TopTop
Begin typing your search above and press return to search.

ഇടതുപക്ഷം ഹൃദയപക്ഷമാകണമെങ്കില്‍

ഇടതുപക്ഷം ഹൃദയപക്ഷമാകണമെങ്കില്‍

സുരേഷ്‌ കെ

നിയമസഭയില്‍ മുസ്ലിംലീഗ് നേതാവ് കെ എന്‍ ഷാജി എം എല്‍ എ ഇടതു പക്ഷത്തോട് പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സമുദായ സംഘടനകളും ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ ശക്തികളും ഇടതുപക്ഷത്തെ പിന്തുണക്കേണ്ടതില്ലെന്ന് ധൈര്യത്തോടെ ഇ എം എസ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ തെരഞ്ഞെടുപ്പ് തോല്‍ക്കാനുള്ള മാനസികാവസ്ഥ വരെയുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് 1987-ല്‍ ജനം ഇടതുമുന്നണിയെ ജയിപ്പിച്ചു. നിങ്ങള്‍ ആദ്യം തോല്‍ക്കാന്‍ ധൈര്യം കാണിക്കൂ, അപ്പോള്‍ ജനം നിങ്ങളെ ജയിപ്പിച്ചു കൊള്ളും. ഇതിന് കൃത്യമായ മറുപടി ഉണ്ടായില്ല. ഇപ്പോള്‍ സഖാവ് കാനം രാജേന്ദ്രന്‍ മതനിരപേക്ഷതയെ കുറിച്ച് ഇടതുപക്ഷം പുലര്‍ത്തി വരുന്ന സമീപനത്തില്‍ മാറ്റം വേണമെന്ന് പറയുമ്പോള്‍ തോല്‍ക്കാനുള്ള ധൈര്യം കാണിക്കുന്നതാണോ കാല്‍ച്ചുവട്ടിലെ മണ്ണിളകുമ്പോള്‍ ഉണ്ടാകുന്ന അമ്പരപ്പില്‍ നിലതെറ്റിപ്പോകുന്നതാണോയെന്ന് സംശയമുണ്ട്. സംഘപരിവാര്‍ ഇത്രയും കാലം പറഞ്ഞിരുന്ന അതേ കാര്യം ഒരു കമ്യൂണിസ്റ്റുകാരന്‍ ഇപ്പോള്‍ പറയുമ്പോള്‍ രാഷ്ട്രീയമായി അതാരുടെ പരാജയമാണ്? വെള്ളമെല്ലാം ഒഴുകിപ്പോയ ശേഷം അണകെട്ടിയിട്ട് കാര്യമില്ലെന്ന് പറയുന്നതു പോലെയായിരിക്കുന്നു കാര്യങ്ങള്‍. അസാധാരണമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെ ഇടതുപക്ഷം നേരിടുന്നതെന്ന് സഖാവ് തോമസ് ഐസക്കും പറയുന്നു.

എന്താണ്, ആരാണ് ഈ സാഹചര്യത്തിന് ഉത്തരവാദി ? 2001-ല്‍ 56 ശതമാനമുണ്ടായിരുന്ന ഹിന്ദു ജനസംഖ്യ 2011-ല്‍ 48 ശതമാനമായി കുറഞ്ഞുവെന്ന് കാനം രാജേന്ദ്രന്‍ പറയുമ്പോള്‍ വര്‍ഗ ജനവിഭാഗങ്ങളെ അടിസ്ഥാനമാക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വര്‍ഗീയമായ കണക്കെടുപ്പില്‍ കാര്യമുണ്ടെന്ന് സമ്മതിക്കുന്നു. വോട്ട് ബാങ്ക് എന്നത് വര്‍ഗപരമായല്ല വര്‍ഗീയമായാണ് പരിരക്ഷിക്കപ്പെടുന്നത് എന്ന് സംഘികള്‍ പറഞ്ഞത് ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയെന്നതാണ് സമകാലീന സാഹചര്യം വ്യക്തമാക്കുന്നത്.

കേരളം പുരോഗമന സ്വഭാവമുള്ള സംസ്ഥാനമാണെന്ന മിഥ്യാധാരണ നാം ഇനിയെങ്കിലും ഉപേക്ഷിക്കണം. ഈ സംസ്ഥാനത്ത് അധികാര രാഷ്ട്രീയത്തിലേക്ക് എത്താന്‍ ബി ജെ പിക്ക് കഴിയുന്ന സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാവുന്നതരത്തില്‍ ഹൈന്ദവാചാരങ്ങള്‍ വച്ചുപുലര്‍ത്തുന്ന വലിയൊരു വിഭാഗം ഹിന്ദുക്കള്‍ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും വര്‍ഗ ബഹുജന സംഘടനകളിലും ഉണ്ടായിരുന്നത്, ഇപ്പോഴും ഉള്ളത്. പാര്‍ട്ടി മെംബര്‍മാരില്‍ എത്രയോ പേര്‍ വര്‍ഷം തോറും ശബരിമലയിലും മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സ്ഥിരമായി പോകുന്നതാണ്. എന്നാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പാര്‍ട്ടി മെംബര്‍മാര്‍ സ്ഥിരമായി ചര്‍ച്ചിലും മോസ്‌കിലും പോകുമ്പോള്‍ അതിനെ മൗനമായി അംഗീകരിക്കുകയും ഹിന്ദു വിഭാഗങ്ങളിലെ അംഗങ്ങള്‍ പോകുമ്പോള്‍ അവരെ സംശയദൃഷ്ടിയോടെ നോക്കുകയും പ്രത്യയശാസ്ത്രതലത്തില്‍ വിശകലനം ചെയ്യുകയും ചെയ്യുന്ന പ്രവണത പാര്‍ട്ടി അംഗങ്ങളായവര്‍ക്കിടയില്‍ പോലും ന്യൂനപക്ഷ പ്രീണനം നിലനില്‍ക്കുന്നുവെന്ന് സംശയം ജനിപ്പിക്കുന്നുണ്ട്.കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദ രാഷ്ട്രീയത്തിലൂടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ ഭൂരിപക്ഷത്തിലെ ദരിദ്രര്‍ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് എ കെ ആന്റണി പറഞ്ഞപ്പോഴുണ്ടായ കോലാഹലം ആത്യന്തികമായി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നതിലാണ് കലാശിച്ചത്. അന്ന് ഇടതുപക്ഷവും അദ്ദേഹത്തിനെതിരെ ആക്രമണത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്നു. ന്യൂനപക്ഷത്തിന്റെ കുറച്ച് വോട്ട് തന്നെയായിരുന്നു ലക്ഷ്യം. തങ്ങളുടെ കൂടെ ഫിക്‌സഡ് ഡെപ്പോസിറ്റായി ഹിന്ദു കേഡര്‍മാര്‍ എന്നുമുണ്ടാകുമെന്ന ധാരണയാണ് അപ്പോഴെല്ലാം ഇടതുപക്ഷത്തിനുണ്ടായിരുന്നത്. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി ഏതെങ്കിലുംതരത്തില്‍ ന്യൂനത നിലനില്‍ക്കുന്നുവെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങള്‍ ഒന്നു തന്നെയാണെന്ന തിരിച്ചറിവില്ലാതെ വിവിധ സാഹചര്യങ്ങളില്‍ പക്ഷം പിടിക്കാന്‍ പോയവര്‍ ഫാസിസത്തിന്റെ വഴിയൊരുക്കലിന് കാരണക്കാരായി മാറിയതിന്റെ കുറ്റബോധം ഇനിയെങ്കിലും തുറന്നു പറയണം.

ഇനി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് മുന്നോട്ടു പോയിരുന്നത് എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. കേരളത്തിന്റെ പുരോഗമന മുഖം മൂടി നമ്മള്‍ കൊണ്ടു നടന്നത് പ്രത്യയശാസ്ത്രപരമായി ഇടതു പക്ഷ വീക്ഷണം വച്ചു പുലര്‍ത്തുകയും താഴെത്തട്ടിലെ സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങളോട് സംവദിക്കുകയും ചെയ്തിരുന്ന ഒരു പറ്റം കമ്മ്യൂണിസ്റ്റ് നേതാക്കളിലൂടെയാണ്. തദ്ദേശീയമായി അവര്‍ക്കുണ്ടായിരുന്ന ജനപിന്തുണയായിരുന്നു ഇടതു പക്ഷത്തിന്റെ അടിത്തറ. ആഗോളീകരണകാലഘട്ടത്തില്‍ ഇടതുപക്ഷ സമീപനത്തില്‍ വെള്ളം ചേര്‍ത്തു തുടങ്ങിയപ്പോള്‍ അത്തരം നേതാക്കള്‍ നിര്‍ജീവമാക്കപ്പെട്ടു. ചോദ്യങ്ങളുന്നയിച്ചവരെ ചില ഗ്രൂപ്പുകാരായി ചിത്രീകരിച്ച് പുറത്താക്കുകയോ ഒഴിവാക്കുകയോ ചെയ്തു. സംഘടന പിടിച്ചടക്കലായിരുന്നു ഈ കാലഘട്ടത്തിലെ ഇടതുപക്ഷ രാഷ്ട്രീയം. അതിനു വേണ്ടി വര്‍ഗശത്രുക്കളെ വരെ താലോലിച്ചു. വ്യക്തിയധിഷ്ഠിതമായ സംഘടനാ നിലപാടുകള്‍ എതിര്‍ക്കാനാവാതെ ഒരു വിഭാഗം നിശ്ശബ്ദരായി. വി എസ് എന്ന രണ്ടക്ഷരം ആള്‍ദൈവ കമ്യൂണിസ്റ്റ് ആയി വളര്‍ന്നത് അദേഹത്തിന്റെ കഴിവു കൊണ്ടായിരുന്നില്ല. ജനം പ്രതീക്ഷിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ മുദ്രാവാക്യം ഏറ്റെടുക്കാന്‍ അദ്ദേഹം മുന്നോട്ടുവരികയും സംഘടന അതിന് മുഖം തിരിഞ്ഞ് നില്‍ക്കുകയും ചെയ്തപ്പോഴാണ് അത് സംഭവിച്ചത്. വി എസില്‍ രക്ഷകനെ കണ്ടവര്‍ സംഘടന അദ്ദേഹത്തെ ചങ്ങലയിട്ട് പൂട്ടുന്നത് കണ്ടപ്പോള്‍ പാര്‍ട്ടിയെ വില്ലനായി കാണാന്‍ തുടങ്ങി. അറബിക്കഥ എന്ന സിനിമയിലെ സഖാവ് കരുണനെപ്പോലുള്ളവര്‍ സംഘടനയുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും തീരുമാനിക്കുന്ന അവസ്ഥ സംജാതമായപ്പോള്‍ വി എസ് പാര്‍ട്ടി വിരുദ്ധ മനോഭാവക്കാരനായി ചിത്രീകരിക്കപ്പെട്ടു. വി എസിനെ സംഘടനാപരമായി ഒറ്റപ്പെടുത്തുന്നതില്‍ വിജയം കണ്ടപ്പോള്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി. വി എസ് ഉന്നയിച്ച ജനകീയ പ്രശ്‌നങ്ങളെ പാര്‍ട്ടി ഏറ്റെടുത്ത് മുന്നോട്ടു പോവുകയും പുതിയ തലമുറ നേതൃത്വം അതിന്റെ മുന്‍നിരയില്‍ ആത്മാര്‍ത്ഥമായി ഉണ്ടാവുകയും ചെയ്തിരുന്നെങ്കില്‍ വി എസ് ആള്‍ ദൈവമായി വളരില്ലായിരുന്നു.

ഒത്തുതീര്‍പ്പ് സമരങ്ങളെന്ന നിലയില്‍ അധിക്ഷേപങ്ങള്‍ വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യം മറക്കരുത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന 1996 മുതലുള്ള വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി തുടങ്ങിവച്ച പരസ്പര സഹായസഹകരണ പദ്ധതി രാഷ്ട്രീയമായി ഗുണം ചെയ്തത് യു ഡി എഫിന് മാത്രമായിരുന്നു. ഇടതുപക്ഷത്തിന് ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ച ലഭിക്കുമായിരുന്ന 2011ല്‍ അതു വേണ്ടെന്ന് തീരുമാനിച്ചത് ഒരു നേതാവിനോടുള്ള അസഹിഷ്ണുത മാത്രമായിരുന്നു. അവസാനം താന്‍ കുഴിച്ച കുഴിയില്‍ താന്‍ എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്ന നേതാക്കള്‍ സോഷ്യലിസ്റ്റ് സ്വഭാവമുള്ള കക്ഷികളെല്ലാം എന്നും വാലാട്ടികളായി നില്‍ക്കുമെന്ന അബദ്ധ ധാരണയും പൊളിഞ്ഞതില്‍ ഇപ്പോള്‍ ഉള്ളിലെങ്കിലും ഖേദിക്കുന്നുണ്ടാവുമോ? അത്യധികം സംവേദനക്ഷമതയുള്ള ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന നേതാക്കളുടെ ശരീരഭാഷയും സംസാരശൈലിയും വെറുപ്പിന്റെ രാഷ്ട്രീയം പുതു തലമുറയില്‍ വളര്‍ത്തിയെടുക്കുന്നു. അഴിമതിയും അശ്ലീലവും ഇതിനു മുന്നില്‍ അവഗണിക്കപ്പെടുന്ന രീതിയില്‍ ഇത്രമേല്‍ ധാര്‍ഷ്ഠ്യത്തോടെ സംസാരിക്കുന്ന ഇവര്‍ക്ക് വോട്ട്‌ നല്‍കി വിജയിപ്പിക്കുന്നതെന്തിനെന്ന് പഴയ കമ്മ്യൂണിസ്റ്റുകാരായ മാതാപിതാക്കളോട് മക്കള്‍ ചോദിക്കുന്ന കുടുംബ സദസുകള്‍ ഒരുപാട് ഇന്ന് കേരളത്തിലുണ്ട്.'ജനങ്ങളുണ്ടാവില്ല കൂടെ' എന്ന് എം എന്‍ വിജയന്‍ പറഞ്ഞപ്പോള്‍ അതിന് ഇത്രയേറെ പ്രവചന സ്വഭാവം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ അടിത്തറയായ സി പി എം സംഘടനാപരമായി ഏറെക്കുറെ ഒറ്റക്കെട്ടാണ്. നാല് ലക്ഷം പാര്‍ട്ടിയംഗങ്ങള്‍ പി ബി മുതല്‍ ബ്രാഞ്ച് കമ്മിറ്റി വരെ ഐകകണ്‌ഠേന തീരുമാനങ്ങളെടുത്ത് വിഭാഗീയതയെ അതിജീവിക്കുന്ന സാഹചര്യം കേരളത്തില്‍ പുറമേക്ക് കാണാനാകുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലെത്താന്‍ നല്‍കിയ രാഷ്ട്രീയ വിലയാണ് കാനത്തെപ്പോലുള്ളവര്‍ ഒളിച്ചു വക്കുന്നത്. അത് സാമുദായിക ധ്രുവീകരണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. സമുന്നതനായ നേതാവിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടി പരസ്യപ്പെടുത്തുന്ന പ്രമേയം ഒരു ഫാസിസ്റ്റ് ശക്തിക്ക് അതേ പാര്‍ട്ടിക്കെതിരെ പ്രചാരണായുധമായി ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ അതിനു പിന്നിലെ രാഷ്ട്രീയം മറച്ചു വച്ചിട്ട് എന്ത് മാറ്റമാണ് ഇടതുപക്ഷം കൊണ്ടുവരാന്‍ പോകുന്നത്?

നാല് ലക്ഷം പാര്‍ട്ടിയംഗങ്ങള്‍ക്കപ്പുറത്ത് അമ്പത് ലക്ഷം വോട്ടുകള്‍ നേടിയാല്‍ മാത്രമേ ഇടതു മുന്നണിക്ക് കേരള രാഷ്ട്രീയത്തില്‍ ഇനി മുന്നോട്ടു പോകാനാവൂ എന്ന സത്യം തിരിച്ചറിയുമ്പോള്‍ നാലു ലക്ഷം പേര്‍ വിവിധ ഘടകങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പുറത്തു നില്‍ക്കുന്നവര്‍ അതേപടി ഏറ്റെടുക്കുമെന്ന് കരുതിയ സംഘടനാതത്വവാദികള്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ നിലയില്ലാക്കയത്തില്‍ മുക്കുകയാണ് ചെയ്തതെന്ന് ഇനിയെങ്കിലും തിരിച്ചറിയുമോ? സാമുദായിക പ്രശ്‌നങ്ങളോടൊപ്പം ജനങ്ങള്‍ക്കിയില്‍ നഷ്ടപ്പെട്ട രാഷ്ട്രീയ വിശ്വാസ്യത എങ്ങനെ തിരിച്ചുപിടിക്കാമെന്നു കൂടിയാണ് ഇനി ഇടതു പക്ഷം ചിന്തിക്കേണ്ടത്. കേരളത്തിന്റെ ഹൃദയപക്ഷമായി ഇടതു പക്ഷമുണ്ടാകണമെന്നാഗ്രഹിക്കുന്നവരുടെ നിലവിളി ആരും മറന്നു പോകരുത്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories