UPDATES

വാര്‍ത്തകള്‍

‘പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള അധികാരം നല്‍കണം’ കമ്മീഷന്റെ അപേക്ഷ മോദി സര്‍ക്കാര്‍ തള്ളിയത് നാല് തവണ

2016 ല്‍ മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാല് കത്തുകളാണ് മോദി സര്‍ക്കാര്‍ തള്ളിയത്‌

തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിച്ചുവെന്ന് തെളിഞ്ഞാല്‍ വോട്ടെടുപ്പ് നീട്ടിവെയ്ക്കാനുള്ള അധികാരം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് നാല് തവണ. എന്നാല്‍ അപേക്ഷകളെല്ലാം ബിജെപി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് ലഭിച്ച വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ ‘ദി വയര്‍’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. നിയമമന്ത്രാലയത്തിന്റെയും നിയമ മന്ത്രിയുടെ തന്നെ കത്തുകള്‍ ഉള്‍പ്പെടെയുള്ള രേഖകളാണ് സര്‍ക്കാരിന് തെരഞ്ഞെടുപ്പിലെ അഴിമതി തടയുന്നതില്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയത്.

2016 ജൂണ്‍ മാസത്തിലാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം കത്തെഴുതിയത്. ഇതേ ആവശ്യം പിന്നീട് മൂന്ന് തവണ കൂടി ആവര്‍ത്തിച്ചു. രണ്ട് കത്തുകള്‍ എഴുതിയത് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദിയാണ്. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനായിരിന്നു ഇദ്ദേഹം കത്തുകള്‍ അയച്ചത്.

1951 ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്ന നിര്‍ദ്ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ചത്. ബുത്ത് പിടിച്ചെടുത്തൊല്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ കമ്മീഷന് അധികാരം നല്‍കുന്നതുപോലുള്ള വ്യവസ്ഥകള്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിച്ചാലും ചെയ്യാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഭേദഗതിയാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ബുത്ത് പിടച്ചെടുത്താല്‍ തെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാനുള്ള ഭേദഗതി 1989 ലാണ് കൊണ്ടുവന്നത്. എന്നാല്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനെ ബുത്തുകള്‍

പിടിച്ചെടുക്കുന്നതുപോലെ കാണാന്‍ കഴിയില്ലെന്ന് നിലപാടാണ് നിയമമന്ത്രാലയം സ്വീകരിച്ചത്.
‘വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നതിനെ ബുത്ത് പിടിത്തവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഇവ രണ്ടിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നത് അന്വേഷണത്തിലൂടെ മാത്രം തെളിയിക്കപ്പെടേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഭരണഘടനയുടെ 324 -ാം വകുപ്പ് അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ തുടരുന്നതാണ് നല്ലത്’ നവംബര്‍ 18, 2016 ന് കമ്മീഷന് നല്‍കിയ മറുപടിയില്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

ബുത്ത് പിടിത്തം നടന്നാല്‍ അന്വേഷണം നടത്തി ബോധ്യപ്പെട്ടാല്‍ മാത്രമാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാറുള്ളൂവെന്ന് മന്ത്രാലയത്തിന് അയച്ച മറുപടിയില്‍ കമ്മീഷന്‍ വ്യക്തമാക്കി. പണത്തിന്റെ സ്വാധീനം തെരഞ്ഞെടുപ്പില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കമ്മീഷന് അഴിമതി കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള അധികാരം നല്‍കുന്നതാണ് ഉചിതമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ രാധാകൃഷ്ണ നഗറില്‍ വ്യാപകമായി പണം പിടിച്ചെടുത്തതിനെതുടര്‍ന്ന് ഭരണഘടനയുടെ 324 -ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ 2017 ല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തമിഴ്‌നാട്ടിലെ തന്നെ അരവക്കുറിച്ചിയിലും തഞ്ചാവൂരിലും ഇതേ വ്യവസ്ഥകള്‍ പ്രകാരം നേരത്തെ കമ്മീഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

പണത്തിന്റെ ദുരുപയോഗമാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനി്ല്‍ അറോറ വ്യക്തമാക്കിയിരുന്നു. 2016 ല്‍ അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്ത് 175.53 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്. കേരളത്തില്‍ 23.15 കോടിയാണ് 2016 തെരഞ്ഞെടുപ്പിനിടെ പിടിച്ചെടുത്തത്. 521 കിലോയുടെ മയക്കുമരുന്നുകളും കേരളത്തില്‍നിന്ന് പിടിച്ചെടുത്തിരുന്നു.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 41.34 ശതമാനം വോട്ടര്‍മാരും പറഞ്ഞത് പണവും ലഹരിവസ്തുക്കളുമാണ് അവരുടെ വോട്ടിനെ സ്വാധീനിക്കുന്നതെന്നാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍