TopTop

കമ്യൂണിസ്റ്റുകാര്‍ കെട്ടിപ്പൊക്കിയ ക്ഷേത്രം; ഒടുവില്‍ ഏറ്റെടുക്കാന്‍ വന്ന സാമുദായിക സംഘടനയെ പടിക്കു പുറത്താക്കി നാട്ടുകാര്‍

കമ്യൂണിസ്റ്റുകാര്‍ കെട്ടിപ്പൊക്കിയ ക്ഷേത്രം; ഒടുവില്‍ ഏറ്റെടുക്കാന്‍ വന്ന സാമുദായിക സംഘടനയെ പടിക്കു പുറത്താക്കി നാട്ടുകാര്‍

ഡി ധനസുമോദ്

നാലുപതിറ്റാണ്ടു മുന്‍പു വരെ വെള്ളിക്കുളങ്ങരയില്‍ കമ്യൂണിസ്റ്റുകാര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോകുന്നത് സഞ്ചിയും റേഷന്‍ കാര്‍ഡുമായിട്ടായിരുന്നു. അരി വാങ്ങാന്‍ പോകുന്നു എന്ന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയാല്‍ മാത്രം പുറത്തിറങ്ങാവുന്ന കാലം. തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ കോടശ്ശേരി മലയുടെ അടിവാരമാണ് വെള്ളിക്കുളങ്ങരയും മോനൊടിയും ഉള്‍പ്പെടുന്ന മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും കോണ്‍ഗ്രസ് നിയന്ത്രണത്തിലായിരുന്നു. 1978 വരെ വെള്ളിക്കുളങ്ങരയിലെ ആധിപത്യം കോണ്‍ഗ്രസ് തുടര്‍ന്നിരുന്നു. ഡിസിസി നേതാവും ഭൂവുടമയുമായ തൃക്കാശ്ശേരി അരവിന്ദാക്ഷ മേനോന്‍ ആണ് സ്ഥലത്തെ ദിവ്യന്‍. മേനോന്‍ പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോള്‍ വോട്ടര്‍മാരെ വീട്ടില്‍ വിളിച്ചുവരുത്തും. വോട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കും, അവര്‍ അനുസരിക്കും. അതായിരുന്നു പതിവ്.

ഡിവൈഎഫ്‌ഐയുടെ ആദിരൂപമായിരുന്ന കെഎസ്‌വൈഎഫിന്റെ പഞ്ചായത്ത് സെക്രട്ടറിയും വെള്ളിക്കുളങ്ങര ലൈബ്രേറിയനുമായിരുന്ന ജോയ് കൈതാരത്തിനും പാര്‍ട്ടിപ്രവര്‍ത്തകരായ കനാല്‍ വേലായുധന്‍, ടി ആര്‍ നാരായണന്‍, ടി ഡി നാരായണന്‍, കണ്ണത്താന്‍ വര്‍ഗീസ് എന്നിവര്‍ക്കൊക്കെ അരവിന്ദാക്ഷമേനോനെ വെല്ലുവിളിക്കണമെന്നുണ്ടായിരുന്നെങ്കിലും പൂച്ചയ്ക്കാരു മണികെട്ടും എന്നതായിരുന്നു ഇവര്‍ക്കിടയിലെ ആശയക്കുഴപ്പം.

ഒരവസരത്തിനായി തക്കം പാര്‍ത്തിരിക്കുമ്പോഴാണ് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന മോനൊടി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിനു മുന്നില്‍ ചിലര്‍ ശബരിമലയ്ക്കു പോകാന്‍ കെട്ട് മുറുക്കുന്നത് ഇവര്‍ അറിയുന്നത്. എങ്കില്‍ അയ്യപ്പന്‍ വിളക്കു നടത്തിക്കൂടേയെന്നും തങ്ങളും കൂടി സഹായിക്കാമെന്ന് ജോയിയും കൂട്ടരും പറഞ്ഞു. വാഴപ്പിണ്ടി കൊണ്ട് ക്ഷേത്രം പണിത് ആരാധന നടത്തിയവര്‍, മെല്ലെ കാടുകയറി മരം മുറിച്ചുകൊണ്ടുവന്നു ക്ഷേത്രം പണിതു. കോടാലി ജംഗ്ഷനിലെ മനയില്‍ നിന്നും പൂജാരിയെ കൊണ്ടുവന്നു താത്ക്കാലിക പൂജ ആരംഭിച്ചു. ദേശവിളക്കും കഥപ്രസംഗവും നടത്തിയെങ്കിലും ആളുവരവും നടവരവും കുറവാണ്. ഹിന്ദു ഭൂരിപക്ഷ മേഖലയിലെ ക്ഷേത്ര പുനരുദ്ധാരണത്തിന് ക്രിസ്ത്യാനിയായ ജോയിയും വര്‍ഗീസുമൊക്കെ ക്ഷേത്ര കമ്മറ്റി അംഗങ്ങളായി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഇനി അത്ഭുതങ്ങള്‍ സംഭവിക്കാതെ ആളുകള്‍ വരില്ലെന്ന് എല്ലാവര്‍ക്കും ഉറപ്പായി.പുലി ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ ഇറങ്ങുമെന്നതിനാല്‍ സന്ധ്യ മയങ്ങിയാല്‍ ആളനക്കം തീരെ കുറയും മോനൊടിയില്‍. ഇതിനൊരു അപവാദം ശിവരാമന്‍ നായരാണ്. ഇരുട്ടും പുലിയൊന്നും നായര്‍ക്ക് പ്രശ്‌നമല്ല. വയറ്റില്‍ കിടക്കുന്ന കള്ളു പകരുന്ന ധൈര്യം. ആടിയാടി വരുമ്പോള്‍ ശിവരാമന്‍ നായര്‍ മുടങ്ങാതെ നടത്തുന്നൊരു ആചാരമുണ്ട്. ശാസ്തക്ഷേത്രത്തിനു സമീപത്തുള്ള കനാലിനോടു ചേര്‍ന്നു താമസിക്കുന്ന നാരായണി അമ്മയെ ഒരുമണിക്കൂര്‍ അസഭ്യം പറയുക. അതു നടത്തിയിട്ടേ നായര് വീട്ടില്‍ കേറൂ. എന്ത് അത്ഭുതം കാണിച്ച് ആളുകളെ അമ്പലത്തില്‍ കയറ്റാമെന്നു ചിന്തിച്ചു നടന്ന ജോയിക്കും കൂട്ടര്‍ക്കും ശിവരാമന്‍ നായരില്‍ കണ്ണുടക്കി. നായരെ ഒന്നു പേടിപ്പിക്കുക. രണ്ടാണു ഗുണം, നാരായണിയമ്മയ്ക്ക് തെറികേള്‍ക്കാതെ ഉറങ്ങാം, അമ്പലത്തിനടുത്തു വച്ചാകുമ്പോള്‍ പേടിപ്പിച്ചത് ശാസ്താവാണെന്ന പ്രചരണവും നടത്തി ആളുകളില്‍ വിശ്വാസവും വളര്‍ത്താം. അങ്ങനെ ശിവരാമന്‍ നായര്‍ക്കുവേണ്ടി ജോയിയും കൂട്ടരും ക്ഷേത്രത്തിനു മുന്നിലെ ആല്‍മരത്തിനു പിന്നില്‍ കാത്തിരുന്നു. ഒമ്പതു മണിയോടെ ശിവരാമന്‍ നായര്‍ എത്തി പൂരപ്പാട്ട് തുടങ്ങി. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തെറിവിളിക്ക് ഒരു ഇടവേള എത്തി. ഈ സമയം വലിയ ശബ്ദമുയര്‍ന്നു. ജോയി വെള്ളമുണ്ട് തലവഴി താഴേയ്ക്ക് ഇട്ടുകൊണ്ട്, മനയത്തുകുടി കേശവന്‍ വാരിമടലില്‍ നീട്ടിക്കത്തിച്ച തിരിയുടെ വെളിച്ചത്തിന് പിന്നാലെ ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം തുടങ്ങി. എന്താണു സംഭവിക്കുന്നതെന്നു മനസിലായില്ലെങ്കിലും ശിവരാമന്‍ നായര്‍ കുടിച്ചതെല്ലാം ഇറങ്ങിപ്പോയപോലെ. നായര് പേടിക്കാന്‍ തുടങ്ങി. ആലിന്റെ മറവില്‍ പ്രദക്ഷിണം എത്തിയപ്പോള്‍ നേരത്തെ കരുതിവച്ച മണ്ണെണ്ണ വായില്‍ നിറച്ചു കത്തിച്ച പന്തത്തിലേക്കു തുപ്പി. തീ ഗോളം ഉയര്‍ന്നു. സൈക്കിള്‍ യജ്ഞക്കാരനില്‍ നിന്നും കണ്ടുപഠിച്ച അഭ്യാസമായിരുന്നു അത്. നെഞ്ചാളിയ ശിവരാമന്‍ നായര്‍ ഭയന്ന് നിലവിളിച്ചോടി. ആളുകള്‍ ഉണര്‍ന്നതോടെ അതിനേക്കാള്‍ വേഗത്തില്‍ ജോയിയും കൂട്ടരും ഓടി. അടുത്ത തോട്ടില്‍ വീണ ശിവരാമന്‍ നായരുടെ ബോധവും പോയി.

ക്ഷേത്രത്തിന്റെ മുറ്റമടിക്കുന്ന നാരായണി അമ്മയെ ചീത്ത വിളിച്ചതിന് ശിവരാമന്‍ നായരെ അയ്യപ്പന്‍ ശിക്ഷിച്ചു എന്ന കഥ അടുത്ത ദിവസം കാട്ടുതീ പോലെ പടര്‍ന്നു. ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായി. ക്ഷേത്രഭൂമി കൈവിട്ടു പോകുമെന്ന് മനസിലാക്കിയ അരവിന്ദാക്ഷമേനോന്‍ ചാലക്കുടിയില്‍ നിന്നും പോലീസിനെ വരുത്തിയ ശേഷം ക്ഷേത്രഭൂമിയായ നാലര ഏക്കറും കമ്പിവേലി കെട്ടി വാഴയും തെങ്ങുംതൈയും വയ്പ്പിച്ചു. ഇതിനകം ക്ഷേത്ര സംരക്ഷകരായി തീര്‍ന്ന കമ്യൂണിസ്റ്റുകള്‍ക്ക് ഇടപെടാതിരിക്കാന്‍ വയ്യെന്നായി. തൃപ്പുണിത്തുറ വലിയ കോവിലകം സ്ഥലം അരവിന്ദാക്ഷമേനോന്‍ വളച്ചുകെട്ടി എടുക്കുകയാണെന്ന്‍ അറിയാവുന്നതിനാല്‍ രാത്രി വേലി ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. കനാല്‍ വെള്ളം തുറന്ന രാത്രിയില്‍ ജോയിയും കണ്ണത്താന്‍ വര്‍ഗീസും ചേര്‍ന്നു കമ്പിവേലി വാഴക്കൂട്ടത്തില്‍ ചുറ്റി കനാലിലെ ഒഴുക്കിലേക്കു എറിഞ്ഞു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ നീണ്ട അധ്വാനത്തിന്റെ ഫലമായി ക്ഷേത്രഭൂമി പഴയപടിയായി. അരവിന്ദാക്ഷമേനോന്‍ കേസ് കൊടുത്തു. ഭൂമി സംബന്ധിച്ച രേഖ ഹാജരാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വിജയിക്കാനായില്ല. തുടര്‍ന്ന് കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍ന്നു. മൂന്ന് ഏക്കര്‍ ക്ഷേത്രത്തിനും ഒന്നര ഏക്കര്‍ മേനോനും എടുത്തു. അടുത്ത പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ അരവിന്ദാക്ഷമേനോനെ ജോയ് കൈതാരം മലര്‍ത്തിയടിച്ചു.


ജോയ് കൈതാരം

ക്ഷേത്ര പുനരുദ്ധാരണത്തില്‍ ക്രിസ്ത്യാനികള്‍ വഹിക്കുന്ന പങ്കു വലുതാണെന്ന് മനസിലാക്കിയ വികാരിയച്ചന്‍ ജോയിയേയും കൂട്ടരെയും ഉപദേശിക്കാന്‍ ശ്രമിച്ചു. വീടിന്റെ അടുത്ത ദൈവം അയ്യപ്പനാണല്ലോ എന്ന ചോദ്യത്തിന് മുന്നില്‍ അച്ചനും കീഴടങ്ങി. ക്ഷേത്രം ചുറ്റമ്പലവും നിത്യപൂജയും ഉത്സവവുമൊക്കെയായി വളര്‍ന്നു. ക്രമേണ വരുമാനവും കൂടി വന്നു. അതു പതിയെ കുടുംബി, പുലയ സമുദായങ്ങളിലെ അംഗങ്ങളെ കമ്മറ്റിയില്‍ നിന്ന് മന:പൂര്‍വമല്ലാത്തരീതിയില്‍ ഒഴിവാക്കപ്പെടുകയും ഈഴവ വിഭാഗത്തില്‍പ്പെടുന്നവര്‍ ക്ഷേത്ര ഭരണം നിയന്ത്രിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തി. ഒടുവില്‍ എസ്എന്‍ഡിപി ക്ഷേത്രം ഏറ്റെടുക്കുന്ന ഘട്ടം എത്തിയപ്പോള്‍ മറ്റു വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഇടപെടാതിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലായി കാര്യങ്ങള്‍.

നിര്‍ണായക പൊതുയോഗത്തിലേക്ക് ജാതിമത വ്യത്യാസമില്ലാതെ നാട്ടുകാര്‍ ഇരച്ചെത്തി. പിന്നാലെ ഒരു വണ്ടി പോലീസും. മതേതരത്വത്തിന്റെ ശബ്ദം നേര്‍ത്തതായി. ദേശവിളക്കിന് ട്യൂബില്‍ മഞ്ഞ സ്റ്റിക്കര്‍ ഒട്ടിച്ചു മഞ്ഞ വെളിച്ചം നിറച്ചത് പോലും ചര്‍ച്ചയായി. ഒടുവില്‍ ഒരു സമുദായ സംഘടനയും ക്ഷേത്ര ഭരണമേറ്റെടുക്കണ്ട എന്നും തീരുമാനമായി. ഭൂരിപക്ഷം കൊണ്ട് പിടിച്ചെടുക്കാമെന്ന ചിന്തയും കനാലിലെ വെള്ളം പോലെ ഒലിച്ചു പോയി. മോനൊടിയില്‍ മതേതരം വീണ്ടും പുലര്‍ന്നു. ഈ നാടിനെ ഇനി സംഘര്‍ഷഭൂമിയാക്കരുതെന്നു തന്നെയാണ് ഓരോ മനുഷ്യനും ഇവിടെ ആഗ്രഹിക്കുന്നത്.(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ധനസുമോദ്)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories