TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രി മോദി, നിങ്ങളുടെ മൌനം കുറ്റകരമാണ്

പ്രധാനമന്ത്രി മോദി, നിങ്ങളുടെ മൌനം കുറ്റകരമാണ്

ടീം അഴിമുഖം

ഹിസ്ബുള്‍ തീവ്രവാദി ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ കാശ്മീര്‍ താഴ്വര പ്രതിഷേധങ്ങളാല്‍ ആളിക്കത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ജൂലായ് 10-ന് പുറത്തുവന്നു; അതിതായിരുന്നു: അയാള്‍ ടാന്‍സാനിയയില്‍ ആഫ്രിക്കന്‍ ചെണ്ട കൊട്ടിത്തിമിര്‍ത്തു.

മോദിയുടെ ചെകിടടപ്പിക്കുന്ന നിശബ്ദതയെ പിന്‍പറ്റുന്നതാണ് ബി ജെ പിയുടെ ജമ്മു കാശ്മീരിലെ വിചിത്രമായ തന്ത്രങ്ങളും കളികളും. നിരപരാധികള്‍ മരിക്കുന്നതിനെക്കുറിച്ച് ആദ്യം സഹതാപം പ്രകടിപ്പിച്ചെങ്കിലും ബി ജെ പി വക്താവ് രാം മാധവ് മണിക്കൂറുകള്‍ക്കുളില്‍ നിലപാട് മാറ്റി. കാര്‍ക്കശ്യം നിറഞ്ഞ ട്വീറ്റുകള്‍ പിറകെയെത്തി.

ഇന്ത്യയെ പ്രതിസന്ധിയിലാക്കിയ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധാരണ ജനജീവിതത്തെ തകരാറിലാക്കുന്ന, ന്യൂനപക്ഷങ്ങളിലും പാര്‍ശ്വവത്കൃതരിലും മധ്യവര്‍ഗങ്ങളിലും ദരിദ്രരിലുമൊക്കെ പേടിയും അരക്ഷിതാവസ്ഥയും ജനിപ്പിക്കുന്ന സംഭവപരമ്പരകളില്‍ മോദി പുലര്‍ത്തുന്ന അമ്പരപ്പിക്കുന്ന മൌനം ഇപ്പോള്‍ ഒരു പതിവായിരിക്കുന്നു.

അയാള്‍ വിദേശ ഭരണാധികാരികള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരും; വിദേശരാജ്യങ്ങളിലെ ബോംബ് സ്ഫോടനങ്ങളെ അപലപിക്കും; ബി ജെ പി അധികാരം ലക്ഷ്യമിടുന്ന ഉത്തര്‍പ്രദേശില്‍ ബലാത്സംഗം നടന്നാല്‍ അതിലും മോദിക്ക് ആശങ്കയുണ്ട്.

എന്നാല്‍ മോദിയ്ക്കായി വോട്ട് ചെയ്തവരടക്കമുള്ള, സമാധാനം കാംക്ഷിക്കുന്ന ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത് അദ്ദേഹത്തിന്റെ മൌനമാണ്. അല്ലെങ്കില്‍ ഈ കാര്യങ്ങള്‍ നോക്കൂ: റംസാന്‍ മാസത്തില്‍ ഉപവസിക്കാന്‍ തനിക്കവകാശമുണ്ടെന്ന് പറഞ്ഞ മഹാരാഷ്ട്ര സദനിലെ മുസ്ലീമായ ഭക്ഷണശാല നടത്തിപ്പുകാരന്റെ വായില്‍ 11 ശിവസൈനികര്‍ ചപ്പാത്തി കുത്തിക്കയറ്റിയപ്പോള്‍ വാചകക്കസര്‍ത്തിന്റെ രാജാവ്, മൌനത്തിന്റെ സ്വര്‍ണപാത്രത്തിലൊളിച്ചു. അയാളുടെ ട്വിറ്റര്‍ നിശബ്ദമായി.

മഹാരാഷ്ട്രയില്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായ, നിരപരാധിയായ ഒരു മുസ്ലീം ചെറുപ്പക്കാരനെ താടി വളര്‍ത്തിയതിനും തൊപ്പി വെച്ചതിനും കൊലപ്പെടുത്തിയപ്പോള്‍ നവസാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന രാജപ്രമുഖന് ഫെയ്സ് ബുകില്‍ ഒന്നും പറയാനുണ്ടായിരുന്നില്ല.

മോദിയെ കളിയാക്കി എന്നാരോപിച്ച് 19 മുസ്ലീം ചെറുപ്പക്കാരെ കേരളത്തില്‍ പൊലീസ് പിടികൂടിയപ്പോള്‍ മൌലികാവകാശങ്ങളെക്കുറിച്ചൊന്നും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നില്ല.

പശുവിറച്ചി കയ്യില്‍വെച്ചു എന്നാരോപിച്ച് ഒരു സംഘം ബി ജെ പി അനുഭാവികള്‍ മുഹമ്മദ് അഖ്ലാഖിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി അയാളെ വലിച്ചു പുറത്തിട്ടു അടിച്ചു കൊന്നപ്പോഴും മോദി മഹാമൌനം വെടിഞ്ഞില്ല.

ഓരോ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലും കോണ്‍ഗ്രസിന്റെ കാപട്യത്തേക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച അതേ വിദ്വാന്റെ മൊബൈലും ലാപ് ടോപ്പുമെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണോ? അതോ, അയാളുടെ അനുയായികള്‍ അവകാശപ്പെടും പോലെ പൊടുന്നനെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ മുഴുകിപ്പോയോ?

പ്രാധനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി വായടച്ചിരുന്നില്ല. ത്രിമാന മോദിയും ചായക്കടയിലെ മോദിയുമൊക്കെയായി അയാള്‍ പകര്‍ന്നാടിയിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി മോദി മൌനത്തിന്റെ മണ്‍പുറ്റില്‍ ധ്യാനത്തിലാണ്. ശരിയാണ്, ഉപഗ്രഹം വിക്ഷേപിക്കുമ്പോഴൊക്കെ അയാള്‍ നെടുങ്കന്‍ പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. വ്യവസായ പ്രമുഖരുടെ മക്കള്‍ക്ക് ജന്മദിനാശംസകള്‍ നേരാനോ ബോളിവുഡ് താരങ്ങളുടെയോ അവരുടെ ബന്ധുക്കളുടെയോ മരണവാര്‍ത്തകളില്‍ അനുശോചനം അറിയിക്കാനോ അയാള്‍ മറക്കാറില്ല.

ഇപ്പോഴും ഗംഗ വൃത്തിയാക്കുന്നതിനെക്കുറിച്ച് ലോക ബാങ്ക് പ്രസിഡന്റിനോട് സംസാരിച്ചത്, സര്‍ദാര്‍ പട്ടേലിന്റെ ജീവചരിത്രം ബ്രെയ്ലി ലിപിയില്‍ പ്രകാശിപ്പിച്ചത്, കോമണ്‍വെല്‍ത്ത് മേളക്കുള്ള സംഘത്തിന് ആശംസകള്‍, ഇതൊക്കെ അയാള്‍ സ്ഥിരമായി ട്വീറ്റ് ചെയ്യുന്നുണ്ട്. ആഫ്രിക്കയെക്കുറിച്ചും കെനിയയിലെ വിദ്യാര്‍ത്ഥികളോട് അവരുടെ ഭാവിയെക്കുറിച്ചും അയാള്‍ നാടകീയമായ രീതിയില്‍ ആശംസിക്കും.

പക്ഷേ, തെരുവുകളില്‍ കൊല്ലപ്പെടുകയും നിരാശാബാധിതരും പ്രക്ഷോഭങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നവരുമായ ഇന്ത്യന്‍ യുവാക്കളുടെ ഭാവിക്ക് ആരാണ് ആശംസ നേരുക?

Next Story

Related Stories