്റ്റലുകളിലുള്ളവര്‍ക്കുള്ളതെന്നും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടാല്‍ അത് 'അനാവശ്യ’ങ്ങള്‍ക്കും 'അനാശാസ്യ'ത്തിനും മാത്രമേ വഴിവക്കൂ എന്നുമാണയാള്‍ പറഞ്ഞുവച്ചത്. ഒരു സാധാരണ മലയാളി പുരുഷന്‍റെ മനസിലുറച്ചുപോയ ആണ്‍കോയ്മ ബോധത്തിന്റെ ബഹിര്‍സ്ഫുരണം എന്നതില്‍ കവിഞ്ഞൊന്നുമായിരുന്നില്ല ആ വികാര പ്രകടനമെന്നോര്‍ത്ത് ആശ്വസിക്കാമായിരുന്നു. എന്നാല്‍ പുരോഗമനത്ത്തിന്‍റെ മുഖംമൂടിയണിഞ്ഞിരുന്ന ഭൂരിപക്ഷം അവരുടെ യാഥാസ്ഥിതിക സ്വഭാവം പരസ്യമായി വെളിപ്പെടുത്തിക്കൊണ്ട് അതിനോട് ഹര്‍ഷാരവങ്ങള്‍ മുഴക്കിയപ്പോഴാണ് കാമ്പസിന്‍റെ ദരിദ്രമായ നീതിബോധത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തെളിഞ്ഞത്. ഹോസ്റ്റല്‍ സംബന്ധമായ പലതരം നിയന്ത്രണങ്ങള്‍ നിലനില്‍ക്കെത്തന്നെ ഉള്ള സ്വാതന്ത്ര്യം സംസ്കാരത്തിന് നിരക്കാത്ത രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് ഇക്കൂട്ടരുടെ വാദം. കമിതാക്കളുടെ 'വഴിവിട്ട' രാത്രിസഞ്ചാരം കാരണം തനിക്കു നാളെ വരാനിരിക്കുന്ന വിവാഹാലോചനകള്‍ മുടങ്ങിപ്പോകുമോ എന്നുപോലുമാണ് ചില വനിതാരത്നങ്ങളുടെ ആശങ്ക. ഇതിനിടയില്‍ സമത്വവാദവുമായെത്തിയവരോട് കൂവലുകള്‍ കൊണ്ട് പ്രതിഷേധമറിയിച്ചാണ് വനിത ഹോസ്റ്റലുകള്‍ക്കുള്ളിലെ സദാചാരക്കൂട്ടങ്ങള്‍ തങ്ങള്‍ക്കെതിരെയുള്ള വിവേചനങ്ങളോട് പരസ്യമായി ഐക്യദാര്‍ഡ്യമറിയിച്ചത്. ലിംഗനീതി എന്ന വിശാലവിഷയത്തിന്‍റെ സാധ്യത ആണിനും പെണ്ണിനും രാത്രിയിറങ്ങി നടക്കുവാനുള്ള സ്വാതന്ത്ര്യം എന്നതിലേക്ക് ചുരുക്കുവാനും സര്‍വകലാശാലാ കാമ്പസ് സമത്വസുന്ദരമാണെന്ന് സ്ഥാപിച്ചെടുക്കുവാനുമുള്ള ഭൂരിപക്ഷതന്ത്രം വിജയിക്കുകയും സുപ്രധാനമായ പല വിഷയങ്ങളും ചര്‍ച്ചയിലിടം കണ്ടെത്താതെ പോവുകയും ചെയ്തു എന്നതാണ് വാസ്തവം.

കാമ്പസില്‍ നടക്കുന്ന ലിംഗവിവേചനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്ന്‍ ഇതുമായി ബന്ധപ്പെട്ട് വി സി വിളിച്ചു ചേര്‍ത്ത പേരന്റ്സ് മീറ്റിങ്ങില്‍ (ഇത് യൂനിവേഴ്സിറ്റിയോ യു.കെ.ജിയോ എന്ന് ചോദിക്കരുത്) ഉയര്‍ന്നു കേട്ടതും സംരക്ഷണത്തിനു വേണ്ടി മുറവിളികൂട്ടുന്ന പെണ്‍കിടാങ്ങളുടെ ദീനരോദനം തന്നെയാണ്. എന്നാല്‍ ഇത്തവണ ന്യൂനപക്ഷമെങ്കില്‍ക്കൂടി, ആണ്‍കുട്ടികള്‍ക്കില്ലാത്ത ഒരു സംരക്ഷണവും തങ്ങള്‍ക്കും ആവശ്യമില്ലെന്നുറക്കെപ്പറഞ്ഞ പെണ്‍കൂട്ടത്തിനൊപ്പമായിരുന്നു വിജയം. വൈസ് ചാന്‍സലറുടെ അനുകൂല നിലപാട് പ്രതീക്ഷയേകുന്നുണ്ടെങ്കിലും ഇനിയും മാറിച്ചിന്തിക്കാന്‍ ഭാവമില്ലാത്ത, വിദ്യാര്‍ഥിനി സുഹൃത്തുക്കളുടെ നിലപാട് കൌതുകകരം തന്നെ. പുരുഷന്മാരാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകള്‍ എന്ന ആശയത്തിലധിഷ്ടിതമായ രക്ഷാബന്ധന്‍ പോലുള്ള ആചാരങ്ങള്‍ ദേശീയാഘോഷങ്ങളാക്കി മാറ്റുവാന്‍ ഒരുക്കം നടത്തുന്ന ഹിന്ദുസേനക്കാരുടെ നിലപാടുകളുടെ നിലവാരത്തിലേക്കിറങ്ങി വരുന്നതാണ് ഈ വിദ്യാസമ്പന്നകളുടെ ലിംഗബോധം എന്നത് പരിതാപകരമാണ്. സംരക്ഷണം എന്ന പേരില്‍ അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങളോടു സമരസപ്പെട്ടുകൊണ്ട് ഇവിടം ഒരു സദാചാര സര്‍വകാലശാലയാക്കി മാറ്റുവാനുള്ള തീവ്രയത്നത്തിലേര്‍പ്പെട്ടിരിക്കുന്ന 'സാധാരണക്കാരി'കളായ നിങ്ങളോട് കാമ്പസിലെ മറ്റൊരു സാധാരണക്കാരിയുടെ നിലപാടറിയിക്കുവാന്‍ കൂടിയാണിതെഴുതുന്നത്.രാത്രിയില്‍ വാതിലടച്ചു മുറികളിലിരിക്കാനാണ് താല്പര്യമെങ്കില്‍ അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. പഠിക്കലോ ഉറങ്ങലോ പാട്ടുകേള്‍ക്കലോ ഒക്കെയാണ് രാത്രിയില്‍ നിങ്ങളുടെ ആവശ്യമെങ്കില്‍ പുറത്ത് പോയി കറങ്ങലോ കാറ്റുകൊള്ളലോ കള്ള് കുടിക്കലോ ആകും എന്‍റെ ആവശ്യം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത പക്ഷം നിങ്ങളുടെ അവകാശങ്ങളെ ഞാന്‍ മാനിക്കുന്നത് പോലെ എന്‍റെ വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്താതിരിക്കാനുള്ള മാന്യതയും മാനസിക പക്വതയുമാണ് നിങ്ങള്‍ കാട്ടേണ്ടത്. അല്ലാതെ നിങ്ങള്‍ അവകാശ വിനിയോഗം നടത്തുന്ന അതേ രീതിയിലും അളവിലുമാണ് ഞാന്‍ എന്‍റെ സ്വാതന്ത്ര്യം ഉപയോഗിക്കേണ്ടതെന്ന ദുശാഠ്യം ഒരു ജനാധിപത്യ സമൂഹത്തിനു യോജിച്ചതല്ല.

സ്ത്രീ-പുരുഷ തുല്യതയെന്നാല്‍ ആണിനൊപ്പം പെണ്ണിനും രാത്രിസഞ്ചാരം നടത്തുവാനുള്ള സ്വാതന്ത്ര്യമാണെന്നും അത് ലൈംഗികതയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നുമുള്ള നിങ്ങളുടെ സാമൂഹ്യബോധം എത്ര സങ്കുചിതമാണ്. തൊട്ടപ്പുറത്ത് നമ്മുടെ പുരുഷസുഹൃത്തുക്കള്‍ സ്വൈര്യവിഹാരം നടത്തുമ്പോള്‍ അതേ അവകാശങ്ങളുള്ള ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയായ പെണ്ണുങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പലരുടെയും സമ്മതപത്രത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് അസമത്വമാനെന്നു തിരിച്ചറിയുകപോലും ചെയ്യാത്ത നിങ്ങള്‍ സ്വന്തം അവകാശങ്ങളെക്കുറിച്ചു പ്രാഥമിക ധാരണ പോലുമില്ലാത്തവരാണെന്നത് ആശ്ചര്യകരം തന്നെ. രാത്രി 11 മണിക്ക് ഫീല്‍ഡില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കാരണം ബോധിപ്പിച്ചാല്‍ ഗെയ്റ്റ് തുറന്നു തരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍റെ ഔദാര്യത്തെയും സന്ധ്യ കഴിഞ്ഞു പുറത്തുപോയി ബെര്‍ത്ത്‌ഡേ പാര്‍ട്ടി ആഘോഷിക്കാന്‍ അനുവാദം തരുന്ന മേട്രന്റെ ദയാവായ്പിനെയും പ്രകീര്‍ത്തിക്കുന്ന നിങ്ങള്‍ ഏതു മൂഢസ്വര്‍ഗത്തിലാണ് ജീവിക്കുന്നത്? അവകാശപ്പോരാട്ടങ്ങളുടെ അലയൊലികള്‍ സര്‍വകലാശാലാ വിദ്യാര്‍ഥിനികളായ നിങ്ങളുടെ കാതുകള്‍ക്ക് ഇനിയും അന്യമാണെന്നാണോ?അന്ധമായ ആണ്‍കോയ്മ ബോധാത്തിനടിമപ്പെട്ട് ഹോസ്റ്റല്‍ നിയമങ്ങളോട് വിധേയത്വം പ്രഖ്യാപിച്ച് 'ഞങ്ങളെ പൂട്ടിയിട്ടു സംരക്ഷിക്കൂ' എന്ന് നിലവിളിക്കുന്ന 'അടക്കവും ഒതുക്കവുമുള്ള' പെണ്‍പൈതങ്ങളും അവരുടെ ചാരിത്ര്യ സംരക്ഷകരായവതരിച്ച ആണ്‍സിംഹങ്ങളും ഇതുകൂടിയറിയുക. കൂപമണ്ഡൂകങ്ങളായി തുടരാനുള്ള സര്‍വ്വസ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് നീലാകാശത്ത്‌ വിഹരിക്കുന്ന പറവയെ നിയന്ത്രിക്കുവാനുള്ള ഒരധികാരവും നിങ്ങള്‍ക്ക് നല്‍കുന്നില്ല. പഠിക്കാനാണ് സര്‍വകലാശാലയില്‍ വന്നതെന്നും മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും ലജ്ജയില്ലാതെ പ്രസ്താവിച്ചവരും അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവരുമായ നിങ്ങള്‍ രാത്രിസഞ്ചാരം കൊണ്ട് അസാന്മാര്‍ഗികളായിപ്പോകുന്ന സഹാവാസികളെയോര്‍ത്ത് ആശങ്കപ്പെടെണ്ട യാതൊരാവശ്യവും ഇല്ല.

അസമത്വത്തിന്‍റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് എന്‍റെ ജീവിതം എന്‍റെ മാത്രം അവകാശമാണെന്ന്‍ ആര്‍ജ്ജവത്തോടെ പ്രഖ്യാപിക്കുന്ന, കരുത്തുറ്റ പെണ്‍പോരാട്ടങ്ങളുടെ ഈ കാലത്തും ആണധികാരകേന്ദ്രങ്ങള്‍ അതേപടി നിലനിര്‍ത്താന്‍ സദാചാരത്തിന്റെ മേലങ്കിയുമണിഞ്ഞു നടക്കുന്ന എന്‍റെ സുഹൃത്തുക്കള്‍ യാഥാര്‍ത്യബോധമുള്ളവരാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ കാമ്പസില്‍ വര്‍ഗീയശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുക കൂടിയാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. അവരിവിടെ വേരുറപ്പിച്ചു തഴച്ചു വളരും മുന്‍പ് അവസരസമത്വമുള്ള, ഒരു സ്ത്രീ സൗഹാര്‍ദ്ദ കാമ്പസ്സിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നാല്‍ അതീ സര്‍വകലാശാലയുടെ തന്നെ നാശത്തിലാവും കലാശിക്കുക. കാമ്പസില്‍ ഉയര്‍ന്നു പാറാന്‍ തുടങ്ങിയ ആ കാവിക്കൊടികള്‍ നിങ്ങളിനിയും കണ്ടില്ലെന്നുണ്ടോ?

(എം.ജി സർവ്വകലാശാലയില്‍ എം.എ ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ്‌ പൊളിറ്റിക്സ് വിദ്യാര്‍ഥിയാണ് അനഘ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories