TopTop
Begin typing your search above and press return to search.

സുവര്‍ണമത്സ്യത്തെ പ്രായം തളര്‍ത്തുമോ?

സുവര്‍ണമത്സ്യത്തെ പ്രായം തളര്‍ത്തുമോ?

ബിബിന്‍ ബാബു

നീന്തല്‍ കുളത്തിലെ സ്വര്‍ണമത്സ്യത്തിന്റെ ചിറകുകളെ പ്രായം തളര്‍ത്തിയിട്ടുണ്ടോ? മൈക്കല്‍ ഫെല്‍പ്‌സ് ഒരുപക്ഷേ തന്റെ അവസാന ഒളിമ്പിക്‌സിന് ഇറങ്ങുന്നത് ഈ ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടായിരിക്കും. റിയോ ഒളിമ്പിക്‌സിലെ ഏറ്റവും ശ്രദ്ധേയനായ താരം പക്ഷേ പ്രായത്തിന് വിട നല്‍കി സ്വപ്നങ്ങളുടെ ചിറകു വിടര്‍ത്തി തന്നെയാണ് റിയോയിലേക്കെത്തിയിരിക്കുന്നത്.

ഈ ഒളിമ്പിക്‌സില്‍ അമേരിക്കയുടെ ഏറ്റവും വിലപ്പിടിപ്പുള്ള താരമായ ഫെല്‍പ്‌സ് കായിക ചരിത്രത്തില്‍ ആകാശംമുട്ടെ നേട്ടങ്ങള്‍ നീന്തല്‍ കുളത്തില്‍ നിന്നും വാരിയെടുത്തിട്ടുണ്ട്. റിയോയിലേക്ക് കച്ച മുറുക്കി ഇറങ്ങുമ്പോള്‍ ഒരു താരത്തിനും ഇനി കീഴടക്കാനാവാത്ത വിധം തന്റെ റെക്കോര്‍ഡുകള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമേ നീന്തല്‍ കുളത്തിലെ രാജകുമാരന്റെ മുന്നില്‍ ബാക്കിയാവുന്നുള്ളൂ.

പ്രായം 31 കഴിഞ്ഞ ഫെല്‍പ്‌സ് ആദ്യ ഒളിമ്പിക്‌സിന് എത്തുന്നത് 2004 ല്‍ ഏഥന്‍സിലാണ്. ആ വരവില്‍ നീന്തല്‍ കുളത്തില്‍ നിന്നും വാരിയെടുത്തത് മൂന്നു സ്വര്‍ണമുള്‍പ്പെടെ എട്ടു മെഡലുകള്‍. ഒരു ഒളിമ്പിക്‌സില്‍ ഏറ്റവും അധികം മെഡലുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിന് അലക്‌സാണ്ടര്‍ ഡിറ്റിയാറ്റിനൊപ്പം തന്റെ പേരും എഴുതിചേര്‍ത്താണ് ഫെല്‍പ്‌സ് അന്നു കുളത്തില്‍ നിന്നും കരയ്ക്കു കയറിയത്. ഏഥന്‍സില്‍ കണ്ടത് ഒരു തുടക്കം മാത്രമാണെന്ന് ഫെല്‍പ്‌സിന്റെ കാര്യത്തില്‍ അന്നാരും കരുതി കാണില്ല. എന്നാല്‍ 2008ല്‍ ബെയ്ജിംഗ് ഒളിമ്പിക്‌സ്് ആരാണ് ഫെല്‍പ്‌സ് എന്ന് ലോകത്തിനു ബോധ്യമാക്കി കൊടുത്തു. ബാള്‍ട്ടിമോര്‍ ബുള്ളറ്റ് എന്ന് അമേരിക്കക്കാര്‍ സ്‌നേഹത്തേടെ വിളിക്കുന്ന ഫെല്‍പ്‌സ് ചൈനയില്‍ നിന്നും മുങ്ങി പൊങ്ങിയെടുത്തത് എട്ട് സ്വര്‍ണ മെഡലുകള്‍. ഒപ്പം മറ്റൊരു റെക്കോര്‍ഡും; ഒരു ഒളിമ്പിക്‌സില്‍ ഏറ്റവും അധികം സ്വര്‍ണം നേടുന്ന താരം. അമേരിക്കയുടെ തന്നെ മാര്‍ക്കസ് സ്പ്ലീറ്റസ് 1972 ല്‍ മ്യൂണിച്ചില്‍ കുറിച്ച റെക്കോര്‍ഡായിരുന്നു ഫെല്‍പ്‌സിന്റെ മുന്നില്‍ തകര്‍ന്നത്.

ബെയ്ജിംഗില്‍ തന്റെ പ്രിയപ്പെട്ട ഇനമായ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ ലോക റെക്കോര്‍ഡ് തിരുത്തി കുറിച്ചായിരുന്നു ഫെല്‍പ്‌സിന്റെ തേരോട്ടം. ഒരു മിനിട്ടും 52.03 സെക്കന്‍ഡും കൊണ്ടാണ് 200 മീറ്റര്‍ മത്സരം ഫെല്‍പ്‌സ് പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ റെക്കോര്‍ഡ് നേട്ടത്തോടെ ചരിത്രങ്ങളുടെ മേല്‍ ഫെല്‍പ്‌സ് തന്റേതായ ചരിത്രം സൃഷ്ടിക്കുകയായിരുന്നു.എന്നാല്‍ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നീന്തല്‍ കുളത്തിലെ സ്വര്‍ണമത്സ്യത്തിന്റെ ചിറകുവേഗങ്ങള്‍ക്ക് ശക്തി കുറഞ്ഞു. ഏഥന്‍സിലും ബെയ്ജിംഗിലുമായി പതിനാറ് മത്സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തിയ ഫെല്‍പ്‌സ് ലണ്ടനില്‍ 400 മീറ്റര്‍ ഫൈനലില്‍ നാലാമതായി പോയതോടെ അയാളുടെ കാലം അവസാനിച്ചതായി പലരും വിധിയെഴുതി. ബെയ്ജിംഗില്‍ റെക്കോര്‍ഡ് സ്വര്‍ണം നേടിയ തന്റെ ഏറ്റവും പ്രിയപ്പെട്ട ഇനമായ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ വെള്ളി കൊണ്ട് തൃപ്തിയടയേണ്ടി വന്നതോടെ ആ വിധി കായിക ലോകം ശരിവച്ചു. എന്നാല്‍ ചാരത്തില്‍ നിന്നുയര്‍ന്നു പറക്കുന്നവരാണ് യഥാര്‍ത്ഥ പോരാളികള്‍. അവര്‍ക്കേ ചരിത്ര പുസ്തകത്തില്‍ ഇടമുണ്ടാവുകയുള്ളു. ആ വചനം അന്വര്‍ത്ഥമാക്കുന്ന പ്രകടനമായിരുന്നു പിന്നീട് ഫെല്‍പ്‌സ് കാഴ്ചവെച്ചത്. ഫെല്‍പ്‌സിന്റെ മികവില്‍ 4 x 100 മീറ്റര്‍ റിലേയില്‍ അമേരിക്ക സ്വര്‍ണം നേടി.

പങ്കെടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ നിന്നുമായി ഫെല്‍പ്‌സ് ഇതുവരെ നേടിയത് 22 മെഡലുകള്‍. അതില്‍ 18 സ്വര്‍ണം. ലണ്ടണ്‍ ഒളിമ്പിക്‌സിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ആ തീരുമാനം മാറ്റി റിയോയിലേക്ക് എത്തുമ്പോള്‍ കാലം ഫെല്‍പ്‌സിനു കാത്തുവെച്ചിരിക്കുന്നത് എന്തായിരിക്കുമെന്നതില്‍ ആകാംക്ഷയുണ്ട്.

യുഎസ് ട്രയല്‍സില്‍ താന്‍ വ്യക്തിമുദ്ര പതിപ്പിച്ച 200 മീറ്റര്‍ ബട്ടര്‍ഫളൈസില്‍ ഒരു മിനിട്ട് 54.84 സെക്കന്‍ഡിലാണ് റിയോ സ്വപ്‌നങ്ങളിലേക്ക് ഫെല്‍പ്‌സ് നീന്തിയെത്തിയത്. 2014 ല്‍ മദ്യപിച്ചു വണ്ടിയോടിച്ചതിന് ഫെല്‍പ്‌സ് പിടിയിലായി. കേസും പൊല്ലാപ്പുകളുടെയും കോടതി നിര്‍ദേശിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി നീന്തല്‍ കുളത്തില്‍ നിന്നും ഏറെ നാള്‍ ഫെല്‍പ്‌സ് മാറി നിന്നു. ഏങ്കിലും നീന്തല്‍ കുളത്തിലെത്തിയാല്‍ ഫെല്‍പ്‌സ് സ്വര്‍ണ മത്സ്യമാകുമെന്നതിന്റെ തെളിവാണ് ട്രയല്‍സിലെ നേട്ടം.

നീളം കുറഞ്ഞ കാലും വലിപ്പമുള്ള പാദങ്ങളുമായി റിയോയില്‍ കുതിക്കാന്‍ മൈക്കല്‍ ഫെല്‍പ്‌സ് എത്തുമ്പോള്‍ പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തിന്റെ മന്ദഹാസം ആ മുഖത്തുണ്ട്. റിയോയില്‍ നിന്നും ഫെല്‍പ്‌സ് മടങ്ങുക ചരിത്രപുരുഷന്റെ സുവര്‍ണരൂപത്തോടെ തന്നെയായിരിക്കുമെന്ന് അയാളുടെ ആരാധകരില്‍ ആത്മവിശ്വാസം ഉയര്‍ത്തുന്ന ചെറുപുഞ്ചിരി...

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ബിബിന്‍ ബാബു)

Next Story

Related Stories