TopTop
Begin typing your search above and press return to search.

പ്രമാണിമാർ കുറച്ചുനാൾ മിണ്ടാതിരിക്കട്ടെ

പ്രമാണിമാർ കുറച്ചുനാൾ മിണ്ടാതിരിക്കട്ടെ

മാനവശേഷി വകുപ്പ് ഭരിക്കാന്‍ സ്മൃതി ഇറാനിക്ക് വിദ്യാഭ്യാസ യോഗ്യതയുണ്ടോ എന്നതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ ശക്തമാണ്. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജയന്ത് ജേക്കബ് ഈ വിവാദം സംബന്ധിച്ച് അഴിമുഖത്തോട് സംസാരിക്കുന്നു. മാറേണ്ടത് ഇറാനിയല്ല, ഇന്ത്യയിലെ പ്രമാണിവര്‍ഗത്തിന്റെ മനോഭാവമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

നെഹ്‌റുവിയന്‍ സെക്യുലറിസത്തിന്റെ ഏത് അളവുകോല്‍ വച്ചു നോക്കിയാലും മണിശങ്കര്‍ അയ്യര്‍ ഒട്ടും പിന്നിലല്ല. സര്‍ദാര്‍ണിയെ വിവാഹം കഴിച്ച തമിഴ് ബ്രാഹ്മണന്‍. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള മികച്ച ബന്ധത്തിനു വേണ്ടി വാദിക്കുന്നയാള്‍. മതേതരത്വക്കുറിച്ച് ഉദ്ധരിക്കാനുള്ള വാചകങ്ങള്‍ അയ്യരോളം അറിയാവുന്ന മറ്റൊരാള്‍ ഉണ്ടാവില്ല. എങ്കിലും മറ്റനേകം മതേതരവാദികളെ പോലെ അയ്യരും നമ്മുടെ പ്രമാണി വര്‍ഗ (elitism) ത്തില്‍ പെട്ട ആള്‍ തന്നെയാണ്. എന്നാല്‍ ഓക്‌സ്‌ഫോര്‍ഡിലും ഹാര്‍വാര്‍ഡിലും സെന്റ് സ്റ്റീഫന്‍സിലും പഠിക്കാത്ത, നല്ല ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരും ഉള്ള നാടാണിത്. അവര്‍ക്കും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനും നേതൃത്വത്തിലെത്താനുമൊക്കെയുള്ള ആഗ്രഹങ്ങളുണ്ട്. അതിനെ ഈ പ്രമാണിവര്‍ഗ സ്വഭാവം പറഞ്ഞ് തടയിടരുത്.

മൂര്‍ച്ചയുള്ള നാക്കാണ് അയ്യരുടേത്. കോണ്‍ഗ്രസില്‍ തന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ അജയ് മാക്കന്‍ സെന്റ് സ്റ്റീഫന്‍സില്‍ പോകാതെ ഡല്‍ഹി സര്‍വകലാശാലയുടെ ഹന്‍സ്‌രാജ് കോളേജിലാണ് പഠിച്ചതെന്ന് പറഞ്ഞ് അയ്യര്‍ ഇടയ്ക്കിടെ കുത്താറുണ്ട്. ഡൂണ്‍ സ്‌കൂളില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സീനിയര്‍ കൂടിയായിരുന്നു അയ്യര്‍. ആ അയ്യരാണ് നരേന്ദ്ര മോദിയെ ചായക്കച്ചവടം നടത്താന്‍ പറഞ്ഞ് പരിഹസിച്ചത്. എന്തായാലും അതിന്റെ വില കോണ്‍ഗ്രസ് പാര്‍ട്ടി കൊടുക്കേണ്ടി വന്നു, അയ്യരാകട്ടെ, തന്റെ ലോക്‌സഭാ മണ്ഡലമായ മൈലാടുംതുറയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

മോദിയും ടീമും ആഞ്ഞടിക്കുക തന്നെയായിരുന്നു. നമ്മുടെ ഈ പ്രമാണിവര്‍ഗ- മതേതര ബ്രിഗേഡിനെ തഴഞ്ഞ്, ഒരു ചായക്കടക്കാരനും ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാമെന്ന് ലക്ഷക്കണക്കിന് സാധാരണ മനുഷ്യര്‍ തെളിയിക്കുകയും ചെയ്തു. ഇന്നുവരെ ഒരു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്ത നിരവധി പണ്ഡിതരെക്കൊണ്ട് കുത്തിനിറച്ച ഒരു സ്ഥാപനമുണ്ട്, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍. അയ്യരുടെ ബോസ് രാഹുല്‍ ഗാന്ധിക്ക് വേണ്ട ഉപദേശ, നിര്‍ദേശങ്ങള്‍ ലഭിക്കുന്നത് അവിടെ നിന്നാണ്.

ഇന്ത്യന്‍ മതേതരവാദം എല്ലാക്കാലത്തും ഒരു പ്രമാണിവര്‍ഗ പരിപാടി തന്നെയായിരുന്നു. നെഹ്‌റുവിയന്‍ സമവായവും മതേതരത്വവും പ്രചരിപ്പിക്കാനുള്ള നിരവധി മതേതര സ്ഥാപനങ്ങളില്‍ കയറിക്കൂടിയാണ് ഈ പ്രമാണിവര്‍ഗം മതേതരത്വം പ്രചരിപ്പിക്കുന്നത്. ഇതില്‍ അറിയപ്പെടുന്ന മുസ്ലീം നാമധാരികളുമുണ്ട്. (ഉദാഹരണത്തിന് നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി നോക്കുക) എന്നാല്‍ മോദിയുടെ തേരോട്ടത്തില്‍ അവര്‍ക്കാര്‍ക്കും ഒരുകുഴപ്പവുമുണ്ടായില്ല. നമ്മുടെ ഇംഗ്ലീഷ് മാധ്യമ മേഖലയിലെ മതേതര ബ്രിഗേഡും ഇവിടെ ഓര്‍ക്കാവുന്നതാണ്. ഈയൊരു പ്രമാണിവര്‍ഗ സിന്‍ഡിക്കേറ്റിനൊപ്പം ചേര്‍ന്ന് നമ്മുടെ മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള മതേരത്വം പൊലിപ്പിക്കുന്നത് എങ്ങനെയെന്ന് പരിശോധിച്ചാല്‍ മനസിലാകും. അമേരിക്കന്‍ പൗരന്മാരെവരെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയുമെങ്കിലും ഇന്ത്യയിലെ സാധാരണക്കാര്‍ അവരുടെ കാഴ്ചയ്ക്ക് പുറത്താണ്.

കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായതിനു ശേഷം ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രിയുമൊന്നിച്ച് സല്‍മാന്‍ ഖുര്‍ഷിദ് ഒരു പത്രസമ്മേളനം നടത്തിയിരുന്നു. 'ഞങ്ങള്‍ രണ്ടു പേരും ഓക്‌സ്‌ഫോര്‍ഡിലുണ്ടായിരുന്നു, അതുകൊണ്ടു തന്നെ ഞങ്ങള്‍ക്ക് പരസ്പരം നന്നായി മനസിലാകും'- ഖുര്‍ഷിദിന്റെ സന്തോഷ പ്രകടനം കാണേണ്ടതായിരുന്നു. കുറച്ച് നാള്‍ കഴിഞ്ഞ് ഖുര്‍ഷിദ് കരണ്‍ ഥാപ്പര്‍ക്ക് ഒരു ഇന്റര്‍വ്യൂ നല്‍കി. ഈ അഭിമുഖം ആ സമയത്ത് മറ്റൊരു ദേശീയ മാധ്യമത്തിലെ ജേര്‍ണലിസ്റ്റിന് കിട്ടേതായിരുന്നു. ഇതിനെ കുറിച്ച് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനോട് ആരാഞ്ഞു. 'നിങ്ങള്‍ മന്ത്രിക്കൊപ്പം ഒക്‌സ്‌ഫോര്‍ഡില്‍ പഠിച്ചിട്ടുണ്ടോ'- ആ ഉദ്യോഗസ്ഥന്റെ മറുപടി തത്ക്ഷണമായിരുന്നു. അന്തരിച്ച ബേനസീര്‍ ഭൂട്ടോ പഠിച്ചിരുന്ന അതേ സമയത്തു തന്നെ ഓക്‌സ്‌ഫോര്‍ഡില്‍ പഠിച്ചയാളാണ് കരണ്‍ ഥാപ്പറും.

മോദി സര്‍ക്കാരിലെ മാനവശേഷി വികസനമന്ത്രി 38-കാരിയായ സ്മൃതി ഇറാനിയാണ്. 'നിരക്ഷര'യായ അവരെങ്ങനെ അവിടെയെത്തി?- ഇതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങള്‍. പക്ഷേ, എന്തുകൊണ്ട് സ്മൃതി ഇറാനിക്ക് ഈ വകുപ്പ് ഭരിച്ചുകൂടാ? നിരവധി വിദേശ ഡിഗ്രികളുള്ള കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രി കപില്‍ സിബല്‍ എന്തു സംഭാവനയാണ് ഈ മന്ത്രാലയത്തില്‍ നല്‍കിയത്?

ജനങ്ങളുടെ അഭിലാഷങ്ങളാണ് ജനാധിപത്യം പ്രകടിപ്പിക്കുന്നത്. ഇവിടെ മാറിവരുന്ന ഒരു ഇന്ത്യയെയാണ് നാം കാണുന്നത്. ഒരു ചായക്കടക്കാരന് പ്രധാനമന്ത്രിയാകാം, പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച സുഷമ സ്വരാജിന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയാകാം. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യ പങ്ക് വഹിച്ച പീയൂഷ് ഗോയല്‍ മാത്രമാണ് ഇക്കൂട്ടത്തില്‍ രാഷ്ട്രീയ കുടുംബത്തില്‍ നിന്നു വരുന്നത്. കെട്ടിഘോഷിക്കപ്പെട്ട ജയറാം രമേശിനേക്കാള്‍ ഫലപ്രദമാണ് അമിത് ഷാ എന്ന് ഇപ്പോള്‍ കണ്ടില്ലേ? ജയറാം രമേശ് ഇംഗ്ലീഷ് എഴുതുന്നതുപോലെയും പറയുന്നതു പോലെയുമൊക്കെ അമിത് ഷായ്ക്ക് പറ്റുമോ എന്ന് ഇനി ചോദിക്കരുത്.

ഇതിനൊക്കെയുള്ള മറുപടി ജനം നല്‍കിക്കഴിഞ്ഞു.


Next Story

Related Stories