TopTop
Begin typing your search above and press return to search.

ജോര്‍ജല്ല മലയാളിയാണ് വെളിപ്പെടുത്തേണ്ടത്; ധാര്‍മ്മികത ഇങ്ങനെ പുരപ്പുറത്തിട്ടുണക്കരുത്

ജോര്‍ജല്ല മലയാളിയാണ് വെളിപ്പെടുത്തേണ്ടത്; ധാര്‍മ്മികത ഇങ്ങനെ പുരപ്പുറത്തിട്ടുണക്കരുത്

പ്രിയന്‍ അലക്സ്

നമ്മുടെ രാഷ്ട്രീയക്കാരന്റെ അഴിമതിജീവിതത്തിന്റെ (അല്ലാ, അവര്‍ പിന്നെങ്ങനെ ജീവിക്കും?) സാമൂഹികമനശാസ്ത്രം മധ്യവര്‍ഗ മനശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ അധികാരത്തോട് വിപ്രതിപത്തി കാട്ടുമെങ്കില്‍പ്പോലും അധികാരം ഒരു അച്ചീവ്‌മെന്റായെടുക്കുന്നവരാണ് ആദര്‍ശരാഷ്ട്രീയക്കാരന്മാര്‍ പോലും. അല്ലെങ്കിലോ അഴിമതിവിരുദ്ധതയും, സദാചാരനിഷ്ഠയും പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കുമെങ്കിലും അത് കാപട്യം മുഖമുദ്രയാക്കിയ ഒരു നല്ലവാര്‍ത്ത മാത്രമാണ്. നല്ല വാര്‍ത്ത എങ്ങനെയാണ് ഒരു ബ്രേക്കിങ്ങ് വാര്‍ത്തയാവുക? മോശം വാര്‍ത്തകള്‍ കാണാന്‍ തയ്യാറെടുത്തുകൊണ്ടല്ലേ നമ്മള്‍ വാര്‍ത്തയിലേക്ക് മിഴിയോര്‍ക്കുന്നത്? എന്താ അത്ര ശുദ്ധരില്‍ ശുദ്ധരാണോ പ്രേക്ഷകനോ വായനക്കാരനോ? ജൈവപച്ചക്കറികളുടെ തമിഴനാണ് നമ്മളുടെ മധ്യവര്‍ഗപ്രതിനിധി. അടിമുടി വിഷമാണ്. എന്നാലോ കേടുകൂടാതെയിരിക്കുകയും ചെയ്യുന്നു.

അപ്പോഴോ. സംഗതി വളരെ രസകരമാവുന്നു. നാലുദിവസം കൊണ്ടും ഈ നളചരിതം തീരില്ല. നളനെയല്ല, നമ്മളെയാണ് കലി ബാധിക്കുക. നമ്മള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് കണ്ടാണ് കാലാവസ്ഥ പ്രവചിക്കുന്നത്. ചായക്കോപ്പയാണെങ്കിലോ ഇരിക്കേണ്ടിടത്തിരിക്കുകയുമാണ്.

പി സി ജോര്‍ജിന്റെ രാഷ്ട്രീയം ഉദ്ദേശിച്ച ഫലം കാണുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. വിജയിക്കാന്‍ സാധ്യതയില്ല. എന്നാലോ തോല്‍ക്കുകയുമില്ല. അതാണ് മധ്യവര്‍ഗ ധാര്‍മ്മിക സദാചാരത്തിന്റെ ഇലാസ്തികത. അത് ഇത്രത്തോളമാണ്. എത്രത്തോളവുമാവാം. അത് ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുകയും എന്നാലോ അതേ പിള്ള തന്നെ മറ്റുള്ള അഴിമതിക്കെതിരെ പോരാടുകയും ചെയ്യുന്നതിലെത്തും.

അതെങ്ങനെയാ വില്ലേജോഫീസറെയോ പഞ്ചായത്തിലെ ഡോക്ടറെയോ, എസ് ഐയെയോ സ്വാധീനിക്കാന്‍ കഴിയാത്ത രാഷ്ട്രീയക്കാരനെ ജനമെന്നാണ് അംഗീകരിച്ചത്? അധികാരം വെടിഞ്ഞ് ജീവിക്കുന്നത് ഏറ്റവും വലിയ അധികാരമാണെന്ന് തോന്നാന്‍ ഇത് വാര്‍ധയോ ടോള്‍സ്‌റ്റോയ് ഫാമോ ഒന്നുമല്ലല്ലോ. എന്നാല്‍പ്പോലും ജന്മിക്കുട്ടികള്‍ അവസരത്തിലേക്ക് കടന്നുകയറും. അവരെയോ ആരുമൊന്നും പഠിപ്പിക്കേണ്ടതില്ല. നിയോഫ്യൂഡല്‍ പ്രേതങ്ങള്‍ നമ്മെ പിന്തുടരുകയാണ്. പിന്നെ നാഗരികബുദ്ധിജീവിവല്‍ക്കരണമെന്ന മധ്യവര്‍ഗപ്രതിഭാസം, തെരുവില്‍ നിന്ന് തീയറ്ററിലേക്കെത്തിക്കുകയാണ് കാര്യങ്ങളെ. അങ്ങനെയാണല്ലോ സിനിമാപ്പാട്ടിന്റെ ബാക്ക്‌ഗ്രൌണ്ടൊക്കെ രാഷ്ട്രീയ വാര്‍ത്തയിലേക്ക് കടന്നുകയറുന്നത്.

ധാര്‍മ്മികമായ അധമബോധത്തിലധിഷ്ഠിതമായ മധ്യവര്‍ഗസദാചാരത്തെ (അതിപ്പോ പണമായും പെണ്ണായും സദാചാരമിങ്ങനെ കൊഴുത്തു തൊഴുത്തില്‍ പുല്ലുതിന്നുകയാണ്) പുകഴ്ത്തി പുകഴ്ത്തി കേരളത്തെ ഒരു മധ്യവര്‍ഗപറുദീസയാക്കിയിരിക്കുന്നു. വിലക്കുകളുടെ ഏദന്‍ അതാണല്ലോ ദൈവത്തിന്റെ പൂന്തോട്ടം. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ പണം നല്‍കി വാങ്ങുന്ന മലയാളി മധ്യവര്‍ഗത്തിന് അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് ധാര്‍മ്മികപിന്തുണയുണ്ടെന്ന വ്യാമോഹമുണ്ട്. (എന്തും വിലനല്‍കി വാങ്ങാമെങ്കില്‍പ്പിന്നെ ധാര്‍മ്മികബോധം സ്വയം പൊലിഞ്ഞുപോവുന്ന മിഥ്യയല്ലാതെ മറ്റെന്താണ്? അങ്ങനെ പൊട്ടിത്തകര്‍ന്നൊരു സമൂഹത്തില്‍ ആത്മഹത്യാനിരക്ക് വളരെ ഉയര്‍ന്നിരിക്കുന്നു). അതൊന്നും സത്യമല്ല. ശാശ്വതവുമല്ല. അതായത് വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും ധാര്‍മ്മികതയാണ് മുഖ്യം എന്ന് തോന്നിപ്പിക്കുന്ന മധ്യവര്‍ഗസദാചാരം തന്നെയാണ് നമ്മുടെ മാധ്യമക്കാഴ്ച്ചകളില്‍പ്പോലുമുള്ളത്.പണമുള്ളത് കുറ്റമല്ലല്ലോ എന്ന് ന്യായം നിരത്തുന്ന പി വി അബ്ദുള്‍ വഹാബെന്ന രാജ്യസഭാസ്ഥാനാര്‍ത്ഥിയെ നമ്മള്‍ കേട്ടതാണ്. ആരും ഒന്നും മനസിലാക്കിയില്ല. മധ്യവര്‍ഗ മാധ്യമങ്ങള്‍ക്ക് ഇത് നന്നായറിയാം. പണത്തിനുവേണ്ടി അവരും ആഗ്രഹിക്കുന്നു. പണമില്ലാത്തിടത്തോളം അങ്ങനെയൊരു ധാര്‍മ്മികതയെച്ചൊല്ലി രോഷം കൊള്ളുന്നു. എല്ലാ പ്രക്ഷോഭങ്ങളുടെയും പിന്നില്‍ ഇത്തരമൊരു മധ്യവര്‍ഗ മനശാസ്ത്രമുണ്ട്. അലഹബാദ് കോടതി വിധിക്കുശേഷവും ഇന്ദിരാഗാന്ധി അധികാരത്തില്‍ കടിച്ചുതൂങ്ങിയപ്പോള്‍ മധ്യവര്‍ഗ ധാര്‍മ്മികതയുടെ പൊള്ളയായ രോഷം നമ്മള്‍ കണ്ടതാണ്. അടിയന്തരാവസ്ഥക്കാലത്ത് ട്രെയിനുകള്‍ സമയത്തോടുന്നു എന്ന് അത്ഭുതപ്പെട്ട മധ്യവര്‍ഗമുണ്ടിവിടെ. എന്നാലോ. മധ്യവര്‍ഗം എപ്പോഴുമിങ്ങനെയാണ്. അവരുടെ പ്രതികരണങ്ങള്‍ ഇലാസ്തികമാണ്. മലയാളിസമൂഹം അതീവ മധ്യവര്‍ഗവല്‍ക്കരിക്കപ്പെടുന്നു എന്നതാണ് സത്യം.

ചുവപ്പുനാടയെ ഇല്ലാതാക്കാനും തിരഞ്ഞെടുപ്പ് ഫലത്തെ ഭയപ്പെടാതിരിക്കാനും ആഗ്രഹമുള്ള വികസനമോഹികളുടെ ധാര്‍മ്മികതയോ? അത് മധ്യവര്‍ഗ ധാര്‍മ്മികതയാണ്. അത് സദാചാരനിര്‍മ്മിതിയുമാണ്. അപ്പോഴാണ് ചിറ്റിലപ്പള്ളിമാരും നോ ഹര്‍ത്താലുകാരും വരുന്നത്. എക്കാലവും പ്രതീക്ഷയ്‌ക്കൊത്തുയരുന്ന സര്‍ക്കാരിനെ കാത്ത് 'വെറും സാധാരണക്കാര്‍' വോട്ടുചെയ്യുന്നു. അതുകൊണ്ടാണ് സര്‍ക്കാരുകള്‍ വീഴുമ്പോഴും അധികാരമേറുമ്പോഴും 'വെറും സാധാരണക്കാര്‍' സന്തോഷിക്കുന്നത്. എന്നാലോ തങ്ങള്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാരുകള്‍ തന്നെ തരണം. എന്തുകൊണ്ട് സര്‍ക്കാര്‍ അത് തരുന്നില്ല എന്നതാണ് ചോദ്യം. അതുകൊണ്ട് അവര്‍തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെ ധാര്‍മ്മികത എക്കാലത്തേക്കുമുള്ളതാണ് തോന്നിപ്പോവുന്നു. സര്‍ക്കാരുകള്‍ മാറിവന്നാലും പണത്തിന്റെയും പെണ്ണിന്റെയും ധാര്‍മ്മികബോധത്തിലൂന്നിയ ഇടപെലുകള്‍ മാറാനേ പാടില്ല. ഒരു സംരംഭകയാണ് താന്‍ എന്നാണ് സരിത അവകാശപ്പെടുന്നത്. സരിതയുടെ കത്ത് പിറവിയെടുത്തത് തന്നെ മധ്യവര്‍ഗധാര്‍മ്മികതയുടെ വികലവീക്ഷണത്തില്‍നിന്നാണ്. സരിത ഒരിരയാണെന്നോ സരിതയ്ക്ക് ആരെയെങ്കിലും ഇരയാക്കാമെന്നോ തോന്നുന്നെങ്കില്‍ അതും ധാര്‍മ്മികമായ അധമബോധമാണ്.സ്വന്തം ആവശ്യങ്ങളുടെയോ അഭിനിവേശങ്ങളുടെ കണ്ണിലൂടെ കാണുമ്പോഴാണ് ഇങ്ങനെയൊരു ധാര്‍മ്മികസദാചാരം രൂപപ്പെടുന്നത്. വല്ലാണ്ട് കരയാതെ ഏത് കളിപ്പാട്ടവും കിട്ടുന്ന കുട്ടിക്ക്, അത് കിട്ടാത്തവരെക്കുറിച്ചുള്ള ബോധം പകര്‍ന്നുനല്‍കാമെങ്കിലോ, അവന്/അവള്‍ക്ക് അസാധ്യകാര്യങ്ങള്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടാവുന്നു. കളിപ്പാട്ടമില്ലാത്തവനെക്കുറിച്ചുള്ള അറിവ് ധാര്‍മ്മികതയെ സൃഷ്ടിക്കുന്നു. ഇത് വ്യാജമല്ലേ? കിട്ടാത്തവനും കൂടി കിട്ടിയാല്‍ അവസാനിക്കുന്നതല്ലേ ഈ കരച്ചിലും കോലാഹലവും? അതുകൊണ്ടല്ലേ ജനസമ്പര്‍ക്കപരിപാടികള്‍ നടത്താന്‍ ഇവര്‍ക്കൊക്കെ ധൈര്യം തോന്നുന്നത്? എന്നാലോ സ്വയം സംരക്ഷിക്കാനുള്ള കഴിവില്ലാത്തവര്‍ നിവേദനങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കുകയും ചെയ്യും. ഇടയ്ക്കിടയ്ക്ക് ഇച്ഛാഭംഗത്താല്‍ ഒന്നുറക്കെ കരയുകയുമാവാം.

ഇതൊക്കെയാണ് മലയാളി. എന്നാലോ കാപട്യത്തോടെ ആധുനികരാണെന്നു ചമയുന്നുമുണ്ട്. എന്നാലോ മനുഷ്യബന്ധങ്ങളെ ഭയപ്പെടുന്ന മാനസികാവസ്ഥയ്ക്ക് അടിമകളുമാണ്. അപ്പോള്‍ സ്‌കാന്‍ഡലുകള്‍ ഉണ്ടാവാതിരിക്കുന്നതെങ്ങനെ. കേരളകോണ്‍ഗ്രസിന്റെ രൂപീകരണം പോലും അത്തരമൊരു സ്‌കാന്‍ഡലില്‍ നിന്നല്ലേ? അതായത് ധാര്‍മ്മികതയുണ്ടെന്ന് പറഞ്ഞാലും പോരാ അത് തെളിയിക്കുകയും വേണം. അതിനുവേണ്ടിയാണ് അഴിമതിവിരുദ്ധതയും സദാചാരപ്പോലീസിങ്ങും ഉണ്ടാവുന്നത്. അങ്ങനെ ചോദ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ടിവരാതെയിരിക്കുകയും ആകാമല്ലോ? അല്ലേ? അല്ലെങ്കില്‍ത്തന്നെ ഇതിലൊക്കെ എന്ത്, എ കെ ജി യും ഭാര്യയും ഒരേ ജയില്‍മുറിയില്‍ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും മതിലുകള്‍ പോലെയൊരു നോവലെഴുതി പാവം ബഷീര്‍, അയാളോ നാരായണിയെ കണ്ടതേയില്ല. കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുന്ന മണികളുണ്ട് എന്നത് ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് മലയാളീ, ഓവറാക്കി ചളമാക്കാതടേയ്, ഉടുക്കാത്ത കോണകം ഇങ്ങനെ പുരപ്പുറത്തിട്ടുണക്കരുത്.

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Next Story

Related Stories