Top

എല്ലാം പാവങ്ങള്‍ക്കുവേണ്ടി; 50 ദിവസം കഴിയുമ്പോള്‍ രാജ്യം സ്വര്‍ണം പോലെ തിളങ്ങും- മോദി

എല്ലാം പാവങ്ങള്‍ക്കുവേണ്ടി; 50 ദിവസം കഴിയുമ്പോള്‍ രാജ്യം സ്വര്‍ണം പോലെ തിളങ്ങും- മോദി

അഴിമുഖം പ്രതിനിധി


കറന്‍സി പിന്‍വലിക്കലിലൂടെ താന്‍ ചെയ്തതെല്ലാം രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ സഹിക്കുന്ന കഷ്ടപ്പാടുകള്‍ വെറുതെയാകില്ലെന്നും 50 ദിവസം കഴിയുമ്പോള്‍ രാജ്യം സ്വര്‍ണം പോലെ തിളങ്ങുമെന്നും മോദി പറഞ്ഞു. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പി ആഗ്രയില്‍ സംഘടിപ്പിച്ച പരിവര്‍ത്തന്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അഴിമതിക്കാരും കള്ളപ്പണക്കാരുമാണ് തന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നതെന്നും മോദി വിമര്‍ശിച്ചു. ചിട്ടി കുംഭകോണത്തിലൂടെ പാവപ്പെടട്‌വരുടെ കോടിക്കണക്കിന് രൂപ കൈക്കലാക്കിയവരാണ് തന്നെ ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ലക്ഷ്യമിട്ടുകൊണ്ട് മോദി പറഞ്ഞു. യു.പിയില്‍ ഇത്തവണ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ബി.എസ്.പിയുടെ അധ്യക്ഷ മായാവതിക്കെതിയേയും മോദി വിമര്‍ശിച്ചു. നിങ്ങള്‍ക്ക് എം.എല്‍.എ ആകണോ, എങ്കില്‍ ഇത്രയൂം പണം കൊണ്ടുവരു എന്ന് പറയുന്ന നേതാക്കളാണ് ഇവിടെയുള്ളത്. അവര്‍ നോട്ടുകെട്ടുകളായാണ് ഈ പണമൊക്കെ സൂക്ഷിച്ചു വച്ചിരുന്നത്. തന്റെ നോട്ടു പിന്‍വലിക്കല്‍ നടപടിയിലൂടെ അവര്‍ക്കൊക്കെ വന്‍ അടിയേറ്റതു കൊണ്ടാണ് ഇപ്പോള്‍ വിമര്‍ശനവുമായി ഇറങ്ങിയിരിക്കുന്നതെന്നും മോദി ആരോപിച്ചു.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനങ്ങള്‍ സ്ഥിരമായുള്ളതല്ലെന്നും സാഹചര്യങ്ങള്‍ മാറുന്ന മുറയ്ക്ക് അവയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും താന്‍ പാവപ്പെട്ടവരുടെ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും മോദി പറഞ്ഞു. യു.പി ഇത്തവണ ഡല്‍ഹിയിലേക്ക് അയച്ചിരിക്കുന്നത് രാജ്യത്തെ വില്‍ക്കുന്ന ഒരാളെയല്ല, മറിച്ച് പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന ഒരാളെയാണ് ഡല്‍ഹിയിലേക്ക് അയച്ചിരിക്കുന്നത്. ഇതൊരു വലിയ പോരാട്ടമാണ്. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പൊരുതുമ്പോള്‍ അതിലൊരു സന്തോഷമുണ്ട്. നിങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഞാന്‍ പൊരുതും. ഈ കള്ളന്മാരില്‍ നിന്ന്‍ നിങ്ങളെ സംരക്ഷിക്കാനായി താന്‍ പൊരുതുമെന്നും മോദി പറഞ്ഞു.ഇതിനകം അഞ്ചു ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിക്കഴിഞ്ഞുവെന്ന് മോദി അവകാശപ്പെട്ടു. ഈ പണം നിക്ഷേപമായി ബാങ്കുകള്‍ സൂക്ഷിച്ചു വയ്ക്കില്ല. പകരം കുറഞ്ഞ പലിശയ്ക്ക് സാധാരണക്കാര്‍ക്ക് വിതരണം ചെയ്യും. വൈദ്യുതി ബില്‍ അടയ്ക്കാനൊക്കെ ജനം ക്യൂ നില്‍ക്കുന്നത് താന്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതിനു ശേഷമുള്ള കാര്യമാണ്. നേരത്തെ രാഷ്ട്രീയക്കാരും കള്ളപ്പണക്കാരുമൊക്കെയായി ബന്ധമുള്ളവര്‍ ഇതൊന്നും അടയക്കാറുണ്ടായിരുന്നില്ലെന്നും മോദി ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് ഇത്തരത്തില്‍ ക്യൂ നിന്ന് ജനങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നതെന്നും ഇതുപയോഗിച്ച് വന്‍ കോര്‍പറേറ്റുകളുടെ എട്ടുലക്ഷം കോടി രൂപ വായ്പ എഴുതിത്തള്ളാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വിജയ് മല്യ ഉള്‍പ്പെടെയുള്ളവരുടെ 7,000 കോടി രൂപ എഴുതിത്തള്ളിയ കാര്യവും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ക്യൂവില്‍ കുഴഞ്ഞ് വീണും ആത്മഹത്യ ചെയ്തവരും ഉള്‍പ്പെടെ 60-ഓളം പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി.
Next Story

Related Stories