TopTop
Begin typing your search above and press return to search.

പാഠം 1-പശു പാല്‍ തരും; മില്‍മ ലാഭം കൊയ്യും

പാഠം 1-പശു പാല്‍ തരും; മില്‍മ ലാഭം കൊയ്യും

രാകേഷ് നായര്‍

കാളതന്റെ ഉടയവന്റെ
കഴുത തന്റെ യജമാനന്റെ
പുല്‍ത്തൊടി അറിയുന്നല്ലോ
എന്‍ ജനം അറിയുന്നില്ലാ...

പഴയൊരു ക്രിസ്തീയ ഭക്തിഗാനത്തിന്റെ ഈരടികള്‍ മൂളിക്കൊണ്ട് പശുവിന് വെള്ളം കൊടുക്കുകയാണ് ജീമോന്‍. തള്ളപ്പശുവിന്റെ അകിട് മൊത്തിക്കുടിച്ച് ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍ ചടഞ്ഞുകൂടിയ കിടാവ് ഇടയ്ക്ക് തലപൊക്കി ജീമോന്റെ പാട്ടിന് താളം പിടിക്കാനെന്ന വണ്ണം തലയാട്ടുന്നുണ്ടായിരുന്നു.

തിരുവനന്തപുരം ക്ഷീരഭവന്റെ ഗേറ്റ് കടന്ന് അല്‍പ്പം മുന്നോട്ട് നീങ്ങി ഇടതുവശത്ത് സജ്ജീകരിച്ചിരിക്കുന്ന ഒരു ചെറിയ മോഡേണ്‍ തൊഴുത്തിനകത്താണ് ജീമോനെയും പശുക്കളെയും കണ്ടത്. ഇന്നേക്ക് പതിനേഴു ദിവസമായി ഇവര്‍ ഇവിടെ വന്നിട്ട്. പാലായിലെ രാമപുരത്ത് നിന്നാണ് മൂവരും തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. വഴിപോക്കര്‍ക്കും ക്ഷീരഭവനിലെ ഉദ്യോഗസ്ഥര്‍ക്കും ഒരു കൗതുക കാഴ്ച്ചയാണെങ്കിലും ജീമോന്‍ കാരാടി എന്ന ക്ഷീര കര്‍ഷകന്‍ ഇവിടെ നടത്തുന്നതൊരു സമരമാണ്. ഇരുകാലികള്‍ നടത്തുന്ന സമരമാണല്ലോ എല്ലാവര്‍ക്കും പരിചയം. അതുകൊണ്ടാകാം ജീമോന്‍ ഈ നാല്‍ക്കാലികളുമായി നടത്തുന്ന സമരം മറ്റുള്ളവര്‍ക്ക് ഒരു കാഴ്ചയായി മാറുന്നത്.

കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ സംഭരിക്കുന്ന പാലിന് നല്‍കുന്ന വിലനിര്‍ണയ രീതി ശരിയല്ലെന്നും അത് തിരുത്തണമെന്നുമുള്ള ചെറിയൊരാവിശ്യമാണ് ജീമോനുള്ളത്. എല്ലാ ക്ഷീരകര്‍ഷകര്‍ക്കും വേണ്ടിയുള്ളതാണ് ജീമോന്‍ മുന്നോട്ട് വയ്ക്കുന്ന ഈ ആവശ്യം. എന്നാല്‍ ജീമോന്‍ വിശേഷിപ്പിക്കുന്നപോലെ; അകത്തുള്ള ജീനിയസുകള്‍ ഇതുവരെ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ആഗസ്ത് 15നാണ് ജീമോന്റെ ഈ വ്യത്യസ്ത സമരമുറ ആരംഭിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങിനെയൊരു സമര രീതി തെരഞ്ഞെടുത്തതെന്ന് ചോദിച്ചാല്‍ ജീമോന്‍റെ മറുപടി ഇങ്ങനെ. "എല്ലാ സമരങ്ങളിലും കാണുന്നത് കുറെ ജനങ്ങളെ കൂട്ടി ജനങ്ങള്‍ക്കെതിരെ നടത്തുന്ന സമരങ്ങളാണ്. ആരെയും ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ക്ഷീരകര്‍ഷകരുടെ ന്യായമായ ആവശ്യം നടപ്പാകുകയും വേണം. അങ്ങിനെ മനസ്സില്‍ തോന്നിയ ആശയമാണ് ഈ മിണ്ടാപ്രാണികളെ കൂട്ടി ഒരു സമരം നടത്താമെന്ന്. സമരം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് ആരുടെയടുത്തും പിരിവിന് പോയിട്ടില്ല, ചെലവെല്ലാം എന്റെ കൈയില്‍ നിന്നു തന്നെ. എന്നാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കര്‍ഷകരെല്ലാം എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പലരും കൂടെ വരാമെന്ന് പറഞ്ഞതാണ്. അവരുടെയൊക്കെ ജീവിത ബുദ്ധിമുട്ട് എനിക്കറിയാം. ഇവിടെ വന്ന് കിടക്കുമ്പോള്‍ സ്വന്തം കുടുംബമല്ലേ താളം തെറ്റുന്നത്. അതെല്ലാം മനസ്സിലാവുന്നതുകൊണ്ട് ഞാന്‍ ഇവരുമായി നേരെ ഇങ്ങോട്ട് വണ്ടി കയറി. വേണ്ടനേരത്ത് പുല്ലും വെള്ളോം കൊടുത്താല്‍ ഇവര്‍ക്ക് തിരുവനന്തപുരോം പാലായുമൊക്കെ ഒന്നുതന്നെ. ശല്യോമില്ല, വാശിയുമില്ല."മുപ്പതിലേറെ വര്‍ഷമായി ക്ഷീര കര്‍ഷകനാണ് ജീമോന്‍. വീട്ടില്‍ ഒരു ഫാമുണ്ട്. ഇപ്പോള്‍ പശുക്കള്‍ പതിനൊന്ന്, പിന്നെ കിടാവുകളും. കഷ്ടപ്പാടും ചെലവും ഉണ്ടെങ്കിലും അന്തസ്സായൊരു ജീവിതം നയിക്കുന്ന ജീമോന്‍ താന്‍ തിരുവനന്തപുരത്തേക്ക് വരാനുണ്ടായ കാരണം വിശദീകരിക്കുന്നു.

ക്ഷീരകര്‍ഷകനെ ഉദ്ധരിക്കാനെന്നവണ്ണം ഉണ്ടാക്കിയിരിക്കുന്ന മില്‍മ ഈ മേഖലയെ ഇപ്പോള്‍ നാശത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. ആരുടെയെല്ലാം ചോര പിഴിഞ്ഞെടുത്തിട്ടാണെങ്കിലും കാശുണ്ടാക്കണം എന്ന ദുര്‍ബുദ്ധിയാണ് മില്‍മയിലെ ചില ഉദ്യോഗസ്ഥര്‍ക്ക്. അത്തരക്കാരാണ് ഈ മേഖലയെ ബാധിച്ചിരിക്കുന്ന അകിട് വീക്കം. അത് ചികിത്സിച്ചു മാറ്റാന്‍ ഇടപെടേണ്ടത് സര്‍ക്കാരാണ്. കര്‍ഷകരോട് ചില സാറമ്മാര്‍ക്ക് പുച്ഛമാണ്. ഞങ്ങള്‍ പാലെടുത്തില്ലെങ്കില്‍ നീയൊക്കെ എന്തു ചെയ്യുമെടാ എന്ന ധാര്‍ഷ്ട്യമാണ്. ക്ഷീരകര്‍ഷകര്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനാ സാറേ മില്‍മാ എന്നൊരു പ്രസ്ഥാനം എന്ന് ഞങ്ങള്‍ തിരിച്ചു ചോദിച്ചാല്‍ ഇവര്‍ എന്തുത്തരം പറയുമെന്നാണ് ജീമോന്‍ ചോദിക്കുന്നത്. ഞാനിവിടെ സമരം തുടങ്ങിയിട്ട് ഇത്രയും ദിവസമായി. ഒദ്യോഗികമായി ഒരു ചര്‍ച്ചയ്ക്ക് എന്നെ വിളിച്ചിട്ടില്ല. ഒരു ദിവസം ചെയര്‍മാനെ കാണാന്‍ പറ്റി. എന്നാല്‍ അതിനെ വെറും സൗഹൃദ സംഭാഷണം എന്നേ ഞാന്‍ പറയൂ. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ ഞാന്‍ ചില കാര്യങ്ങള്‍ മുന്നോട്ടു വച്ചു. അപ്പോള്‍ എന്നോട് ചോദിക്കുവാ- ജീമോനെ ഇതൊക്കെ നടപ്പുള്ളതാണോന്ന്? ആണെന്ന് ഞാന്‍ തെളിയിച്ചാല്‍ സാറതക്കൊ അംഗീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍, ചെയ്യാം എന്നാണ് പറഞ്ഞത്. പക്ഷേ...അവര്‍ക്ക് ഇനിയും എന്തൊക്കെയോ പഠിക്കാനും വിശകലനം ചെയ്യാനുമൊക്കെ ഉണ്ടുപോലും.

ജീമോനെ ഇന്നുച്ചയ്ക്ക് കറന്നില്ലേ...?

മില്‍മയിലെ ഒരു ഉദ്യോഗസ്ഥയാണ് തിരക്കിയത്. കിടാവ് തലപൊക്കി ആ മേഡത്തിനെ ഒന്നു നോക്കി. അതെപ്പോഴെ അവള്‍ അകത്താക്കി കഴിഞ്ഞിരിക്കുന്നു. ഈ മേഡമുള്‍പ്പടെ പലരും ഇപ്പോള്‍ ജീമോന്റെ പക്കല്‍ നിന്നാണത്രേ പാല്‍ വാങ്ങാറ്. മില്‍മാ പാല്‍ കുടിക്കാത്തവര്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ അതില്‍ കൂടുതല്‍പേരും മില്‍മയിലെ ജീവനക്കാര്‍ തന്നെയാണെന്ന് ജീമോന്റെ സ്വകാര്യം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിനോട് ജനസമ്പര്‍ക്കവേദിയില്‍വച്ച് ഞാനെല്ലാം പറഞ്ഞതാണ്. എല്ലാം ശരിയാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ഇതുവരെ ശരിയായിട്ടില്ല. ഉമ്മന്‍ ചാണ്ടി സാറിനെയോ ക്ഷീരവകുപ്പ് മന്ത്രി കെ സി ജോസഫ് സാറിനെയോ ഞാന്‍ കുറ്റപ്പെടുത്തില്ല. പക്ഷെ അവര്‍ ഒന്നിടപെട്ടാല്‍ കേരളത്തിലെ ക്ഷീര കര്‍ഷകന്റെ ഈ മിനിമം ആവശ്യം മിനിട്ടുകള്‍കൊണ്ട് തീര്‍ക്കാവുന്നതേയുള്ളൂ. എന്തായാലും ഇതിനൊരു പരിഹാരം കണ്ടിട്ടേ എന്റെ പശുക്കളുടെ കെട്ട് ഞാന്‍ ഇവിടെനിന്ന് അഴിക്കൂ.സാധാരണ സമരക്കാരെ കണ്ടാല്‍ പൊതുജനത്തിന് ചതുര്‍ത്ഥിയാണ്. എന്നാല്‍ ജീമോന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ്. ജീമോനോട് അനുഭാവമുള്ളവരും അനുതാപമുള്ളവരും ക്ഷീരഭവനിലുണ്ടെങ്കിലും അവരുടെയെല്ലാം ഉള്ളില്‍ ഇപ്പോള്‍ ചെറിയൊരു സ്വാര്‍ത്ഥതയുണ്ട്. ഈയാളിവിടെ കുറച്ചുനാള്‍ കൂടി സമരം ചെയ്യണേന്ന്. കാരണം വേറൊന്നുമല്ല. നല്ല ശുദ്ധമായ പശുവിന്‍ പാലു കുടിക്കാല്ലോ. ഈ ചിന്ത മില്‍മയുടെ ചുറ്റുവട്ടത്തുള്ള പല വീട്ടുകാര്‍ക്കും ചായക്കടക്കാര്‍ക്കും ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മില്‍മ പായ്ക്കറ്റിലാക്കി വിടുന്ന നന്മയില്‍ അത്ര വലിയ നന്മയൊന്നുമില്ലെന്ന് അറിയാവുന്നവരാണ് നഗരവാസികള്‍. പക്ഷെ പറഞ്ഞിട്ട് എന്ത് പ്രയോജനം. പശുവിന്റെ അകിടില്‍ നിന്ന് നേരിട്ട് ചുരത്തിയെടുക്കുന്ന ഇളം ചൂടുപാല് പാത്രത്തിലാക്കി കിട്ടുന്നതൊക്കെ അയവിറക്കാന്‍ മാത്രം കഴിയുന്ന വെറും ഓര്‍മമ്മകള്‍ മാത്രമാണല്ലോ ഫ്‌ളാറ്റ് ജീവികള്‍ക്ക്. അങ്ങിനെയയൊക്കെ കഴിഞ്ഞുകൂടുമ്പോഴല്ലേ രാമപുരത്ത് നിന്ന് ഒരു ഗോപാലകന്‍ നല്ലൊരു നാടന്‍ പശുവുമായി സമരം ചെയ്യാന്‍ വന്നിരിക്കുന്നത്. നീല, പച്ച, മഞ്ഞ എന്നൊന്നും നിറവ്യത്യാസമില്ലാതെ, വില വ്യത്യാസമില്ലാതെ, ന്യായമായ വിലയില്‍ നല്ല പാല് തരുന്ന ജീമോന്‍ പതിനേഴ് ദിവസം കൊണ്ട് പരിസരവാസികള്‍ക്കെല്ലാം പ്രിയപ്പെട്ടവനായി. അത്തത്തിന്റെ തലേന്ന് കുറച്ച് പേര്‍ വന്നിരുന്നു. അവര്‍ക്ക് ചാണകം വേണം. പൂക്കളമിടാന്‍ നിലം മെഴുകാനാണ്. ഞാനനൊരു ചാക്കില്‍ എടുത്തുവച്ചു. പിറ്റേദിവസം രാവിലെ വന്ന് എല്ലാവരും വാങ്ങിച്ചോണ്ട് പോയി. കാശൊന്നും ആരോടും വാങ്ങിയില്ല. അവര്‍ക്കൊക്കെ വലിയ സന്തോഷമായി. ഈ നഗരത്തില്‍ എവിടുന്ന് ചാണകം കിട്ടാനാന്നേ...

മില്‍മയുടെ ഓഫീസിലേക്ക് പോവുകയും വരുകയും ചെയ്യുന്ന മിക്ക ഉദ്യോഗസ്ഥരും ജീമോനെ വിഷ് ചെയ്തും എന്തെങ്കിലുമൊക്കെ കുശലം ചോദിച്ചിട്ടുമാണ് കടന്നുപോകുന്നത്. അവര്‍ക്കൊക്കെ എന്നോട് ഇഷ്ടാന്നേ..പക്ഷെ, അവരൊന്നും വിചാരിച്ചകൊണ്ട് ഒന്നും നടക്കത്തില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം

കേറിക്കിടക്കാന്‍ ഒരുപിടി മണ്ണില്ലാത്തവര്‍ക്കെന്ത് സ്വാതന്ത്ര്യം?അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കാന്‍ ഒരു ചിത്രം വര
പത്തനംതിട്ട കലഞ്ഞൂരിലെ നടരാജന്‍ എന്ന ഭൂപ്രഭുവിന്‍റെ കഥ
മലാപ്പറമ്പ സ്കൂള്‍ ഇന്ന് തുറക്കുകയാണ്; വീണ്ടും
ചിത്രം വരയ്ക്കാന്‍ 25000 രൂപ ബാങ്ക് ലോണെടുത്ത ശാന്തേടത്തി

മഴ ചെറുതായി തൂളിത്തുടങ്ങി. എങ്ങോട്ടൊന്നു കേറി നില്‍ക്കുമെന്നു ചോദിച്ചപ്പോള്‍, പേടിയില്ലെങ്കില്‍ അതിനകത്തോട് കേറിയിരിക്കാം എന്ന് പറഞ്ഞ് ജീമോന്‍ ക്ഷണിച്ചു. പണ്ട് വെള്ളരിപ്പാടത്ത് വരുന്ന കള്ളമ്മാരെ പിടിക്കാനായി തട്ട് കെട്ട് കാത്തിരിക്കുന്ന പതിവുണ്ടായിരുന്നല്ലോ. അതുപോലൊരു തട്ട് നേരത്തെ പറഞ്ഞ മോഡേണ്‍ തൊഴുത്തിനകത്തുണ്ട്. താഴെ പശുവും കിടാവും, മീതെ ജീമോനും. കൊറച്ച് കാശു ചെലവായി ഇങ്ങിനൊരണ്ണം പണിതെടുക്കാനായിട്ട്. അതുകൊണ്ടെന്താ, ആരും ഈ പശുക്കളെ കെട്ടുന്നതില്‍ എതിര്‍പ്പൊന്നും പറഞ്ഞിട്ടില്ല. ഇവിടിരുന്നിട്ട് ഗോമൂത്രത്തിന്റെയൊ ചാണകത്തിന്റെയോ മണം വരുന്നുണ്ടോ? ഞാനപ്പാപ്പം എല്ലാം കഴുകി വൃത്തിയാക്കും. ശരിയാണ് ഇത്രയും നേരത്തിനിടയക്ക് എത്രവട്ടം ജീമോന്‍ പരിസരം വൃത്തിയാക്കി കഴിഞ്ഞു. ചാണകം ഇട്ടാല്‍ അപ്പോഴെ അത് വാരി ഒരു ചാക്കിനകത്താക്കും. പിന്നെ വെള്ളമൊഴിച്ച് വൃത്തിയാക്കും. ചില്ല അമ്മമാര്‍ മക്കളെ നിര്‍ബന്ധിച്ച് തീറ്റിക്കുന്നത് കണ്ടിട്ടില്ലേ, അതുപോലെയാണ് ജീമോനും.

ഈ പുല്ലൊക്കെ എവിടുന്നു കിട്ടി?

കാശു കൊടുത്ത് വാങ്ങിക്കണതാ. നാട്ടിലാകുമ്പോ നമുക്ക് പറമ്പീന്നും പാടത്ത് നിന്നും ചെത്തിയെടുക്കാം. ഇവിടെ എവിടാ പുല്ല്. ഒരു ചാക്കിനാണ് കാശ്. എന്നാലും സാരമില്ല, അതുങ്ങക്ക് വയറു നിറച്ച് കൊടുത്തില്ലേ എനിക്കെതാണ്ട് പോലെയാ...ഞാന്‍ വരുമ്പോ ദേ..ഇവിടെക്കെ കുറെ പുല്ലുണ്ടായിരുന്നു( മില്‍മയുടെ ഗേറ്റിനകത്താണ്. ജീമോന്റെ കണ്ണില്‍ അത് പുല്ലാണ്. നമുക്ക് അത് കാടുപിടിച്ച് കിടക്കലും) ഞാനതൊക്കെ പറിച്ചെടുത്തു. ഇപ്പം ഇവിടെയൊക്കെ ക്ലീനായില്ലേ.അണ്ണാ...ഇതെന്തോന്നണ്ണാ...?
ഏതോ ഓട്ടോക്കാരന്‍ ഞങ്ങള്‍ക്കിടയിലേക്ക് വന്ന് ചോദിച്ചു.
സമരം, ജീമോന് പകരം ഞാനാണ് ഉത്തരം കൊടുത്തത്.
തന്നെ.. ഞാന്‍ കരുതി വെച്ചൂര്‍ പശൂമാതിരി എന്തെരെങ്കിലുമാണെന്ന്...
ആ അണ്ണന്‍ സംശയം തീര്‍ത്ത് പോയിട്ടും ജീമോന്റെ ചീരി തീര്‍ന്നിട്ടില്ലായിരുന്നു.
പലരും വന്ന് ചോദിക്കാറുണ്ട്. സമരൊന്നൊക്കെ പറയുമ്പം മിനിമം അഞ്ചാറ് പേരെങ്കിലും കാണുവല്ലാ...

സമരം ഇങ്ങിനെ നീണ്ടുപോയാല്‍ ജീമോന്റെ അവസ്ഥ എന്താകും? ഇപ്പോള്‍ തന്നെ നല്ല തുക കൈയീന്ന് പോണില്ലേ, അതുമാത്രമല്ല വീട്ടീന്നു പോന്നിട്ട് ഇത്രോം ദിവസായില്ലേ?

കാശ് നല്ലോണം പോണുണ്ട്. എന്നുവച്ച് ഞാനാരോടും പിരിക്കാനൊന്നും നിക്കത്തില്ല. ചിലരൊക്കെ പറയും ഞാനൊരു മണ്ടനാന്ന്. ഇതൊരു ന്യായമായ കാര്യമല്ലേ. ക്ഷീരകര്‍ഷകനെ സംരക്ഷിക്കാതെ ഈ പ്രസ്ഥാനത്തിന് നിലനില്‍പ്പുണ്ടോ? വളരെ തുച്ഛമായ വിലയെ കര്‍ഷകന് കിട്ടുന്നുള്ളൂ. അവന്റെ ജീവിതം കൂടി സംരക്ഷിക്കാനുള്ള കടമ സര്‍ക്കാരിനില്ലേ? എംബിഎ പഠിച്ച സാറമ്മാര് കാണിക്കണ പരിഷ്‌കാരങ്ങളല്ല, ഞങ്ങളെപ്പോലുള്ള പാവപ്പെട്ട കര്‍ഷകരുടെ കഷ്ടപ്പാടാണ് ഈ പ്രസ്ഥാനത്തെ താങ്ങി നിര്‍ത്തുന്നത്. അത് മനസ്സിലാക്കാന്‍ ഇവര്‍ക്ക് എന്നു കഴിയും!

വീട്ടീന്ന് നല്ല സപ്പോര്‍ട്ടാണ്. വീട്ടീന്ന് മാത്രമല്ല, നാട്ടീന്നും.എല്ലാവരുടെയും പ്രതിനിധിയായിട്ടല്ലേ ഞാനിവിടെ നിക്കണത്. ഇന്നലെ അമ്മച്ചി വിളിച്ചാരുന്നു, എന്നാടാ വരുന്നേന്നല്ല അമ്മച്ചി ചോദിച്ചത്, എന്തായാലും നീ സമരത്തിന് പോയി. ഇനി രണ്ടിലൊന്ന് തീരുമാനം കണ്ടേച്ചും പോന്നാമതീന്നാ അമ്മച്ചി പറഞ്ഞത്. അതു തന്നെയാണ് ഭാര്യേ മക്കളും പറയണത്. എല്ലാവരും എന്നെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഫലം ഉണ്ടാകണ വരെ സമരം മുന്നോട്ട് കൊണ്ടുപോകാനാ എന്റെ ഉദ്ദേശ്യം. ഉടനെ തന്നെ കാര്യങ്ങളൊക്കെ അനുകൂലമായി ഞങ്ങടെ ആവശ്യം അംഗീകരിക്കപ്പെടണേന്ന് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നുമുണ്ട്.

കര്‍ത്താവും ഇവിടുത്തെ ഭരണകര്‍ത്താക്കന്മാരും ജീമോന്റെ പ്രാര്‍ത്ഥന കേള്‍ക്കുമാറാകട്ടെ എന്നാശംസിച്ച് തിരികെ നടന്നു.
ഗേറ്റ് കടക്കുമ്പോള്‍ വീണ്ടും കേട്ടു-ജീമോനെ നാളെ രാവിലെ പാലു വച്ചേക്കണേ...

സമരം തീര്‍ന്നാലും ജീമോനെ ഇവിടുത്തുകാര് രാമപുരത്തേക്ക് വിടുമോ കര്‍ത്താവേ...!!!


Next Story

Related Stories