TopTop

എംജിആറിന്റെ മരുമകനെ കൊന്ന കേസില്‍ ദത്തുപുത്രി ഭാനുവിന് ജീവപര്യന്തം

എംജിആറിന്റെ മരുമകനെ കൊന്ന കേസില്‍ ദത്തുപുത്രി ഭാനുവിന് ജീവപര്യന്തം

അഴിമുഖം പ്രതിനിധി

എഐഎഡിഎംകെ സ്ഥാപകനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം ജി രാമചന്ദ്രന്‍റെ വളര്‍ത്തു മരുമകന്‍ വിജയന്‍ ചെന്നൈയില്‍ കൊല്ലപ്പെട്ടിട്ട് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വിജയന്‍റെ അടുത്ത ബന്ധുവും എം‌ജിആറിന്‍റെ ദത്തുപുത്രിയുമായ ഭാനു ശ്രീധറിനേയും മറ്റ് ആറു പേരെയും ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തങ്ങള്‍ നിരപരാധികളാണെന്ന് ഇവര്‍ ഏഴു പേരും കോടതിയില്‍ വാദിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജി. ജയചന്ദ്രന്‍ ഇവരുടെ വാദങ്ങള്‍ തള്ളി. 70ഓളം സാക്ഷികളാണ് മജിസ്ട്രേട്ടിനു മുന്‍പില്‍ സത്യവാങ്മൂലം നല്‍കിയത്.

എം‌ജിആറിന്‍റെ വളര്‍ത്തുമകളായ സുധയുടെ ഭര്‍ത്താവായ വിജയന്‍ 2008 ജൂണിലാണ് ആള്‍വാര്‍പേട്ടിനടുത്ത് വെട്ടേറ്റു മരിച്ചത്. കാര്‍ നിര്‍ത്തിച്ച് വിജയനെ ബലമായി പുറത്തിറക്കിയ ശേഷം അക്രമികള്‍ തങ്ങളുടെ കാറു കൊണ്ട് വിജയനെ ഇടിക്കുകയും വെട്ടി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

കുറ്റവാളികളില്‍ അവശേഷിക്കുന്ന ഏഴു പേര്‍ക്കെതിരായ ഈ ശിക്ഷാവിധി വിജയന്‍റെ ഭാര്യ സുധയ്ക്ക് ഏറെ നാള്‍ കാത്തിരുന്നു ലഭിച്ച ആശ്വാസമാണ്. എം‌ജിആറിന്‍റെ മറ്റൊരു ദത്തുപുത്രിയായ സുധ വിധിയോട് ഇങ്ങനെ പ്രതികരിച്ചു: "പോലീസിനോടും മാധ്യമങ്ങളോടും നന്ദിയുണ്ട്. അവസാനം എന്‍റെ ഭര്‍ത്താവിന് നീതി ലഭിച്ചു." കൊലപാതകത്തില്‍ സഹോദരിക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, "സ്വത്തുവകകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അക്കാര്യത്തില്‍ എന്‍റെ സഹോദരനെ സഹായിച്ചതു കൊണ്ടാണ് എന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്," എന്നാണ്.

കേസന്വേഷിച്ച CB-CID 2008ല്‍ പറഞ്ഞത് ഭാനു ശ്രീധറിന്‍റെ നിര്‍ദ്ദേശപ്രകാരം കരുണ എന്നൊരു പോലീസ് കോണ്‍സ്റ്റബിളാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ്. ഭാനുവിനെ എം‌ജി‌ആര്‍ ദത്തെടുത്തതാണ്. ഭാനുവിനൊപ്പം ഈ ഗൂഢാലോചനയില്‍ പങ്കാളിയായ സുഹൃത്ത് ഭുവന അഥവാ ഭുവനേശ്വരി ഇപ്പോള്‍ എവിടെയാണെന്നത് അജ്ഞാതമായി തുടരുന്നു. വിജയന്‍റെ കൊലപാതകശേഷം ഭുവന ഒളിവിലാണ്. അതിനാല്‍ പ്രോസിക്യൂഷന് കേസ് പിരിച്ച് ബാക്കിയുള്ള ഏഴുപേരെ വിചാരണ ചെയ്തു മുന്നോട്ടു പോകേണ്ടി വന്നു.

എം‌ജി‌ആര്‍ കുടുംബം നടത്തി വന്നിരുന്ന ആറ് സ്കൂളുകളില്‍ ഒന്നായ വടപളനി ജാനകി രാമചന്ദ്രന്‍ മട്രിക്കുലേഷന്‍ സ്കൂളിലെ നേഴ്സറി ടീച്ചറായിരുന്നു ഈ കേസില്‍ A-8 എന്നു പരാമര്‍ശിക്കപ്പെടുന്ന ഭുവന. സ്കൂള്‍ പ്രിന്‍സിപ്പലായ ഭാനുവിന്‍റെ അടുത്ത കൂട്ടുകാരിയായി മാറിയ ഭുവന അവര്‍ക്ക് തന്‍റെ പഴയ ക്ലാസ്മേറ്റും ഉറ്റസുഹൃത്തുമായ പോലീസ് കോണ്‍സ്റ്റബിള്‍ കരുണനെ പരിചയപ്പെടുത്തി കൊടുത്തു. മൂന്നുപേരും തമ്മില്‍ ഗാഢ സൌഹൃദമായതോടെ ഭാനുവിന്‍റെ സഹോദരന്‍ ദീപനുമായുള്ള പ്രശ്നങ്ങളും വിജയന്‍ ദീപനെ സഹായിക്കുന്നതുമെല്ലാം പരസ്പരമുള്ള സംസാരത്തില്‍ വന്നു. കുടുംബം വക ഒരു സ്കൂളിന്‍റെ ഭരണവുമായി ബന്ധപ്പെട്ട് ഭാനുവും സഹോദരനുമായി തര്‍ക്കം നിലനിന്നിരുന്നു; ഇക്കാര്യത്തില്‍ അവര്‍ക്കെതിരെ ദീപന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. തന്‍റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സഹോദരന് പിന്തുണ കൊടുക്കുന്നത് വിജയനാണെന്നായിരുന്നു ഭാനുവിന്‍റെ ധാരണ. അതുകൊണ്ടു തന്നെ വിജയനെ ഇല്ലായ്മ ചെയ്യണമെന്ന് ഭാനു തീരുമാനിച്ചുവെന്നും അതിനു വേണ്ടി കോണ്‍സ്റ്റബിള്‍ കരുണനുമായി ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം. ഇതിന് വേണ്ടി ഭാനു കരുണന് നാലു ലക്ഷം രൂപ നല്‍കിയതായും പറയപ്പെടുന്നു. വിജയനോട് വ്യക്തിവൈരാഗ്യമോ വിദ്വേഷമോ ഇല്ലാതിരുന്നിട്ടു പോലും അയാളെ കൊലപ്പെടുത്താനായി കോണ്‍സ്റ്റബിള്‍ കരുണന്‍ ഒരു സംഘത്തെ ഏര്‍പ്പാടാക്കിയത് ഭാനുവിനെ സഹായിക്കാനാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

മക്കളില്ലാതിരുന്ന എം‌ജി‌ആര്‍ ഭാര്യ ജാനകിയുടെ സഹോദരന്‍ നാരായണന്‍റെ ഏഴു കുട്ടികളെ ദത്തെടുത്തിരുന്നു. എം‌ജിആറിന്‍റെ നൂറുകണക്കിനു കോടികള്‍ വില വരുന്ന സ്വത്തിനെ ചൊല്ലി പിന്നീട് ഇവര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ ഉണ്ടായി. നാരായണന്‍റെ മൂത്ത മകള്‍ ലതയുടെ ഭര്‍ത്താവ് രാജേന്ദ്രനായിരുന്നു എം‌ജിആറിന്‍റെ വില്‍പ്പത്രം നടപ്പാക്കേണ്ട ചുമതല. അടുത്ത മൂന്നു മക്കളായ ഗീത, സുധ, ജാനകി എന്നിവരെയായിരുന്നു എം‌ജി‌ആര്‍ നിയമപരമായി ദത്തെടുത്തത്. ദീപന്‍ എന്നു വിളിക്കപ്പെട്ടിരുന്ന രാജന്‍, ഭാനു, ഡോ. മനു എന്നിവരായിരുന്നു നാരായണന്‍റെ മറ്റു മക്കള്‍. എം‌ജിആറിന്‍റെ ഔദാര്യവും ദാനശീലവും കൊണ്ട് നാരായണന് സ്കൂളുകള്‍, വീടുകള്‍, ട്രസ്റ്റുകള്‍, ഭൂമി എന്നിവയുള്‍പ്പെട്ട സ്വത്തുക്കള്‍ ലഭിച്ചിരുന്നു. ദാനശീലത്തിനു പേരു കേട്ട എം‌ജി‌ആര്‍ സ്വത്തിന്‍റെ 99%വും കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്തവര്‍ക്കായി നീക്കി വച്ചു. തന്‍റെ എസ്റ്റേറ്റ് സുധയ്ക്കും അവരുടെ മറ്റ് രണ്ടു സഹോദരന്മാര്‍ക്കുമായി നല്‍കുകയും ചെയ്തു. 1987ലാണ് ആ രാഷ്ട്രീയ നേതാവ് അന്തരിച്ചത്. രാജേന്ദ്രന്‍റെ ഭാര്യയും സഹോദരങ്ങളില്‍ മൂത്തയാളുമായ ലതയെയാണ് വിജയന്‍റെ കൊലപാതകത്തില്‍ പോലീസ് ആദ്യം സംശയിച്ചതെങ്കിലും അതിനു പിന്നിലെ ബുദ്ധി ഭാനുവിന്‍റേതാണെന്ന് പിന്നീട് കണ്ടെത്തി.

ഭാനുവും കരുണയും തമ്മില്‍ നിരന്തരം നടത്തിയിരുന്ന ഫോണ്‍ വിളികളില്‍ നിന്ന് വിജയന്‍റെ കൊലപാതകം ഭാനുവിന്‍റെ ആവശ്യമായിരുന്നു എന്നും അതിനായി അവര്‍ കരുണനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പ്രയാസമേതുമില്ലാതെ അനുമാനിക്കാമെന്ന് ജഡ്ജി തന്‍റെ വിധിയില്‍ പറയുന്നു. "വിജയനെ നിരീക്ഷിക്കാനും ഏറ്റവും അടുത്ത അവസരത്തില്‍ കൊല്ലാനുമാണ് കരുണന്‍ മറ്റ് പ്രതികളെ ഏര്‍പ്പാടാക്കിയത്. അതുകൊണ്ട് ഈ കൊലപാതകത്തില്‍ ഏഴുപേരുടെയും മേലുള്ള ഗൂഢാലോചനാക്കുറ്റം നിസ്സംശയം തെളിഞ്ഞിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 120B (കുറ്റകരമായ ഗൂഢാലോചന) പ്രകാരം എന്‍. ഭാനു, ജി. കരുണ, ടി. സുരേഷ്, ആര്‍. കാര്‍ത്തിക്, ആര്‍. ദിനേഷ് കുമാര്‍, ജെ. സോളമന്‍, എം. കാര്‍ത്തിക് എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ജയചന്ദ്രന്‍ കണ്ടെത്തി. ഭാനു, കരുണ, എം. കാര്‍ത്തിക് എന്നീ മൂന്നുപേര്‍ ഐ‌പി‌സി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം കുറ്റവാളികളാണെന്നും കോടതി വിധിയെഴുതി.

ആറു പുരുഷന്മാരോടൊപ്പം പ്രതിക്കൂട്ടില്‍ നിന്നിരുന്ന ഭാനു പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ വേറിട്ട കാഴ്ചയായി. പുഴലിലെ സ്ത്രീകള്‍ക്കായുള്ള സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകാന്‍ പോലീസ് എസ്കോര്‍ട്ടും വാഹനവും തയ്യാറാക്കുന്നതിനിടയിലും ഭാനു മകനും മകളുമായുള്ള സംസാരത്തില്‍ മുഴുകിയിരുന്നു; അവരെ തോളത്തു തട്ടി ആശ്വസിപ്പിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നതും കാണാമായിരുന്നു.

വിധി വന്ന് പിറ്റേ ദിവസവും രാമാവരം ഗാര്‍ഡന്‍സിലെ എം‌ജി‌ആര്‍ വസതിയായ 'തോട്ടം' അസ്വസ്ഥമായിരുന്നു. വീടിന്‍റെ ചുവരുകളില്‍ വിജയന്‍റെ ചിത്രങ്ങള്‍ പതിച്ചിരുന്നു. 6.5 ഏക്കര്‍ വരുന്ന ഈ എസ്റ്റേറ്റില്‍ ബധിരര്‍ക്കും മൂകര്‍ക്കുമായുള്ള ഒരു സ്കൂളുമുണ്ട്.


Next Story

Related Stories