TopTop
Begin typing your search above and press return to search.

സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ അടിമരാജ്യമല്ലെന്നെങ്കിലും മനസിലാക്കുക

സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ അടിമരാജ്യമല്ലെന്നെങ്കിലും മനസിലാക്കുക

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി ആയിരുന്ന പതിനാറര കൊല്ലത്തിനിടയില്‍ ജവഹര്‍ലാല്‍ നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തുകളുടെ എണ്ണം 378 ആയിരുന്നു. അഞ്ച് വോളിത്തില്‍ 3000 പേജ് വരുന്ന പുസ്തകമാക്കി ഈ കത്തുകള്‍ പുറത്തിറക്കുകയായിരുന്നു. 1947 ഒക്ടോബര്‍ 15 മുതല്‍ 1963 ഡിസംബര്‍ 21 വരെയുള്ള കാലത്ത് നെഹ്‌റു എഴുതിയ കത്തുകള്‍ വായിക്കുമ്പോള്‍ രാഷ്ട്ര നിര്‍മാണത്തില്‍ എങ്ങനെ മുന്നില്‍ നിന്നും നയിക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്കു നല്‍കിയ ബഹുമാനവും വ്യക്തമായി മനസിലാക്കി തരുന്നതാണീ കത്തുകള്‍. പ്രധാനമന്ത്രിക്ക് കീഴിലുള്ളവരല്ല മുഖ്യമന്ത്രിമാര്‍ എന്നും അവര്‍ക്ക് എങ്ങനെയാണ് ആദരം നല്‍കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രീയപരമായി വിയോജിപ്പുള്ളവര്‍ക്ക് പോലും തികഞ്ഞ ബഹുമാനത്തോടെയാണ് നെഹ്‌റു ചെവി നല്‍കിയത്. അവരുടെ സാന്നിധ്യത്തിനായി, അവരുടെ പ്രസംഗത്തിനായി പ്രധാനമന്ത്രി നെഹ്‌റു കാത്തിരുന്നു.


പ്രതിപക്ഷത്തിന്റെ ഓരോ ചോദ്യത്തിനും സൗമനസ്യത്തോടെ മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് എ.കെ.ജി സംസാരിക്കുമ്പോള്‍ ശല്യപ്പെടുത്തിയ സ്വന്തം പാര്‍ട്ടിക്കാരെ നെഹ്‌റു ശാസിച്ചു. നെഹ്‌റു ഇരുന്ന കസേരയിലാണ് ഇപ്പോള്‍ നരേന്ദ്രമോദി ഇരിക്കുന്നത്. നെഹ്രുവിന്റെ വിശാലവീക്ഷണം കാണിക്കാന്‍ പറ്റിയില്ലെങ്കിലും കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ച സര്‍വകക്ഷി സംഘത്തിനോട് 'നോ' പറയാതിരിക്കാനുള്ള മര്യാദ എങ്കിലും മോദി കാണിക്കണമായിരുന്നു.


സര്‍വകക്ഷി സംഘത്തിനുള്ള സമയം ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സന്ദേശം അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് മാത്രം അയക്കുന്ന സന്ദേശം നിയമസഭയെ പ്രതിനിധീകരിക്കുന്നില്ല എന്ന് അറിയിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സന്ദേശവും അയച്ചു. എന്നാല്‍ കേന്ദ്ര ധനമന്ത്രിയെ കാണാനാണ് പിഎംഒ നിര്‍ദേശം നല്‍കിയത്. ആര്‍ബിഐ ധനമന്ത്രലയത്തിന്റെ കീഴിലാണ്, ആയതിനാല്‍ ആ നിര്‍ദേശം അനുസരിച്ച് ജെയ്റ്റ്ലിയെ കാണണം എന്ന യുക്തിയാണ് കേരളാ ബിജെപി മുന്നോട്ടു വയ്ക്കുന്നത്. എങ്കില്‍ നോട്ട് നിരോധനം അടക്കമുള്ള ആര്‍ബിഐയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്തിനു പ്രധാനമന്ത്രി പ്രഖ്യാപിച്ചു എന്നും അതുകൂടി ജെയ്റ്റ്ലിയെക്കൊണ്ട് പറയിപ്പിച്ചാല്‍ പോരായിരുന്നോ എന്ന് തിരിച്ചു ചോദിക്കേണ്ടി വരും.


കേരളത്തില്‍ നിന്നു പത്തു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിക്കു പോയിട്ടുള്ള സര്‍വകക്ഷി സംഘം 90 ശതമാനം കാര്യങ്ങളിലും വെറുംകൈയ്യോടെ ആണ് മടങ്ങി വന്നത് എന്നത് സത്യം. റബ്ബറിന്റെ വിലയിടിവ്, ദേശീയ പാത 30 മീറ്റര്‍ ആയി നിജപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലൊക്കെയും പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് നല്‍കിയ ഉറപ്പുകളില്‍ ഒന്ന് പോലും അധികമായി മന്‍മോഹന്‍ സിംഗ് കേരളത്തില്‍ നിന്നെത്തിയ സര്‍വകക്ഷി സംഘത്തിന് നല്‍കിയിരുന്നില്ല.


പക്ഷെ വിഎസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ചെത്തിയപ്പോള്‍ അവരെ സ്വാഗതം ചെയ്യുകയും അവര്‍ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയങ്ങള്‍ കേട്ടിരിക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ വിഷയത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ സര്‍വകക്ഷി സംഘം അന്നത്തെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.


ഒ. രാജഗോപാലിന്റെ വിയോജിപ്പ് കാരണം സഹകരണ വിഷയത്തിലെ പ്രമേയം ഏകകണ്ഠമല്ലെന്നും കേരളത്തെ അനുവദിച്ചാല്‍ ഇതേ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടരുമെന്നു സാങ്കേതികമായി ഒഴിവാക്കലിന് പറയാമെങ്കിലും രാഷ്ട്രീയ വിയോജിപ്പ് തന്നെയാണ് ഈ പടിയടയ്ക്കലിന് കാരണമെന്ന് പകല്‍പോലെ വ്യക്തം.


നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നിയമസഭ ചേരുന്ന ദിവസങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. പാര്‍ലമെന്ററി ഡെമോക്രസിയില്‍ മോദിക്ക് വിശ്വാസം കുറവാണെന്നും ഒരു സിഇഒ ഭരണമാണ് മോദി ആഗ്രഹിക്കുന്നത് എന്നും അന്നേ ആരോപണമുണ്ട്.


മോദി മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന നേതാക്കള്‍ക്ക് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതു തരത്തിലുള്ള ശിക്ഷയാണ് കൊടുത്തത് എന്ന് ഷിബു ബേബി ജോണ്‍ അനുഭവത്തിലൂടെ മോദിക്കും അറിയാം. ആ പക ഉള്ളില്‍ സൂക്ഷിക്കുന്നത് കൊണ്ടാണോ ഇത്തരത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ അകറ്റി നിര്‍ത്തുന്നതെന്നും സംശയമുണ്ട്. മോദിയോട് അവസാനമായി ഒരുവാക്ക്. അങ്ങ് ഇപ്പോള്‍ ഏതെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, ബിജെപി നേതാവ് മാത്രമല്ല; 130 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ്.


ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിക്കുമ്പോള്‍ നിഷേധിക്കുന്നത് വഴി ജനാധിപത്യത്തെ അവഹേളിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. അങ്ങ് ഈ കസേരയില്‍ എത്തും മുന്‍പ് കുറെ മാന്യന്മാര്‍ ഇരുന്ന സ്ഥലമാണ് എന്ന് ഓര്‍ക്കുക നന്ന്.

Next Story

Related Stories