UPDATES

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് മോദി സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ നടത്തിയത് വലിയ തോതില്‍ ഉന്നതതല നിയമനങ്ങള്‍

ലളിത് മോദി, വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ വിദേശത്തേയ്ക്ക് മുങ്ങിയ വായ്പ തട്ടിപ്പുകാരെ പിടിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട നടപടികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിന് ഇടയിലാണ് ഇത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന്റെ തലേദിവസം മോദി സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നടത്തിയിരിക്കുന്നത് വലിയ തോതില്‍ ഉന്നതതല നിയമനങ്ങള്‍. 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സുഭാഷ് ചന്ദ്രയെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് ഇത്. 13 ഐആര്‍എസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. ലളിത് മോദി, വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ വിദേശത്തേയ്ക്ക് മുങ്ങിയ വായ്പ തട്ടിപ്പുകാരെ പിടിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട നടപടികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിന് ഇടയിലാണ് ഇത്.

നിരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ രേഖകള്‍ യുകെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ ആവശ്യത്തോട് ഇന്ത്യ പ്രതികരിച്ചില്ലെന്നുമാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട്. വായ്പാ തട്ടിപ്പുകാര്‍ക്കെതിരായ നടപടികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് മെല്ലെപ്പോക്ക് നയം പിന്തുടരുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ലളിത് മോദിയുടെ കാര്യത്തില്‍ മുംബയ് പ്രത്യേക കോടതി എക്‌സ്ട്രാഡിഷന്‍ നടപടികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ലളിത് മോദി ലണ്ടനിലുണ്ടെന്ന് വ്യക്തമായ അറിവുണ്ടായിട്ടും ഇഡി എക്‌സ്ട്രാഡിഷന്‍ അപേക്ഷ നല്‍കിയില്ല. 2009ല്‍ തന്നെ പണ തട്ടിപ്പ് കേസുണ്ടായിരുന്നു. എന്നാല്‍ എട്ട് വര്‍ഷം കഴിഞ്ഞ് 2017ലാണ് ഇഡി ഇന്റര്‍പോളിനെ ബന്ധപ്പെട്ട് റെഡ് കോര്‍ണര്‍ നോട്ടീസ് ഇഷ്യു ചെയ്യാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇന്റര്‍പോള്‍ ഇത് തള്ളി. ഇന്ത്യ ഇതുവരെ യുകെയ്ക്ക് എക്‌സ്ട്രാഡിഷന്‍ അപേക്ഷ നല്‍കിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കഴിഞ്ഞ മാസം എന്‍ഫോഴ്‌സ്‌മെന്റ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകനുമായി ലളിത് മോദിയ്ക്കുണ്ടായിരുന്ന പണമിടപാടുകള്‍ സംബന്ധിച്ച് പുനരന്വേഷണം നടത്തുമെന്നാണ്.

സുഭാഷ് ചന്ദ്രയുടെ നിയമനത്തിന് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയും കേന്ദ്ര മന്ത്രിസഭയും അംഗീകാരം നല്‍കിയത് വെള്ളിയാഴ്ചയാണ്. ഇതേ ദിവസം തന്നെ എന്‍ഫോഴ്‌സ്‌മെന്റില്‍ രണ്ട് ജോയിന്റ് ഡയറക്ടര്‍മാരെ നിയമിച്ചു. കെ എസ് വി വി പ്രസാദും മോണിക്ക ശര്‍മയും. ഇതിന് പുറമെ ഇഡി ജോയിന്റ്, അഡീഷണല്‍ ഡയറക്ടര്‍മാരായി ആറ് പേരെ കൂടി നിയമിച്ചു. ഇതില്‍ മൂന്ന് പേരെ നാല് വര്‍ഷത്തേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍