TopTop
Begin typing your search above and press return to search.

അക്ബറും ശശികലയും ആളെക്കൊല്ലി മതങ്ങളും

അക്ബറും ശശികലയും ആളെക്കൊല്ലി മതങ്ങളും

ലോകത്തിലെ ഏറ്റവും വിനാശകാരിയായ നുണയാണ് മതം. ലോകജനസംഖ്യയിലെ വലിയൊരു വിഭാഗം ജനങ്ങളെ കൂട്ടമരണത്തിലേക്കയച്ച പ്രധാനപ്പെട്ട 10 സംഭവങ്ങള്‍ എടുത്താല്‍ പ്രകൃതി ദുരന്തങ്ങള്‍ക്കൊപ്പം നില്‍ക്കും മതം പിന്തുണച്ച മനുഷ്യക്കുരുതികള്‍. ഒരു കോടി പത്ത് ലക്ഷം ജൂതന്മാരെ കൂട്ടക്കൊലചെയ്തതു പോലെ ലോകത്തിലെ പ്രധാനപ്പെട്ട മനുഷ്യക്കുരുതികളില്‍ ഇസ്‌ളാമായും ഹിന്ദുവായും കൃസ്ത്യനായും വെറിപൂണ്ട മനുഷ്യന്‍ കൊന്നത്ര വരില്ല പ്രകൃതി ദുരന്തങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ കൊലയാളികള്‍ യൂറോപ്യന്മാരായിരുന്നു, ക്രിസ്റ്റ്യാനിറ്റിയാണ് ഒരു ഭാഗത്തെ ഏറ്റവും വലിയ കൊലയാളികളും. ചൈനയില്‍ പോലും പത്തു കോടി മനുഷ്യര്‍ക്ക് ജീവാപായം വരുത്തിയതിന്റെ ഒരു ഭാഗത്ത് ക്രിസ്റ്റ്യാനിറ്റിയുണ്ടായിരുന്നു. കാലം മാറുമ്പോള്‍ പുതിയ പുതിയ വില്ലന്മാര്‍ രംഗപ്രവേശം ചെയ്യുന്നതിന് ചരിത്രം സാക്ഷി.പ്രതിവര്‍ഷം 66 ലക്ഷം മുതല്‍ ഒരുകോടി മനുഷ്യരെ വരെ കൊല്ലുന്ന സ്ഥിരം വില്ലനാണ് കൊതുക്. രണ്ടാംസ്ഥാനത്ത് നില്ക്കുന്ന ഈച്ച. ഈച്ചയ്ക്കും കൊതുകിനും വരെ നാണക്കേടുണ്ടാക്കി മനുഷ്യനെ കൊല്ലുന്ന ഏറ്റവും വലിയ ജീവി മനുഷ്യനാണെന്ന് കണക്കുകള്‍ പറയുന്നു. ഒരുപക്ഷെ സ്വന്തം വംശത്തെ ഇത്രയധികം കൊലപ്പെടുത്തുന്ന മറ്റൊരു ജീവിയും ഭൂമുഖത്തില്ലതാനും. മനുഷ്യനെ മനുഷ്യന്‍ കൊല്ലുന്നതിന്റെ ഏറ്റവും നെറികെട്ട കാരണങ്ങളില്‍ ഒന്ന് മതവും ജാതിയുമാണ് (രണ്ടിന്റെയും മറപറ്റി രാഷ്ട്രീയവും). ഇത് രണ്ടും കളവാണെന്നും ഇല്ലാത്തതാണെന്നും സംഘടിത മതങ്ങളുടെ എല്ലാ അനുയായികള്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉത്തമ ബോധ്യം വരുന്നതിനുള്ള അവസരം ഉണ്ടെങ്കിലും സംഘടിത മതഗുണ്ടായിസത്തിനു വിധേയരായി നിശബ്ദരാക്കപ്പെട്ടവരാണ് അധികവും. മറ്റൊരു കൂട്ടര്‍ തങ്ങളുടെ മതം മറ്റേ മതത്തിന്റെ/ ജാതിയുടെ തുല്യമോ മേലേയോ ആക്കാന്‍ സ്വന്തം മതത്തിലെ എല്ലാ അരുതായ്കകളേയും അന്തസാര ശൂന്യതകളെയും ആചാരങ്ങളെയും സഹിക്കുന്നു.മതവെറിയുടെ കേരള പതിപ്പ് ശരിക്കും ആരംഭിച്ചിട്ടില്ല. പക്ഷെ തുടക്കമിടാന്‍ പലരും വട്ടം കൂട്ടുന്നുണ്ട്, പണ്ട് കാലത്ത് ഇവിടെ ജാതി കൊലപാതകങ്ങള്‍ ഏറ്റവും കൂടുതലുണ്ടായിരുന്നു. സവര്‍ണ്ണര്‍ നിര്‍ദാക്ഷിണ്യം അവര്‍ണ്ണരെ കൊല്ലാക്കൊലയും കൊലയും ചെയ്തിരുന്നു. എന്നാല്‍ മലാബാര്‍ കലാപമൊഴികെ അധികം മതകൊലപാതകങ്ങള്‍ നടന്നിട്ടില്ല. എന്തുകൊണ്ടും ഭാഗ്യം ചെയ്ത പ്രദേശമായ കേരളത്തിലെ ഏറ്റവും വലിയ ശാപമായ് മാറാന്‍ പോകുന്നത് മതന്ധത ബാധിച്ച മനുഷ്യരാണ്.അതിന്റെ ഏറ്റവും പഴയ ആള്‍ക്കാരിലൊന്ന് എന്ന് പറയാന്‍ പറ്റുന്ന ഒരു മനുഷ്യ വിരുദ്ധനായ ആളാണ് ശ്രീമാന്‍ എംഎം അക്ബര്‍. ശശികലയെക്കാളും പഴക്കമുണ്ട് ടിയാന്റെ മനുഷ്യസമൂഹത്തോടുള്ള വെല്ലുവിളിക്ക്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തിന്റെ മുക്കിലും മൂലയിലും ഈ മനുഷ്യന്‍ നടത്തിയ പ്രഭാഷണങ്ങളുടെയെല്ലാം രത്‌നച്ചുരുക്കം ലോകത്തില്‍ തന്റെത് മാത്രം സത്യമതവും തന്റെ ദൈവം സത്യ ദൈവവും അതല്ലാത്തതെല്ലാം ഉപേക്ഷിക്കപ്പെടേണ്ടതാണെന്നും തന്നെയായിരുന്നു. ഈ ലേഖകന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് എറണാകുളം ടൗണ്‍ ഹാളില്‍ മിക്കവാറും എംഎം അക്ബറിനോട് സംശയങ്ങള്‍ തുറന്ന് ചോദിക്കാനുള്ള അവസരം എന്നെഴുതിയ പോസ്റ്ററുകളോടെ ഓരോ മതങ്ങളെയും താഴ്ത്തിക്കെട്ടികൊണ്ട്, എന്നാല്‍ അങ്ങനെ ആണോന്ന് ചോദിച്ചാല്‍ അല്ല എന്നു വാദിക്കാന്‍ സാധിക്കുമാറ് ആയിരുന്നു ടിയാന്റെ ഒളിയുദ്ധങ്ങള്‍.ഇസ്‌ളാമാണ് ഏക ദൈവീകമതം അള്ളാഹുവാണ് ഏക ദൈവം എന്നത് സ്ഥാപിച്ചെടുക്കാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ആത്മീയ പോരാളിയുടെ നിച്ച് ഓഫ് ട്രൂത്ത് എന്ന വെബ് സൈറ്റ് ഇപ്പോഴും തുറന്നു നോക്കിയാല്‍ കാണാവുന്നത്, യേശുക്രിസ്തു ആരാണ്? ദൈവമോ ദൈവപുത്രനോ പ്രവാചകനോ? എന്ന ഒരു ബാനറാണ്. ഇത് ഓരോ കാലത്തും മറ്റു മതങ്ങള്‍ക്ക് നേരെയുള്ള ഒളിയമ്പു കൃഷിയായ് നിരന്തരം തുടര്‍ന്നു വരുന്ന പ്രക്രിയയാണ്. കേരളത്തിന്റെ സാക്കീര്‍ നായിക്കാണ് ശ്രീമാന്‍ എംഎം അക്ബര്‍. അതുകൊണ്ട് തന്നെ ഈ ചോദ്യങ്ങള്‍ ഒക്കെ ചോദിക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ പ്രസ്തുത വിഷയത്തില്‍ അധികം അറിവില്ലാത്തവരോട് ഏറ്റുമുട്ടാന്‍ ഇയാള്‍ ശ്രദ്ധിച്ചിരുന്നു. വല്ലപ്പോഴും അബദ്ധത്തിലെങ്ങാനും വിവരമുള്ള ചിലരോട് സംവാദത്തിനു പോയപ്പോഴുള്ള വീഡീയോകള്‍ അദ്ദേഹത്തിന്റെ സൈറ്റിലോ യൂട്യൂബിലോ കാണാന്‍ സാധിക്കില്ല. പകരം അത് എതിരാളികളോ എതിര്‍ സംവാദകരോ അപ് ലോഡ് ചെയ്തതും കാണാം.

പറഞ്ഞു വരുന്നത് അറേബ്യയിലെ ഒരു ഗോത്രതലവനായിരുന്ന മനുഷ്യനിലൂടെ മാത്രമേ ദൈവത്തിന് അന്ത്യപ്രവാചകനെ നിയോഗിക്കാന്‍ സാധിക്കൂ എന്നും അത് ഇന്നയാളാണ് എന്ന് പൊക്കിപ്പിടിച്ച് നടക്കുന്ന വിശ്വാസിയായ അക്ബറും, പാമ്പ് കുഴപ്പത്തില്‍ ചാടിച്ച കഥയിലൂടെ വന്ന് കന്യക പ്രസവിച്ച യേശുവും പരമശിവന്റെ ബീജത്തുള്ളിയില്‍ നിന്നാണ് രസം ഉണ്ടായതെന്ന് ആയുര്‍വേദ ഗ്രന്ഥത്തിന്റെ ആദ്യത്തില്‍ എഴുതി വെച്ചത് വിശ്വസിക്കുന്ന, ശിവനും മോഹിനി വേഷം കെട്ടിയ വിഷ്ണുവും കൂടിച്ചേര്‍ന്നപ്പോള്‍ അയ്യപ്പനുണ്ടായി എന്നു വിശ്വസിക്കുന്ന അഭിനവ ഹിന്ദുക്കളും അടങ്ങുന്ന മതവിശ്വാസങ്ങള്‍ക്ക് ഇവിടെ നിലനില്പുണ്ടായത് വിശ്വാസം യുക്തികൊണ്ട് അളക്കാത്തതു കൊണ്ട് മാത്രമാണ്. ദൈവവിശ്വാസം ഉണ്ടായത് വ്യക്തികളുടെ ആന്തരിക ശുദ്ധിക്കായിട്ടാവുകയും അത് മതാധിഷ്ഠിതമാവുമ്പോള്‍ ശുദ്ധ കറക്കുകമ്പനിയാവുന്നത് കാണാതെ പോവുന്ന ദുരന്തങ്ങളാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്ത്.അതിനെക്കുറിച്ച് യുക്തിവാദിയുടെ വാദങ്ങളല്ല സാധാരണ മനുഷ്യരുടെ നിലപാടുകള്‍. അത് മനസ്സിലാവാത്ത ചിലരുണ്ട്, അതിലൊന്നാണ് അക്ബറിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ശശികല ടീച്ചര്‍.

ശശികല ടീച്ചര്‍മാര്‍ ഉണ്ടാവുന്നത്.
ഹിന്ദു ക്ഷേത്രങ്ങളിലെ ഭക്തി പ്രഭാഷണങ്ങളില്‍ എംഎം അക്ബറിന്റെ കാലത്തു തന്നെ ഉയര്‍ന്നു വന്ന ഒരു പേരായിരുന്നു ഡോ. ഗോപാലകൃഷ്ണന്‍. ഞാനടക്കം പൂജ ചെയ്തിരുന്ന ക്ഷേത്രങ്ങളില്‍ അക്കാലത്ത് ഗോപാലകൃഷ്ണന്റെ ഒരു പ്രഭാഷണം കിട്ടുക എന്നു വെച്ചാല്‍ ഒരത്ഭുതമായിരുന്നു. എല്ലാം ശാസ്ത്രീയമായ വിശകലനമായിരുന്നു എന്നുകരുതി നമ്മളൊക്കെ അന്തം വിട്ട് നില്‍പ്പായിരുന്നു. അല്‍പ്പം കൂടി മുതിര്‍ന്നപ്പോഴാണ് അദ്ദേഹം പറയുന്ന പല ആനമണ്ടത്തരങ്ങളും നമ്മള്‍ വിശ്വസിച്ചിരുന്നല്ലോ എന്ന് തിരിഞ്ഞത്. അതിനു രണ്ടായിരുന്നു കാരണം, ഇന്നത്തെ പോലെ അന്ന്‍ ഇന്റര്‍നെറ്റില്ല, അതിനാല്‍ അദ്ദേഹത്തിന്റെ കാസറ്റില്‍ പറയുന്നത് ക്രോസ് ചെക്ക് ചെയ്യാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. പക്ഷേ ഇപ്പോള്‍ എന്തെഴുതിയാലും പറഞ്ഞാലും അതിന്റെ യുക്തിയും യുക്തിയില്ലായ്മയും തട്ടിപ്പും ശരിയും നമുക്ക് തന്നെ സെര്‍ച്ച് ചെയ്ത് കണ്ടെത്താമെന്നായി. ഗോപാലകൃഷ്ണനെപ്പോലെ ശാസ്ത്രീയ ടേംസുകളൊന്നും പറയാനറിയില്ലെങ്കിലും എംഎം അക്ബറുടെ കറക്കുകമ്പനിക്കാരും ഖുര്‍ ആന്റെ ശാസ്ത്രീയത നാടൊട്ടുക്ക് വിളമ്പുന്നുണ്ടായിരുന്നു. ആദ്യകാലത്ത് അക്ബര്‍ക്ക് എതിരാളികളൊന്നും ഇല്ലായിരുന്നു. അക്ബറെ കളിയാക്കി ആദ്യം എത്തുന്നത് യുക്തിവാദികളോ മറ്റു മതക്കാരോ ആയിരുന്നില്ല, പകരം ഏകദൈവം അള്ളാഹുവാണെന്നുറപ്പിച്ച, പ്രവാചകന്‍ മുഹമ്മദ് നബിയെന്നുറപ്പിച്ച ഇസ്‌ളാം മതത്തിലെ തന്നെ (എല്ലാത്തിനും കഴിവുള്ള അള്ളാഹുവിന് ഇസ്‌ളാം മതത്തിനെ തന്നെ ഒന്നിച്ച് നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് മറക്കാം) പ്രഭാഷകരായ സ്വസമുദായക്കാരായിരുന്നു. (ഇപ്പോഴും യൂട്യൂബിലെ ഏറ്റവും വലിയ തമ്മിലടിക്കാര്‍ ദൈവവിശ്വാസികളും യുക്തിവാദികളും തമ്മിലല്ല, മതപ്രഭാഷക സിംഹങ്ങള്‍ തമ്മിലാണ്). പിന്നീട് യുക്തിവാദികളും മറ്റ് മതക്കാരും വന്നു.അയോധ്യയില്‍ ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് അതിന്റെ വര്‍ഗ്ഗീയതയെ ലോകം മുഴുവന്‍ എത്തിച്ച കൂട്ടത്തില്‍ ഇരുവിഭാഗവും കേരളത്തില്‍ ശക്തി പ്രാപിച്ചത്; ശശികല ടീച്ചറെപ്പോലുള്ള ഒരു തീവ്ര ഹിന്ദുത്വ പ്രഭാഷകയ്ക്ക് നമ്മുടെ പൊതു ഇടങ്ങളില്‍ പ്രവേശനം കിട്ടിത്തുടങ്ങിയത്. അക്കാലത്ത് സെമറ്റിക് മതങ്ങളുടെ സാമൂഹ്യപരമായ കെട്ടുറപ്പുകളെക്കുറിച്ച് കേവലം ജാതികളായി മാത്രം തിരിഞ്ഞു നിന്നിരുന്ന ഹിന്ദുക്കള്‍ അത്ര വ്യാകുലപ്പെട്ടിരുന്നില്ല. അപൂര്‍വ്വം കല്ല്യാണവീടുകളിലും അടിയന്തര വേദികളിലും 'ഓ ആ ഏരിയ മുഴുവന്‍ കാക്കാന്മാര്‍ വാങ്ങിക്കൂട്ടുവാ' എന്നോ 'എന്റെ സ്ഥലം കൊടുക്കാന്‍ നോക്കി, വാങ്ങാന്‍ വരുന്നത് മുഴുവന്‍ അച്ഛായന്മാരാ' എന്നോ ഒക്കെ അടക്കിപ്പിടിച്ചു സങ്കടപ്പെടുന്ന കാലത്ത് തന്നെയാണ് മദനിമാരും അക്ബറുമാരുടെയും പ്രഭാഷണ പ്രചരണവാഹനങ്ങള്‍ മുഴങ്ങുന്ന സ്വരത്തില്‍, തന്റെ മാത്രം ശരിയായ മതത്തെ പ്രഘോഷിക്കുന്നത്. ബാബറി മസ്ജിദാനന്തര കേരളത്തിലേക്കാണ് ശശികല ടീച്ചറുടെ, 'രക്ഷിക്കാനാളില്ലാത്ത ഹിന്ദു'രക്ഷാപ്രഭാഷണങ്ങളുടെ തുടക്കം കുറിക്കപ്പെട്ടത്. മറ്റ് മതസ്ഥര്‍ അധികമായി കാണുന്ന ദിക്കുകളിലാണ് ഹിന്ദുമത ക്ഷേത്രങ്ങളും മറ്റും നമ്മള്‍ക്കും കുറച്ചൊക്കെ ഐക്യം വേണ്ടേ എന്ന്‍ നിരന്തരം ആവലാതിപ്പെട്ടു തുടങ്ങിയത്. ആ ആവലാതിപ്പെടുത്തലിനെ ഉച്ചസ്ഥായിയിലെത്തിക്കാന്‍ ശശികലമാര്‍ക്കായി - ആവുന്നു - ആയിക്കൊണ്ടേയിരിക്കും എന്നതാണ് നിലവിലെ സങ്കടാവസ്ഥ.ഇതിനിടയില്‍ സത്യത്തില്‍ സ്വത്വനഷ്ടം സംഭവിച്ചുകൊണ്ടിരുന്ന ദളിതരും തീരദേശത്തെ മുക്കുവരും വലിയൊരു വിഭാഗം മതം മാറിപ്പോയി. പിന്നോക്കക്കാര്‍ക് യാതൊരു വിധ ഉന്നമനത്തിനും ഇടം കൊടുക്കാതെ വര്‍ഗ്ഗീയതയ്ക്ക് വളക്കൂറുള്ള ഇടത്തരക്കാരിലും മധ്യവര്‍ഗ്ഗക്കാരിലും ഹിന്ദുമതസ്‌നേഹം വര്‍ദ്ധിച്ചുവരാന്‍ സംഘടിത ശ്രമം തുടങ്ങി. ആധുനിക കാലത്തെ അവര്‍ണ്ണ കൂട്ടക്കൊല മറ്റൊരു തരത്തിലാണ് നടക്കുന്നത്; അതുപക്ഷേ ഇനിയും തിരിച്ചറിയാന്‍ ഏതെങ്കിലും ഒന്നോ രണ്ടോ ഗോത്രങ്ങള്‍ ഇല്ലാതാവണം. അതിനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. കേരളത്തിലെ വലിയൊരു വിഭാഗം പുലയ/ഹരിജന ദളിത് ഗോത്രങ്ങളെ പെന്തക്കോസ്തുകാര്‍ കൊണ്ടുപോയിട്ടുണ്ട്. അത് നിര്‍ബാധം തുടരുന്നുമുണ്ട്. ആദ്യം ഒരു പക്ഷെ കേരളത്തില്‍ നിന്നും ഒരു വര്‍ഗ്ഗം കൂട്ടത്തോടെ തങ്ങളുടെ പൂര്‍വ്വിക സ്വത്വം ഉപേക്ഷിക്കുന്നുണ്ടെങ്കില്‍ അത് ഇവരിലായിരിക്കും സംഭവിക്കാന്‍ സാധ്യത. അതിനുള്ള അരിയും പലചരക്ക് സാധനങ്ങളും പെന്തക്കോസ്തുകാര്‍ വാങ്ങിവെച്ചിട്ടുണ്ട്.

അത്തരം നഷ്ടങ്ങളെയൊക്കെ മൈക്ക് കെട്ടി വിളിച്ച് പറഞ്ഞും ഹിന്ദുക്കള്‍ക്ക് കടലില്ലാത്തതില്‍ പരിതപിച്ചും ശശികല ടീച്ചര്‍ ജനങ്ങളില്‍, ആയകാലത്ത് മദനി ചെയ്തിരുന്ന അതേ ഭയം ക്രിയേറ്റു ചെയ്യുന്ന തീവ്ര പ്രസംഗങ്ങളാല്‍ അരക്ഷിതത്വ ബോധം വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ഒരു ദിക്കില്‍ മതതീവ്രവാദികള്‍, മറുസൈഡില്‍ ഒളിഞ്ഞും തെളിഞ്ഞും അവര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന രാഷ്ട്രീയക്കാര്‍. ഇവര്‍ക്കിടയിലുള്ള സാമാന്യ ജനങ്ങള്‍ക്ക് മതമല്ല വേണ്ടത്; മറിച്ച് അവര്‍ക്ക് വിവിധങ്ങളായ വിശ്വാസങ്ങള്‍ ഉള്ള പോലെ തന്നെ വിവിധ തരത്തിലുള്ള സമൂഹത്തോട് ഇടപെടുന്നതില്‍ സന്തോഷമുള്ള ജനതയാണെന്നും കേരളത്തിന്റെ പൊതു മനസ്സാക്ഷി മതങ്ങള്‍ തമ്മിലകറ്റിയ ഇടുങ്ങിയ മനസ്സുള്ളവരല്ലായിരുന്നു എന്നും മനസിലാക്കേണ്ടതുണ്ട്. 90-കള്‍ക്ക് ശേഷം വര്‍ദ്ധിച്ചുവന്ന, എല്ലാമതത്തിലെയും പ്രഭാഷക സംഘങ്ങളാണ് മതേതരാന്തരീക്ഷം കലക്കിയെടുത്തത്. മനുഷ്യരെ തമ്മിലകറ്റാനുള്ള ഏറ്റവും വലിയ ദുരന്തങ്ങളാണ് എംഎം അക്ബറായും ശശികലയായും മതപരിവര്‍ത്തനം ലക്ഷ്യമിട്ട് സാമൂഹ്യ സേവനം ചെയ്യുന്ന ഒരു വിഭാഗം മിഷണറിമാരായും ഒക്കെ കേരളത്തില്‍ വളര്‍ന്നു വരുന്നത്.

ആദ്യം എല്ലാ മതപ്രഭാഷകരും സ്വന്തം മതത്തിലെ ശാസ്ത്രീയത മാത്രം വിളമ്പും; പക്ഷേ അത് എല്ലാകാലത്തും വില്‍പ്പനയുള്ള ഒരു ചരക്കല്ല. കാരണം ശാസ്ത്രം നിരന്തരം മാറുന്ന ഒന്നാണ്. ശാസ്ത്രം ഇന്ന് പാരസെറ്റമോള്‍ നല്ലതാണ് എന്നു കണ്ടുപിടിച്ചാല്‍ പത്ത് വര്‍ഷം കഴിഞ്ഞ് അതിലും നല്ലത് കണ്ടുപിടിക്കുമ്പോള്‍ പാരസെറ്റാമോള്‍ നിര്‍ത്തിക്കോ എന്നു പറയും പക്ഷെ പാരസെറ്റാമോള്‍ നല്ലതാണെന്ന് എന്റെ വിശുദ്ധ ഗ്രന്ഥത്തിലുണ്ടെന്ന് ശാസ്ത്രീയത തെളിയിച്ച മതപ്രഭാഷകന്‍ ചീറ്റും. അങ്ങനെ പലതും സംഭവിച്ചു. വര്‍ഷങ്ങളിത്രയും ശാസ്ത്രീയ ഹിന്ദു ആചാരങ്ങള്‍ വിളമ്പി മടുത്ത ശ്രീമാന്‍ ഗോപാല കൃഷ്ണന്‍ നവമാധ്യമങ്ങളിലെ ശാസ്ത്രബോധമുള്ള ചെറുപ്പക്കാരുടെ വായടച്ചുള്ള മറുപടികള്‍ കേട്ട് മടുത്തിട്ടാവും (പഴയപോലെ അത്ര അങ്ങട് ശാസ്ത്രം ഏശാതയായ്!) സ്വന്തം വീഡിയോകളിലൂടെ അവസാനം 'മുസ്‌ളീങ്ങള്‍ പന്നിപെറ്റു പെരുകും പോലെ' എന്നൊക്കെ ഒട്ടും അറപ്പില്ലാതെ പറയാന്‍, വസുധൈവ കുടുംബകം പാടിനടന്നയാള്‍ക്ക് സാധിച്ചത്. മതം എന്ന തട്ടിപ്പ് അവസാനം മനുഷ്യവിരുദ്ധമാവും എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഇവരെല്ലാം. സാക്കീര്‍ നായിക്കും ശശികലയും ഗോപാലകൃഷ്ണനും യോഹന്നാനും ഒക്കെ നടത്തിവരുന്ന പ്രഭാഷണങ്ങള്‍ മതത്തിന് ശരി എന്നു തോന്നുമ്പോഴും മനുഷ്യര്‍ക്ക്, മനുഷ്യത്വത്തിന്, സമൂഹത്തിന് പൂര്‍ണ്ണമായും തെറ്റായി വരുന്നത് അന്ധരായ മതവിശ്വാസികള്‍ക്ക് മനസ്സിലാവില്ല. അതിന്റെ പ്രതിഫലനമാണ് സോഷ്യല്‍ മീഡിയകളില്‍ അക്ബറിനെയും ശശികലയെയും ഗോപാലകൃഷ്ണനെയും മറ്റു മതക്കച്ചവടക്കാരെയും കണ്ണടച്ച് പിന്താങ്ങുന്ന, 'മറ്റവരും പണ്ടു കൊന്നിട്ടില്ലേ' എന്ന്‍ ഉളുപ്പില്ലാതെ പറയാന്‍ സാധിക്കുന്ന നിരവധി അനുയായികളെ കിട്ടുന്നത്.ഇതിനെ നിയന്ത്രിക്കാനുള്ള ഏക മാര്‍ഗ്ഗം കുഞ്ഞുമക്കളെ മതം പകര്‍ന്നു കൊടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ തന്നെ നിയന്ത്രിത മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കുക എന്നതാണ്. മനുഷ്യത്വത്തെ പീസാക്കുന്ന പീസ് സ്‌കൂളും ഹരി ഓം ചൊല്ലിക്കുന്നവരും ഈശോ മിശിഹയ്ക്ക് സ്തുതിയായിരിക്കട്ടെ പറയിപ്പിക്കുന്ന സ്‌കൂളുകളും നിയമം കൊണ്ട് നിരോധിക്കുന്ന വിധത്തിലേക്ക് തന്നെ സര്‍ക്കാര്‍ നീങ്ങണം. 80-കള്‍ക്ക് മുന്നെ ഇതൊന്നും ഇല്ലാതെ പഠിച്ച ആള്‍ക്കാരുടെ മക്കളാണ് നമ്മള്‍ (കൃസ്ത്യന്‍ സ്‌കൂളുകളില്‍ ഒഴികെ). വിദ്യാഭ്യാസം കച്ചവടമായതിന്റെ ദുരന്തങ്ങളില്‍ ഒന്നാണ് മതസ്ഥാപനങ്ങള്‍ സ്‌കൂള്‍ കൃഷി തുടങ്ങിയത്. ആദ്യം സ്‌കൂള്‍ കൃഷിയായിരുന്നത് പിന്നീട് മതാചാരങ്ങള്‍ ചേര്‍ത്ത് വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ സ്‌കൂള്‍ കൃഷിയായി മാറി. അതുകൊണ്ട് തന്നെ സമൂഹം പോകുന്ന അപകടത്തെ തിരിച്ചറിഞ്ഞ് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് മതാചാരങ്ങളെ പൂര്‍ണ്ണമായും അകറ്റുകയും എംഎം അക്ബറുമാര്‍ക്കും ശശികലമാര്‍ക്കും പൂര്‍ണ്ണമായും എത്തിപ്പെടാന്‍ സാധിക്കാത്തവിധം മനുഷ്യ സമൂഹത്തില്‍ മതേതരത്വം വളര്‍ത്തുകയുമാണ് വേണ്ടത്.മതവും ദൈവവും ഇല്ലാതായാല്‍ ഒരു ചുക്കും സംഭവിക്കാന്‍ പോവുന്നില്ല. പകരം മതങ്ങളും ദൈവങ്ങളും വളര്‍ന്നു വരുംതോറും കൂട്ടമരണങ്ങള്‍ പെരുകുന്നുമുണ്ട്. മതവിശ്വാസം ഇല്ലാത്ത നോര്‍വെയിലെ ജയിലുകള്‍ പൂട്ടിത്തുടങ്ങി. സ്വീഡന്‍ പോലുള്ള രാജ്യങ്ങളില്‍ മതവിശ്വാസം മാറിയത് കൊണ്ട് ക്രിമിനലുകളും തമ്മിലടികളും ഇല്ലാതായി. മതവും ദൈവവും ഇല്ലെങ്കിലും മനുഷ്യനു ജീവിക്കാം, പക്ഷെ മനുഷ്യനില്ലെങ്കില്‍ മതവും ദൈവവുമുണ്ടാവില്ലെന്ന് എല്ലാ മത പ്രചാചകരെയും നമ്മള്‍ പഠിപ്പിക്കണം.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories