TopTop
Begin typing your search above and press return to search.

എന്താണ് മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്?

എന്താണ് മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്?

ടീം അഴിമുഖം


നരേന്ദ്ര മോദി സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നത്? ചൈന, പാക്കിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ചില കാര്യങ്ങളാണ് നമ്മള്‍ സംസാരിക്കുന്നത്. ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാം, ഇതില്‍ നിന്ന് വായനക്കാര്‍ തന്നെ ഒരു നിഗമനത്തിലെത്തൂ.1. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ മൂന്ന് പത്രപ്രവര്‍ത്തകരുടെ വിസ കാലാവധി നീട്ടിക്കൊടുക്കാന്‍ വിസമ്മതിക്കുകയും ഈ മാസം 31-നകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തത് ഈയാഴ്ചയാണ്. ഇവരെക്കുറിച്ച് അയല്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് വളരെ മോശമായിരുന്നു എന്നാണ് ഒരു സോഴ്‌സ് പറയുന്നത്. ആള്‍മാറാട്ടം നടത്തിയെന്ന ആരോപണവും ഇവര്‍ക്കെതിരെയുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി എല്ലാ കീഴ്‌വഴക്കങ്ങളും തെറ്റിക്കുന്നതാണ്. ഇതിന് മുമ്പ് 2010-ലാണ് ഇന്ത്യയിലുണ്ടായിരുന്ന ഒരു ജാപ്പനീസ് പത്രപ്രവര്‍ത്തകനെതിരെ ഈ രീതിയില്‍ നടപടിയെടുത്തത്. വിസ നല്‍കാത്തതിന് പ്രത്യേക കാരണങ്ങള്‍ ചൂണ്ടിക്കാണിക്കണമെന്നില്ല. എന്നാല്‍ മൂന്ന് പത്രപ്രവര്‍ത്തകരോട് ഈ വിധത്തില്‍ പെരുമാറുന്നതിന് മുമ്പ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. കാരണം, ഇന്ത്യയുടെ നടപടിക്കെതിരെ ശക്തമായാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. ഇതിന് ഇന്ത്യക്കെതിരെ തിരിച്ചടിയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കിയിരിക്കുന്നു.2. സൗത്ത് ചൈന സമുദ്രം വിഷയത്തില്‍ അന്താരാഷ്ട്ര ട്രിബ്യൂണല്‍ ചൈനയ്‌ക്കെതിരെ വിധി പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഇന്ത്യ ഏതാനും ജേര്‍ണലിസ്റ്റുകളെ ചൈനീസ് അതിര്‍ത്തിയില്‍ എത്തിക്കുകയും അവിടെ നടക്കുന്ന ടാങ്ക് അടക്കമുള്ള ആയുധ വിന്യാസങ്ങളെ കുറിച്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. അതിര്‍ത്തി മേഖലയില്‍ ഇന്ത്യ എങ്ങനെ ആധുനികവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് ചൈനയോട് പറയാനാണ് ഇന്ത്യ ശ്രമിച്ചത്.3. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റിനൊപ്പം ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ദക്ഷിണ ചൈന സമുദ്രത്തില്‍ കപ്പലോടിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് സംയുക്ത പ്രസ്താവന ഇറക്കുന്നത്. ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു അത്.4. അമേരിക്കയുമായി ചേര്‍ന്ന് നാവിക പരിശീലനത്തിന് മോദി സര്‍ക്കാര്‍ തയാറായി. ഇതിനു പുറമെ മലബാര്‍ എക്‌സര്‍സൈസിലേക്ക് ജപ്പാനേയും ക്ഷണിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ചൈനീസ് കപ്പലുകള്‍ ഈ നടപടികളെ കൃത്യമായി തന്നെ പിന്തുടര്‍ന്നിരുന്നു.

5. ഇതേ സമയത്തു തന്നെയാണ് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വാക്‌പോരും കൊടുമ്പിരി കൊണ്ടിരിക്കുന്നത്. ചര്‍ച്ചകളുടെ എല്ലാ സാധ്യതകളേയും ഇല്ലാതാക്കുന്നതാണിത്. ഇപ്പോള്‍ കാശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ സംഭവ വികാസങ്ങള്‍ക്കും പാക്കിസ്ഥാനെ കുറ്റപ്പെടുത്തിക്കൊണ്ട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തു വരികയും ചെയ്തു.6. കഴിഞ്ഞ ശനിയാഴ്ച പാക്കിസ്ഥാനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രസ്താവന നടത്തി. കാശ്മീര്‍ തങ്ങളുടെ ഭാഗമാകുമെന്നുള്ള വളരെ അപകടകരവും വഞ്ചനാപരവുമായ പ്രസ്താവനയാണ് പാക്കിസ്ഥാന്‍ നടത്തിയതെന്നും അവരുടെ ആഗ്രഹം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതേ സുഷമ സ്വരാജ് അധികകാലം മുമ്പല്ലാതെ മറ്റൊരു പ്രസ്താവന നടത്തിയിരുന്നു. രണ്ടു പ്രധാനമന്ത്രിമാര്‍ (നരേന്ദ്ര മോദി, നവാസ് ഷെരീഫ്) തമ്മില്‍ ഇത്രയേറെ വ്യക്തിപരമായ അടുപ്പമുള്ളപ്പോള്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും ഇല്ല എന്നായിരുന്നു അത്. അതായിരുന്നു പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള മാര്‍ഗം. അതിനു പകാരം രണ്ടു രാജ്യങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. കാശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ കൊണ്ടു വരാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമെന്നതില്‍ സംശയമില്ല. തങ്ങളുടെ അതിര്‍ത്തി മേഖലകള്‍ ഇന്ത്യാ വിരുദ്ധരായ തീവ്രവാദികളുടെ താവളമായി വിട്ടുനല്‍കുന്നതും പാക്കിസ്ഥാന്‍ തുടരും. പക്ഷേ ഇതൊക്കെ ഉള്ളപ്പോഴും പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള വഴി എന്താണ് എന്ന് ആലോചിക്കാത്തത് എന്താണ്?ഞങ്ങള്‍ ഏതായാലും ഒരു നിഗനമങ്ങളിലേക്കും എത്തുന്നില്ല. സംഘപരിവാര്‍ ശക്തികളുടെ ആണത്ത ഘോഷണങ്ങള്‍ക്കും മതിഭ്രമങ്ങള്‍ക്കും പകരം വിവേകപൂര്‍വമായ തീരുമാനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാവുകയാണ് വേണ്ടതെന്ന അഭിപ്രായമുണ്ട്. അല്ലെങ്കില്‍ ചിലരുടെ നിന്ദ്യമായ രാഷ്ട്രീയക്കളികള്‍ക്കു പകരമായി അതിര്‍ത്തി മേഖലകളില്‍ നമ്മുടെ പാവപ്പെട്ട സൈനികരുടെ ജീവന്‍ പൊലിയുന്നത് അധികം വൈകാതെ കാണേണ്ടി വരും.Next Story

Related Stories