Top

മോദിയുടെ വലംകൈയായിരുന്ന ഗുജറാത്ത് മന്ത്രി അഴിമതിക്കുരുക്കില്‍

മോദിയുടെ വലംകൈയായിരുന്ന ഗുജറാത്ത് മന്ത്രി അഴിമതിക്കുരുക്കില്‍
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ ഭരിച്ചിരുന്ന സൗരഭ് പട്ടേല്‍ നിരവധി സര്‍ക്കാര്‍ കോണ്‍ട്രാക്ടുകള്‍ നേടിയിരുന്നതായും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഓയില്‍ ബ്ലോക്കുകകളില്‍ നിക്ഷേപമുണ്ടായിരുന്നതായും വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്. നിരവധി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നടപടികളാണ് പട്ടേലിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരന്‍ രാംനിക്ഭായ് അംബാനിയുടെ മരുമകനാണ് പട്ടേല്‍.

നാലുവട്ടം എംഎല്‍എയായ ഈ ബി.ജെ.പി നേതാവ് 14 വര്‍ഷം എനര്‍ജി & പെട്രോകെമിക്കല്‍സ് മന്ത്രിയായിരുന്നു. ഈ സമയത്ത് പട്ടേലിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് നിരവധി സര്‍ക്കാര്‍ കോണ്‍ട്രാക്ടുകള്‍ നേടിയിരുന്നു. നിരവധി കമ്പനികളിലൂടെയാണ് ഗുജറാത്തിലെ എട്ട് ഓയില്‍ ബ്ലോക്കുകളില്‍ പട്ടേലിന്റെ കമ്പനി നിക്ഷേപം നടത്തിയിട്ടുള്ളത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് വിജയ് രൂപാണി മുഖ്യമന്ത്രിയായപ്പോഴാണ് പട്ടേല്‍ മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടത്. 2008-ല്‍ പട്ടേല്‍, മോദി മന്ത്രിസഭയില്‍ എനര്‍ജി, പെട്രോകെമിക്കല്‍സ് വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ മെഹുല്‍ ദലാല്‍, ഭാര്യ നികിത ദലാല്‍ എന്നിവര്‍ ചേര്‍ന്ന് സൂര്യജ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് രൂപം നല്‍കി. 5,000 ഓഹരികള്‍ വീതമായിരുന്നു ഇരുവര്‍ക്കും. അടുത്ത വര്‍ഷം പട്ടേലിനും മകന്‍ അഭയ് ദലാലിനും 5,000 ഓഹരികള്‍ വീതം ലഭിച്ചു. ഇത് ഇപ്പോഴും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

എണ്ണപര്യവേഷണം നടത്തുന്ന ഗുജറാത്ത് നാച്ചുറല്‍ റിസോഴ്‌സസ് ലിമിറ്റഡ് (GNRL) എന്ന പ്രൈവറ്റ് ലിസ്റ്റഡ് കമ്പനിയില്‍ സൂര്യജ നിക്ഷേപം നടത്തി. പട്ടേല്‍ മന്ത്രിയായിരുന്ന 2009 ഒക്‌ടോബറിനും ഡിസംബറിനും ഇടയ്ക്കായിരുന്നു ഇത്. ഇത് നിയമവിരുദ്ധവും വിരുദ്ധ താത്പര്യം (conflict of interest) ഉള്ളതുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഔദ്യോഗിക രേഖകള്‍ വെളിപ്പെടുത്തുന്നതനുസരിച്ച് ഗുജാത്തിലെ കാംബേ ബേസിനിലെ എട്ട് ഓയില്‍ ബ്ലോക്കുകളില്‍ പര്യവേഷണം നടത്തുന്നതിന് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ കമ്പനികളുമായി പട്ടേലിന് ബന്ധമുള്ള സൂര്യജ, പ്രൊഡക്ഷന്‍ ഷെയറിംഗ് കരാറുകളില്‍ ഒപ്പുവച്ചിരുന്നതായി വ്യക്തമാക്കുന്നു. ഒ.എന്‍.ജി.സി, ഹിന്ദുസ്ഥാന്‍ ഓയില്‍ ആന്‍ഡ് എക്‌സ്‌പ്ലൊറേഷന്‍ കമ്പനി (HOEC) എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പറേഷനും (GSPC) ഇതില്‍ ഉള്‍പ്പെടും. പട്ടേല്‍ ഭരിച്ചിരുന്ന വകുപ്പിന് കീഴിലായിരുന്നു GSPC.

2012-ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തനിക്ക് സൂര്യജയില്‍ 5,000 ഓഹരികള്‍ ഉള്ള കാര്യം പട്ടേല്‍ മറച്ചുവയ്ക്കുകയും ചെയ്തിരുന്നു.=

ആന്ധ്രയിലെ കൃഷ്ണ-ഗോദാവരി തടത്തില്‍ 20 ട്രില്യണ്‍ ഘന അടി വാതകനിക്ഷേപം GSPC കണ്ടെത്തിയതായി മുഖ്യമന്ത്രിയായിരിക്കെ 2005-ല്‍ മോദി നാടകീയ പ്രഖ്യാപനം നടത്തിരുന്നു. എന്നാല്‍ ഇത് 1 ട്രില്യണ്‍ ഘന അടി മാത്രമ ഉണ്ടായിരുന്നുള്ളുവെന്ന് 11 വര്‍ഷത്തിനു ശേഷം സിഎജി കണ്ടെത്തി. മോദിയുടെ അവകാശവാദത്തിന്റെ പുറത്ത് 15 പൊതുമേഖലാ ബാങ്കുകള്‍ 20,000 കോടി രൂപ GSPCക്ക് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വായ്പ തിരിച്ചടയ്ക്കാന്‍ GSPC കഴിയുന്നില്ല. GSPC ആകട്ടെ, തങ്ങളുടെ കരാറുകള്‍ ഇന്ത്യ, യെമന്‍, ഈജിപ്ത്, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലുള്ള സംശയാസ്പദമായ കമ്പനികള്‍ക്ക് മറിച്ചു നല്‍കുകയും ഇവയ്ക്ക് കോടികള്‍ കൈമാറുകയും ചെയ്തിരുന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന് പിന്നാലെ 2002 മുതല്‍ ആ മന്ത്രിസഭയില്‍ അംഗമാണ് പട്ടേല്‍. 2002 മുതല്‍ കഴിഞ്ഞ ഓഗസ്റ്റ് വരെ എനര്‍ജി & പെട്രോകെമിക്കല്‍സിന് പുറമെ വ്യോമയാനം, ആസൂത്രണം, മൈന്‍സ് & മിനറല്‍സ്, ടൂറിസം തുടങ്ങിയ പ്രധാന വകുപ്പുകളും പട്ടേല്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മോദിയുടെ വൈബ്രന്‍റ് ഗുജറാത്ത് പരിപാടിക്ക് ചുക്കാന്‍ പിടിച്ചവരിലെ പ്രധാനപ്പെട്ട ഒരാളും പട്ടേലായിരുന്നു.

Next Story

Related Stories