TopTop
Begin typing your search above and press return to search.

ആധുനികതയുടെ കാലത്ത് ഞാന്‍ എന്തുകൊണ്ട് എഴുതിയില്ല; എന്‍ പ്രഭാകരന്‍/അഭിമുഖം

ആധുനികതയുടെ കാലത്ത് ഞാന്‍ എന്തുകൊണ്ട് എഴുതിയില്ല; എന്‍ പ്രഭാകരന്‍/അഭിമുഖം

ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിലും നോവലിലും ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ പ്രമുഖ എഴുത്തുകാരില്‍ ഒരാളാണ് എന്‍ പ്രഭാകരന്‍. 1971ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ 'ഒറ്റയാന്റെ പാപ്പാൻ' എന്ന കഥയിലൂടെ ചെറുകഥാരംഗത്തു കടന്നു വന്നു. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ ഇരുപതോളം കൃതികൾ രചിച്ചു. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനിച്ച എന്‍ പ്രഭാകരന്‍ തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. ഏറെക്കാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്നു. വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു. ഒറ്റയാന്റെ പാപ്പാൻ, ഏഴിനും മീതെ, പുലിജന്മം, ജന്തുജനം, ബഹുവചനം, തീയ്യൂർ രേഖകൾ, രാത്രിമൊഴി, കാൽനട, ജനകഥ, അദൃശ്യവനങ്ങൾ, ക്ഷൌരം എന്നിവയാണ് പ്രധാന കൃതികള്‍. എഴുത്ത്, ജീവിതം, ദേശം, രാഷ്ടീയം എന്നിവയെ കുറിച്ച് എന്‍ പ്രഭാകരന്‍ സഫിയയുമായി സംസാരിക്കുന്നു.

സഫിയ: 1971 ല്‍ ഒറ്റയാന്‍റെ പാപ്പാന്‍ എന്ന കഥയ്ക്ക് മാതൃഭൂമി അവാര്‍ഡ് കിട്ടുന്നതിലൂടെയാണ് എന്‍ പ്രഭാകരന്‍ എന്ന എഴുത്തുകാരന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ എഴുത്തിന്‍റെ അരനൂറ്റാണ്ട് കടന്നുപോയിരിക്കുന്നു. കവിത, കഥ, നോവല്‍, നാടകം, തിരക്കഥ തുടങ്ങി എഴുത്തിന്‍റെ എല്ലാ മേഖലകളിലും കൈവെച്ചു കഴിഞ്ഞു. എഴുത്തു ജീവിതത്തിന്‍റെ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു? എഴുത്തിലേക്കെത്തിയ ആദ്യ കാലത്തെ കുറിച്ച് പറയാമോ?

എന്‍ പ്രഭാകരന്‍: ആദ്യമായി സ്വന്തം പേരിലെഴുതി പ്രസിദ്ധീകരിച്ച കഥയാണ് ‘ഒറ്റയാന്‍റെ പാപ്പാന്‍’. തികച്ചും പ്രാദേശികമായ സാഹചര്യങ്ങളുടെ സഹായം കൊണ്ടാണ് ഞാന്‍ എഴുത്തിലേക്ക് വന്നത്. 1960-കളുടെ രണ്ടാം പകുതിയില്‍ കണ്ണൂരില്‍ നിന്നു ‘ദേശമിത്രം’ എന്നൊരു മാസിക ഇറങ്ങിയിരുന്നു. അവര്‍ക്ക് ദേശമിത്രം സാഹിത്യവേദി എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ക്കായിരുന്നു നേതൃത്വം. അക്കാലത്ത് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാഹിത്യ വേദികള്‍ ഉണ്ടായിരുന്നു. അതില്‍ ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കുമായിരുന്നു. കോണ്‍ഗ്രസുകാരുടെതായിരുന്നെങ്കിലും അതിനു രാഷ്ട്രീയം ഒന്നും അങ്ങനെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാവരും അവിടെ വരുമായിരുന്നു. അങ്ങനെ കുറെ സാഹിത്യ ചര്‍ച്ചകളും മറ്റും എന്റെ നാടായ എരിപുരത്തും നടന്നിരുന്നു. അന്ന് എഴുതിക്കൊണ്ടിരുന്ന കുറെ ആള്‍ക്കാരുണ്ട്. ഒരു ടിഐ ശങ്കരനാരായണന്‍ എന്നൊരാളുണ്ട്. ബാലസാഹിത്യവും കവിതകളും ഒക്കെ എഴുതിയിട്ടുണ്ട് അദ്ദേഹം. ഇപ്പോള്‍ സ്പൈസസ് ബോര്‍ഡില്‍ നിന്നു റിട്ടയര്‍ ചെയ്തു. പിന്നെ ഇപിആര്‍, രാഘവന്‍ മട്ടന്നൂര്‍ ഇവരൊക്കെയായിരുന്നു അന്നത്തെ ആള്‍ക്കാര്‍. പിന്നെ നമ്മുടെ എന്‍വിപി ഉണിത്തിരി ഒക്കെയുണ്ടായിരുന്നു. മൂപ്പരൊക്കെ ചര്‍ച്ചകള്‍ക്ക് വരും. കാവ്യാസ്വാദനം, കവിതയെ കുറിച്ചുള്ള ചര്‍ച്ച ഒക്കെ ഉണ്ടായിരുന്നു.

ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം കിട്ടിയ സമയത്ത് ശങ്കരക്കുറുപ്പ് മഹാകവിയല്ല, കേരളത്തില്‍ വല്യ കവികളും എഴുത്തുകാരും ഇല്ല എന്നൊക്കെ പറഞ്ഞിട്ടു അന്നത്തെ സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന പുത്തേഴത്ത് രാമന്‍ മേനോന്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. മൂപ്പരുപയോഗിച്ച ഒരു വാക്കുണ്ട്. ഇവിടെ മുക്കണാഞ്ചി സാഹിത്യകാരന്‍മാരെയുള്ളൂ എന്ന്. അതിനെ കുറിച്ച് പല സ്ഥലത്തും പല ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു. സജീവമായി ആള്‍ക്കാര്‍ പങ്കെടുത്ത അത്തരമൊരു ചര്‍ച്ച എരിപുരത്ത് നടന്നിരുന്നു. പിന്നെ അവിടെ ഒരു ഹിന്ദി വിദ്യാലയം ഉണ്ടായിരുന്നു. അവിടുത്തെ ഒരധ്യാപകന്‍ സാഹിത്യ തത്പരനായിരുന്നു. മൂപ്പര് വഴി പ്രേം ചന്ദിനെ പോലുള്ള ഹിന്ദി സാഹിത്യകാരന്‍മാരെ കുറിച്ചുള്ള ഒരു ധാരണയൊക്കെ ഉണ്ടായി. അങ്ങനെ സാഹിത്യം പൊതുവേ ഗൌരവത്തോടെ പരിഗണിക്കേണ്ട ഒരു മേഖലയാണെന്ന് തോന്നുന്ന ഒരു സാഹചര്യം ഉണ്ടായി. കൈയ്യെഴുത്ത് മാസികകളില്‍ സജീവമായിരുന്നു. രണ്ടു മൂന്നു കൈയ്യെഴുത്ത് മാസികകള്‍ ഒക്കെ ഉണ്ടായിരുന്നു. സ്കൂളില്‍ സാഹിത്യ സമാജം ഇന്നത്തെ പോലെയല്ല, വളരെ സജീവമായിരുന്നു. ഇങ്ങനെയൊക്കെ കൊണ്ട് സാഹിത്യം ഗൌരവം ഉള്ള ഒരു മേഖലയാണ്, പ്രവേശിക്കാന്‍ പറ്റുന്ന മേഖലയാണ് എന്ന തോന്നല്‍ ഉണ്ടായി.

ദേശമിത്രം വാരികയില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. പിന്നെ മണ്‍പാത്ര തൊഴിലാളി യൂണിയന്‍റെ ‘ചക്രം’ എന്ന മാസികയില്‍ എഴുതി. ആ സമയത്താണ്, 1967-ലാണെന്നാണ് തോന്നുന്നത്, ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. ചെറിയ കവിതകളും കഥകളും ഒക്കെയായി. വാരാന്തപ്പതിപ്പില്‍ ഞാന്‍ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്നു. ഒന്നു രണ്ട് കൊല്ലത്തോളം വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് വാരിക വന്നത്. ദേശാഭിമാനിയിലും ആദ്യം ബാലപംക്തിയിലാണ് എഴുതി തുടങ്ങിയതെങ്കിലും പെട്ടെന്നു തന്നെ മുതിര്‍ന്നവരുടെ സെക്ഷനിലും എഴുതാന്‍ തുടങ്ങി. അങ്ങനെ 1970 ഒക്കെ ആകുമ്പോഴേക്കും ഫീല്‍ഡ് ഇതാണെന്ന തോന്നല്‍ ഉണ്ടായി. പിന്നെ 1971-ല്‍ മാതൃഭൂമിയുടെ സമ്മാനം കിട്ടിയതോടെ കുറെക്കൂടി ആത്മവിശ്വാസമായി.

സഫിയ: സ്കൂളില്‍ നിന്നുള്ള പ്രോത്സാഹനം എങ്ങിനെയായിരുന്നു?

എന്‍ പ്രഭാകരന്‍: ഞാന്‍ മാടായി ഗവണ്‍മെന്‍റ് സ്കൂളിലാണ് പഠിച്ചത്. സ്കൂളിലെ അധ്യാപകര്‍ ആരെങ്കിലും പ്രത്യേകമായി പ്രോത്സാഹിപ്പിച്ചു എന്ന് പറയാന്‍ പറ്റില്ല, എങ്കിലും പൊതുവേ അന്തരീക്ഷം അതിന് അനുകൂലമായിരുന്നു. നല്ല മലയാളം അധ്യാപകരുണ്ടായിരുന്നു. എംഎച്ച് കേശവന്‍ നമ്പൂതിരി എന്ന നല്ല അധ്യാപകനായിരുന്നു മലയാളത്തിന് ഉണ്ടായിരുന്നത്. ഹിന്ദിയില്‍ മല്ലിശ്ശേരി കരുണാകരന്‍ എന്നൊരാളുണ്ടായിരുന്നു. പിന്നെ സാഹിത്യ സമാജം സജീവമായിരുന്നു. ഇടക്കിടെ പരിപാടികള്‍ ഉണ്ടാകും. ഞാന്‍ ആദ്യം കവിതയാണ് എഴുതിതുടങ്ങിയത്. കവിത അവതരിപ്പിക്കാനൊക്കെയുള്ള വേദി കിട്ടുമായിരുന്നു. അതൊക്കെ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വല്യ പ്രോത്സാഹനമായിരിക്കും. അങ്ങനെയാണ് ഇതിലേക്ക് വന്നത്.

സഫിയ: വീട്ടിലെ അന്തരീക്ഷം..?

എന്‍ പ്രഭാകരന്‍: അവരിത് അങ്ങനെ ഗൌരവമായി എടുത്തു എന്നെനിക്ക് തോന്നുന്നില്ല. മാതൃഭൂമിയുടെ സമ്മാനം എന്നൊക്കെ പറഞ്ഞാല്‍ വല്യ സമ്മാനമാണ്. വേറെ കാര്യമായിട്ടുള്ള പ്രസിദ്ധീകരണങ്ങളൊന്നും മലയാളത്തില്‍ അന്നുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് അതൊരു വലിയ അംഗീകാരമായിട്ട് നാട്ടുകാര്‍ക്കൊക്കെ തോന്നിയിരുന്നു. അല്ലാതെ വീട്ടുകാര്‍ അങ്ങനെ പ്രത്യേക താത്പര്യം എടുത്തിട്ടൊന്നും ഇല്ല. എന്നാല്‍ നിരുത്സാഹപ്പെടുത്തിയുമില്ല. അമ്മ സ്കൂള്‍ ടീച്ചറായിരുന്നു. അച്ഛന്‍ വ്യാപാരിയും. സാഹിത്യത്തോട് ഒരു നെഗറ്റീവ് ആയിട്ടുള്ള ഒരു മനോഭാവം അവര്‍ക്ക് ഉണ്ടായിരുന്നില്ല. അങ്ങനെ വായിക്കാറൊന്നും ഇല്ല. എന്നാല്‍ പോലും ഇത് മോശമാണെന്ന അഭിപ്രായം ഒന്നും അവര്‍ക്കില്ലായിരുന്നു. അമ്മ ടീച്ചറായിരുന്നതുകൊണ്ട് സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ ഒരുപാട് കൊണ്ടുവന്ന് തരുമായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിരുന്നു. ചാള്‍സ് ഡിക്കന്‍സിന്‍റെ ഒലിവര്‍ ട്വിസ്റ്റിന്‍റെ വിവര്‍ത്തനം ആദ്യകാലത്ത് വായിച്ച ഒരു പുസ്തകമാണ്. കെ തായാട്ടാണ് അത് വിവര്‍ത്തനം ചെയ്തത് എന്നാണ് എന്റെ ഓര്‍മ്മ. അങ്ങനെ അഞ്ചാം ക്ലാസ് ആറാം ക്ലാസ് ഒക്കെ ആകുമ്പോഴേക്കും ഒരുപാട് പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പിന്നെ ഈ ദേശമിത്രം സാഹിത്യ വേദി എന്ന് പറയുന്നത് വല്യ ഒരു വായന കൂട്ടായ്മ കൂടിയായിരുന്നു. അവരിലൂടെ ഇങ്ങനെ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചു.

ടാഗോറിന്റെയും പ്രേം ചന്ദിന്റെയുമൊക്കെ കൃതികളുടെ വിവര്‍ത്തനം ഞാന്‍ പത്താം ക്ലാസ് ആകുമ്പോഴേക്കും വായിച്ചു തീര്‍ത്തിരുന്നു. അന്ന് ഞങ്ങളുടെ നാട്ടിനടുത്ത് വേങ്ങര കസ്തൂര്‍ബ ഗ്രന്ഥാലയം ആന്‍റ് വായനശാല എന്ന ഒരു ലൈബ്രറി ഉണ്ടായിരുന്നു. മികച്ചൊരു ലൈബ്രറിയായിരുന്നു അത്. അവിടെ ഏറ്റവും നല്ല പുസ്തകങ്ങളും കുട്ടികള്‍ക്ക് നല്ല പുസ്തകങ്ങള്‍ എടുത്തുകൊടുക്കാന്‍ പൊതുവേ താത്പര്യം ഉള്ള ലൈബ്രേറിയന്‍മാരും ഉണ്ടായിരുന്നു. മറ്റൊരു പ്രത്യേകത അവിടെ നല്ല ആനുകാലികങ്ങള്‍ വരാറുണ്ടായിരുന്നു എന്നുള്ളതാണ്. അന്ന് അന്വേഷണം മാസികയായിരുന്നു ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ഒന്ന്‍. അത് ലൈബ്രറിയില്‍ വരുത്തുന്നുണ്ടായിരുന്നു. പിന്നെ മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളം വാരികയും മറ്റ് പ്രസിദ്ധീകരണങ്ങളും. പത്താം ക്ലാസ്സ് വരെ ആ ലൈബ്രറിയില്‍ തുടര്‍ച്ചയായി പോയി പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. അങ്ങനെ വായനയും എഴുത്തുമൊക്കെ പ്രാധാനപ്പെട്ട കാര്യമാണെന്ന് തോന്നുന്ന ഒരു അന്തരീക്ഷമായിരുന്നു നാട്ടിലുണ്ടായിരുന്നത്. എല്ലാവരും അതില്‍ ഇന്‍വോള്‍വ്ഡ് അല്ല. എന്നാലും കുറേ പേര്‍ അങ്ങനെ ഉണ്ടായിരുന്നു.

സഫിയ: ആദ്യം കവിതയാണ് എഴുതിത്തുടങ്ങിയത് എന്ന് പറഞ്ഞു. പിന്നീട് എങ്ങനെയാണ് ഫിക്ഷനിലേക്ക് വരുന്നത്?

എന്‍ പ്രഭാകരന്‍: കവിതകള്‍ എഴുതാനുള്ള കാരണം ഒന്ന്‍ ദേശമിത്രം വാരികയില്‍ കവിതകളാണ് ധാരാളമായി വന്നുകൊണ്ടിരുന്നത് എന്നതാണ്. അങ്ങനെ സ്വാഭാവികമായി ഞാനും ആദ്യം കവിതയിലൂടെ തുടങ്ങി. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ കവിത അത്ര സുഖകരമായ മീഡിയമായി തോന്നിയില്ല. കവിത എഴുതുന്നതിന് ഏറെക്കുറെ സമാന്തരമായി ഞാന്‍ കഥയും എഴുതുന്നുണ്ടായിരുന്നു. കഥയിലാണ് കുറച്ചുകൂടി ബലം കിട്ടുന്നതെന്ന് തോന്നി. അങ്ങനെ കഥയിലേക്ക് മാറി. ഒരു പത്തിരുപത് വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ വീണ്ടും കവിത എഴുതാന്‍ തുടങ്ങിയത്. തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്നൊന്നും ഇല്ല. വല്ലപ്പോഴും തോന്നുമ്പോള്‍ എഴുതുന്നു എന്നേയുള്ളൂ. കഥയാണ് പറ്റുന്ന ഒരു മാധ്യമം എന്ന് തോന്നി. ഭാഷയുടെ സാന്ദ്രതയുള്ള രൂപമാണല്ലോ കവിത എന്ന് പറയുന്നത്. അതില്‍ ചില പ്രത്യേക തരം ആശയങ്ങളും അനുഭൂതികളും എല്ലാം ആവിഷ്ക്കരിക്കാന്‍ വേണ്ടി പറ്റും. പക്ഷേ നമ്മള്‍ ജീവിതത്തെ അതിന്‍റെ പരപ്പില്‍ ചിത്രീകരിക്കണം എന്ന് തോന്നുന്നുണ്ടെങ്കില്‍, ഒരുപാട് അനുഭവങ്ങളെ ആവിഷ്ക്കരിക്കണം, എങ്കില്‍ ഫിക്ഷന്‍ തന്നെ വേണം. ഫിക്ഷനിലൂടെയേ അത് പറ്റൂ. കവിതയിലൂടെ അത് പറ്റില്ല. കവിത ഒരുപാട് പരിമിതികള്‍ ഉള്ള മാധ്യമം തന്നെയാണ്. അതേ സമയം നോവല്‍ വല്യ സാധ്യതയാണ്. ഒരുപാട് ജീവിതങ്ങളിലൂടെ, ഒരുപാട് അനുഭവങ്ങളിലൂടെ, ഒരുപാട് കാലത്തിലൂടെ സഞ്ചരിക്കാനുള്ള വല്യ സാധ്യതകള്‍ ഉണ്ട്.

സഫിയ: കോളേജ് ജീവിതം?

എന്‍ പ്രഭാകരന്‍: പയ്യന്നൂര്‍ കോളേജിലാണ് ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ചത്. അന്നവിടെ മികച്ച മലയാളം അധ്യാപകര്‍ ഉണ്ടായിരുന്നു. പ്രൊഫ. എം ആര്‍ ചന്ദ്രശേഖരന്‍, മൃച്ഛഘടികം നാടകം ഒക്കെ വിവര്‍ത്തനം ചെയ്ത എം കേശവപ്പട്ടേരി, പിന്നെ ഈയടുത്തു മരിച്ചുപോയ മേലത്ത് ചന്ദ്രശേഖരന്‍. അദ്ദേഹം വളരെ മികച്ച അധ്യാപകനായിരുന്നു. ആധുനിക സാഹിത്യത്തെക്കുറിച്ചൊക്കെ നല്ല ധാരണയുള്ള ആളായിരുന്നു. പ്രീഡിഗ്രിയാണ് ക്ലാസ് എങ്കിലും അദ്ദേഹം ഏറ്റവും മികച്ച സാഹിത്യ കൃതികളെ കുറിച്ച് വലിയ ആവേശത്തോടെ സംസാരിക്കും. കുട്ടികളെ എല്ലാവരെയും പ്രചോദിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്. ഏറ്റവും പുതിയ കൃതികളെ കുറിച്ചൊക്കെയാണ് അദ്ദേഹം പറഞ്ഞിരുന്നത്. നല്ല അധ്യാപകനാണ്. നമ്മളെ നന്നായി പ്രോത്സാഹിപ്പിക്കും. എല്ലാ രീതിയിലും ക്ലാസ് വളരെ ഇന്‍സ്പയറിംഗ് ആയിരുന്നു.

അത് കഴിഞ്ഞിട്ടാണ് ബ്രണ്ണന്‍ കോളേജില്‍ വരുന്നത്. 1970 മുതല്‍ 75 വരെ ഞാന്‍ ബ്രണ്ണനില്‍ ഉണ്ടായിരുന്നു. ബ്രണ്ണന്‍ കോളേജില്‍ വരുമ്പോള്‍ അവിടെ എംഎന്‍ വിജയന്‍ മാഷ് ഉണ്ട്. ഞാന്‍ ചേര്‍ന്ന വര്‍ഷം ഡി വിനയചന്ദ്രന്‍ മാഷ് ഉണ്ടായിരുന്നു. കുറച്ചു മാസങ്ങളെ ഉണ്ടായിരുന്നുള്ളൂ. മാതൃഭൂമിയുടെ സമ്മാനം കിട്ടിയപ്പോള്‍ വിനയചന്ദ്രന്‍ മാഷ്, എം മുകുന്ദന്‍റെ ‘നദിയും തോണിയും’ എന്ന കഥാസമാഹാരം സമ്മാനമായിട്ടു തന്നു. പിന്നെ വലിയ പ്രചോദനമായിട്ട് ബി രാജീവന്‍ മാഷ് ഉണ്ടായിരുന്നു. രാജീവന്‍ മാഷുമായിട്ട് പിന്നീട് വ്യക്തിപരമായ സൌഹൃദം ഉണ്ടായി. തിരുവനന്തപുറത്തു കുറച്ചുകാലം റിസേര്‍ച്ച് ചെയ്ത സമയത്ത് രാജീവന്‍ മാഷുമായും സാവിത്രി രാജീവനുമായും നല്ല അടുപ്പമായി. ഇപ്പോഴും ആ ബന്ധം ഉണ്ട്. അങ്ങനെ കുറെ നല്ല അധ്യാപകരുണ്ടായിരുന്നു ബ്രണ്ണന്‍ കോളേജില്‍. പിന്നെ ബ്രണ്ണന്‍ കോളേജ് ഒരുപാട് വൈവിധ്യങ്ങള്‍ ഉള്ള ഒരു സ്ഥാപനം ആണല്ലോ. ഞാന്‍ വരുന്ന അവസരത്തില്‍ ഇവിടെ സാഹിത്യത്തിന് പറ്റിയ ഒരു അന്തരീക്ഷം ഉണ്ടായിരുന്നു. ബ്രണ്ണന്‍ ‘സാഹിത്യവേദി’ സജീവമായിരുന്നു. പിന്നെ എസ് എഫ് ഐ, കെ എസ് യു സംഘടനകള്‍ എല്ലാം ഉണ്ടായിരുന്നു. അതിന് പുറത്ത് ആംഗ്രി യങ് മെന്‍ എന്നു പറഞ്ഞിട്ട് ഒരു സംഘടന ഉണ്ടായിരുന്നു. ക്ഷുഭിത യുവാക്കളുടെ ഒരു സംഘടന. അവര് ഒരുപാട് പേരൊന്നും ഇല്ല. എങ്കിലും വല്യ ബുദ്ധിജീവികള്‍ ആണെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് തോന്നുന്ന വിധത്തിലായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് അവരോടു അടുക്കാന്‍ മറ്റ് കുട്ടികള്‍ക്ക് പേടിയായിരുന്നു. നന്നായി വായിക്കുന്ന യഥാര്‍ഥ ബുദ്ധിജീവികള്‍ തന്നെയായിരുന്നു. മാര്‍ക്കേസ് കഥയൊക്കെ വിവര്‍ത്തനം ചെയ്ത ചന്ദ്രമോഹന്‍ അന്ന് ബ്രണ്ണനില്‍ പഠിക്കുന്നുണ്ടായിരുന്നു. ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളൊക്കെ നന്നായിട്ട് അറിയുന്ന ഒരാളായിരുന്നു. മൂപ്പര് ആ ഭാഷകളില്‍ തന്നെയുള്ള ഒറിജിനല്‍ പുസ്തകങ്ങള്‍ കൊണ്ടുവന്ന് വായിക്കുമായിരുന്നു. അന്ന് സാഹിത്യവും രാഷ്ട്രീയവുമൊക്കെ വളരെ സജീവമായിട്ട് ചര്‍ച്ച ചെയ്യുന്ന ഒരന്തരീക്ഷമായിരുന്നു അവിടെ.

ബോയ്സ് ഹോസ്റ്റലിന്റെ നേരെ എതിര്‍വശത്ത് ഒരു ലോഡ്ജ് ഉണ്ടായിരുന്നു. ഞാന്‍ അവിടെ താമസിക്കുമ്പോള്‍ രാജന്‍ ഗുരുക്കള്‍ എന്റെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നു. ഇപ്പോഴത്തെ സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ട് കെ വി കുഞ്ഞികൃഷ്ണനും ഉണ്ടായിരുന്നു. അവര്‍ രണ്ടുപേരും എംഎ ഹിസ്റ്ററി വിദ്യാര്‍ഥികളായിരുന്നു. പിന്നെ ചന്ദ്രമോഹനന്‍, ബക്കളം ദാമോദരന്‍ എന്ന കഥാകൃത്ത്, ബാങ്ക് എംപ്ലായീസ് യൂണിയന്‍ നേതാവായിരുന്ന എകെ രമേഷ് അങ്ങനെ എഴുത്തിലും മറ്റും വല്യ താത്പര്യമുള്ള കുറെ പേരുണ്ടായിരുന്നു. പിന്നെ ശിവകേശന്‍ എന്നൊരാളുണ്ടായിരുന്നു. അയാളായിരുന്നു ആംഗ്രി യംഗ് മെന്‍ എന്ന സംഘടനയുടെ നേതാവ്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഇന്നത്തെ പോലെ അത്ര അവൈലബിള്‍ അല്ലാത്ത കാലമല്ലേ. ആ സമയത്ത് ഇവരിലൂടെയാണ് ഈ സംഭവങ്ങള്‍ എല്ലാം വന്നിരുന്നത്. സീരിയസ് ആയിട്ടുള്ള ചര്‍ച്ചകളൊക്കെ സജീവമായി നടക്കുമായിരുന്നു. അന്ന് ലോകസാഹിത്യത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് ആല്‍ബര്‍ട്ട് കാമു, കാഫ്ക്ക, സാര്‍തൃ ഇവരൊക്കെയാണ്. അവരുടെ പുസ്തകങ്ങള്‍ ബ്രണ്ണന്‍ കോളേജില്‍ വളരെ വ്യാപകമായി വായിക്കപ്പെട്ടിരുന്നു. ഒരു പത്തു നൂറ് പേരെങ്കിലും ഇതൊക്കെ വായിച്ചിരുന്നു. ബ്രണ്ണന്‍ കോളേജില്‍ ലൈബ്രറി ഗംഭീര ലൈബ്രറിയാണ്. അന്നത് ധാരാളം പേര്‍ ഉപയോഗിച്ചിരുന്നു. അങ്ങനെ നല്ല ഒരു അന്തരീക്ഷം. ബ്രണ്ണന്‍ കോളേജ്, മഹാരാജാസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് തുടങ്ങിയ രണ്ട് മൂന്നു കോളേജുകളാണ് സാഹിത്യത്തിലും മറ്റും മുന്നില്‍ ഉണ്ടായിരുന്നത്.

എസ് എഫ് ഐ നല്ലരീതിയില്‍ വളര്‍ന്ന് വരുന്ന ഒരു കാലമായിരുന്നു അത്. ബ്രണ്ണന്‍ കോളേജിലെ ആദ്യത്തെ എസ് എഫ് ഐ ചെയര്‍മാന്‍ ഇപ്പോഴത്തെ മന്ത്രി എകെ ബാലനാണ്. അന്ന് എറണാകുളം മഹാരാജാസില്‍ തോമസ് ഐസക് ഉണ്ടായിരുന്നു. മരിച്ചുപോയ ചിന്ത പബ്ലിഷേഴ്സിന്‍റെ സി ഭാസ്കരന്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരുന്നു. ഭാസ്കരനൊക്കെ സ്ഥിരമായിട്ട് ഇവിടെ വരുമായിരുന്നു. മഹാരാജാസിലെയും ബ്രണ്ണനിലെയും എസ് എഫ് ഐക്കാര്‍ തമ്മില്‍ എപ്പോഴും കമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നു. ഐസക്കുമായിട്ടൊക്കെ വേറൊരു തരത്തിലുള്ള കമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നു. ഗ്രന്ഥശാലാ സംഘം സെക്രട്ടറിയായിരുന്ന രമേശന്‍ ഒക്കെ അന്നത്തെ എസ് എഫ് ഐ നേതാക്കന്മാരാണ്. അന്ന് ഇത്തരം സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ നേതൃത്വം കൊടുത്തിരുന്നത് എസ് എഫ് ഐക്കാരായിരുന്നു. ബ്രണ്ണന്‍ കോളേജ് അതിന് പറ്റുന്ന ഒരു സ്ഥലവും. ആ രീതിയില്‍ കുറച്ചുകാലം അങ്ങനെ പോയി.

സഫിയ: ബ്രണ്ണനില്‍ പഠിക്കുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ?

എന്‍ പ്രഭാകരന്‍: എകെ ബാലന് ശേഷമാണ് ഞാന്‍ മത്സരിച്ചത്. ബാലന്‍ ആ സമയത്ത് വിജയിച്ചു. എന്‍റെ സമയമാകുമ്പോള്‍, ഒരു തവണ എസ് എഫ് ഐ വിജയിച്ചതുകൊണ്ട് മറ്റവര്‍ കുറച്ചു ജാഗ്രതയിലായിരുന്നു. നല്ല ടൈറ്റ് മത്സരം ആയിരുന്നു. നാല് വോട്ടിനാണ് ഞാന്‍ പരാജയപ്പെട്ടത്.

സഫിയ: എഴുത്തിലേക്ക് മടങ്ങിവരാം. ആധുനികത കത്തിനിന്ന കാലമായിരുന്നല്ലോ അത്. എന്നിട്ടും എന്തുകൊണ്ടാണ് എഴുത്തില്‍ അങ്ങനെ ഒരു ഗ്യാപ്പ് ഉണ്ടായത്?

എന്‍ പ്രഭാകരന്‍: 1971 ല്‍ എനിക്ക് 'ഒറ്റയാന്‍റെ പാപ്പാന്' മാതൃഭൂമി സമ്മാനം കിട്ടി. അതിന് തൊട്ട് മുന്‍പുള്ള വര്‍ഷമാണ് 1970-ല്‍ എന്‍ എസ് മാധവന് 'ശിശു' എന്ന കഥയ്ക്ക് മാതൃഭൂമി സമ്മാനം കിട്ടിയത്. 72-ല്‍ അയ്മനം ജോണിന്‍റെ 'ക്രിസ്തുമസ് മരത്തിന്‍റെ വേര്' എന്ന കഥയ്ക്ക് മാതൃഭൂമി സമ്മാനം കിട്ടി. ഞങ്ങള്‍ മൂന്നാളും ഈ രംഗത്ത് ഇപ്പോള്‍ ഉണ്ട്. എന്നാല്‍ എല്ലാരുടെയും ജീവിതത്തില്‍ ഒരു വലിയ ഗ്യാപ്പ് കാണാം. മാധവന്‍ ശിശു എഴുതിക്കഴിഞ്ഞ് രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ‘ചൂളൈമേട്ടിലെ ശവങ്ങള്‍’ എന്ന ഒരു സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. പിന്നെ ഒരു പതിനഞ്ച് കൊല്ലം കഴിഞ്ഞപ്പോഴാണ് മാധവന്റെ ‘ഹിഗ്വിറ്റ’ വരുന്നത്. അയ്മനം ജോണിന്‍റെ കാര്യത്തിലും അതുപോലെ നല്ല ഗ്യാപ്പ് ഉണ്ടായിട്ടുണ്ട്. എന്റെ കാര്യത്തിലും അതുണ്ട്. ഞാന്‍ ഒറ്റയാന്‍റെ പാപ്പാന്‍ കഴിഞ്ഞിട്ട് കുറെ കഴിഞ്ഞിട്ടാണ് തുടര്‍ച്ചയായിട്ട് എഴുതുന്നത്. 86-ലാണ് എന്റെ ആദ്യത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നത്. അന്നേരം കഥ തിരഞ്ഞെടുക്കാന്‍ നോക്കിയപ്പോള്‍ ആകെ പത്തുപതിനൊന്ന് കഥകളെ എന്‍റെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. അതില്‍ രണ്ടെണ്ണം 86-ല്‍ എഴുതിയതാണ്. അത് കഴിഞ്ഞാല്‍ പിന്നെ ഒന്‍പത് കഥകളെയുള്ളൂ. 71 മുതല്‍ 86 വരെയുള്ള പതിനഞ്ച് കൊല്ലം കൊണ്ട് ഞാന്‍ അത്രയേ എഴുതിയിട്ടുള്ളൂ.

അതെന്തുകൊണ്ടാണെന്ന് ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ കാര്യത്തില്‍ തോന്നുന്നത് ആ സമയത്ത് ആധുനികതയുടെ വലിയ ഒരു കോലാഹലം, അതിന്‍റെ ഭയങ്കരമായ ഒരു സ്ഫോടനം നമ്മളെപ്പോലെ ഇടതുപക്ഷക്കാരായ ആള്‍ക്കാര്‍ക്ക്, എസ് എഫ് ഐ യുമായി ഒക്കെ ബന്ധപ്പെട്ടു കൊണ്ടിരുന്ന ആള്‍ക്കാര്‍ക്ക് ഒരു വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. ഇത് എത്രത്തോളം ശരിയാണ്, എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്ന കാര്യത്തിലൊക്കെ നല്ല കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പിന്നെ ആധുനികത നമ്മുടേതല്ല എന്ന തോന്നലും ഉണ്ടായിരുന്നു. ഉള്ളില്‍ അത് പ്രവര്‍ത്തിച്ചത് കൊണ്ടായിരിക്കണം പെട്ടെന്നു നിശബ്ദരായിപ്പോയത്. കുറെ ആള്‍ക്കാര് എഴുത്ത് തുടങ്ങിയിട്ട് പിന്നെയങ്ങ് ഡൌണായി പോയിരുന്നു. മാധവനും ശക്തമായ ഇടതുപക്ഷക്കാരനാണ്. അയ്മനം ജോണിന് അങ്ങനെ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നും ഇല്ല. എങ്കില്‍ പോലും അയാള്‍ പൊതുവെ ഇങ്ങനെയുള്ള താത്പര്യം ഒക്കെയുള്ള ആളാണ്. പൊതുവേ ആ തലമുറയില്‍ പെട്ട എല്ലാവര്‍ക്കും ഒരു പത്തു പതിനഞ്ച് വര്‍ഷത്തെ ഗ്യാപ്പ് കാണാം. അതുണ്ടായത് ഇങ്ങനെയായിരിക്കും എന്ന് ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നു.

സഫിയ: പക്ഷേ, ആധുനിക സാഹിത്യത്തിന് നല്ല വായനക്കാര്‍ ഉണ്ടായിരുന്നല്ലോ?

എന്‍ പ്രഭാകരന്‍: ശരിയാണ്. അന്ന് ധാരാളമായി വായിക്കപ്പെട്ടത് ആധുനിക കൃതികള്‍ തന്നെയാണ്. ഒ വി വിജയന്‍, എം മുകുന്ദന്‍, കാക്കനാടന്‍ ഇവരാണ് വായിക്കപ്പെട്ടത്. നല്ലപോലെ വായിക്കപ്പെട്ടിരുന്നു. ശരിക്കും അത് പ്രതിരോധിക്കാന്‍ പറ്റാത്ത രീതിയില്‍ കീഴടക്കുന്നതുപോലുള്ള ഒരു വായന തന്നെയായിരുന്നു. അപ്പോഴും നമ്മുടെ ഉള്ളില്‍ ഇത് ശരിയാണോ എന്ന ഒരു സന്ദേഹം ഉണ്ടായിരുന്നു. കാക്കനാടന്‍റെ സാക്ഷി, വസൂരി, പറങ്കിമല തുടങ്ങിയവ വല്യരീതിയില്‍ വായിക്കപ്പെട്ട പുസ്തകങ്ങളാണ്. ഇപ്പോള്‍ നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആ കൃതികളുടെയൊക്കെ സാഹിത്യ മൂല്യം സത്യം പറഞ്ഞാല്‍ വളരെ കുറവാണ്. അതുപോലെ തന്നെ കാക്കനാടന്റെ അന്നത്തെ പല പ്രസിദ്ധമായ പല കഥകളും. അശ്വത്ഥാമാവിന്റെ ചിരി പോലുള്ള കുറെ കഥകള്‍ ഉണ്ട്. ആ കഥകളുടെയെല്ലാം യഥാര്‍ത്ഥ സാഹിത്യ മൂല്യം എന്താണ്. മൊത്തത്തില്‍ ഈ എഴുത്തുകാര്‍ തന്നെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടാവും. അവരും ഈ പടിഞ്ഞാറന്‍ സാഹിത്യത്തിന്റെ ഒരു സ്വാധീനത്തിലാണല്ലോ ഉള്ളത്. അവിടെ വേറൊരു സാഹചര്യത്തില്‍ രൂപപ്പെട്ട സാഹിത്യമാണ്. അതിന് അവിടെ ന്യായീകരണം ഉണ്ടാകും. പക്ഷെ ഇവിടെ നമ്മുടെ നാട്ടിലേക്ക് അതുകൊണ്ടുവരുന്ന അവസരത്തില്‍ അത് കേരളീയ ജീവിത സാഹചര്യങ്ങളുമായിട്ട്, ഇവിടുത്തെ ജീവിത യാഥാര്‍ഥ്യങ്ങളുമായിട്ട് എങ്ങനെ പൊരുത്തപ്പെടും എന്നും ഇവിടത്തെ ആളുകളുടെ മനോഭാവവുമായിട്ട് എങ്ങനെ പൊരുത്തപ്പെടും എന്നും ഒക്കെ അവര്‍ വല്യ ഗൌരവമായി ആലോചിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല.

പിന്നെ വേറൊരു കാര്യം ഇവരെല്ലാരും നഗരങ്ങളില്‍ ജീവിച്ചവരല്ലേ. കാക്കനാടന്‍ ജര്‍മ്മനിയില്‍ ഗവേഷണത്തിന് പോയി തിരിച്ചു വന്നിട്ട് പിന്നെ ഡല്‍ഹിയിലായിരുന്നു. മുകുന്ദനും ഒ വി വിജയനും അവിടെ തന്നെയായിരുന്നു. ആനന്ദും കേരളത്തിന് പുറത്തായിരുന്നു. ഇവരെല്ലാം പാശ്ചാത്യ സാഹിത്യമായിരിക്കും കൂടുതലും വായിച്ചിട്ടുണ്ടാവുക. സ്വാഭാവികമായിട്ടും അങ്ങനെ തന്നെയായിരിക്കും. ഇവരെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയ ആളുകളാണ്. അത് വായിച്ചിട്ട് അതില്‍ ഉണ്ടായിരുന്ന ഒരു സാഹിത്യവും ജീവിത ദര്‍ശനവും നേരെ ഇങ്ങ് പകര്‍ത്തുകയാണ് അവര്‍ ചെയ്തത്. അത് ഇവിടത്തെ സാഹചര്യങ്ങളില്‍ എത്രത്തോളം പ്രസക്തമാണ് എന്നൊന്നും അവര്‍ ആലോചിച്ചിട്ടില്ല. അത് ഇവിടെ വന്നപ്പോള്‍ ഇവിടത്തെ യുവജനങ്ങള്‍ അതിനെ ഭയങ്കര ആവേശത്തോട് കൂടി സ്വീകരിച്ചു. അതിലൊരു വൈരുദ്ധ്യം ഉണ്ട്. നമ്മുടെ ജീവിതവുമായി പൊരുത്തപ്പെടുന്നത് അല്ലെങ്കിലും അത് നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്.

അങ്ങനെ സ്വീകരിക്കുന്നതിന് ഒരു കാരണം ഉണ്ട്. അത് ഞാന്‍ പിന്നീട് അപഗ്രഥിച്ച് നോക്കുമ്പോള്‍ മനസ്സിലായ ഒന്നാണ്. അറുപതുകളിലാണല്ലോ ഇത് വരുന്നത്. അറുപതിലാണ് അയ്യപ്പണിക്കരുടെ കുരുക്ഷേത്രം വരുന്നത്. 1968-ലാണ് ഖസാക്കിന്‍റെ ഇതിഹാസം വരുന്നത്. പിന്നെ മുകുന്ദന്‍റെ നോവലുകള്‍ ഒക്കെ വന്നു. ഈ സമയം ആകുമ്പോള്‍ കേരളത്തില്‍ ഭയങ്കരമായ ദാരിദ്ര്യം, ഭക്ഷണ ക്ഷാമം, തൊഴിലില്ലായ്മ ഒക്കെ ഉണ്ടായിരുന്നു. ഭക്ഷണ ക്ഷാമം എന്ന് പറഞ്ഞാല്‍ ഇന്ന് നമ്മള്‍ക്കൊന്നും സങ്കല്‍പ്പിക്കാന്‍ പറ്റാത്ത രീതിയില്‍ ഉള്ള ക്ഷാമമായിരുന്നു. അരിക്ക് ഭയങ്കരമായി വില കൂടി. അന്നത്തെ നിലയ്ക്ക് ഒരു കിലോ അരിക്ക് ആറ് രൂപയോളം വിലയുണ്ടായിരുന്നു. അന്നത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ശമ്പളം നൂറു രൂപയില്‍ താഴെയാണ്. അന്നേരം ഒരു കിലോ അരിയുടെ വില ആറ് രൂപയൊക്കെ ആകുമ്പോള്‍ അത് താങ്ങാന്‍ പറ്റില്ലല്ലോ. സാധാരണ, കൂലിക്കാര്‍ക്ക് മൂന്നു രൂപയൊക്കെയാണ് കൂലി കിട്ടിയിരുന്നത്. ആ സമയത്താണ് ഇങ്ങനെ രൂക്ഷമായ വിലക്കയറ്റം ഉണ്ടാകുന്നത്. അരി കിട്ടാണ്ടായി. കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായി. പലസ്ഥലത്തും കഞ്ഞിവാര്‍ച്ച കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ ചിറക്കുനിയിലും (ബ്രണ്ണന്‍ കോളേജിന് സമീപത്തുള്ള പ്രദേശം) ഉണ്ടായിരുന്നു. ആളുകള്‍ അവിടെപ്പോയി കഞ്ഞി കുടിക്കുമായിരുന്നു. ആളുകള്‍ക്ക് അരിയാഹാരം കിട്ടാത്ത അവസ്ഥ. പല നാട്ടിന്‍പുറങ്ങളിലും ഇങ്ങനെ ഉണ്ടായിരുന്നു. ഗോതമ്പ് കേരളത്തില്‍ പ്രചരിച്ചത് ആ സമയത്താണ്. പിന്നെ കടുത്ത തൊഴിലില്ലായ്മ. ഇന്നിപ്പോള്‍ ആളുകള്‍ തൊഴിലിനെ കുറിച്ച് വല്യ വേവലാതിപ്പെടുന്നില്ല, എന്തെങ്കിലും ഒരു പണി കിട്ടാതിരിക്കില്ല. എവിടെയെങ്കിലും ആയിട്ട് ആള്‍ക്കാര്‍ക്ക് ഒരു താവളം ഉണ്ടാവും.

സ്വകാര്യ മേഖല വികസിച്ചിട്ടുണ്ട്. ഒരുപാട് ആളുകള്‍ വിദേശത്തേക്ക് പോകുന്നുണ്ട്. ഗ്ലോബലൈസേഷന്‍റെ മറ്റ് പ്രശ്നങ്ങളെപ്പറ്റിയൊക്കെ നമ്മള്‍ പറയുമ്പോഴും വേറൊരു വശത്ത് ഒരുപാടാളുകള്‍ക്ക് അത് തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഐ ടി മേഖല വികസിച്ചതോടെ കുറെ ആള്‍ക്കാര്‍ ബാംഗ്ലൂരിലും ചെന്നൈയിലും ഡെല്‍ഹിയിലും ഒക്കെ ജോലി തേടി പോകുന്നുണ്ട്. അന്ന് ഈ സാധ്യതകളൊന്നുമില്ല. വിദ്യാഭ്യാസം നേടുന്നു. വിദ്യാഭ്യാസം നേടിയാല്‍ എന്തു ജോലി കിട്ടും എന്നതിനെ കുറിച്ച് ഒരു ധാരണയും ഇല്ല. നമ്മള്‍ അന്ന് കോളേജില്‍ നിന്നു വിളിച്ചിരുന്ന ഒരു മുദ്രാവാക്യം ഉണ്ട്.

'കലായങ്ങളില്‍ നിന്നുതരും

ബിരുദം പീറക്കടലാസല്ലേ

അതുമായി തെരുവില്‍ തെണ്ടിനടക്കും

യുവചേതനയൊരു തീപ്പന്തം'

അന്ന് കൃത്യമായ ബോധ്യത്തോടെയാണ് മുദ്രാവാക്യം വിളിച്ചിരുന്നത്. ഇതൊരു പീറക്കടലാസാണ്, ഇതിനെക്കൊണ്ട് പണി കിട്ടില്ല എന്നൊരു ധാരണ ഉണ്ടായിരുന്നു. അത്ര രൂക്ഷമായ തൊഴിലില്ലായ്മയാണ്. ഒരു പ്രതീക്ഷയും ഇല്ല. പിന്നെ കേരളം വിട്ടു പോകുന്നതിനെ കുറിച്ച് സംശയം ഉണ്ടായിരുന്നു. കുറച്ചുപേരൊക്കെ ദുബായിലൊക്കെ പോയിട്ടുണ്ട്. അത് മിക്കവാറും ഈ കള്ള ലോഞ്ചിലൊക്കെ കയറി പോകുന്നതാണ്. അല്ലാതെ ഇന്നത്തെപ്പോലെ പാസ്പോര്‍ട്ടും വിസയും ഒക്കെ എടുത്തിട്ടു പോകുന്ന പരിപാടി അന്ന് തുടങ്ങിയിട്ടില്ല. അത്ര രൂക്ഷമായ തൊഴിലില്ലായ്മ ഉണ്ടായിരുന്നു. പിന്നെ നക്സലൈറ്റ് പ്രസ്ഥാനം വന്നു. 1968- ല്‍ അജിതയും മറ്റും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. നാട്ടില്‍ മുഴുവന്‍ നക്സലൈറ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ള ആളുകള്‍ ഉണ്ടായിരുന്നു.

ഇങ്ങനെയെല്ലാമുള്ള ഒരു സാഹചര്യത്തിലാണ് ഈ പറയുന്ന അസ്തിത്വവാദ സാഹിത്യം വരുന്നത്. അതും ഇതും തമ്മില്‍ പൊരുത്തം ഒന്നും ഇല്ലെങ്കിലും ഇത്രയും നിരാശരായ, ക്ഷുഭിതരായ ആളുകള്‍ക്ക് പറ്റുന്ന ഒരു സാഹിത്യമായിരുന്നു അത്. നമ്മള്‍ വിശദാംശങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ ഒരുപാട് വൈരുദ്ധ്യം ഉണ്ട്. അതും ഇതുമായിട്ടു പൊരുത്തപ്പെടുകയേയില്ല. പക്ഷേ എന്നാലും ഈ ക്ഷുഭിത യുവാക്കള്‍ക്ക് ഇത് പെട്ടെന്നു കിട്ടിയപ്പോള്‍ എന്തോ ഒരു ആശ്വാസം കിട്ടിയപോലെ തോന്നിയിട്ടുണ്ടാവും. അതുകൊണ്ടാണ് അത് വായിക്കപ്പെട്ടത്. അല്ലാതെ ആ സാഹിത്യം ഒരു തരത്തിലും നമ്മുടെ കേരളീയ ജീവിതവുമായി പൊരുത്തപ്പെടുന്നതുകൊണ്ടല്ല. കേരളീയ ജീവിതവുമായിട്ട് മാത്രമല്ല നമ്മുടെ മാനസിക ലോകവുമായിട്ടും പൊരുത്തപ്പെടുന്നതല്ല.

ഇപ്പോ ‘ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു’ എന്ന നോവല്‍ എങ്ങനെയാണ് അന്നത്തെ ഒരു സാഹചര്യവുമായിട്ട് പൊരുത്തപ്പെടുക? ‘ഈ ലോകത്തില്‍ ഒരു മനുഷ്യന്‍’ അതൊന്നും ശരിക്ക് പറഞ്ഞാല്‍ അന്ന് വായിക്കാനെ പറ്റാത്ത കൃതികളാണ്. എന്നാലും ആളുകള്‍ ഭയങ്കര ആവേശത്തോടെ വായിച്ചിരുന്നു. ചന്ദ്രിക വാരികയിലാണ് 'ഈ ലോകത്തില്‍ ഒരു മനുഷ്യന്‍' എന്ന നോവല്‍ സീരിയലൈസ് ചെയ്തു വന്നത്. അന്ന് ബ്രണ്ണന്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട വാരിക ചന്ദ്രികയാണ്. ഈ ഒരു നോവലിന് വേണ്ടി മാത്രം. അതും നമ്മുടെ ജീവീതവും തമ്മില്‍ ഒരു പൊരുത്തവും ഇല്ല. നമ്മുടെ രാഷ്ട്രീയ സാഹചര്യവുമായിട്ടും, നമ്മുടെ ഉത്കണ്ഠകളും ആശങ്കകളും ഒന്നുമായിട്ടും ഒരു പൊരുത്തവും ഇല്ല. അത് വേറൊരു തരത്തിലുള്ള സാഹിത്യമാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ അസ്തിത്വ വാദത്തിന്‍റെ ഒരു പള്‍പ് രൂപമാണത്. അതാണ് വായിച്ചു കൊണ്ടേയിരുന്നത്. പരസ്പര വിരുദ്ധമായ സംഭവം ആണെങ്കിലും ഏതോ തരത്തില്‍ ഇതെങ്ങിനെയോ കൂടിച്ചേരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. ഒരു വശത്ത് നിരാശയും വ്യര്‍ത്ഥതാ ബോധവും ഒക്കെയുണ്ട്. അതാണ് അവര്‍ വേറൊരു രൂപത്തില്‍ അവതരിപ്പിക്കുന്നത്.

ഇതിന്റെ ഇടയിലാണ് നമ്മളെപോലുള്ള ആള്‍ക്കാരൊക്കെ വരുന്നത്. നമുക്ക് ഇത് ശരിക്കും ഭയങ്കരമായ തോതില്‍ ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ടാവും. ഈ ആധുനിക സാഹിത്യം നമ്മള്‍ക്ക് എഴുതാന്‍ പറ്റാത്തതിന്റെ കാരണം നമ്മളുടെ രാഷ്ട്രീയവും ജീവിത ബോധവും അതുമായിട്ട് പൊരുത്തപ്പെടുന്നതല്ല. എന്നാല്‍ വേറൊരു തരത്തില്‍ റിയലിസ്റ്റിക് രീതിയില്‍ ഉള്ള എഴുത്ത് അന്ന് അസാധ്യവുമായിരുന്നു. ആധുനികതയുടെ ഈ വലിയ കുത്തൊഴുക്കിനിടയില്‍ വേറൊരു തരത്തിലുള്ള സാഹിത്യവും പറ്റില്ല. മറ്റ് തരത്തില്‍ നമ്മള്‍ എഴുതിക്കഴിഞ്ഞാല്‍ നമ്മളെ ആരും വിലവെക്കില്ല. പുരോഗമന സാഹിത്യ പ്രസ്ഥാനവും ദേശാഭിമാനി സ്റ്റഡി സര്‍ക്കിളും ഒക്കെ ഉണ്ടായിരുന്നു. സമ്മേളനങ്ങളും കാര്യങ്ങളും ഒക്കെ നടക്കാറുണ്ട്. അതില്‍ കുറെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു ക്രിയേറ്റീവ് വര്‍ക്ക് വന്നു കഴിഞ്ഞാല്‍ സ്വീകരിക്കപ്പെടുകയില്ല. അത് സ്വീകരിക്കുന്ന ഒരു മാനസികാവസ്ഥ അന്നത്തെ യുവജനങ്ങള്‍ക്ക് ഇല്ല. എഴുതുന്ന ആളുകള്‍ എപ്പോഴും നമ്മളെ നന്നായി സ്വീകരിക്കണം എന്നല്ലേ ആഗ്രഹിക്കുക. അംഗീകാരം കിട്ടണമെങ്കില്‍ ഇത്തരത്തില്‍ എഴുതണം. അങ്ങനെ ഒരെഴുത്ത് മാനസികമായി നമ്മള്‍ക്ക് പൊരുത്തപ്പെടുന്ന എഴുത്തും അല്ല. എന്നെ സംബന്ധിച്ചിടത്തോളം അതായിരിക്കണം ഇത്ര ഗ്യാപ്പ് വന്നത്. മറ്റുള്ളവരുടെ കാര്യം എനിക്കു പറയാന്‍ പറ്റില്ലല്ലോ. എന്താണ് ചെയ്യേണ്ടത് എന്ന ഈ പിടികിട്ടായ്ക വേറെ പലര്‍ക്കും ചിലപ്പോള്‍ ഉണ്ടായിട്ടുണ്ടാവും.

സഫിയ: പക്ഷേ, കവിതയില്‍ നല്ലൊരു ഇടതുപക്ഷ ധാര ഉണ്ടായിരുന്നില്ലേ?

എന്‍ പ്രഭാകരന്‍: അതിനിടയില്‍ സച്ചിദാന്ദന്‍, കെ ജി ശങ്കരപ്പിള്ള, കടമ്മനിട്ട ഇവര് വഴി ഇടതു പക്ഷത്തിന്‍റെ വേറൊരു ചെറിയ ധാര ഉണ്ടായിരുന്നു. ഇടതുപക്ഷത്തിന്‍റെ 'ചുവന്ന വാല്‍' എന്നൊക്കെ പരിഹാസത്തോടെ നരേന്ദ്ര പ്രസാദ് പറയുന്ന ഒരു ഭാവുകത്വം. ഒരു ചെറിയ ഗ്രൂപ്പ്. 1970 കാലത്ത് സച്ചിദാന്ദന്‍ ‘ജ്വാല’ എന്ന പേരില്‍ ചെറിയൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു വര്‍ഷത്തോളം അത് പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഞാന്‍ ‘പട്ടികള്‍’ എന്ന ചെറുകഥ എഴുതിയിട്ടുണ്ട്. അന്നത്തെ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ എഴുതിയതാണ് ആ കഥ. അതൊരു വ്യത്യസ്തമായ മാസികയായിരുന്നു. ഈ അസ്തിത്വവാദവുമായൊന്നും പൊരുത്തപ്പെടുന്നതായിരുന്നില്ല. പക്ഷേ പൂര്‍ണ്ണമായിട്ടും അസ്തിത്വവാദ സാഹിത്യത്തെ നിരാകരിക്കുന്നതും അല്ല. കാരണം ജ്വാല അവസാനിപ്പിക്കുന്ന അവസാനത്തെ പതിപ്പിന് 'മരണപ്പതിപ്പ്' എന്നാണ് പേരിട്ടിരുന്നത്. അന്ന് മരണത്തെ ആഘോഷിക്കുന്ന സാഹിത്യം ഉണ്ടല്ലോ.

അയ്യപ്പപ്പണികരുടെ ‘മൃത്യുപൂജ’ എന്ന കവിത, മുകുന്ദന്‍റെ അഞ്ചര വയസ്സുള്ള കുട്ടി, മാധവിക്കുട്ടിയുടെ കഥ അങ്ങനെ ഒരുപാട് കൃതികള്‍ ഉണ്ട് മരണം തന്നെ വിഷയമായിട്ടു വരുന്നത്. അതിനെ പൂര്‍ണ്ണമായിട്ടും അകറ്റി നിര്‍ത്താന്‍ ജ്വാലക്കും കഴിഞ്ഞിട്ടില്ല. എന്നാലും ചെറുത്തു നില്‍പ്പ് ഉണ്ടായിരുന്നു. കടമ്മനിട്ടയുടെ 'കാട്ടാളന്‍' എന്ന കവിത വരുന്നത് 1971-ലാണ്. അത് വന്നപ്പോള്‍ കേരളീയമായ ഒരു സാഹിത്യത്തിനുള്ള ഒരു അന്വേഷണം ശരിക്ക് തുടങ്ങി. എന്നാലും വേണ്ടവിധത്തില്‍ അത് വന്നില്ല. പിന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളില്‍ വന്നത് സത്യസന്ധമായ ആവിഷ്ക്കാരം തന്നെയാണ്. ഈ അസ്തിത്വവാദത്തിന് കീഴടങ്ങിയിട്ടുള്ള കവിതയല്ല അത്. വേറൊരു തരത്തില്‍ അത് അന്നത്തെ യുവലോകത്തിന്‍റെ എല്ലാ തരത്തിലും ഉള്ള വേവലാതികളും ആവിഷ്ക്കരിച്ച കവിതകളാണ്.

(തുടരും)

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)


Next Story

Related Stories