UPDATES

ട്രെന്‍ഡിങ്ങ്

ഉത്സവ പരിപാടിക്ക് വൈകിയെത്തിയ സിനിമ, മിമിക്രി താരത്തിന് മര്‍ദ്ദനം; പിന്നില്‍ സിപിഎമ്മെന്ന് താരം

വായിലൂടെ നുരയും പതയും വന്ന അസീസിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും അക്രമികള്‍ തയ്യാറായില്ല

ഉത്സവ പരിപാടിക്ക് താമസിച്ച് എത്തിയെന്ന് ആരോപിച്ച് മിമിക്രി കലാകാരനായ സിനിമ, സീരിയല്‍ താരത്തെ സംഘാടകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അസീസ് നെടുമങ്ങാടിനും സംഘത്തിനുമാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി വെള്ളറട ചാമവിള ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയപ്പോഴാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്.

9.30ന് തുടങ്ങേണ്ട പരിപാടിക്ക് സംഘമെത്തിയത് 10.30നാണ്. സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം ഒരു ഗള്‍ഫ് ടൂറിലായിരുന്നെന്നും ട്രാഫിക് ബ്ലോക് കാരണമാണ് താമസിച്ചതെന്നും പറഞ്ഞിട്ടും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അതേസമയം ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്.

അസീസ് നെടുമങ്ങാടിന്റെ സമിതിയില്‍ അംഗങ്ങളായ ബിനു ബി കമാല്‍, രതീഷ് കല്ലറ, അനൂപ് ബാഹുലേയന്‍, ശ്യാം തിരുവല്ല, സന്ധ്യ, സുനില്‍ വെള്ളറട എന്നിവര്‍ക്കും പരിക്കേറ്റു. വെള്ളറട സ്വദേശി ബിബിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് അസീസ് ആരോപിക്കുന്നത്.

അക്രമികള്‍ അസീസിനെയും സംഘത്തെയും സ്റ്റേജിനുള്ളിലേക്ക് വലിച്ചു കയറ്റുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ച കാണികളെയും ഇവര്‍ മര്‍ദ്ദിച്ചതായാണ് പരാതിയില്‍ പറയുന്നത്. അക്രമത്തില്‍ അസീസിന്റെ കര്‍ണപുടത്തില്‍ പരിക്കേറ്റു. വായിലൂടെ നുരയും പതയും വന്ന അസീസിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും അക്രമികള്‍ തയ്യാറായില്ല.

അക്രമികളുടെ ഭീഷണിയ്ക്ക് വഴങ്ങി കോമഡി ഷോ അവതരിപ്പിച്ച സംഘം അതിന് ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വെള്ളറട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍