TopTop
Begin typing your search above and press return to search.

ദാമോദരൻ വക്കീലിന്റെ ധര്‍മ്മസങ്കടങ്ങൾ

ദാമോദരൻ വക്കീലിന്റെ ധര്‍മ്മസങ്കടങ്ങൾ

കോണ്‍സ്റ്റന്റൈന്‍

ഇന്ന് ഒന്നാം തിയതിയാണ്. പത്തു മണിക്ക് മുൻപ് പഞ്ച് ചെയ്തു കേറണം. അല്ലെങ്കിൽ മുഖ്യമന്ത്രി ചീത്ത പറഞ്ഞു ചെവി പൊട്ടിക്കും. ദാമോദരൻ വക്കീൽ വേഗം മുറി പൂട്ടി ഇറങ്ങി. ആദ്യം കണ്ട ആട്ടോയ്‌ക്ക്‌ കൈ കാണിച്ചു. ആട്ടോ വേഗം കുറച്ചു. ആളെ മനസ്സിലായതും അയാൾ നിർത്താതെ ഓടിച്ചു പോയി.

അടുത്ത ആട്ടോ നിർത്തി. വക്കീൽ അല്ലേ, മുഖ്യമന്ത്രീടെ ....

അതേ. വക്കീൽ കുറ്റം സമ്മതിച്ചു.

'ത്ഫൂ..' അവനും ഓട്ടോ ഓടിച്ചു പോയി.

വക്കീലിന് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല. ഇതു പതിവാണ്. കഴിഞ്ഞ ദിവസം ഒരു ഓട്ടോയിൽ കേറി സ്റ്റാച്യുവിൽ ഇറങ്ങി. പോക്കറ്റിൽ പൈസാ തപ്പാൻ നേരം ഡ്രൈവർ പത്തു രൂപാ വച്ചു നീട്ടി. ഇരിക്കട്ടെ ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നതല്ലേ..

ഓരോന്നു ഓർത്തു വക്കീൽ നടന്നു അഞ്ചു മിനിട്ടു മുൻപേ പഞ്ച് ചെയ്തു അകത്തു കേറി.

മുഖ്യമന്ത്രീടെ ഓഫീസിനു മുന്നിൽ സന്ദർശകരുടെ ബെഞ്ച് ആണ് ഇരിപ്പിടം. അവിടെ സന്ദർശകരുടെ കൂടെ ഞെരുങ്ങി ഇരിക്കണം. ഭാഗ്യം ഇന്ന് വലിയ തിരക്കില്ല. വിധവാ പെൻഷൻ ഒപ്പിടാൻ ഒരു അമ്മച്ചിയും പിച്ചക്കാരനെ പോലെ തോന്നിക്കുന്ന ഒരാളും മാത്രമേ ബെഞ്ചിൽ ഉള്ളൂ. അവരുടെ കൂടെ ഇരുന്നു. തൂപ്പുകാരി തൂക്കാൻ വന്നു.

ഒരു ചിരി പതിവുണ്ട്. ഇന്ന് കണ്ട ഭാവം ഇല്ല. ഓ...ഇന്ന് ശമ്പള ദിവസമാണ്. പത്തോ നൂറോ കൈ വായ്പ ചോദിക്കും എന്നു കരുതിയാണ് ഈ മിണ്ടാട്ടം. സത്യത്തിൽ ചോദിക്കണം എന്നു കരുതിയതാണ്. അതു പോയി. ഇനി പ്യൂൺ സഹദേവൻ തന്നെ ശരണം.

ഓരോന്നു ഓർത്തു വക്കീൽ ബെഞ്ചിൽ അമർന്നിരുന്നു. എണീറ്റാൽ ആരെങ്കിലും വന്നു ഇരിക്കും.

സത്യപ്രതിജ്ഞ കഴിഞ്ഞ അന്നാണ് മുഖ്യമന്ത്രി ആദ്യം വിളിച്ചത്. ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ ദേശീയ പതാകയ്ക്ക് പകരം ചെങ്കൊടി കെട്ടുന്നതിന്റെ നിയമവശം ആണ് ചോദിച്ചത്. ഭരണഘടന മുതൽ പോലീസ് ആക്ട് വരെ നോക്കി രക്ഷയില്ല. അവസാനം ചരിത്ര പുസ്തകങ്ങൾ തപ്പി.

അന്നേരമാണ് റഷ്യയുടെ ചരിത്രത്തിൽ നിന്നു ഒരേട് കണ്ടത്. കാറിൽ ആദ്യമായി ചെങ്കൊടി വച്ചതു സ്റ്റാലിനാണ്. ഒരു ദിവസം അദ്ദേഹം കുളിക്കാൻ ബാത്റൂമിൽ പോയ നേരം പേരക്കുട്ടി അപ്പിയിട്ടു. സ്റ്റാലിൽ ബാത്റൂമിൽ ആയ കാരണം വെള്ളം ഇല്ല. മകൾ കാറിലെ ചെങ്കൊടി എടുത്തു അപ്പി തുടച്ചു. എന്നിട്ടും അറിയാത്ത പോലെ തിരിച്ചു കെട്ടി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചെങ്കൊടി നാറുന്നു എന്നു ആരോ സ്റ്റാലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു.

ചെങ്കൊടി നാറ്റിയ നൂറു പേരെ വെടി വച്ചു കൊല്ലാനും ആയിരം പേരെ ഖനിയിൽ അടയ്ക്കാനും, ചെങ്കൊടി അഴിച്ചു മാറ്റാനും സ്റ്റാലിൻ ഉത്തരവിട്ടു. അതിനു ശേഷം ചെങ്കൊടി കെട്ടിയിട്ടില്ല.

വക്കീൽ നയത്തിൽ തിരക്കി 'അങ്ങേയ്ക്കു മുട്ടിൽ ഇഴയുന്ന പേരക്കുട്ടി ഉണ്ടോ '

'ഉണ്ട്' .

'എന്നാൽ ചെങ്കൊടി വേണ്ടാ, ദേശീയ പതാക മതി.അതു നാറിയാൽ ആർക്കു ചേതം.'

മുഖ്യന് അതങ്ങു ഇഷ്ടപ്പെട്ടു. അന്ന് തുടങ്ങിയതാണ് കഷ്ടകാലം.

ഉപദേശകന്റെ നിയമന ഉത്തരവും കോട്ടും ചുരുട്ടി പിടിച്ചു മുഖ്യന്റെ ഓഫീസ് വരാന്തയിൽ ചെന്നു നിക്കുമ്പോ അവിടം ശൂന്യം ആദ്യം കണ്ട ബെഞ്ചിൽ കോട്ട് ഒതുക്കി വച്ചു, ഒരിടത്തു ഒതുങ്ങി ഇരുന്നു. അതാണ് സ്‌ഥിരം ഇരിപ്പിടം എന്നു പിന്നീടാണ് അറിഞ്ഞത്. അപ്പോൾ ഉണ്ട് തൂപ്പുകാരി വസന്ത വരുന്നു. കോട്ടു കണ്ടു അവൾ കലി തുള്ളി. 'ഈ കുന്ത്രാണ്ടം എടുത്തു മാറ്റണം.നാറുന്നു..

കേട്ടേ പറ്റൂ, അവൾക്കു പതിനഞ്ചായിരം രൂപാ ശമ്പളം ഉണ്ട്.കുറച്ചു കഴിഞ്ഞു മുഖ്യൻ അകത്തു വിളിച്ചു ഇങ്ങോട്ടു ഉപദേശിച്ചു വക്കീൽ ഒന്നും ഓർത്തു തല പുകയണ്ട, എന്തു എങ്ങനെ എപ്പോ ഉപദേശിക്കണം എന്നൊക്കെ കോടിയേരി സഖാവ് പറഞ്ഞു തരും.

ശമ്പളം ഇല്ലെന്നു ഓർത്തു വിഷമിക്കണ്ട കാന്റീനിൽ പോയി ഊണ് കഴിക്കാം. വൈകുന്നേരം ചായയും കുടിക്കാം. ഏർപ്പാട് ചെയ്തിട്ടുണ്ട്. വയറു കാഞ്ഞപ്പോ ഊണ് കഴിക്കാൻ ചെന്നു. ഇരുന്നു. പട്ടിക്കു തരും പോലെ ഒരു പ്ളേറ്റ് ചോറു എറിഞ്ഞു. കറികൾ തീരെ കുറവ്. ചുറ്റും ഇരിക്കുന്നവർ വറുത്ത മീൻ ഒക്കെ വച്ചു ചാമ്പുന്നു. നമുക്ക് ഓസ് ആയതു കൊണ്ടു അതു ഇല്ല. ചായക്ക്‌ കടിയും ഇല്ല.

ദാമോദരൻ വക്കീൽ ഓർമ്മകളിൽ നിന്നു ഉണർന്നു. ബെഞ്ചിൽ ആള് കൂടി തുടങ്ങി. ജോലി തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം. ഇതിനു ഇടയ്ക്കു വേറെ കിട്ടിയത് ഒരേ ഒരു കേസ് മാത്രം. ഒരു ലോട്ടറിക്കാരൻ മാപ്പിളേടെ കേസ്. അതും മുഖ്യൻ പറഞ്ഞിട്ടു വന്നത്. എങ്കിലും പത്തു അഞ്ഞൂറു രൂപാ ഫീസ് പ്രതീക്ഷിച്ചു. പക്ഷെ കിട്ടിയത് ഒരു കോടിയുടെ കാരുണ്യ ടിക്കറ്റ്. ഭാഗ്യം അതിനു നൂറു രൂപാ അടിച്ചു.

നേരം അഞ്ചു മണിയായി. എല്ലാരും ആ മാസത്തെ ശമ്പളം എണ്ണി വാങ്ങി സന്തോഷത്തോടെ പോകാൻ തുടങ്ങുന്നു. മുഖ്യനും പോകാൻ ഇറങ്ങുന്നു. വക്കീലിനെ കണ്ടു മുഖ്യൻ ഒന്നു നിന്നു. വക്കീലേ ഇന്ന് ശമ്പള ദിവസം ആണ്. ആരുടെയും കയ്യിൽ നിന്നു ഒന്നും ഇരന്നു വാങ്ങരുത്. തിരിച്ചു കൊടുക്കാൻ പാങ്ങ് ഇല്ലാത്തതാണ്. എനിക്കു പേര് ദോഷം ഉണ്ടാക്കരുത്.

അദ്ദേഹം പോയി. ദാ വരുന്നു പ്യൂൺ സഹദേവൻ. നൂറു രൂപ ചോദിക്കാം ചോദിച്ചു. സഹദേവൻ ദയ ഇല്ലാതെ പറഞ്ഞു. മാർട്ടിൻ മാപ്പിള കോടി തന്നത് ഞാൻ അറിഞ്ഞു. വക്കീലിന്റെ കണ്ണു നിറഞ്ഞു.

താഴെ മൊബൈൽ കോടതി വണ്ടികൾ തടഞ്ഞു നിർത്തി പിഴ ഇടുന്നു.

വക്കീൽ ഓർത്തു. കോട്ടും ഇട്ടു അവിടെ ചെന്നു നിന്നെങ്കിൽ പത്തു ഇരുനൂറു രൂപാ തടഞ്ഞേനെ.

(തിരുവനന്തപുരത്ത് അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories