TopTop
Begin typing your search above and press return to search.

ആദിവാസികള്‍ക്ക് മറ്റൊരു ഭീഷണി; കുരങ്ങുപനി വീണ്ടും പടരുന്നു

ആദിവാസികള്‍ക്ക് മറ്റൊരു ഭീഷണി; കുരങ്ങുപനി വീണ്ടും പടരുന്നു

എം കെ രാമദാസ്

ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പാലം കടന്നുപോകുന്ന വയനാട്ടിലെ ആദിവാസികള്‍ക്ക് ഭീഷണിയായി കുരങ്ങുപനിയും. ഒരു കൊല്ലത്തിനിടെ പതിനൊന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായ രോഗം നിയന്ത്രിക്കുന്നതില്‍ ഗവേഷകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സംവിധാനവും പരാജയം. കര്‍ണാടക വനത്തിനോട് ചേര്‍ന്നുള്ള സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വനസമ്പര്‍ക്കമുള്ള ഊരുകളാണ് കുരങ്ങുപനിയുടെ പിടിയിലുള്ളത്. ഒപ്പം കാടിന് സമീപത്തുള്ള മറ്റു വിഭാഗങ്ങളിലേയ്ക്ക് രോഗം വ്യാപിക്കുന്നതും ആശങ്കയുണ്ടാക്കുന്നു.

2015 ജനുവരിയിലാണ് കേരളത്തില്‍ കുരങ്ങുപനി ബാധിച്ചുള്ള ആദ്യ പനി റിപ്പോര്‍ട്ടു ചെയ്യുന്നത്. കര്‍ണാടക വനത്തോടു ചേര്‍ന്ന് പുല്‍പ്പള്ളി, മരക്കടവ്, ദേവര്‍ഗസ്റ്റ, കാട്ടുനായ്ക്കര്‍ കോളനിയിലെ 42-കാരി ഓമനയുടെ മരണകാരണം കുരങ്ങുപനിയാണെ് സ്ഥിരീകരിക്കപ്പെട്ടു. തുടര്‍ന്ന് ഇതുവരെ 11 പേര്‍ കുരങ്ങുപനി ബാധിച്ച് മരണത്തിന് കീഴടങ്ങി. വനത്തിനുള്ളിലോ ചേര്‍ന്നോ കഴിയുന്നവരിലാണ് ഈ രോഗം കാണുന്നത്. ഇക്കാരണം കൊണ്ടു തന്നെ മരണമടഞ്ഞവരില്‍ ഭൂരിഭാഗവും ആദിവാസികളാണ്.

വേനല്‍ രൂക്ഷമാകുന്നതോടുകൂടിയാണ് രോഗപകര്‍ച്ച ദ്രുതഗതിയിലാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലവര്‍ഷം വരുന്നതോടെ രോഗം പകര്‍ത്തുന്ന ചെള്ളുകള്‍ സുഷുപ്തിയിലാകും. ഹീമോ ഫൈസാലിസ് വിഭാഗത്തില്‍പ്പെടുന്ന ചെള്ളുകളാണ് രോഗവാഹകര്‍. ഭക്ഷണം കാര്‍ന്നുതിന്നു ജീവികളാണ് ഇത്തരം ചെള്ളുകളുടെ ആവാസകേന്ദ്രം. കുരങ്ങുകളില്‍ മാത്രമല്ല പട്ടി, മരപ്പട്ടി, പൂച്ച, മലയണ്ണാന്‍ തുടങ്ങിയവയെല്ലാം രോഗാണുവാഹകരാകാം.

ഇങ്ങനെ രോഗാണു വാഹക ജീവികളില്‍ മനുഷ്യരുമായി സാമ്യതയേറെയുള്ള കുരങ്ങുകളാണ് പ്രധാനികള്‍. അതുകൊണ്ടാണ് ഈ രോഗത്തിന് കുരങ്ങുപനിയെന്ന് പേരുവീഴാനും കാരണം. തലവേദന, പനി, കടുത്ത ശരീരവേദന, ശരീരത്തില്‍നിന്നുള്ള രക്തസ്രാവം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. ലക്ഷണം പ്രകടമാകുന്നഘട്ടത്തില്‍ ചികിത്സ തേടിയാല്‍ അപകടമൊഴിവാക്കാമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം. പ്രതിരോധ കുത്തിവെയ്പ്പുകളെക്കാള്‍ രോഗം വരുന്നത് തടയുന്നതിനുള്ള മാര്‍ഗങ്ങളാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്. വനസമ്പര്‍ക്കം ഒഴിവാക്കുകയാണ് പ്രധാനം. വനത്തില്‍ പോകുന്നവര്‍ മുഖം മൂടികളും കൈ ഉറകളും പ്രത്യേക വസ്ത്രങ്ങളും ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ചില ജീവികളുടെ ജഡവുമായുള്ള സമ്പര്‍ക്കം രോഗപ്പകര്‍ച്ചയ്ക്ക് സാധ്യത കൂടുതലാണെ് കണ്ടെത്തിയിട്ടുണ്ട്.

കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ കൈതെന്നൂര്‍ വനത്തില്‍ 1957-ലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. കൈതെന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) എന്നാണ് ഈ രോഗം നാമകരണം ചെയ്യപ്പെട്ടത്. ഇടവേളകളില്‍ കര്‍ണാടകയിലെ വനമേഖലകളില്‍ സമാന രോഗബാധയുണ്ടായി. മരണം സംബന്ധിച്ച വിവരങ്ങളൊന്നും ശേഖരിക്കുകയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല.

പ്രകൃതിയൊരുക്കിയ പ്രതിരോധത്തിനപ്പുറം രോഗവ്യാപനം തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങളൊന്നും വികസിപ്പിച്ചെടുക്കാനും കഴിഞ്ഞില്ല. കര്‍ണാടകയോട് ചേര്‍ന്ന് തമിഴ്‌നാടന്‍ കാടുകളില്‍ മനുഷ്യരില്‍ സമാന രോഗം ബാധിച്ചുവെങ്കിലും അവരും ശ്രദ്ധിച്ചില്ല. 2013-ല്‍ നിലമ്പൂര്‍ വനത്തിലും കെഎഫ്ഡി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗം പടര്‍ത്തുന്ന ജീവികളുടെ പലായനമാണ് രോഗ വ്യാപനത്തിന് കാരണം.

കടുത്ത വേനലും തുടര്‍ന്നുണ്ടാകുന്ന അഗ്നിബാധയും രോഗവ്യാപനത്തെ ത്വരിതപ്പെടുത്തുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. കൃത്രിമ കാട്ടുതീയും കെഎഫ്ഡിയ്ക്ക് കാരണമായ ചെള്ളുകളുടെ സ്ഥലം മാറ്റത്തിന് കാരണമാകുന്നതായും സൂചനയുണ്ട്. വനത്തെ ആശ്രയിച്ച് കഴിയുന്ന കാട്ടുനായ്ക്കര്‍, പണിയന്‍ എന്നിവരിലാണ് കെഎഫ്ഡി കൂടുതല്‍ വ്യാപിച്ചതെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. രോഗപ്രതിരോധശേഷി അശേഷമില്ലാത്ത ഇത്തരം വിഭാഗങ്ങളെ ഈ രോഗം അതിവേഗം കീഴടങ്ങി. അനാരോഗ്യവും അമിത മദ്യ ഉപയോഗവും തകര്‍ത്ത കാടിന്റെ മക്കള്‍ ചികിത്സ തേടാതെയും യഥാസമയം ചികിത്സ ലഭിക്കാതെയും മരണത്തിന് കീഴടങ്ങുകയാണ്. പത്ത് ശതമാനത്തില്‍ താഴെമാത്രമാണ് കെഎഫ്ഡിയുടെ മരണ സാധ്യത.


അനാരോഗ്യം ബാധിച്ച ആദിവാസികള്‍ക്ക് ഈ സാധ്യതയ്ക്കപ്പുറമാണ് രോഗവ്യാപനം. കുട്ടികള്‍, പ്രായമായവര്‍, മറ്റു രോഗം ബാധിച്ചവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെല്ലാം ഭീഷണി നേരിടുന്നു. അപകട സാധ്യത അധികമില്ലാത്ത രോഗം പോലും ആദിവാസികള്‍ക്ക് മരണത്തിലേയ്ക്കുളള വഴി തുറക്കുന്നുവെന്നാണ് ഇതുവരെയുള്ള അനുഭവം. വയനാട്ടില്‍ ഈയിടെ നിരവധിപേര്‍ക്ക് കെഎഫ്ഡി ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൃത്യചികിത്സ ലഭിച്ചവര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗബാധിതരായ ആദിവാസികളില്‍ നിരവധിപേര്‍ ചികിത്സയിലാണിപ്പോഴും.

(അഴിമുഖം കണ്‍സള്‍ട്ടിഗ് എഡിറ്ററാണ് രാമദാസ്)


Next Story

Related Stories