TopTop

സര്‍ക്കാരിനു മികച്ച റേറ്റിംഗ് ; 'മൂഡി'യെ സ്വാധീനിക്കാനുള്ള മോദിയുടെ ശ്രമം പാളി

സര്‍ക്കാരിനു മികച്ച റേറ്റിംഗ് ;
മികച്ച ക്രെഡിറ്റ് റേറ്റിംഗിനായി അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡിയെ(moody) സ്വാധീനിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മൂഡിയുടെ റേറ്റിംഗ് രീതിയെ ചോദ്യം ചെയ്തുകൊണ്ട് ഇന്ത്യയുടെ നില മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയതെങ്കിലും വഴങ്ങാന്‍ അന്താരാഷ്ട്ര ഏജന്‍സി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന റേറ്റിംഗ് നരേന്ദ്ര മോദി സര്‍ക്കാരിന് അത്യന്താപേക്ഷിതമായിരുന്നു. കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നത് സര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ആഗോളതലത്തില്‍ പ്രമുഖരായ മൂന്ന് റേറ്റിംഗ് ഏജന്‍സികളും ഇന്ത്യയ്ക്ക് താഴ്ന്ന് റാങ്കിംഗ് നല്‍കിയതാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. 2014ല്‍ മോദി അധികാരത്തില്‍ വന്ന ശേഷം നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പണപ്പെരുപ്പം കുറയ്ക്കാനും ധന, സാമ്പത്തിക കമ്മി കുറയ്ക്കാനും നടപടികള്‍ സ്വീകരിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ റേറ്റിംഗ് മെച്ചപ്പെടുത്താന്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ വിസമ്മതിച്ചത്.

ഇന്ത്യയുടെ അന്താരാഷ്ട്ര കടത്തിന്റെ അളവും ബാങ്കുകളില്‍ തിരികെ വരാതിരിക്കുന്ന 136 ബില്യണ്‍ ഡോളറിന്റെ കിട്ടാക്കടവും ചൂണ്ടിക്കാട്ടിയാണ് മെച്ചപ്പെട്ട റേറ്റിംഗ് നല്‍കാന്‍ മൂഡി വിസമ്മതിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ മൂഡിയുടെ റേറ്റിംഗ് രീതിയെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര ധനമന്ത്രാലയം ഏജന്‍സിക്ക് ഇ-മെയില്‍ അയച്ചു. ഇന്ത്യയുടെ വിദേശകടം സമീപകാലങ്ങളില്‍ സ്ഥായിയായി കുറഞ്ഞുകൊണ്ടിരിക്കുന്നത് മൂഡി കണക്കിലെടുക്കുന്നില്ലെന്ന് കത്തില്‍ ആരോപിച്ചു. ഇന്ത്യയുടെ ധനശക്തി വിലയിരുത്തുന്ന വേളയില്‍ രാജ്യം കൈവരിച്ച വളര്‍ച്ച് ഏജന്‍സി ശ്രദ്ധിച്ചില്ലെന്നും കത്തില്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യയുടെ കടബാധ്യത സര്‍ക്കാര്‍ പറയുന്നത് പോലെ അത്ര ലളിതമല്ലെന്നും ബാങ്കുകളുടെ പ്രവര്‍ത്തനം ആശങ്കയ്ക്ക് വകയുണ്ടാക്കുന്നുണ്ടെന്നും മൂഡി മറുപടി നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പദ്ഘടനകളില്‍ ഒന്നാണ് ഇന്ത്യയെങ്കിലും സര്‍ക്കാരിന്റെ വരുമാന അടിത്തറ വിപുലപ്പെടുന്നതിന് ആ വളര്‍ച്ച ഉപകരിച്ചിട്ടില്ല. ബിഎഎ റേറ്റിംഗ് ലഭിക്കുന്നതിന് വേണ്ട അടിസ്ഥാന മാനദണ്ഡമായ 27.1 ശതമാനം വരുമാനത്തെക്കാള്‍ കുറവായിരുന്നു ഇന്ത്യയുടെ വരുമാനം. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് ബിഎഎ3 റേറ്റിംഗാണ് മൂന്ന് പ്രമുഖ അന്താരാഷ്ട്ര ഏജന്‍സികളും നല്‍കിയത്. ഏറ്റവും താഴെയുള്ള അന്താരാഷ്ട്ര റേറ്റിംഗാണിത്. ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചാല്‍ രാജ്യം വായ്പകളോട് അനുകൂലമായി പ്രതികരിക്കുന്നതാണെന്ന് സൂചനയാണ് അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ലഭിക്കുക. അതുകൊണ്ടുതന്നെ രാജ്യത്തെ വിദേശ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഇത് മനസില്‍ വച്ചാണ് റേറ്റിംഗ് ഏജന്‍സിയില്‍ സമ്മര്‍ദം ചെലുത്താന്‍ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
വിഷയത്തില്‍ പ്രതികരിക്കാന്‍ കേന്ദ്ര ധനമന്ത്രാലയമോ ഏജന്‍സിയുടെ വക്താക്കളോ തയ്യാറായില്ല. റേറ്റിംഗ് സംബന്ധിച്ച ആശയവിനിമയങ്ങള്‍ രഹസ്യമാണെന്നായിരുന്നു ഇരുപക്ഷത്തിന്റെയും പ്രതികരണം. എന്നാല്‍ സര്‍ക്കാര്‍ നടപടി അസാധാരണമാണെന്ന് മുന്‍ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥന്‍ അരവിന്ദ് മായാറം പറഞ്ഞു. അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികളെ സ്വാധീനിക്കാന്‍ യാതൊരു കാരണവശാലും സാധിക്കില്ല.

Next Story

Related Stories