TopTop
Begin typing your search above and press return to search.

വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരം ഉറപ്പാക്കിയിട്ട് പോരെ ഭക്ഷണ നിരോധനങ്ങള്‍

വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരം ഉറപ്പാക്കിയിട്ട് പോരെ ഭക്ഷണ നിരോധനങ്ങള്‍

വി അബ്ദു റഹ്മാന്‍

ജാതി മത അതിര്‍ വരമ്പുകള്‍ മനുഷ്യനെ വേര്‍തിരിച്ചിട്ട് കാലമേറെയായി. ജനകീയമായ ആഘോഷങ്ങള്‍ വരെ ഇന്ന് സാമുദായിക വേലിക്കെട്ടിനുള്ളില്‍ കിടന്നു വീര്‍പ്പു മുട്ടുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുണ്ടയിരുന്ന ആത്മബന്ധം ഇന്ന് ഹിന്ദുവും ഹിന്ദുവും മുസല്‍മാനും മുസല്‍മാനും എന്ന രീതിയിലേക്ക് വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ അവസാനത്തേതാണ് ഭക്ഷ്യ വസ്തുക്കളെ മതത്തിന്റെ പേരില്‍ സ്വന്തമാക്കാനും അകറ്റി നിറുത്താനുമുള്ള ഫാസിസ്റ്റ് ഇടപെടല്‍. ഹിന്ദു മുരിങ്ങത്തോരന്‍, മുസ്ലിം ബീഫ് ഫ്രൈ, ക്രിസ്ത്യന്‍ കോഴിക്കറി എന്നിങ്ങനെ ഓരോന്നിനേയും പ്രത്യേകം പ്രത്യേകം വിളിക്കേണ്ടി വരുന്ന കാലം വിദൂരമല്ല. ഒപ്പം തന്നെ ഓരോ മതവിഭാഗത്തിനും പ്രത്യേകം ഹോട്ടല്‍ കൂടി തുടങ്ങിയാല്‍ നമ്മള്‍ ഊറ്റം കൊള്ളുന്ന മതേതരത്വത്തിലേക്ക് അവസാന ആണി കൂടി അടിച്ചു കയറ്റാം.

പക്ഷേ ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നത് മാംസ വില്‍പന നിരോധനത്തിന്റെ രാഷ്ട്രീയമല്ല. പകരം ഒരു നേരത്തെ ആഹാരത്തിനു പോലും ഗതിയില്ലാതെ ജീവിക്കുന്ന കോടാനുകോടി ഇന്ത്യക്കാരുടെ മനസില്‍ ഈ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകളാണ്.

ഇന്ത്യയില്‍ ഒരു ദിവസം ശരാശരി 3,000ത്തോളം ആളുകള്‍ പട്ടിണിയും അതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മൂലവും മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഒന്നു കൂടി വിശദമാക്കിയാല്‍ ഇപ്രകാരം പറയാം. നിങ്ങള്‍ ഈ ലേഖനം വായിച്ചു തീര്‍ക്കാന്‍ ഒരു മിനുറ്റ് സമയമെടുക്കുമെങ്കില്‍ അതിനിടയില്‍ നമ്മുടെ രാജ്യത്ത് ഒരു കുട്ടി പട്ടിണി മൂലം മരണമടഞ്ഞിട്ടുണ്ടാകും.

നമ്മുടെ രാജ്യത്ത് ഒരു നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളുടെ എണ്ണം ഏകദേശം 20 കോടിക്ക് അടുത്തു വരും.

ചില കണക്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

1) ഇന്ത്യയില്‍ ഒരു ദിവസം ഏകദേശം 2,000 ത്തോളം കുട്ടികള്‍ ഭക്ഷണ ദൗര്‍ബല്യവുമായി ബന്ധപ്പെട്ട് മരണമടയുന്നു.

2) 6.6 കോടി പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ വിശന്നു വലഞ്ഞാണ് ലോകത്ത് വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകളിലെത്തുന്നത്.

3) ലോകത്ത് ഏകദേശം 80 കോടി ആളുകള്‍ക്ക് മതിയായ ആഹാരം ലഭിക്കുന്നില്ല. ഒന്നു കൂടി വിശദമാക്കിയാല്‍ ഒമ്പതില്‍ ഒരാള്‍ നമ്മുടെ ലോകത്ത് പട്ടിണിയാണ്.

4) ലോകത്ത് എയ്ഡ്‌സ് ബാധിച്ചും, ക്യാന്‍സര്‍ മൂലവും മരിക്കുന്നതിലധികം പേര്‍ പട്ടിണി മൂലം മരിക്കുന്നു.

5) ലോകത്തിലെ മൂന്നിലൊന്ന് പട്ടിണി പാവങ്ങള്‍ ഇന്ത്യയിലാണുള്ളത്.

6) ഏകദേശം 41 കോടി ഇന്ത്യക്കാരുടെ ശരാശരി ദിവസവേതനം കേവലം 83 രൂപ മാത്രമാണ് (ഇപ്പോഴത്തെ ഡോളര്‍ വിനിമയ നിരക്കു പ്രകാരം).

7) 20 കോടി ഇന്ത്യക്കാര്‍ ഇന്ന് മതിയായ ഭക്ഷണം ലഭിക്കാതെയാണ് ഉറങ്ങുകന്നത്.

എന്തു കഴിക്കണം എന്ന് പറഞ്ഞ് നാം കലഹിക്കുന്നത് ഒന്നും കഴിക്കാനില്ലാത്ത കോടിക്കണക്കിന് ആളുകളുള്ള ഒരു രാജ്യത്താണ്. ഇങ്ങനെ വായുവും വെള്ളവും മാത്രമായി ദിവസങ്ങള്‍ തള്ളി നീക്കുന്നവരുടെ മുന്നിലാണ് നമ്മള്‍ മാംസം ഭക്ഷിക്കരുത്, ഭക്ഷിക്കും എന്നെല്ലാം പറഞ്ഞ് നാടകം കളിക്കുന്നത്. ഒന്നും കഴിക്കാനില്ലാതെ വിശന്നു നിലവിളിക്കുന്ന കോടികള്‍ക്ക് എന്താവും ഇവരോടുള്ള മനോഭാവം. അവര്‍ക്ക് പുച്ഛിക്കാനുള്ള ആരോഗ്യം പോലും ഇല്ലല്ലോ, അതുകൊണ്ട് ഇതെല്ലാം ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകും.

ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് ജാതി നല്‍കി അതു നിരോധിക്കുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങള്‍ക്ക് ചുറ്റും ഒരു നേരത്തെ ആഹാരത്തിനായി കേഴുന്ന കോടി കണക്കിന് ജനങ്ങളുടെ ഒരു നേരത്തെ വിശപ്പെങ്കിലും അകറ്റിയിട്ടു പോരെ ഈ വോട്ട് ബാങ്ക് രാഷ്ട്രീയക്കളി.

1980 മുതലാണ് ഇന്ത്യയിലെ കുട്ടികളുടെ ഇടയിലെ പോഷകാഹാര കുറവ് ഐക്യരാഷ്ട്ര സംഘടന പ്രധാന വിഷയമായി ഉയര്‍ത്തി കൊണ്ടുവരാന്‍ തുടങ്ങിയത്. 90-കളുടെ തുടക്കം മുതല്‍ തന്നെ ഇന്ത്യയില്‍ ദാരിദ്യ നിര്‍മാര്‍ജ്ജനത്തിന് കൂടുതല്‍ വേഗം കൈവന്നിരുന്നു. 2005-2006 വര്‍ഷത്തില്‍ നടന്ന കുടുംബാരോഗ്യ സര്‍വെ പ്രകാരം ഇന്ത്യയിലെ 46 ശതമാനം കുട്ടികളും മതിയായ ഭാരമുളളവരല്ലെന്നു കണ്ടെത്തി. ഇന്ത്യന്‍ സര്‍ക്കാര്‍ ഇതേ തുടര്‍ന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷനും, നാഷണല്‍ ന്യൂട്രീഷണല്‍ മിഷനും ആരംഭിച്ചത്. 2005 ബജറ്റില്‍ കുട്ടികളുടെ പോഷകാഹാര സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ വിപുലപ്പെടുത്തുകയും ചെയ്തു. എങ്കിലും പത്തു വര്‍ഷത്തിനു ശേഷം നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ ഏകദേശം 80 ലക്ഷത്തോളം കുട്ടികള്‍ കഠിനമായ പട്ടിണി മൂലം കഷ്ടപ്പെടുകയാണ്. UNICEF കണക്കു പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം അഞ്ചു വയസില്‍ താഴെയുള്ള 15 ലക്ഷത്തോളം കുട്ടികള്‍ മരിക്കുന്നുണ്ട്. ഇതില്‍ പകുതിയിലേറെയും പോഷകാഹാര കുറവു മൂലമാണ്.

Millennium Development Goals (MDG), ഇന്ത്യയടക്കമുള്ള 189 ലോകരാജ്യങ്ങള്‍ 2000 മുതല്‍ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരുന്നുണ്ട് എന്ന് വസ്തുത അംഗീകരിച്ചു തന്നെയാണ് ഈ ലേഖനം. പക്ഷേ ഇപ്പോഴും MDG പ്രകാരമുള്ള എട്ടു ലക്ഷ്യങ്ങളില്‍ പലതിലും നാം വളരെ പുറകിലാണ്. ഈ പദ്ധതി പ്രകാരം 2015 ആണ് ലക്ഷ്യപ്രാപ്തിയിലേക്ക് എത്തേണ്ട വര്‍ഷമായി കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെ പട്ടിണി പാവങ്ങളുടെ എണ്ണം വിചാരിച്ച രീതിയില്‍ കുറക്കാനും ശുചിത്വം ഉറപ്പാക്കാനും ഇന്ത്യക്ക് വേണ്ട രീതിയില്‍ കഴിയാതെ പോയെന്ന് ഇന്ത്യന്‍ സര്‍ക്കാരും പദ്ധതി നടത്തിപ്പുകാരം പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1990-ല്‍ ഇന്ത്യയില്‍ മൂന്നു വയസിനു താഴെയുള്ള മതിയായ ഭാരമില്ലാത്ത 52 ശതമാനം കുട്ടികളാണ് ഉണ്ടായിരുന്നത്. 2015 ഓടെ ഇത് 26 ശതമാനം ആയി കുറക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത് 33 ശതമാനമായി കുറയ്ക്കാനേ ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം സാധിച്ചുട്ടുള്ളു. എന്നാല്‍ രാജ്യത്തെ ദാരിദ്യം 1990-മായി താരതമ്യപ്പെടുത്തുമ്പോള്‍ 50 ശതമാനത്തോളം കുറക്കാനായി എന്നത് ചെറിയ നേട്ടമല്ല.

ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. നാം ഉല്‍പാദിപ്പിക്കുന്ന 40 ശതമാനം പച്ചക്കറികളും പഴങ്ങളും അര്‍ഹതപെട്ടവരുടെ കൈകളില്‍ എത്തുന്നില്ല. അതുപോലെ തന്നെ 20 ശതമാനം ധാന്യവും പാഴായി പോകുന്നു. നമ്മുടെ ഭക്ഷ്യവിതരണ ശൃംഖലയിലുള്ള ഇത്തരം കുറവുകള്‍ പരിഹരിച്ചാല്‍ തന്നെ കുറേപ്പേരെ ദാരിദ്രൃത്തില്‍ നിന്ന് കരകയറ്റാനാകും. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണുന്നതിനും പകരമാണ് നാം മാംസ രാഷ്ട്രീയത്തിനു പുറകേ പോകുന്നത്. ഇത്തരം വിരോധാഭാസങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയുള്ള ഒരു പ്രതിഷേധം തന്നെ ഒഴിവാക്കാമായിരുന്നു. വിശക്കുന്നവന് ജാതിയും മതവുമില്ല. അവന് വിശപ്പകറ്റുന്നവനാണ് ദൈവം.

(കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയും, തിരൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories