TopTop
Begin typing your search above and press return to search.

ആരാണ് മുഹമ്മദ് നയീമുദ്ദീന്‍? അയാളുടെ കൊലയ്ക്ക് പിന്നിലെ ഉന്നതനാര്?

ആരാണ് മുഹമ്മദ് നയീമുദ്ദീന്‍? അയാളുടെ കൊലയ്ക്ക് പിന്നിലെ ഉന്നതനാര്?

അഴിമുഖം പ്രതിനിധി

തെലങ്കാന പോലീസിന്റെ പ്രത്യേക നക്സലൈറ്റ് വിരുദ്ധ വിഭാഗം ഗ്രേഹൌണ്ട്സ് വലിയ സന്തോഷത്തിലാണ്. കാരണം മുന്‍ നക്സലൈറ്റും പിന്നീട് ഗുണ്ടാത്തലവനുമായ മുഹമ്മദ് നയിമുദ്ദീനെ മഹബൂബ് നഗര്‍ ജില്ലയിലെ ഷാദ്നഗര്‍ പട്ടണത്തില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ അവര്‍ വെടിവെച്ചുകൊന്നു. 1993-ല്‍ ഒരു ഐ പി എസ് ഉദ്യോഗസ്ഥനെ കൊന്നതിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഗുജറാത്തിലെ സോഹ്റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലും ഇയാളെ സി ബി ഐ അന്വേഷിച്ചിരുന്നു.

ഡിച്ചപ്പള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 1 കോടി രൂപയുടെ പണം തട്ടിയെടുക്കല്‍ കേസിന്റെ അന്വേഷണത്തിനിടെയുണ്ടായ വെടിവെപ്പിനിടയിലാണ് നയിമുദ്ദീന്‍ കൊല്ലപ്പെട്ടത്. ഒരു ഫോര്‍ഡ് എന്‍ഡവറില്‍ മില്ലേനിയം ടൌണ്‍ ഷിപ്പിലേക്ക് വരികയായിരുന്ന നയിമുദ്ദീന്‍ പോലീസ് സംഘത്തിന് നേരെ വെടിവെക്കുകയായിരുന്നു എന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും ഒരു എ കെ 47 തോക്കും ഒരു പിസ്റ്റലും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

കീഴടങ്ങിയ മാവോവാദികളായ സാംബശിവഡു, സഹോദരന്‍ രാമുലു, പറ്റോള ഗോവര്‍ദ്ധന്‍ റെഡ്ഡി, പൌരാവകാശ നേതാവ് പുരുഷോത്തം, ഗ്രേഹൌണ്ട്സ് സ്ഥാപകന്‍ ഐ പി എസ് ഉദ്യോഗസ്ഥനായ കെ എസ് വ്യാസ് എന്നിവരുടെയുമടക്കം 20 കൊലപാതക കേസുകളില്‍ നയീം പ്രതിയായിരുന്നു. അയാളും സംഘവും ഭൂമി ഇടപ്പാടുകള്‍ തീര്‍പ്പാക്കല്‍, അനധികൃത ആയുധ കച്ചവടം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സജീവമായിരുന്നു. മഹബൂബ് നഗര്‍, നല്‍ഗോണ്ട ജില്ലകളിലെ നയിമുദ്ദീന്റെ ഭൂമി ഇടപാടുകളും, പണം തട്ടിപ്പുകളും സംബന്ധിച്ച് ഭരണകക്ഷിയില്‍പ്പെട്ട രണ്ടു എം എല്‍ എമാര്‍ ആരോപണം ഉന്നയിച്ചിരുന്നു.

സൊഹ്രാബുദ്ദീന്‍ വധക്കേസിലെ നിര്‍ണായക സാക്ഷി
വ്യാജ ഏറ്റുമുട്ടല്‍ എന്നാരോപിക്കപ്പെടുന്ന കൊലപാതകത്തിലൂടെ 2005-ല്‍ ഗുജറാത്ത് പൊലീസ് വധിച്ച സൊഹ്രാബുദ്ദീന്‍ ഷേഖ്, ഭാര്യ കൌസര്‍ ബീ എന്നിവരുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ മുഖ്യസാക്ഷിയായിരുന്നു ഗുജറാത്ത് പൊലീസ് കലിമുദ്ദീന്‍ എന്നുവിളിക്കുന്ന മുഹമ്മദ് നയിമുദ്ദീന്‍.

നയീമായിരുന്നു സൊഹ്രാബുദ്ദീന്‍റെ നീക്കങ്ങളെക്കുറിച്ച് പോലീസിന് വിവരം നല്‍കിയതെന്ന് കരുതുന്നു. 2005-നവംബറില്‍ ഹൈദരാബാദ്-സാങ്ഗ്ലി ബസില്‍ നിന്നും സൊഹ്രാബുദ്ദീനെയും കൌസര്‍ ബിയെയും ഗുജറാത്ത്, ആന്ധ്ര പൊലീസ് പിടിച്ചുകൊണ്ടുപോകുമ്പോള്‍ കലിമുദ്ദീനും ബസിലുണ്ടായിരുന്നു എന്ന് ഗുജറാത്ത് പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്കകം സൊഹ്രാബുദ്ദീനും കൌസര്‍ ബിയും കൊല്ലപ്പെട്ടു. കലിമുദ്ദീന്‍ പൊലീസിന് വിവരം നല്‍കുന്ന ഒരാളായിരുന്നു എന്നും 2003-ലെ, ഗുജറാത്ത് മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യ വധക്കേസിലെ പ്രതിയാണെന്നും ഗുജറാത്ത് പൊലീസ് പറയുന്നുണ്ട്.

നിരോധിത സംഘടനയായ ലഷ്കര്‍-ഇ-തെയ്ബയുമായും പാകിസ്ഥാന്റെ ചാര സംഘടനയുമായും ബന്ധമുണ്ടായിരുന്ന സൊഹ്രാബുദ്ദീന്‍ ഷേഖ് സംസ്ഥാനത്തെ ഒരു ‘പ്രധാന രാഷ്ട്രീയ നേതാവിനെ’ വധിച്ചു വര്‍ഗീയ കലാപം ഇളക്കിവിടാന്‍ ആസൂത്രണം ചെയ്തു എന്നാണ് ഗുജറാത്ത് പൊലീസ് പറഞ്ഞത്. ഷേഖിന്റെ ലക്ഷ്യം ആരെന്നു ഔദ്യോഗികമായി പൊലീസ് പുറത്തുവിട്ടില്ലെങ്കിലും അത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയെ നരേന്ദ്ര മോദിയായിരുന്നു എന്ന പ്രതീതി പരക്കെ ജനിപ്പിച്ചു.2005 നവംബര്‍ 23-നു പുലര്‍ച്ചെ 1:30 നാണ് ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയിലെ സാങ്ഗ്ളിയിലേക്ക് ബസില്‍ പോവുകയായിരുന്ന സൊഹ്രാബുദ്ദീനെയും ഭാര്യ കൌസര്‍ ബിയെയും ഗുജറാത്ത് പൊലീസിന്‍റെ ഭീകര വിരുദ്ധ സംഘം ബസ് തടഞ്ഞു പിടികൂടികൊണ്ടുപോവുകയായിരുന്നു. കൌസര്‍ തന്നെ ഭര്‍ത്താവിന്റെ കൂടെ നിര്‍ത്തണം എന്നാവശ്യപ്പെട്ടെങ്കിലും അവരെ അഹമ്മദാബാദിന് പുറത്തുള്ള ദിശയിലേ ഒരു കൃഷിയിടപ്പുരയിലേക്ക് കൊണ്ടുപോയി. മൂന്നു ദിവസത്തിനുശേഷം അഹമ്മദാബാദിലെ വിഷാല ചത്വരത്തിനടുത്തുള്ള ദേശീയപാതയില്‍ ഒരു വ്യാജ ഏറ്റുമുട്ടല്‍ എന്നാരോപിക്കപ്പെടുന്ന വെടിവെപ്പില്‍ സൊഹ്രാബുദ്ധീനെ വധിച്ചു. ഇതിന് രണ്ടു ദിവസത്തിന് ശേഷം ശ്വാസം മുട്ടിച്ചുകൊന്ന കൌസര്‍ ബിയുടെ മൃതദേഹം അന്നത്തെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡി ജി വന്‍സാരയുടെ ജന്‍മനാടായ ഇല്ലോലില്‍ മറവ് ചെയ്തു. കൌസര്‍ ബിയുടെ കൊല ഗുജറാത്ത് സംസ്ഥാന അറ്റോര്‍ണി പിന്നീട് സുപ്രീം കോടതിയില്‍ സമ്മതിച്ചു.

അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശാനുസരണം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഈ ഏറ്റുമുട്ടല്‍ കൊലപാതക നാടകം തയ്യാറാക്കിയതെന്ന് ആരോപണമുയര്‍ന്നു. അയല്‍ സംസ്ഥാനമായ രാജസ്ഥാനിലെ മുന്‍മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ഗുലാബ് ചാന്ദ് കടാരിയക്കെതിരെയും അന്വേഷണം വന്നു. ഷേഖിന്റെ കൊലപാതകത്തിന്റെ പേരില്‍ പത്തിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് പിടിയിലായി.

കുറ്റവാളിയായി മാറിയ മുന്‍ നക്സലൈറ്റ്
കുപ്രസിദ്ധനായ മുഹമ്മദ് നയീമുദ്ദീന്‍ പലരുടേയും ആരാധന വരെ പിടിച്ചുപറ്റിയ ഒരു വലിയ പരിവേഷത്തിലായിരുന്നു കഴിഞ്ഞത്. നക്സല്‍ നേതാക്കളെ കൊല്ലാന്‍ കീഴടങ്ങിയ നക്സലൈറ്റുകളെ പൊലീസ് ഉപയോഗിക്കുന്ന കാലത്തായിരുന്നു അയാളുടെ ഉയര്‍ച്ച. മാവോവാദികള്‍ക്കെതിരെ പൊലീസിന്റെ വലംകയ്യായി മാറി അയാള്‍.

നയീമിന്റെത് രക്തക്കറ പുരണ്ട കൈകളായിരുന്നു. അയാള്‍ നടത്തിയ ഏറ്റവും കോളിളക്കമുണ്ടാക്കിയ കൊലപാതകം അയാളുടെ നക്സലൈറ്റ് കാലത്ത് 1993-ല്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ കെ എസ് വ്യാസിനെ കൊന്നതായിരുന്നു. ഹൈദരാബാദിന്റെ ഹൃദയഭാഗത്തുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി മൈതാനത്ത് പ്രഭാതസവാരി കഴിഞ്ഞിറങ്ങിയ വ്യാസിനെയാണ് വധിച്ചത്. ആന്ധ്രാപ്രദേശ് പൊലീസിന്റെ നക്സല്‍ വിരുദ്ധ വിഭാഗം ഗ്രേഹൌണ്ട്സ് സ്ഥാപിച്ചത് 1986-ല്‍ വ്യാസായിരുന്നു.

1980-കളുടെ അവസാനകാലത്ത് നക്സലൈറ്റ് ചിന്താഗതിയിലേക്ക് ആകര്‍ഷിക്കപ്പെട്ട തെലങ്കാനയിലെ പല യുവാക്കളെയും പോലെ നല്‍ഗോണ്ട ജില്ലയിലെ ഭോംഗിര്‍ പട്ടണത്തില്‍ കോളേജില്‍ പഠിക്കുമ്പോഴാണ് റാഡിക്കല്‍ സ്റ്റുഡന്റ്സ് യൂണിയനിലൂടെ നയീം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് 1991-ല്‍ ആര്‍ എസ് യുവിന്റെ യൂണിറ്റ് ഭാരവാഹിയായി. ഇതിനിടെ നയീമിനെ പൊലീസ് പിടികൂടി. അന്നയാള്‍ക്ക് വെറും 19 വയസേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ പക്കല്‍ നിന്നും ഒരു ഗ്രനേഡും കണ്ടെടുത്തു. കുറച്ചാഴ്ച്ചകള്‍ക്കുള്ളില്‍ ജാമ്യത്തില്‍ വന്ന നയീം പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ (PWG) അലെര്‍ ദളത്തില്‍ ചേര്‍ന്നു.

പിന്നീട് തൊണ്ണൂറുകളുടെ അവസാനം നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് നയീം PWG വിട്ടു. 2004-ല്‍ പി‌ഡബ്ല്യു‌ജി, എം സി സിയുമായി ലയിക്കുന്നതിന് മുമ്പായിരുന്നു അത്. 2007-ല്‍ കോടതിയില്‍ നിന്നും നാടകീയമായി രക്ഷപ്പെട്ട അയാളെ പിന്നീടൊരിക്കലും ഔദ്യോഗികമായി പുറത്തുകണ്ടിട്ടില്ല. ഉന്നതന്‍മാരുടെ സഹായത്തോടെയാണ് അയാള്‍ രക്ഷപ്പെട്ടതെന്ന് സംസാരമുണ്ടായിരുന്നു. ചില ഉന്നതരെക്കുറിച്ച് ആവശ്യത്തിലേറെ കാര്യങ്ങള്‍ അറിയുന്ന അയാളെ പൊതുസമൂഹത്തില്‍ നിര്‍ത്തുന്നത് അത്ര നല്ലതല്ല എന്ന് ചിലര്‍ക്ക് തോന്നിയതായിരുന്നു കാരണമെന്ന് പറയുന്നു.മാവോവാദി നേതാക്കളെയും അനുഭാവികളെയും പൌരാവകാശ പ്രവര്‍ത്തകരേയും കൊല്ലാന്‍ അയാളെ ഉപയോഗിച്ചതിനെക്കുറിച്ചുള്ള കഥകള്‍ എളുപ്പം പടര്‍ന്നു. ഇത്തരം കൊലകളുടെ ഉത്തരവാദിത്തം നല്ലമല്ല കോബ്രാസ്, കാകതീയ കോബ്രാസ്, ഗ്രീന്‍ ടൈഗേഴ്സ് തുടങ്ങി ചില കടലാസ് സംഘടനകളുടെ പേരില്‍ നല്കി. എന്നാല്‍ മാവോവാദി പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ പൊലീസിനുവേണ്ടി പ്രവര്‍ത്തിച്ച നയീമിന്റെ സംഘങ്ങളായിരുന്നു ഈ കൊലകളെല്ലാം ചെയ്തതെന്ന് പൌരാവകാശ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന പൌരാവകാശ സംഘങ്ങള്‍ക്ക് നയീമിനെ ഭയമായിരുന്നു എന്നത് ഒരു വസ്തുതയാണ്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന കെ ബാലഗോപാല്‍ നയീമിനെ കൂടെ 50 പേരുടെ സംഘമുള്ള ഏറ്റവും ഭയപ്പെടേണ്ട പ്രതിവിപ്ലവകാരിയാണ് നയീമെന്ന് വിശേഷിപ്പിച്ചിരുന്നു. ഉന്നതാധികാരികളുടെ ആശീര്‍വാദത്തിനൊപ്പം, നയീം തന്റെ പ്രവര്‍ത്തനമേഖല ഗുണ്ടാപണിയിലൂടെ ഭൂമി തര്‍ക്കങ്ങള്‍ തീര്‍ക്കല്‍, ഭീഷണിപ്പെടുത്തി പണം പിടുങ്ങല്‍, വാടകക്കൊലയാളികളെ നല്‍കല്‍, കൊലപാതകങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളിലേക്ക് വ്യാപിപ്പിച്ചു. അയാളുടെ ഒരു ഫോണ്‍ വിളിയില്‍ വേണ്ടതെല്ലാം നടക്കുന്ന കാലമായിരുന്നു. പൊലീസ് സംരക്ഷണം ഇതിനൊക്കെ കുടപിടിച്ചു. നൂറിലേറെ ഭൂമി തട്ടിപ്പ്, ഭീഷണിപ്പെടുത്തി പണം പിടുങ്ങല്‍ കേസുകളും ഇരുപതോളം കൊലപാതകക്കേസുകളും അയാളുടെ പേരില്‍ ഉണ്ടായിരുന്നു.

അറിയപ്പെടുന്ന ആരുടെ മരണം നടന്നാലും ആന്ധ്രാപ്രദേശില്‍ നയീമിന്റെ പേര് കേള്‍ക്കാമായിരുന്നു. തെലങ്കാന രാഷ്ട്ര സമിതിയില്‍ ചേര്‍ന്ന സാംബശിവുഡുവിന്റെ 2011-ലെ കൊലപാതകം അത്തരത്തിലൊന്നായിരുന്നു.

നയീമിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണ്?

സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് നിലവിലെ ഭരണത്തില്‍ വളരെ വേണ്ടപ്പെട്ട ഒരാളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ നയീം ശ്രമിച്ചതാണ് അയാളെ ഇല്ലാതാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് തെലങ്കാന പൊലീസും ഗ്രേഹൌണ്ടും ചേര്‍ന്ന് നയീമിനെ ഏറ്റുമുട്ടലില്‍ കൊന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം. ആരുടെ രഹസ്യങ്ങളുടെ ഭണ്ഡാരമാണ് നയീം തുറക്കാന്‍ നോക്കിയത്? സൊഹ്രാബുദ്ദീന്‍ കൊല്ലപ്പെട്ടതിന് സാക്ഷിയുണ്ടെങ്കില്‍ അതാരെയാണ് അങ്കലാപ്പിലാക്കുന്നത്? ആരാണാ വേണ്ടപ്പെട്ട ഉന്നതന്‍?


Next Story

Related Stories