TopTop
Begin typing your search above and press return to search.

ഒന്നാം പ്രതി വെള്ളാപ്പള്ളിയെ ആര്‍ക്കാണ് പേടി?

ഒന്നാം പ്രതി വെള്ളാപ്പള്ളിയെ ആര്‍ക്കാണ് പേടി?

ഡി. ധനസുമോദ്

വെള്ളാപ്പള്ളി നടേശൻ ഏറ്റവും അവസാനം പറഞ്ഞത് മാത്രം പിണറായി വിജയൻ കേട്ടു. പകലിനെ പകലായും രാത്രിയെ രാത്രിയായും കാണുന്ന നേതാവാണ് പിണറായി വിജയൻ എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. പകലിനെ പകലായി മാത്രം കണ്ടപ്പോൾ ഉണ്ടായ കുഴപ്പം മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ് ഐ ആർ രേഖപ്പെടുത്തി എന്നതായിരുന്നു.

വിഎസ് അച്യുതാനന്ദനെ ഏതോ ദുഷ്ടശക്തികള്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ് തനിക്കെതിരെ കേസ് നല്‍കിയതെന്നും പിണറായിയുമായി സംസാരിച്ചാല്‍ തെറ്റിദ്ധാരണ മാറും എന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ വിശ്വസിച്ചിരുന്നത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പലതവണ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പറയാനുള്ളതെല്ലാം അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പാകെ പറഞ്ഞാല്‍ മതിയെന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. തമിഴ് സിനിമകളിലേത് പോലെ ജനക്കൂട്ടത്തെ തെരുവിലിറക്കി സര്‍ക്കാരിനെ പേടിപ്പിക്കാനായിരുന്നു അടുത്ത നീക്കം. ഇതിനായി തീയതിയും പ്രഖ്യാപിച്ചതായിരുന്നു. പക്ഷെ തീക്കളിയാണെന്ന് വിശ്വസ്ഥര്‍ ഉപദേശിച്ചതോടെ സമരം വേണ്ടെന്നുവച്ചു. രണ്ടു നീക്കവും പാളിയതോടെ പിന്നീടുള്ള പ്രതീക്ഷ മുഴുവന്‍ വിജിലന്‍സ് കോടതിയിലായിരുന്നു. കേസന്വേഷണവുമായി മുന്നോട്ട് പോകാന്‍ വിജിലന്‍സിന് കോടതി പച്ചക്കൊടി കാട്ടിയതോടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. എഫ്ഐആര്‍ ഇടാനുള്ള സ്വാതന്ത്ര്യം ലഭിച്ചതോടെ ജേക്കബ് തോമസ്സിന്റെ കേസന്വേഷണ വന്ധ്യത അവസാനിച്ചു.

എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്‌ പുനസംഘടിപ്പിച്ചപ്പോള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മകള്‍ എസ് സുജാതയെ മാത്രം നിലനിര്‍ത്തിയപ്പോള്‍ തന്നെ സമുദായ നേതാക്കളെ പ്രീണിപ്പിക്കുന്ന യുഡിഎഫ് തന്ത്രം എല്‍ഡിഎഫും പയറ്റാന്‍ തുടങ്ങിയോ എന്ന് സംശയിച്ചവരുണ്ട്. മത-സമുദായ നേതാക്കള്‍ ആരാലും തൊടാന്‍ പറ്റാത്തവരാണ് എന്ന പ്രതീതി കുറെ നാളുകളായി കേരളത്തിലുണ്ട്. എസ്എന്‍ഡിപി പിന്തുണച്ച ബിഡിജെഎസ് തോറ്റമ്പിയപ്പോഴും ശക്തരായ രാഷ്ട്രീയ നേതാക്കള്‍ സമുദായ നേതാക്കളോട് കൂറു പുലര്‍ത്തി. പിണറായിയും വിഎസും പരസ്യമായി വിമര്‍ശിക്കുമ്പോഴും ജി സുധാകരന്‍ ഭാര്യാസമേതനായി കണിച്ചുകുളങ്ങരയില്‍ എത്തി വെള്ളാപ്പള്ളിയുടെ പിറന്നാള്‍ സദ്യയുണ്ടു. എന്നാല്‍ എല്ലാത്തിനും മേലെ പറക്കുന്ന സമുദായ നേതാക്കളുടെ ചിറക് അരിയാന്‍ ത്രാണിയുണ്ടെന്ന് കാണിച്ച് തരുന്നതാണ് ഈ കേസന്വേഷണം. സമുദായ നേതാക്കളെ ഒതുക്കല്‍ വെള്ളാപ്പള്ളിയില്‍ തുടങ്ങി വെള്ളാപ്പള്ളിയില്‍ അവസാനിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

ബിജെപിയുമായി ചങ്ങാത്തം കൂടിയപ്പോൾ മുതലാണ് വെള്ളാപ്പള്ളിയെ ശരിക്കും തൊട്ടുകൂടാത്തവനായി സിപിഎമ്മിന് തോന്നിയത്. സ്വത്വരാഷ്ട്രീയം ശക്തിപ്രാപിച്ചാൽ ആദ്യം പരിക്കേൽക്കുന്നത് സിപിഎമ്മിന് ആയിരിക്കുമെന്ന നിരീക്ഷണം ഏറെക്കുറെ ശരിവയ്ക്കുന്നതായിരുന്നു ചില നിയമ സഭാ തെരെഞ്ഞെടുപ്പ് ഫലങ്ങൾ. 2011 തെരെഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ 4390, അരൂരിൽ 7478 വോട്ട് ബിജെപി സ്ഥാനാർത്ഥികൾ നേടിയപ്പോൾ എൻ ഡി എ സഖ്യകക്ഷിയായി ബിഡിജെഎസ് എത്തിയ ഇത്തവണ കുട്ടനാട്ടിൽ 33,044,അരൂരിൽ 27,754 എന്ന തോതിലേക്കാണ് വോട്ട് നില ഉയർത്തിയത്. മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സിപിഎമ്മിന്റെ ആദ്യ നീക്കം വെള്ളാപ്പള്ളിയെ മാറ്റിനിർത്തുകയും ഈഴവ സമുദായത്തെ ഒപ്പം നിർത്തുകയും ചെയ്യുക എന്നതായിരുന്നു. ഘട്ടം ഘട്ടമായി ഇതൊക്കെ നടപ്പിലാക്കുന്ന കാഴ്ച ആണ് പിന്നീട് കണ്ടത്. ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി ആഘോഷത്തിന്റെ പടിക്കു പുറത്തു വെള്ളാപ്പള്ളിയെ നിർത്തിയപ്പോൾ തന്നെ കാര്യത്തിന്റെ പോക്ക് പിടികിട്ടിത്തുടങ്ങിയിരുന്നു. കേന്ദ്ര ധനമന്ത്രി ആയിരിക്കെ കേന്ദ്രബജറ്റ് അവതരിപ്പിക്കുമ്പോൾ തിരുവള്ളുവരെയും തിരുക്കുറളിനെയും പിടിച്ചൊരു കളിയായിരുന്നു പി ചിദംബരം നടത്തിയിരുന്നത്. ഇതേ മാതൃകയിൽ ഡോ. തോമസ് ഐസക് ഇത്തവണ ശ്രീനാരായണ ഗുരുവിനെയാണ് സംസ്ഥാന ബജറ്റിനു ഒപ്പം കൂട്ടിയത്. ആറു തവണയാണ് ഗുരുവചനങ്ങൾ ഐസക് ഉദ്ധരിച്ചത്. ശിവഗിരി തീർത്ഥാടനത്തിനായി ശ്രീനാരായണ ഗുരു ഉപദേശിച്ച ഏട്ടുവിഷയങ്ങളിലെ കൈത്തൊഴിലും സാങ്കേതിക വിദ്യയുമാണ് പരമ്പരാഗത വ്യവസായത്തിനായി ഊന്നി പറഞ്ഞത്. ക്ഷേമ പെൻഷൻ തുക ഉയർത്തുന്നത് മുതൽ ലൈബ്രറി നവീകരണത്തിൽ പോലും ഗുരുവചനങ്ങളുടെ അകമ്പടിയോടെയാണ് അവതരിപ്പിച്ചത്. ഐസക്കിന്റെയും സിപിഎമ്മിന്റെയും ഉദ്ദേശം ലക്ഷ്യം കണ്ടു എന്ന സൂചനയാണ് പിറ്റേദിവസം ഇറങ്ങിയ കേരള കൗമുദി പത്രത്തിന്റെ ഒന്നാം പേജ് തലക്കെട്ടിൽ നിന്നും ലഭിച്ചത്. ഐസക് ഉദ്ധരിച്ച ദൈവദശകത്തിലെ 'അന്നവസ്ത്രാദി മുട്ടാതെ'എന്ന വരിയുടെ ഭാഗം ആയിരുന്നു അത്.മൈക്രോഫിനാൻസ് അഴിമതികേസിലെ പരാതിക്കാരൻ വി എസ്‌ അച്യുതാനന്ദൻ ആണെന്നത് ആധികാരികത വർധിപ്പിച്ചു. വിഎസിന്‍റെ കേസുകള്‍ 'രാഷ്ട്രീയ പ്രേരിത'മാണെന്ന് കേരള സര്‍ക്കാരിന്തോന്നുമെങ്കിലും പൊതു സമൂഹത്തിനു അത്തരത്തിലുള്ള തെറ്റിദ്ധാരണ ഇല്ല. മൈക്രോഫിനാന്‍സ് അഴിമതിയെ കുറിച്ച് വിഎസ്അച്യുതാനന്ദന്‍ പറയുന്നത് ശ്രദ്ധിക്കുക ‘എസ്.എന്‍.ഡി.പി. യോഗവുമായി ബന്ധപ്പെട്ട ഈഴവ സമുദായത്തിലെ പാവപ്പെട്ട സ്ത്രീകള്‍ക്ക് പിന്നോക്ക സമുദായ കോര്‍പ്പറേഷനില്‍നിന്നും വിവിധ ബാങ്കുകളില്‍നിന്നും വായ്പയെടുത്ത പണം അമിത പലിശയ്ക്ക് നല്‍കി സാമ്പത്തിക അഴിമതി നടത്തിയതാണ് കേസ്. രണ്ട് ശതമാനം പലിശക്കെടുത്ത പണത്തിന് പരമാവധി അഞ്ച് ശതമാനം പലിശ മാത്രമേ ഈടാക്കാവൂ എന്ന നിബന്ധന മറികടന്ന്, പന്ത്രണ്ടും പതിനഞ്ചും ശതമാനംവരെ പലിശ ഈടാക്കി എന്നതാണ് കേസ്. ഇല്ലാത്ത പേരുകളില്‍ വായ്പ എഴുതി പാവപ്പെട്ട ഈഴവസ്ത്രീകളെ കബളിപ്പിച്ചതായും കേസുണ്ട്. ഈ കേസില്‍ ഒരഴിമതിയുമില്ലെന്നാണ് നടേശന്‍ തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ത്തന്നെ വിജിലന്‍സ് 80 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.’

മൈക്രോഫിനാന്‍സ് ഇടപാടില്‍ അഞ്ചു കോടി രൂപ തട്ടിച്ച എസ്.എന്‍.ഡി.പി യൂണിയന്‍ നേതാക്കളെ തനിക്കറിയാം എന്ന് വീമ്പു പറഞ്ഞു സ്വയം കുഴിച്ച കുഴിയിലേക്ക് എടുത്തു ചാടുകയാണ് അദ്ദേഹം ചെയ്തത്. അടൂരിലെ രജിസ്റ്റര്‍ ചെയ്ത കേസുകളും വിനയായി. യുഡിഎഫ് ഭരിക്കുമ്പോള്‍ ഭൂരിപക്ഷത്തെ അവഗണിക്കുന്നു എന്ന് കരഞ്ഞ വെള്ളാപ്പള്ളിയെ സമുദായാംഗങ്ങള്‍ അവിശ്വസിക്കാന്‍ തുടങ്ങി. മൈക്രോഫിനാന്‍സ് വഴി എത്തിയ കോടിക്കണക്കിനു തുകയില്‍ അഞ്ചു പൈസ പോലും യൂണിയനില്‍ എത്തിയില്ലെന്നും എല്ലാം ചെക്ക്‌ ആയി അതാതു കുടുംബ യൂണിറ്റുകള്‍ക്ക് ആണ് പോയതെന്നും അച്ഛന്‍ നിരപരാധി ആണെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആണയിടുമ്പോഴും സംശയത്തിന്റെ പുകമറ നീക്കാനായില്ല.

സമുദായ നേതാക്കളില്‍ സുകുമാരന്‍ നായര്‍ അല്ല സിപിഎമ്മിന് വെള്ളാപ്പള്ളി. പ്രവീണ്‍ തൊഗാഡിയുടെ കൂട്ടുകാരനാണ്, ബിജെപിക്ക് വളരാന്‍ നിലമൊരുക്കി നല്‍കിയ ആളാണ്‌, സര്‍വോപരി പാര്‍ട്ടിയുടെ ഉറച്ച ഈഴവ വോടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ അങ്ങേയറ്റം ശ്രമിച്ച പ്രമാണി കൂടിയാണ്. അതുകൊണ്ട് ബിജെപിയുമായുള്ള ബാന്ധവം ഉപേക്ഷിക്കാതെ പിണറായിയെ എത്രകണ്ട് പുകഴ്ത്തിയാലും വെള്ളാപ്പള്ളിക്ക് രക്ഷപ്പെടാനാകില്ല. കഷ്ടകാലം വരുമ്പോള്‍ എല്ലാം ഒരുമിച്ചു വരും എന്ന് പറയുന്നതുപോലെ മറുവശത്ത് ഇപ്പോള്‍ ശക്തന്‍ വിഎം സുധീരന്‍ ആണ്. ആയകാലത്ത് സുധീരനെ നന്നായി ഉപദ്രവിച്ചുട്ടുള്ളതിനാല്‍ ബിജെപി ഒഴികെ ആരുടേയും സഹായം തല്‍ക്കാലം വെള്ളാപ്പള്ളിക്ക് കിട്ടില്ല. ചന്ദ്രശേഖരനെതിരെ വിജിലന്‍സ് കേസ് എടുത്തതിനെതിരെ ഇപ്പോള്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചിനു തയാറെടുക്കുകയാണ്. ഇതുപോലെ നടേശ അനുകൂല പ്രകടനം ഒന്നും ബിജെപിയുടെ ഭാഗത്ത്‌ നിന്നും ആരും പ്രതീക്ഷിക്കേണ്ട. തനിക്കു ഇഷ്ടമുള്ളത് മാത്രം ഉപദേശിച്ചു തരുന്ന നിലവിലെ സ്വന്തക്കാരെ മാറ്റി മികച്ച അഭിഭാഷകരെ കേസ് വാദിക്കാനാണ് ഇനി വെള്ളാപ്പള്ളി നോക്കേണ്ടത്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


Next Story

Related Stories