Top

മോദി വീണ്ടും വിദേശത്തേക്ക്; ഇതുവരെ പോയത് 57 തവണ, ചെലവ് 288 കോടി

മോദി വീണ്ടും വിദേശത്തേക്ക്; ഇതുവരെ പോയത് 57 തവണ, ചെലവ് 288 കോടി
എന്‍ഡിഎ സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ 20 ദിവസം നീളുന്ന ആഘോഷപരിപാടികള്‍ നടക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന് ഇന്നു പുറപ്പെടും. അടുത്ത ആറുദിവസങ്ങളിലായി മോദി ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഈ രാജ്യങ്ങളുമായി ഇന്ത്യയുടെ സാമ്പത്തിക ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കാനും ഇവിടങ്ങളില്‍ നിന്നും കൂടുതല്‍ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുമാണ് ഈ സന്ദര്‍ശനം കൊണ്ട് താന്‍ ലക്ഷ്യംവയ്ക്കുന്നതെന്നു മോദി പറയുന്നു.
മേയ് 30 നു ജര്‍മനിയിലാണ് മോദി ആദ്യം എത്തുക. ജര്‍മന്‍ ചാന്‍സലര്‍ ആംഗലെ മാര്‍ക്കെലും പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയറുമായും ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കലാവസ്ഥാമാറ്റം, ഊര്‍ജം, പശ്ചാത്തലവികസനം, വിനോദസഞ്ചാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-ജര്‍മനി ധാരണപത്രം ഒപ്പിട്ടേക്കും.

ജര്‍മനിയില്‍ നിന്നും അന്നേ ദിവസം തന്നെ മോദി സ്‌പെയിനില്‍ എത്തും. രാജീവ്ഗാന്ധിക്ക് ശേഷം സ്‌പെയിനില്‍ എത്തുന്ന ആദ്യ പ്രധാനമന്ത്രി എന്ന നേട്ടമാണ് അവിടെ മോദിയെ കാത്തിരിക്കുന്നത്. അവിടെ രാജാവ് ഫെലിപ് നാലാമനുമായും പ്രധാനമന്ത്രി മാരിയാനോ റജോയിയുമായും മോദി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയില്‍ പ്രധാനമായും വരുന്ന വിഷയം ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണമായിരിക്കും. പാരമ്പര്യേതര ഊര്‍ജം, അതിവേഗ റെയില്‍, തുരങ്ക നിര്‍മാണം എന്നിവയിലും ഇന്ത്യ സ്‌പെയിന്റെ സഹകരണം തേടും.

31 നു റഷ്യയില്‍ എത്തുന്ന മോദി പ്രസിഡന്റ് വഌഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തും. 18 ാം റഷ്യ-ഇന്ത്യ ഉച്ചകോടിയിലും സെന്റ്.പീറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് ഫോറത്തിലും പങ്കെടുക്കും. വ്യാപരനിക്ഷേപ മേഖലകളില്‍ റഷ്യന്‍ സംഭരകരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ജൂണ്‍ 2,3 ദിവസങ്ങളിലായി ഫ്രാന്‍സില്‍ പര്യടനം നടത്തുന്ന മോദി പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിയുമായി ചര്‍ച്ച നടത്തും. സാമ്പത്തിക വ്യാപരബന്ധം, പ്രതിരോധ രംഗത്തെ സഹകരണം, ഭീകരവിരുദ്ധ പോരാട്ടം എന്നീ വിഷയങ്ങളായിരിക്കും ഇരുവരും ചര്‍ച്ച നടത്തുന്നത്.

മൂന്നുവര്‍ഷം; 57 വിദേശയാത്രകള്‍, 288 കോടി
അധികാരത്തില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രധാനമന്ത്രി മോദി ഇതുവരെ നടത്തിയത് 57 വിദേശയാത്രകളാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ 45 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി.

നാലുവട്ടം അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ മോദി രണ്ടു തവണ വീതം ജപ്പാന്‍, നേപ്പാള്‍, സിംഗപൂര്‍, ഫ്രാന്‍സ്, ചൈന, ഉസ്ബസ്‌ക്കിസ്ഥാന്‍, റഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ പോയി. ഇതു കൂടാതെ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബല്‍ജിയം, ഭൂട്ടാന്‍, ബ്രസീല്‍, കാനഡ, ഫിജി, ജര്‍മനി, ഇറാന്‍, അയര്‍ലന്‍ഡ്, കസാഖ്‌സ്താന്‍, കെനിയ, കിര്‍ഗിസ്താന്‍, ലാവോസ്, മലേഷ്യ, മൗറീഷ്യസ്, മെക്‌സിക്കോ, മംഗോളിയ, മൊസാംബിക്, മ്യാന്‍മാര്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, സീഷെല്‍സ്, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, താജാക്കിസ്താന്‍, ടാന്‍സാനിയ, തായ്‌ലാന്‍ഡ്,തുര്‍ക്കി, തുര്‍ക്ക്‌മെനിസ്താന്‍, യുഎഇ, ബ്രിട്ടന്‍, വിയ്റ്റ്‌നാം എന്നീ രാജ്യങ്ങളില്‍ ഓരോ തവണയും സന്ദര്‍ശനം നടത്തി.

ഇപ്പോള്‍ നടത്തുന്ന നാലുരാഷ്ട്ര സന്ദര്‍ശനത്തിനുശേഷം 2017 ല്‍ തന്നെ കസാഖ്‌സ്താന്‍(ജൂണ്‍7-8), ഇസ്രയേല്‍(ജൂലൈ 5-6), ജര്‍മനി(ജൂലൈ 7-8), ചൈന(സെപ്തംബര്‍ 3-5), ഫിലിപ്പീന്‍സ്(നവംബര്‍13-14) എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.  ലോകത്തിലെ വന്‍കിട രാജ്യങ്ങള്‍ തൊട്ട് ദ്വീപ് രാജ്യങ്ങളില്‍ വരെ പോയി. ഇതുവരെയുള്ള യാത്രകള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത് 288 കോടി.

Next Story

Related Stories