TopTop
Begin typing your search above and press return to search.

ഫാദര്‍ തേരകത്തിനു വേണ്ടി വേട്ടയാടപ്പെട്ട ഒരധ്യാപികയ്ക്കു പറയാനുള്ളത്‌

ഫാദര്‍ തേരകത്തിനു വേണ്ടി വേട്ടയാടപ്പെട്ട ഒരധ്യാപികയ്ക്കു പറയാനുള്ളത്‌

വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാനായിരുന്ന ഫാദര്‍ തോമസ് തേരകത്തെ അറസ്റ്റ് ചെയ്തപ്പോള്‍ അതില്‍ സന്തോഷിക്കുന്നില്ലെങ്കിലും ദൈവം അദ്ദേഹത്തിന് നല്‍കിയ ശിക്ഷയാണെന്ന് വിശ്വസിക്കുകയാണു മിനി എന്ന അധ്യാപിക. സത്യസന്ധതയോടെ ജോലി ചെയ്തിരുന്ന മിനിക്കു തേരകം ചെയര്‍മാനായിരുന്ന വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നല്‍കിയത് കണ്ണീരിന്റെ നനവുള്ള അനുഭവങ്ങളായിരുന്നു. മറ്റൊരാളുടെ ജീവിതത്തിലും ഇങ്ങനെയൊന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ തന്റെ അനുഭവം മിനി ടീച്ചര്‍ പറയുന്നു.

2012ലാണു മാനന്തവാടിക്കടുത്ത് തൃശ്ശിലേരി സ്‌ക്കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയത്. 11 വര്‍ഷം നഴ്‌സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തതിന് ശേഷമാണ് അധ്യാപക ജോലിയിലേക്ക് തിരിയുന്നത്. ജോലിയില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയും സമര്‍പ്പണവും കാണിച്ചു. അത് ഇഷ്ടപ്പെടാത്തതുകൊണ്ടോ, അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടോ, സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും എന്നോട് അനിഷ്ടം തോന്നി.

എന്റെ ക്ലാസില്‍ അമ്പിളി, അബിഷ എന്നിങ്ങനെ രണ്ടു ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ഉണ്ടായിരുന്നു. ആതുര സേവന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നതകൊണ്ട് മറ്റ് അധ്യാപകരേക്കാള്‍ കൂടുതലായി ഞാനാ കുട്ടികളെ നോക്കിയിരുന്നു. സ്വന്തം അമ്മയെപോലെ അവരെ സംരക്ഷിച്ചു. ഒരിക്കല്‍ നല്ല മഴയുള്ള ദിവസം അമ്പിളി നനഞ്ഞ് വരുന്നുണ്ട് എന്ന് എന്റെ സഹ പ്രവര്‍ത്തകയായ സീന ടീച്ചര്‍ എന്നോട് പറഞ്ഞു. ടീച്ചറുടെ അലമാരയില്‍ കുറച്ച് വസ്ത്രങ്ങള്‍ ഉണ്ടെന്നും അതില്‍ നല്ലത് ഒന്ന് എടുത്ത് കുട്ടിയെ ധരിപ്പിച്ച് ക്ലാസില്‍ ഇരുത്താം എന്നും ഞങ്ങള്‍ തീരുമാനിച്ചു. ഒരു വിധത്തിലും കുട്ടിയെ ക്ലാസില്‍ ഇരുത്താന്‍ കഴിയുന്ന തരത്തിലായിരുന്നില്ല. അതിനാല്‍ അവളെ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി വാതില്‍ അടച്ചു. ആ സമയം എനിക്കൊപ്പം ഉണ്ടായിരുന്ന സീന ടീച്ചര്‍ അലമാര തുറക്കുന്നതിടയില്‍ അമ്പിളിയോട് ഡ്രസ് അഴിച്ചു മാറ്റാന്‍ പറയേണ്ട താമസം അവള്‍ വസ്ത്രം അഴിച്ച് നിലത്തിട്ടു. ഒരു വള്ളി പാവാട മാത്രമായിരുന്നു അവള്‍ ധരിച്ചിരുന്നത്. അടിവസ്ത്രം പോലുമില്ലായിരുന്നു. പെട്ടന്ന് തന്നെ ഞാനും ടീച്ചറും അവളുടെ വസ്ത്രം മാറ്റി പഴയ വസ്ത്രം പൊതിഞ്ഞു കൈയില്‍ നല്‍കി. ഇത് അമ്പിളിയുടെ സഹോദരന്‍ അജില്‍ വാതില്‍പ്പഴുതിലൂടെ കാണുന്നുണ്ടായിരുന്നു. പിറ്റേ ദിവസം ക്ലാസില്‍ വന്ന ഞങ്ങള്‍ക്കെതിരെ കുട്ടിയെ നഗ്നയാക്കി നിര്‍ത്തിയെന്നാരോപിച്ച് കാര്യം പോലും അന്വേഷിക്കാതെ മെമ്മോ നല്‍കുകയാണ് മാനേജുമെന്റ് ചെയ്തത്.'; മിനി ടീച്ചര്‍ പറയുന്നു.

ഈ പ്രശ്‌നത്തില്‍ തങ്ങള്‍ക്കു പറയാനുള്ളതു പോലും കേള്‍ക്കാതെ, ചെയ്യാത്ത തെറ്റിന് അമ്പിളിയുടെ രക്ഷിതാവിന്റെയും പിടിഎ പ്രസിഡന്റ് രാമകൃഷ്ണന്റയും ഹെഡ് മാസ്റ്ററുടെയും മുന്‍പില്‍ വച്ചു ക്ഷമ പറയിപ്പിച്ചാണ് അന്നു പ്രശ്‌നങ്ങള്‍ തീര്‍ത്തത്. പക്ഷേ അന്ന് മുതല്‍ ഇങ്ങോട്ടു പലതും ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നതായി ടീച്ചര്‍ പറയുന്നു. '2015 ഒക്‌ടോബര്‍ വരെ ഞാന്‍ 5 സിയിലെ ക്ലാസ് ടീച്ചറായിരുന്നു. പലപ്പോഴും ഈ കുട്ടി ക്ലാസില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ട്. ചുരിദാര്‍ ഇട്ടാണ് വരുന്നതെങ്കില്‍ ബാത്ത്‌റും വരെ എത്തിക്കാന്‍ എനിക്ക് കഴിയും. പാവാടയാണ് ഇടുന്നതെങ്കില്‍ ക്ലാസിന്റെ പല ഭാഗത്തും മലം വീഴും. ഈ കുട്ടിയെ ഞാന്‍ എന്റെ സ്വന്തം കുട്ടിയെപ്പോലെ തന്നെ കണ്ടാണ് പരിപാലിച്ചിരുന്നത്. അത് ഹെഡ് മാസ്റ്ററിനും സ്റ്റാഫിനുമൊക്കെ അറിയാമായിരുന്നു.' ടീച്ചര്‍ പറയുന്നു.

പിന്നീട് സ്‌കൗട്ട് അന്‍ഡ് ഗൈഡ് യൂണിറ്റിന്റ ചുമതല ടീച്ചര്‍ക്ക് ലഭിച്ചതിനാല്‍ യു.പി സെക്ഷനിലേക്ക് മാറി. പക്ഷേ അവിടെയും ഈ മാതാപിതാക്കളും കുറെ അധ്യാപകരും ടീച്ചര്‍ക്കെതിരെ പരാതിയുമായി വന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച ഈ കുട്ടികളെ പഠിപ്പിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ടീച്ചര്‍ യു.പി സെക്ഷനിലേക്ക് മാറിയത് എന്നാണ് അന്ന് പരാതിപ്പെട്ടത്. എന്നാല്‍ സ്‌കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌കൗട്ട് അധ്യാപികയായി മാറിയ ടീച്ചറുടെ കീഴില്‍ അന്ന് ഒരുപിടി മികച്ച രാജ്യപുരസ്‌കാര്‍ കുട്ടികള്‍ അവിടെ നിന്ന് ഉയര്‍ന്നു വന്നു എന്നതും ശ്രദ്ധേയമാണ്.

പക്ഷേ അപ്പോഴും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ഒട്ടും കുറവില്ലായിരുന്നുവെന്നു മിനി ടീച്ചര്‍ പറയുന്നു. ആ സ്‌കൂളിലെ ഒരു അധ്യാപിക ഇതിന്റെ പുറകില്‍ കളിക്കുന്നുണ്ടെന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. നിന്നെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും എന്ന് ആ അധ്യാപിക എന്നോട് ഒരിക്കല്‍ പറഞ്ഞതാണ്.

കാര്യങ്ങളെല്ലാം ഇങ്ങനെ പോകുമ്പോഴാണ് 2016 ജനുവരി 25ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ ഹാജരാവണം എന്നു കാണിച്ചു മിനി ടീച്ചര്‍ക്കു സമന്‍സ് വരുന്നത്. ഞാന്‍ കുട്ടികളെ മാനസികമായി പീഡിപ്പിച്ചുവെന്നും ഒരു കുട്ടി ബോധം നഷ്ടപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നുമെന്നൊക്കെയാണ് പരാതി. ഞാന്‍ കുട്ടികളെ കൊണ്ട് സ്ഥിരമായി ടോയ്‌ലറ്റ് കഴുകിപ്പിക്കാറുണ്ടെന്നു വരെ പരാതിയിലുണ്ടായിരുന്നു. സ്‌കൂളിലെ ചില ജീവനക്കാരും എനിക്കെതിരായി നിന്നു. എന്റ ഭാഗം കൃത്യമായി കേള്‍ക്കാന്‍ പോലും സിഡബ്ല്യുസി ചെയര്‍മാനായ തേരകത്തച്ചനോ കമ്മിറ്റിയോ തയാറാവാതെയാണ് കേസുമായി അവര്‍ മുന്‍പോട്ട് പോയത്.' ടീച്ചര്‍ പറയുന്നു.

ഈ കേസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ ഇന്നും തീരുമാനമായിട്ടില്ല. ഫയല്‍ ഇപ്പോഴും ഓപ്പണ്‍ ആണ്. 'ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയ്ക്ക് ബോധ്യമായിരുന്നു സംഭവത്തിന്റ സത്യാവസ്ഥ എന്താണെന്ന്. പക്ഷേ ആരുടെയൊക്കെയോ സമ്മര്‍ദം കൊണ്ടോ എന്തോ തേരകത്ത് അച്ചന്‍ എന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള താല്‍പ്പര്യം കാണിച്ചില്ല. വീണു കിട്ടിയ ഇരയെ വിടില്ലെന്ന വാശിയിലായിരുന്നു അച്ചന്‍. എന്റെ സത്യാവസ്ഥ ഞാന്‍ തുറന്ന് പറഞ്ഞതാണ്.' ടീച്ചര്‍ വേദനയോടെ പറയുന്നു.

ചിലര്‍ ചേര്‍ന്ന് ഈ കുട്ടികളുടെ മാതാപിതാക്കളെ നിര്‍ബന്ധിപ്പിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ബാലവകാശ കമ്മീഷനുമൊക്കെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അവര്‍ നടത്തിയ അന്വേഷണത്തില്‍ സത്യം ബോധ്യപ്പെട്ടതാണ്. ഈ സംഭവത്തില്‍ എന്നെ കുറ്റവിമുക്തയാക്കിയിട്ടുണ്ട്. പക്ഷെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എന്നെ വിടാതെ പിന്‍തുടരുകയാണ്. അവരുടെ നിരന്തര നിരീക്ഷണത്തിലുമാണ്. മാനസികമായി തളര്‍ന്നതു കൊണ്ട് തൃശ്ശിലേരി സ്‌കൂളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ട്രാന്‍സ്ഫര്‍ വാങ്ങി കാട്ടിക്കുളം സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ഞാനിപ്പോള്‍. നിയമത്തിന്റെ വഴിയില്‍ ഞാന്‍ തെറ്റുകാരിയല്ലെന്നു തെളിയിക്കാനാകും, അതുവരെ എന്നെ ബോധപൂര്‍വം തകര്‍ക്കാന്‍ നോക്കുന്നവരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തിനായാണു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്; മിനി ടീച്ചര്‍ പറഞ്ഞു നിര്‍ത്തുന്നു.


Next Story

Related Stories