TopTop
Begin typing your search above and press return to search.

അതേ സര്‍, അരിക്കലത്തിലും മുണ്ടിന്‍തലപ്പിലും ഒക്കെയുള്ളത് ഞങ്ങളുടെ അണ്‍അക്കൌണ്ടഡ് മണിയാണ്

അതേ സര്‍, അരിക്കലത്തിലും മുണ്ടിന്‍തലപ്പിലും ഒക്കെയുള്ളത് ഞങ്ങളുടെ അണ്‍അക്കൌണ്ടഡ് മണിയാണ്

പി.എസ് രാംദാസ്ഒരു കാഷ്‌ലെസ്സ് ഇക്കോണമി വേണമെന്ന വാദം കുറെക്കാലമായി നിലവിലുളളതാണ്. പണത്തിലുളള വിനിമയം ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരികയും അവിടേക്ക് പ്ലാസ്റ്റിക് കറന്‍സിയെ അവരോധിക്കുകയും ചെയ്യുക എന്നതാണത്.ലോകത്തിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. അതിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അത് കാഷ് ബെയ്‌സ്ഡ് ആണ്, ക്രെഡിറ്റ് ബെയ്‌സ്ഡ് അല്ല എന്നതാണ്. അതായത്, സാധാരണക്കാരന്‍ അവന്റെ ദിനവരുമാനം മുണ്ടിന്‍ തലപ്പിലോ ചെപ്പുകുടത്തിലോ സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ബാങ്കില്‍ അക്കൗണ്ട് പോയിട്ട് അതെന്താണെന്നു പോലും അറിയാത്ത മനുഷ്യരും ഈ മഹാരാജ്യത്ത് ജീവിച്ചിരിപ്പുണ്ട്. ഭാര്യയുടെ മൃതദേഹം ഉന്തുവണ്ടിയിലിട്ട് 80 കിലോമീറ്റര്‍ തളളിക്കൊണ്ടു പോയ മനുഷ്യനും തോളിലിട്ടു കൊണ്ട് നടന്നു പോയ മനുഷ്യനും ഒക്കെ ജീവിക്കുന്നത് നമുക്കിടയിലും നമുക്ക് ചുറ്റിലും ഒക്കെ തന്നെയാണ്. ഭൂമിയില്‍ നിക്ഷേപം പോയിട്ട് ഭൂമി പോലുമില്ലാത്തവരാണ് ഇവരില്‍ പലരും.കണക്കെടുക്കണം സര്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ (താങ്കളുടെ ഭരണകാലത്ത് മാത്രം എന്നു പറയുന്നില്ല, അതിനു മുന്‍പുളള കണക്കുകളും പോരട്ടെ) ഇന്ത്യയില്‍ കോര്‍പ്പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും നല്‍കിയ നികുതി ഇളവുകള്‍, ചുളുവിലക്ക് നല്‍കിയ ഭൂമി, ദീര്‍ഘനാളത്തെ പാട്ടക്കരാറുകള്‍, ആനുകൂല്യങ്ങള്‍... വഴിവിട്ടവയെന്ന് എനിക്കും നിങ്ങള്‍ക്കുമറിയാവുന്ന ഇതെല്ലാം അക്കൗണ്ട് ചെയ്യപ്പെട്ട ട്രാന്‍സാക്ഷന്‍സാണ്. അതേസമയം, താങ്കളുടെ കണക്കില്‍ മേല്‍പ്പറഞ്ഞ സാധാരണക്കാര്‍, പണം അക്കൗണ്ടിലിടാതെ മുണ്ടിന്‍തലപ്പില്‍ തിരുകി സൂക്ഷിച്ചവര്‍, അണ്‍അക്കൗണ്ടഡ് മണി ഉളളവരാണ്. എടിഎം കൗണ്ടറിനു മുന്നില്‍ ക്യൂ നിക്കുന്നവരുടെ വിഷമം മാത്രമേ ചാനലുകള്‍ കാണിക്കുന്നുളളൂ. അവരുടെ വിഷമം രണ്ടു ദിവസമേ കാണൂ. പക്ഷെ, ഇന്ത്യ അതിലും എത്രയോ വിശാലവും ആഴമുളളതുമാണ്.. അന്നത്തിന് വേണ്ടി ശരീരം വിറ്റു ജീവിക്കുന്ന പാവം സ്ത്രീകള്‍, കുടിയനായ ഭര്‍ത്താവിന്റെ കണ്ണില്‍ പെടാതെ വളര്‍ന്നു വരുന്ന മക്കള്‍ക്കു വേണ്ടി, അവരുടെ സ്‌കൂള്‍ഫീസ് കൊടുക്കാന്‍ വേണ്ടി പണം ഇറയത്തോ അരിച്ചെമ്പിലോ പൂഴ്ത്തി സൂക്ഷിച്ച നിര്‍ധനരായ കുറെ സ്ത്രീകള്‍...

ഹര്‍ത്താലും പണിമുടക്കും വരുമ്പോള്‍ ബാങ്കുകള്‍ അടച്ചിടുന്നില്ലേ, ഇതും അതുപോലെ കണ്ടാല്‍ പോരേ എന്ന് ചോദിക്കുന്ന ലളിതയുക്തിക്കാര്‍ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്, കാഷ് ബെയ്‌സ്ഡ് ഇക്കോണമിയില്‍ ഹര്‍ത്താലോ ബന്ദോ മൂലം അടിസ്ഥാനമേഖലയില്‍ ക്രയവിക്രയം നടക്കാതെ പോവുന്നില്ല. ചിട്ടിയോ കുറിപ്പിരിവോ നടക്കാതെ പോവുന്നില്ല. ഇന്ത്യ എന്ന മഹാരാജ്യത്തെ മുന്നോട്ടു തളളുന്നത് അണ്‍അക്കൗണ്ടഡ് എന്ന് പേരിട്ടു വിളിക്കാവുന്ന ഇതൊക്കെ കൂടിയാണ്. ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആഞ്ഞുലഞ്ഞപ്പൊഴും ഇന്ത്യ എന്ന മഹാരാജ്യത്തെ പിടിച്ചു നിര്‍ത്തിയത് ഗ്രാമീണമേഖലയിലെ ഈ അണ്‍അക്കൗണ്ടഡ് മണിയാണ്, പാവം സ്ത്രീകള്‍ ചിട്ടി പിടിച്ചും അരിച്ചെമ്പില്‍ പൂഴ്ത്തിവച്ചും സൂക്ഷിച്ച ചെറുസമ്പാദ്യങ്ങള്‍. അണ്‍അക്കൗഡഡ് മണിയല്ല കളളപ്പണത്തിന്റെ സ്രോതസ്സ്, ആദ്യം സൂചിപ്പിച്ച അക്കൗണ്ടഡ് ബട്ട് ഇല്ലീഗല്‍ എന്നു വിളിക്കാവുന്ന വന്‍കിട ട്രാന്‍സാക്ഷന്‍സാണ്. ഈ രാജ്യത്തെ മുച്ചൂടും വിറ്റു തിന്നുന്നത് അവരാണ്.ബഹുസ്വരതകളെ തകര്‍ക്കുക എന്നതാണ് മോദിസത്തിന്റെ അടിസ്ഥാനം. യൂണിറ്റി ഇന്‍ ഡൈവേഴ്‌സിറ്റി എന്നതൊക്കെ കാല്‍പ്പനികമായ വെറും പ്രയോഗങ്ങളാണ്. ഏകരൂപത്തിലേക്ക് മെരുക്കിയെടുക്കുകയും ഒതുക്കിയെടുക്കുകയും ചെയ്താല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. അതിനുളള ഏറ്റവും വലിയ തടസം, ഇന്ത്യയുടെ സമ്പദ് രംഗത്തില്‍ നിലനിന്നിരുന്ന വൈവിധ്യമാണ്. കാര്‍ഷിക ഇന്ത്യയുടെ, ഗ്രാമീണ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഈ ക്യാഷ് ബെയ്‌സ്ഡ് ഇക്കോണമി ആണ്. ഒരു സ്വേച്ഛാധിപതിയുടെ കീഴില്‍ അനുസരണയുളളവരായി ജീവിക്കുക എന്നത് എളുപ്പമുളള കാര്യമത്രേ.ഒരു തീരുമാനമെടുക്കുമ്പോള്‍, ജീവിതത്തില്‍ കണ്ടതില്‍ വച്ച് ഏറ്റവും ദരിദ്രനായ, നിരാലംബനായ ഒരാളുടെ മുഖം മനസിലോര്‍ക്കും. എന്റെ തീരുമാനം അയാളെ എങ്ങനെയാണ് ബാധിക്കുക എന്നതിനെ ആശ്രയിച്ചാകും ഞാന്‍ മുന്നോട്ടു പോകുക എന്ന് പറഞ്ഞ ഒരു മനുഷ്യന്‍ ഇന്ത്യാമഹാരാജ്യത്ത് ജനിച്ച് മരിച്ചിട്ടുണ്ടത്രെ...(രാംദാസ് ഫേസ്ബുക്കില്‍ എഴുതിയത്: https://www.facebook.com/ramdas.kadavallur)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories