TopTop
Begin typing your search above and press return to search.

പൊളിക്കുന്നെങ്കില്‍ ബിജെപിയുടെ കളിനിയമങ്ങള്‍ തൊട്ടു വേണം; കോണ്‍ഗ്രസിനെ നമ്പിയിട്ട് കാര്യമില്ല

പൊളിക്കുന്നെങ്കില്‍ ബിജെപിയുടെ കളിനിയമങ്ങള്‍ തൊട്ടു വേണം; കോണ്‍ഗ്രസിനെ നമ്പിയിട്ട് കാര്യമില്ല

വലിയ സംശയമൊന്നും അവശേഷിപ്പിക്കാതെ ഇന്ത്യയുടെ പശുപ്രദേശ സംസ്ഥാനങ്ങളില്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ ആധിപത്യം നിലവില്‍ ഏതാണ്ട് പൂര്‍ണമാക്കിയ ഒന്നായിരുന്നു ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം. 403 അംഗ സഭയില്‍ 312 സീറ്റോടെ ബിജെപി വമ്പന്‍ വിജയമാണ് നേടിയത്. മറ്റ് 4 സംസ്ഥാനങ്ങളില്‍ക്കൂടി-ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍-തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നെങ്കിലും ദേശീയരാഷ്ട്രീയത്തെ നിര്‍ണയകമായി സ്വാധീനിക്കുന്ന ഫലം ഉത്തര്‍ പ്രദേശിലെ തന്നെ. തൊട്ടുകിടക്കുന്ന ഉത്തരാഖണ്ഡിലും ബിജെപി കൂറ്റന്‍ ഭൂരിപക്ഷം നേടി എന്നത് ഈ ഹിന്ദി മേഖലയിലെ അവരുടെ നിലവിലെ ആധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്നു.

പഞ്ചാബില്‍ നേടിയ വിജയം മാത്രമാണ് മുഖ്യ ദേശീയ പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പിടിച്ചു നിര്‍ത്തുന്നത്. പക്ഷേ ദേശീയരാഷ്ട്രീയത്തിലെ ബിജെപിയുടെ മേല്‍ക്കോയ്മയെ വെല്ലുവിളിക്കാവുന്ന ബഹുജനപിന്തുണയോ സംഘടനാ സംവിധാനമോ നേതൃനിരയോ ഇപ്പോളില്ലാത്ത കോണ്‍ഗ്രസിന് പഞ്ചാബ് വിജയത്തില്‍ ചാഞ്ഞുറങ്ങാനാവില്ല.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഇത്തരത്തിലൊരു വിജയം മുന്‍കൂട്ടി കണ്ടവര്‍ അധികമില്ല എന്നുതന്നെ പറയാം (എക്സിറ്റ് പോള്‍ വോട്ടെടുപ്പിന് ശേഷമാണ് എന്നതുകൊണ്ടു അത് കണക്കിലെടൂക്കേണ്ടതില്ല). യുപിയിലെ തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒരാള്‍ക്ക് രണ്ട് തെരഞ്ഞെടുപ്പുകളുണ്ടായിരുന്നു. ഒന്ന്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 71 സീറ്റ് നേടിയ പ്രകടനം, നോട്ട് നിരോധനമടക്കമുള്ള, നിലവിലെ കേന്ദ്രഭരണകാലത്തെ നടപടികള്‍ കൊണ്ടും വര്‍ഗീയ പ്രചാരണം ജനങ്ങളെ നിരന്തരമായി സ്വാധീനിക്കാവുന്ന ഒന്നല്ല എന്ന കണക്കുകൂട്ടലുകള്‍ കൊണ്ടും ബിജെപിക്ക് ആവര്‍ത്തിക്കാന്‍ കഴിയില്ല എന്ന രാഷ്ട്രീയ പ്രതീക്ഷ. മറ്റ് കക്ഷികളുടെ നില ഭദ്രമല്ലെങ്കിലും തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ അവര്‍ നിലനിര്‍ത്തുകയും ഉത്തര്‍പ്രദേശിലെ പ്രാദേശിക രാഷ്ട്രീയ സ്വാധീനശക്തികള്‍ പ്രതിഫലിക്കുകയും ചെയ്യും എന്ന കണക്കുകൂട്ടല്‍. രണ്ട്, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് വലിയ മാറ്റമുണ്ടാകുമെന്നുമുള്ള പ്രചാരണവും അമിത് ഷാ-മോദി ദ്വന്ദ്വം വിട്ടുവീഴ്ച്ചയില്ലാതെ, സൂക്ഷ്മമായി ഏറെ മാസങ്ങളായി നടത്തിയ വര്‍ഗീയ പ്രചാരണം ജനങ്ങളെ സ്വാധീനിക്കുമെന്നും മണ്ഡല്‍/സംവരണ രാഷ്ട്രീയ അടിത്തറ പതുക്കെ ഇളകിത്തുടങ്ങിയെന്നുമുള്ള കണക്കുകൂട്ടലില്‍ ബിജെപിയുടെ വിജയം പ്രവചിക്കല്‍.

ഇതില്‍ രണ്ടാമത്തേതിന്റെ സാധ്യത മോശമല്ലായിരുന്നെങ്കിലും ആദ്യത്തേതിന്റെ അടിസ്ഥാനത്തിലുള്ള പ്രവചനങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പ്രതീക്ഷയുടെ അകമ്പടി ഉണ്ടായിരുന്നു എന്നത് സമ്മതിക്കുന്നു. അതൊരു തെറ്റല്ല. ചില രാഷ്ട്രീയ സന്ദേശങ്ങള്‍ ജനങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയാണ് രാഷ്ട്രീയ നിരീക്ഷണം. അത് വെറും അഭിപ്രായസര്‍വ്വേയല്ല.

വാസ്തവത്തില്‍ ഇത് മോദി തരംഗമാണോ? ബിജെപി എന്നാല്‍ മോദി എന്ന നിലയിലേക്ക് ഒരു വിപണനതന്ത്രം ഒരുക്കിയതുകൊണ്ട്, ഹിന്ദി മേഖലയില്‍ മോദി സ്വീകാര്യന്‍ തന്നെയാണ് എന്നതില്‍ സംശയമൊന്നുമില്ല. ഹിന്ദി മേഖലയ്ക്ക് പുറത്ത് മോദി മാത്രം വിചാരിച്ചാല്‍ സംഘപരിവാറിന്റെ രാഷ്ട്രീയത്തിന് സ്വീകാര്യത കിട്ടുന്നില്ല എന്നതും വാസ്തവമാണ്.

ഗോവയും പഞ്ചാബും അതിനു തെളിവാണ്. പഞ്ചാബില്‍ 10 വര്‍ഷത്തെ അകാലി-ബി ജെ പി ഭരണം സൃഷ്ടിച്ച ഭരണവിരുദ്ധ വികാരം പോലെ യു പിയില്‍ 10 വര്‍ഷത്തെ ബി എസ് പി, എസ് പി സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരവും ഉണ്ടായിരുന്നു. ഒരു മൂന്നാം കക്ഷിയായ ബിജെപിയെ അത് കാര്യമായി സഹായിക്കുകയും ചെയ്തു. അവര്‍ക്ക് പ്രത്യേകിച്ച് പ്രാദേശികമായ ചോദ്യങ്ങളൊന്നും നേരിടേണ്ടി വന്നില്ല. എന്നാല്‍ അതല്ല ഈ തെരഞ്ഞെടുപ്പുഫലത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചത് എന്നു കാണാതിരിക്കരുത്.

മണ്ഡല്‍/സംവരണ രാഷ്ട്രീയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. ഈ രാഷ്ട്രീയം, അതിന്റെ അടിത്തറയായ സ്വത്വവാദ രാഷ്ട്രീയമുന്നേറ്റങ്ങള്‍ എന്നിവ അതിന്റെ ചരിത്രപരമായ പ്രാധാന്യത്തിന് ശേഷം ദുര്‍ബ്ബലമാകുന്നു എന്നുകൂടിയാണ് ഇത് കാണിക്കുന്നത്. ഇതിനര്‍ത്ഥം ബി എസ് പിയോ എസ് പിയോ ഇനി ഒരിയ്ക്കലും പച്ച പിടിക്കാന്‍ പോകുന്നില്ല എന്നല്ല. പക്ഷേ അതിനു സാധ്യതയുണ്ടാക്കാന്‍ അവര്‍ ഇപ്പോള്‍ കൊണ്ടുനടക്കുന്ന രാഷ്ട്രീയത്തിന് ശക്തി പോര.

ദളിതരുടെ വോട്ടുകള്‍ അടിസ്ഥാന വോട്ടുകളാക്കിയ ബി എസ് പി ഈ പ്രതിസന്ധിയെ ഒരു നിലനില്‍പ്പ് പ്രതിസന്ധിയായി നേരിടുകയാണ്. ബി എസ് പിയുടെ അടിസ്ഥാന വോട്ടുകളില്‍ കുറച്ചു കാലമായി വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നതാണു വസ്തുത. ഏത് രാഷ്ട്രീയകക്ഷിക്കും സംഭവിക്കാവുന്നതുപോലുള്ള ചില കൊഴിഞ്ഞുപോക്കുകളെ അവര്‍ക്കുണ്ടായിട്ടുള്ളൂ. അവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ (2017) കിട്ടിയതു 22.2 ശതമാനം വോട്ടാണ്; 19 സീറ്റും. മുന്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി എസ് പിയുടെ വോട്ട് ശതമാനവും സീറ്റുകളും യഥാക്രമം 11.2% - 67 (1993), 19.64% – 67 (1996), 23.06% - 98 (2002), 30.43% - 206 (2007), 25.91 % - 80(2007) എന്നിങ്ങനെയാണ്.

യുപിയിലെ ജനസംഖ്യയില്‍ 21.1 ശതമാനം ദളിതരാണ് ഉള്ളത്. അതാണ് ബി എസ് പിയുടെ രാഷ്ട്രീയാടിത്തറ. ആ രാഷ്ട്രീയാടിത്തറ ഏറിയും കുറഞ്ഞും അവര്‍ക്കൊപ്പം തന്നെയാണ് എന്നുതന്നെ പറയാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും മോശം പ്രകടനത്തില്‍ പോലും 19.77 ശതമാനം വോട്ടുകള്‍ ബി എസ് പിക്ക് ലഭിച്ചിരുന്നു. ഇത്തവണ 22.2 ശതമാനം വോട്ടുകള്‍ മായാവതിക്ക് ലഭിച്ചപ്പോള്‍ അതിന്റെ ഏറിയ പങ്കും ദളിത് വോട്ടുകള്‍ തന്നെയാണ്. എന്നാല്‍ ഈ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടായിത്തുടങ്ങി എന്നത് സംശയമില്ലാത്ത കാര്യമാണ്. ബി എസ് പിയുടെ അധികാരത്തിലെത്താനുള്ള സാധ്യതക്കുറവിനെക്കാളേറെ ദളിതരാഷ്ട്രീയത്തോടുള്ള ബി എസ് പിയുടെ പ്രതിബദ്ധതക്കുറവാണ് അതിനു കാരണം.

ആദ്യമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബി എസ് പി അധികാരത്തിലെത്തിയ 2007-ല്‍ അവര്‍ക്ക് കിട്ടിയ 30.43 ശതമാനം വോട്ടുണ്ടാക്കാന്‍ മായാവതി നടത്തിയ സര്‍വ്വസമാജ് പരീക്ഷണത്തില്‍ ഈ ദളിത് രാഷ്ട്രീയത്തിന്റെ ലോലമായ ബാക്കി പോലും ഒലിച്ചുപോയിരുന്നു. ബ്രാഹ്മണ-ദളിത് സഖ്യമുണ്ടാക്കി മായാവതി നടത്തിയ പരീക്ഷണം ഭരണം നേടിക്കൊടുത്തെങ്കിലും അത് ദളിത് രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ മാറ്റിത്തീര്‍ത്തു.

ദളിതരുടെ സാമൂഹ്യനീതി എന്ന മുദ്രാവാക്യത്തെ വിശാലാര്‍ത്ഥത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യനീതി എന്ന സങ്കല്‍പ്പത്തിലേക്ക് ഉയര്‍ത്തുകയാണ് ദളിത രാഷ്ട്രീയത്തിന്റെ മുന്നേറ്റം. എന്നാല്‍ ബി എസ് പി രണ്ട് വിധത്തില്‍ ഇതിനെ തിരസ്കരിച്ചു. ഒന്ന് കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഊന്നിയുള്ള കളികളാണ് രാഷ്ട്രീയം എന്ന പരമ്പരാഗത രാഷ്ട്രീയകക്ഷികളുടെ യുക്തി അവര്‍ ഏറ്റെടുത്തു. രണ്ട്, സ്വത്വവാദ രാഷ്ട്രീയത്തിന്റെ പരിമിതിയാണ് ഇത്. അതിന്റെ നിലനില്‍പ്പിനാസ്പദമായ രാഷ്ട്രീയ യുക്തിയാണ് അതിന്റെ മുന്നോട്ടുപോക്കിനെ തടയുന്നത്. ഇതിനെ സങ്കുചിതമായ സ്വത്വവാദ വ്യാഖ്യാനങ്ങളില്‍ തളച്ചിടുന്ന വ്യാഖ്യാനക്കസര്‍ത്തുകള്‍ നമുക്ക് കാണാം.

ഇത്തവണ, ബ്രാഹ്മണര്‍ക്ക്/സവര്‍ണ ജാതിക്കാര്‍ക്ക് പകരം മുസ്ലീങ്ങളെയാണ് ബി എസ് പി തങ്ങളുടെ ദളിത് വോട്ട് ബാങ്കിനൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ദളിതരില്‍ നിന്നും വ്യത്യസ്തമായി മുന്‍കാല രാഷ്ട്രീയ ചായ്വുകളുള്ള മുസ്ലീങ്ങള്‍ ഭൂരിഭാഗവും എസ് പിക്കൊപ്പവും ബാക്കി ബി എസ് പിക്കൊപ്പവും നിന്നു. 105 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് ബി എസ് പി ഇത്തവണ മത്സരിക്കാന്‍ ഇറക്കിയത്. ബി എസ് പി നേടിയ 19 സീറ്റുകളില്‍ 5 പേര്‍ മുസ്ലീങ്ങളാണ്.

സംസ്ഥാന തെരഞ്ഞെടുപ്പില്‍ 22.21 ശതമാനം വോട്ട് നേടിയ ഒരു കക്ഷി ഭാവിയില്‍ അപ്രസക്തമാകും എന്നു പറയുന്നത് കടന്ന കയ്യാണ്. പക്ഷേ ബി എസ് പി നിസ്സാരമല്ലാത്ത ഒരു പ്രതിസന്ധി നേരിടുന്നുണ്ട്. അത് അതിന്റെ നിലനില്‍പ്പ് പ്രശ്നം തന്നെയാണ്. പ്രധാന കാരണം, കേവലമായ തെരഞ്ഞെടുപ്പ് വിജയ രാഷ്ട്രീയത്തെ പൊക്കിപ്പിടിക്കുന്ന ഒരു കക്ഷി എന്ന നിലയില്‍ ലോക്സഭയിലേക്കടക്കം കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ എംപി, എംഎല്‍എമാരുടെ എണ്ണക്കണക്കില്‍ കുത്തനെ താഴോട്ടുപോയ ബി എസ് പി വെറും 15 മുതല്‍ 20 വരെ മാത്രം എംഎല്‍എമാരെ നല്കാന്‍ പ്രാപ്തിയുള്ള തങ്ങളുടെ അടിസ്ഥാന വോട്ടുബാങ്കിനെ എങ്ങനെ നിലനിര്‍ത്തും എന്നും ഈ നാമമാത്ര പ്രാതിനിധ്യത്തെ എങ്ങനെ വിശ്വസനീയമായ രാഷ്ട്രീയ അസ്തിത്വമാക്കി മാറ്റും എന്നതും പ്രശ്നമാണ്.

ബി എസ് പി എന്നാല്‍ മായാവതിയാണ്, മായാവതി മാത്രമാണ് എന്നത് തന്നെ ദളിത് രാഷ്ട്രീയത്തെ ചുരുക്കിക്കെട്ടിയതിന്റെ ഒരു ലക്ഷണമാണ്. ആ മായാവതിക്കാകട്ടെ അടുത്ത തന്റെ രാജ്യസഭ എംപി സ്ഥാനം നിലനിര്‍ത്താന്‍ പോലും ഇനി ബുദ്ധിമുട്ടാണ് എന്നു വരുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല.

സമാജ് വാദി പാര്‍ട്ടിയെ സംബന്ധിച്ച് അവര്‍ ഇല്ലാതാകാനൊന്നും പോകുന്നില്ല. ഞങ്ങളന്നേ പറഞ്ഞില്ലേ എന്ന രീതിയില്‍ മുലായം സിംഗ് യാദവും കൂടെ ശിവപാല്‍ യാദവുമൊക്കെ ബഹളമുണ്ടാക്കുമെങ്കിലും യുപിയിലെ പ്രധാന പ്രതിപക്ഷമെന്ന നില അവരെ നിലനിര്‍ത്തുകതന്നെ ചെയ്യും. മാത്രവുമല്ല ബി ജെ പി ഭരണത്തിന്റെ വിഭാഗീയമായ അജണ്ടകളെ ഭരണത്തിനു പുറത്തുള്ള ഇക്കാലത്ത് ബി എസ് പിയുമായ് ചേര്‍ന്ന് എതിര്‍ക്കാനുള്ള രാഷ്ട്രീയബുദ്ധി കാണിച്ചാല്‍ തീര്‍ച്ചയായും 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഇരുകക്ഷികള്‍ക്കും ജീവന്‍ നല്‍കും.

എന്നാല്‍ അവര്‍ക്ക് നേരിട്ട തിരിച്ചടി നിസ്സാരമല്ല. 1993-ല്‍ 109 സീറ്റും 17.94 ശതമാനം വോട്ടും കിട്ടിയ ഇതുവരെയുള്ള ഏറ്റവും മോശം പ്രകടനത്തെക്കാളും സീറ്റ് നിലയില്‍ മോശമാണ് ഇത്തവണ എസ് പി; 21.8 ശതമാനം വോട്ടും 47 സീറ്റും. ജയിച്ചവരില്‍ 17 പേര്‍ മുസ്ലീങ്ങളാണ് എന്നുള്ളത് എസ് പിക്ക് അല്പം ആശ്വാസം നല്‍കും. മുസ്ലീങ്ങളടക്കം മോദിക്ക് വോട്ട് ചെയ്തു എന്നതു പോലുള്ള വ്യാജ പ്രചരണങ്ങള്‍ക്കിടയ്ക്ക് പ്രത്യേകിച്ചും.

യാദവരൊഴിച്ചുള്ള ഒബിസിക്കാര്‍ എസ് പിയെ കയ്യൊഴിഞ്ഞത് ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല. സംസ്ഥാന ജനസംഖ്യയുടെ 40 ശതമാനം വരുന്ന ഒബിസിക്കാര്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് (29.13%) എസ് പിയെ നിര്‍ണ്ണായകമായി പിന്തുണച്ചത്. വാസ്തവത്തില്‍ എസ് പിയുടെ മുസ്ലീം വോട്ടുകള്‍ അവര്‍ക്ക് ഒബിസി വോട്ടുകളിലെ ചോര്‍ച്ചയെ മറച്ചുവെക്കാന്‍ സഹായിച്ചിരുന്നു.

ഇത്തവണ ഒ ബി സിക്കാര്‍ക്കിടയിലെ ഓരോ ജാതിയെയും തെരഞ്ഞുപിടിച്ച് ബി ജെ പി നടത്തിയ ദൌത്യം എസ് പിയുടെ പൊതു ഒബിസി സ്വീകാര്യതയില്‍ വലിയ വിള്ളല്‍ വീഴ്ത്തി. അത് തിരിച്ചുപിടിക്കാന്‍ ഒരുപക്ഷേ അഖിലേഷ് യാദവിന്റെ വികസന മുദ്രാവാക്യത്തിന് കഴിഞ്ഞേക്കുമെന്ന പ്രതീതി ഉണ്ടാക്കിയിരുന്നെങ്കിലും ഒന്നും നടന്നില്ല.

അപ്പുറത്ത് ബി ജെ പിയാണ് എന്നതുകൊണ്ടുമാത്രമാണ് എസ് പിക്ക് ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കാന്‍ നമുക്ക് തോന്നുന്നത്. അല്ലാത്തപക്ഷം തികഞ്ഞ ഗുണ്ടാരാജിന്റെ അധികാര പ്രയോഗമാണ് അവരുടെ സര്‍ക്കാര്‍. അതില്‍ നിന്നുള്ള മാറ്റമാണ് തന്റെ നേതൃത്വത്തില്‍ എന്നാണ് അഖിലേഷ് യാദവ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെങ്കിലും ജനം ന്യായമായും വിശ്വസിച്ചില്ല എന്നുവേണം കരുതാന്‍.

ബി ജെ പി വാസ്തവത്തില്‍ തങ്ങളുടെ സവര്‍ണ വോട്ടുകളുടെ അടിത്തറയ്ക്കൊപ്പം ഈ ഒ ബി സി വോട്ടുകളെക്കൂടി ചേര്‍ത്തുനിര്‍ത്തിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും അതേ വിജയം ആവര്‍ത്തിച്ചത്. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ 42.61 ശതമാനം വോട്ടും 71 സീറ്റും നേടിയ ബി ജെ പി നിയമസഭ തെരഞ്ഞെടുപ്പില്‍ (2017) 39.7 ശതമാനം വോട്ടും 403-ല്‍ 312 സീറ്റും നേടിയത് ഈ ഒ ബി സി ജാതി ബോധത്തെ ഫലപ്രദമായി ഹിന്ദുത്വവത്കരിക്കുകയും വേണ്ടത്ര അധികാരപങ്കാളിത്തം തങ്ങള്‍ക്ക് നല്‍കുന്നില്ല എന്ന യാദവ വിരോധത്തെ രാഷ്ട്രീയവത്കരിക്കുകയും വോട്ടാക്കി മാറ്റുകയും ചെയ്തുകൊണ്ടാണ്. ജാതിക്കപ്പുറത്തുള്ള വോട്ടാണ്, വികസന നായകനുള്ള വോട്ടാണ് യുപിയില്‍ ബി ജെ പി വാങ്ങിയത് എന്നതൊക്കെ കളിമ്പം മാറാത്ത കുട്ടിത്തരക്കാരോട് പറയാന്‍ കൊള്ളാം!

ഇനി ഇതെങ്ങനെയാണ് ദേശീയരാഷ്ട്രീയത്തില്‍ പ്രതിഫലിക്കാന്‍ പോകുന്നത്? അത്ര ലളിതമായ സാധ്യതകളല്ല ഇനിയുള്ളത്. ശിഥിലമായ പ്രതിപക്ഷവും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷ നേതാക്കന്മാരും കൂടി കോണ്‍ഗ്രസ് ഭരണത്തെ പതിറ്റാണ്ടുകള്‍ താങ്ങിനിര്‍ത്തിയത് ചരിത്രമാണ്. സ്വന്തം ഭാരം കൊണ്ട് ജീര്‍ണമായി നിലംപതിക്കാന്‍ കോണ്‍ഗ്രസിനവര്‍ അവസരം നല്‍കിയെന്ന് പറയാം. ബി ജെ പിക്കും സാവകാശം ലഭ്യമാകാന്‍ പോകുന്നത് ഈ സാധ്യതയാണ്.

ഉദാഹരണത്തിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തെ, അയാളുടെ വംശഹത്യയുടെയും പൊള്ളയായ ഗുജറാത്ത് മാതൃകയെ തുറന്നുകാട്ടിയും ആക്രമിക്കാന്‍ ഈ പ്രതിപക്ഷത്തിനാകാഞ്ഞത് ഇന്ത്യയിലെ ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ എല്ലാ ജീര്‍ണതകളുടെയും പ്രത്യക്ഷ പ്രതീകമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞിരുന്നു എന്നതുകൊണ്ടാണ്. സാമ്പത്തിക നയങ്ങളും മൃദു ഹിന്ദുത്വ നയങ്ങളുമായി സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ നിലമൊരുക്കുകയും ചെയ്തത് ഇതേ കോണ്‍ഗ്രസായിരുന്നു. ആദിവാസികളെ ഖനന കമ്പനികള്‍ക്ക് വേണ്ടി വേട്ടയാടാന്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ അയക്കുന്നത് മുതല്‍ ( ഛത്തീസ്ഗഡില്‍ മാവോവാദികള്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ യു പി എ- 2 സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍, സ്വന്തം ജനതയ്ക്കെതിരെ ഒരു കാരണവശാലും വ്യോമസേന ആക്രമണം നടത്തില്ലെന്ന അന്നത്തെ വ്യോമസേന മേധാവിയുടെ ഉറച്ച നിലപാടാണ് അന്നതൊഴിവാക്കിയത്) ആഗോളീകരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും എല്ലാ ജനവിരുദ്ധ പരിഷ്കാരങ്ങളും നടപ്പാക്കാന്‍ തുടങ്ങിയത് ഇതേ കോണ്‍ഗ്രസായിരുന്നു. ഇപ്പോള്‍പ്പോലും കോണ്‍ഗ്രസ് തുടക്കം കുറിച്ച സാമ്പത്തിക പരിഷ്കരണ നടപടികളാണ് മോദി നടപ്പാക്കുന്നത്- അത് നേരിട്ടുള്ള വിദേശ നിക്ഷേപം മുതല്‍ തൊഴില്‍ നിയമ ഭേദഗതി വരെ- എന്നതാണു വാസ്തവം.

ഇത്തരത്തിലൊരു കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി മതേതര ബദല്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനം അവിശ്വസിക്കുക സ്വാഭാവികമാണ്. കാരണം സമരം ഉയരേണ്ടത് കോണ്‍ഗ്രസും ബി ജെ പിയും ഒരേപോലെ നടപ്പാക്കുന്ന മൂലധന ഭീകരതയ്ക്കെതിരായാണ്. എന്നാല്‍ എസ് പി, ബി എസ് പി, ടി എം സി തുടങ്ങിയ കക്ഷികള്‍ മുതല്‍ ഇടതുപക്ഷം എന്നു പറയുന്ന സി പി എം വരെ ഇതേ മൂലധനദാസ്യത്തിന്റെ വക്താക്കളാണ് എന്നു കാണാം. അതാണ് ‘രാഷ്ട്രീയത്തിനതീതമായ വികസനത്തിന്റെ’ കിഞ്ചന വര്‍ത്തമാനം. അദാനിക്ക് വിഴിഞ്ഞം തീറെഴുതിക്കൊടുത്ത കരാറിനെക്കാള്‍ ജനവിരുദ്ധമായ കരാറിലൊന്നുമല്ല മോദിയും ഒപ്പിടുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കങ്ങള്‍ സ്വാഭാവികമാണെന്നും അതിനിടയില്‍ പരിസ്ഥിതിവാദികളെ അടുപ്പിക്കരുത് എന്നും പറയുന്ന പിണറായി വിജയന്റെ അതേ നയമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും നടപ്പാക്കുന്നത്.

അതായത് ഫാഷിസത്തിനെതിരായ പോരാട്ടം എന്നു പറഞ്ഞാല്‍ അതിന്റെ നട്ടെല്ലായ മൂലധന ഭീകരതയ്ക്കെതിരാണ്. ആ രാഷ്ട്രീയം നിരന്തരമായ സമരങ്ങളിലൂടെ സമൂഹത്തെ ഇളക്കിമറിക്കുകയും അസ്വസ്ഥമാക്കുകയും വേണം. അല്ലെങ്കിലാണ് നോട്ട് പിന്‍വലിക്കല്‍ നിങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്നു മോദിയും അമിത് ഷായും യു.പിയിലെ ഗ്രാമങ്ങളിലെ ദരിദ്രരായ മനുഷ്യരോടു പറയുമ്പോള്‍ അവര്‍ വിശ്വസിക്കുന്നത്. അതെങ്കില്‍ അത് എന്ന മട്ടില്‍ അവര്‍ മോദിക്ക് വോട്ട് ചെയ്യും. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഒരു സമരം പോലും കണ്ടിട്ടില്ലാത്ത പ്രദേശങ്ങളാണ് ഇതെല്ലാം. ജനകീയ സമരങ്ങളോടാകട്ടെ മറ്റേത് സര്‍ക്കാരിനെയും പോലെ പോലീസ് ഭീകരത അഴിച്ചുവിട്ടാണ് എസ് പി സര്‍ക്കാരും പ്രതികരിച്ചത്.

ഹസാരിബാഗില്‍ ഖനനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ആദിവാസികളടക്കമുള്ള ഗ്രാമീണര്‍ നടത്തിയ പ്രതിഷേധത്തെ ഭീകരമായ പൊലീസ് അടിച്ചമര്‍ത്തല്‍ നടത്തിയാണ് സമാജ് വാദി സര്‍ക്കാര്‍ നേരിട്ടത്. നാല് പേരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇതൊക്കെത്തന്നെയാണ് ബി ജെ പി സര്‍ക്കാരും നടപ്പാക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നം, ഭരണഘടനയുടെ സത്ത ലംഘിക്കല്‍ എന്നിവയൊക്കെ മറയില്ലാതെ പറഞ്ഞാല്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഒരു പ്രശ്നമല്ല. കാരണം അന്നന്നത്തെ അന്നം കണ്ടെത്തുന്നതിനുള്ള കഷ്ടപ്പാടില്‍ അതൊന്നും അവരെ സ്പര്‍ശിക്കുന്നതെയില്ല. എന്നാല്‍ തങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ക്കെതിരെ, കൃഷിഭൂമി പിടിച്ചെടുക്കുന്നതിനെതിരെ അവര്‍ക്ക് കൃത്യമായ അഭിപ്രായമുണ്ട്. അതുകൊണ്ടാണ് സ്വകാര്യ മൂലധനത്തിന്റെ കൊള്ളക്കായി കൃഷിഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാരിന് വ്യാപക അധികാരങ്ങള്‍ നല്‍കുന്ന തരത്തില്‍ നിയമഭേദഗതിക്ക് തുനിഞ്ഞപ്പോള്‍ രാജ്യത്ത് കര്‍ഷകര്‍ അതിനെതിരെ ഉയര്‍ത്തിയ പ്രതിഷേധം ആ നീക്കത്തില്‍ നിന്നും ബി ജെ പി സര്‍ക്കാരിനെ പിന്തിരിപ്പിച്ചത്. എന്നാല്‍ അതേ കര്‍ഷകര്‍ തന്നെ എന്തുകൊണ്ട് ബി ജെ പിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നു എന്നാണ് ചോദ്യം. കാരണം അത്തരം പ്രതിഷേധങ്ങളെ രാഷ്ട്രീയമായ വര്‍ഗബോധത്തിലേക്ക് പരിവര്‍ത്തിപ്പിക്കാവുന്ന മുന്നേറ്റങ്ങള്‍ ഇല്ല എന്നതാണ്.

അതായത് ഭരണവര്‍ഗത്തോടുള്ള ജനത്തിന്റെ അസംതൃപ്തിയാണ് മോദിക്ക് കിട്ടുന്ന വോട്ടെന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. എന്നാല്‍ വാസ്തവം അതാണ്. മോദി സ്വയം പ്രതിഷ്ഠിക്കുന്നത് തന്നെ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഒരാളായാണ്. അതാണയാള്‍ വില്‍ക്കുന്നത്. അയാള്‍ ഡല്‍ഹിയില്‍ തമ്പടിച്ച രാഷ്ട്രീയ നേതൃത്വത്തെ പിഴുതെറിയാന്‍ വരുന്നു, അയാള്‍ ജനം വെറുക്കുന്ന കുടുംബാധിപത്യത്തെ ചോദ്യം ചെയ്യുന്നു, ജനത്തിനോടു സംസാരിക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസിന്റെ കണ്ണാടിക്കൂട് നെഹ്രു കുടുംബത്തില്‍ നിന്നും വ്യത്യസ്തമായി ചോദ്യാത്തരങ്ങളുമായി ജനങ്ങളെ രസിപ്പിക്കുന്നു, അയാള്‍ തെരഞ്ഞെടുപ്പുകളെ മുന്നില്‍ നിന്നും നയിക്കുന്നു.

ഇതിനപ്പുറമുള്ള മോദി കോര്‍പ്പറേറ്റുകളുടെ കാവല്‍ക്കാരനും വേലക്കാരനുമാണ്. പക്ഷേ അത് ജനങ്ങളോട് പറയണമെങ്കില്‍ ആ രാഷ്ട്രീയം പറയണം. ആ രാഷ്ട്രീയം ഇല്ലാത്തവര്‍ എങ്ങനെ അത് പറയും. അതാണ് വാസ്തവത്തില്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കുന്നത്.

അതെന്തുതരം രാഷ്ട്രീയമാണ്? അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമല്ല. അത് സമരങ്ങളുടെയും ജനകീയ പോരാട്ടങ്ങളുടെയും മൂലധനക്കൊള്ളക്കെതിരായ ചോദ്യം ചെയ്യലുകളുടെയും രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയമില്ലാത്തവര്‍, അല്ലെങ്കില്‍ ഇത് വെറും പുറംപൂച്ചായി കൊണ്ടുനടക്കുന്നവര്‍ക്ക് സംഘപരിവാറിന്റെ മതേതര വിരുദ്ധതയും തീവ്ര ഹിന്ദുത്വവും അതിതീവ്ര സങ്കുചിത ദേശീയതയും മാത്രമാണ് എതിര്‍പ്പിനുള്ള സംഗതികള്‍. പക്ഷേ മേല്‍പ്പറഞ്ഞ മൂലധന കൊള്ളയുടെ കൂടെച്ചേര്‍ത്താണ് ഈ സംഘപരിവാര്‍ രാഷ്ട്രീയം അധികാരം കയ്യാളുന്നത്. അതുകൊണ്ടു ഒന്നിനെ മാത്രമായി എതിര്‍ക്കാനാവില്ല.

ഇത്തരമൊരു രാഷ്ട്രീയത്തിനുള്ള സാധ്യതകള്‍ നിലവിലെ സാമ്പ്രദായിക രാഷ്ട്രീയകക്ഷികള്‍ക്കിടയില്‍ വളരെ കുറവാണ്. പക്ഷേ മറ്റൊന്നു സംഭവിക്കാം. ചെറുതും വലുതുമായ ജനകീയ പ്രതിഷേധങ്ങള്‍ മൂലധന കൊള്ളയ്ക്കെതിരായി രാജ്യത്ത് നടക്കുമ്പോള്‍ അതിന്റെ ഫലമായി തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധവികാരം പ്രതിഫലിച്ചേക്കാം. അല്ലാതെ രാഹുല്‍ ഗാന്ധിയുടെ ശിക്കാരി ശംഭു മാതൃകയിലുള്ള കോണ്‍ഗ്രസിനെയൊക്കെ ഒരു ബദലായി ജനം കാണണമെന്ന് പറഞ്ഞാല്‍ അതിമോഹമാകും.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍-2019-ല്‍ എന്ത് തരത്തിലുള്ള രാഷ്ട്രീയമാറ്റങ്ങളാകും ഉണ്ടാകുക എന്നൊന്നും ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ ഒന്നുറപ്പാണ്, ജനകീയ സമരങ്ങളുടെ പിന്‍ബലമില്ലാത്ത ഒരു രാഷ്ട്രീയപ്രതിഷേധത്തിനും മോദിയുടെ വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിരോധിക്കാനാവില്ല. കാര്‍ഷിക മേഖലയിലെ ഭൂവുടമ ബന്ധങ്ങളെയും വിഭവസ്രോതസുകളുടെ മേലുള്ള സാമൂഹ്യാധികാരത്തെയും കുറിച്ചുള്ള വര്‍ഗരാഷ്ട്രീയം ഏത് രൂപത്തിലായാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തമാണ്. അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന രാഷ്ട്രീയ നിലപാടുകളാണ് വലതുപക്ഷ വിരുദ്ധതയുടെ പേരില്‍ ജനങ്ങളുടെ അംഗീകാരം നേടാന്‍ സാധ്യതയുള്ളത്. അല്ലെങ്കില്‍ കേവലമായ അഭിപ്രായ സ്വാതന്ത്ര്യ വിലാപം ഒരു ഉപരിവര്‍ഗ നേരമ്പോക്കായി മാത്രം അവഗണിക്കപ്പെടും.

ഈ വിജയങ്ങളോടെ മോദിയുഗത്തിന് തില്ലാന പാടുന്നവരായി മാറാന്‍ മാധ്യമങ്ങളടക്കം കാണിക്കുന്ന വ്യഗ്രത അമ്പരപ്പിക്കുന്നതും ആശങ്കാജനകവുമാണ്. സൈന്യം, ഉന്നത നീതിന്യായ കോടതികള്‍, സര്‍വകലാശാലകള്‍, മാധ്യമങ്ങള്‍ എന്നിവയെല്ലാം അപകടകരമായ വിധത്തില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പദ്ധതികള്‍ക്കനുസരിച്ച് നീങ്ങാനുള്ള പ്രവണത കാണിക്കുകയാണ്. ചെറുതെങ്കില്‍പ്പോലും നാനാതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കു മാത്രമേ ഇതിനെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കാനാകൂ. അതിനാകട്ടെ ജനങ്ങളോട് നിരന്തരമായി ഈ മൂലധന-തീവ്ര സങ്കുചിത ദേശീയവാദത്തിനെതിരായുള്ള രാഷ്ട്രീയം പറയുകയും അവരെ രാഷ്ട്രീയവത്കരിക്കുകയും വേണം. അതില്ലാത്ത വലതുപക്ഷ വിരുദ്ധത വെറും തെരഞ്ഞെടുപ്പുകളി മാത്രമാണ്.

മോദിയും സംഘപരിവാറുമാകട്ടെ ആ കളി നന്നായി കളിക്കുകയും ചെയ്യുന്നു. അതില്‍ കളിക്കാന്‍ നിശ്ചയിച്ചാല്‍ കളിനിയമങ്ങള്‍ മുഴുവന്‍ അവരാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ആ കളിത്തട്ട് പൊളിക്കുക എന്നതാണ് ജനാധിപത്യ, നിസ്വവര്‍ഗ രാഷ്ട്രീയത്തിന്റെ മുന്നിലുള്ള വെല്ലുവിളി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories