രാജ്യത്തിന് വേണ്ടി ത്യാഗം സഹിക്കുന്ന ജനങ്ങള്‍ക്ക് സല്യൂട്ട്: മോദി

അഴിമുഖം പ്രതിനിധി

കള്ളപ്പണം തടയാന്‍ 500ന്‌റേയും 1000ന്‌റേയും നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ട് സഹിക്കുന്ന ജനങ്ങള്‍ക്ക്് സല്യൂട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഈ വലിയ തീരുമാനത്തിനൊപ്പം നില്‍ക്കുന്ന ജനങ്ങളെ സല്യൂട്ട് ചെയ്യുന്നു – മോദി പറഞ്ഞു. ജപ്പാനിലെ കോബെയില്‍ പ്രവാസി ഇന്ത്യക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

നമ്മുടെ നാട്ടിലെ ജനങ്ങള്‍ എത്ര സമ്പന്നരാണെന്ന് സര്‍ക്കാരിന്‌റെ നടപടിയിലൂടെ വ്യക്തമായതായി മോദി അഭിപ്രായപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളില്‍ 45,000 കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ച് കഴിഞ്ഞിരിക്കുന്നു. കള്ളപ്പണക്കാര്‍ മാത്രമാണ് നടപടിയെ ഭയക്കേണ്ടത്. ജനങ്ങളുടെ സഹകരണത്തിന് നന്ദി. ജനങ്ങളുടെ സമീപനത്തിലും മനോഭാവത്തിലും അഭിമാനം തോന്നുന്നു. സര്‍ക്കാരിന്‌റെ നടപടിക്ക് ശേഷം മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയ മക്കള്‍ പോലും അവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് തുടങ്ങിയെന്നും മോദി പറഞ്ഞു.   

നടപടിയെ വിമര്‍ശിക്കാന്‍ ചിലര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. അഴിമതി നേരിടാന്‍ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. ഇതാണ് ഏറ്റവും വലിയ സ്വച്ഛതാ അഭിയാന്‍ (ശുചീകരണ പരിപാടി). കള്ളപ്പണത്തിനെതിരായ ശുചീകരണ പരിപാടി ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നതായും മോദി അവകാശപ്പെട്ടു. കള്ളപ്പണം തിരിച്ചു പിടിക്കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും മോദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍