TopTop
Begin typing your search above and press return to search.

മണ്‍സൂണ്‍ മാംഗോസ്; തറ വളിപ്പുകള്‍ക്കിടയില്‍ ശുദ്ധമായ ചിരി

മണ്‍സൂണ്‍ മാംഗോസ്; തറ വളിപ്പുകള്‍ക്കിടയില്‍ ശുദ്ധമായ ചിരി

സഫിയ

ജനസംഖ്യയില്‍ 25 ലക്ഷത്തിലധികം പേര്‍ പ്രവാസികളായുള്ള നാടാണ് നമ്മുടേത്. എന്നിട്ടും പ്രവാസ ജീവിതത്തെ കുറിച്ചുള്ള കനപ്പെട്ട സിനിമകളും സാഹിത്യവും അപൂര്‍വമായി മാത്രമേ ഇവിടെ സംഭവിക്കാറുള്ളൂ. ഈ അടുത്ത് പ്രദര്‍ശനത്തിനെത്തിയ സലിം അഹമ്മദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി പ്രവാസ ജീവിതത്തിന്റെ ദീര്‍ഘമായ കാലഘട്ടത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു. പലപ്പോഴും പ്രവാസം എന്നു പറഞ്ഞാല്‍ ഗള്‍ഫ് ജീവിതമാണ് നമുക്ക്. എന്നാല്‍ മധ്യ തിരുവിതാംകൂറില്‍ നിന്നു യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറിയവരുടെ ജീവിതം തീര്‍ത്തും വ്യത്യസ്ഥമാണ്. ശ്യാമപ്രസാദിന്റെ ഇംഗ്ലീഷും ഈ അടുത്ത കാലത്ത് വന്ന ഇവിടെയും യഥാക്രമം യു കെയിലും അമേരിക്കയിലുമുള്ള മലയാളി സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമകളാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച മണ്‍സൂണ്‍ മംഗോസ്. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലെ മലയാളി സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും ഒരു പ്രവാസി ആണ്. ആ അര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും ഒരു ഡയസ്പോറ സിനിമ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്.

സിനിമാ സംവിധാന മോഹവുമായി നടക്കുന്ന ദാവീദ് പീലിപ്പോസ് പള്ളിക്കലിന്‍റെ (ഡി പി പള്ളിക്കല്‍) ജീവിതത്തിലൂടെയാണ് കഥയുടെ പോക്ക്. അമേരിക്കയില്‍ വന്നു മലയാള സിനിമയെടുക്കുക എന്ന ‘കടി’യുള്ള നായകന്‍. അതിലാണെങ്കില്‍ നായികയില്ല, പാട്ടില്ല, പ്രണയമില്ല, സെക്സില്ല. ആളെ കയറ്റാനുള്ള ഫോര്‍മുലകളൊന്നും ഇല്ല. അടൂര്‍ ഗോപാലകൃഷ്ണനും സത്യജിത്ത് റായിയും സ്റ്റീവന്‍ സ്പില്‍ബര്‍ഗുമൊക്കെയാണ് പുളിക്കാരന്റെ ആരാധനാ പുരുഷന്മാര്‍. ജോലിസ്ഥലത്തെ പ്രിന്‍ററില്‍ തിരക്കഥ പ്രിന്‍റൌട്ട് എടുത്തതിന്റെ പേരില്‍ അവിടെ നിന്നു പുറത്താക്കപ്പെടുന്ന ദാവീദ് വീടിനും നാടിനും വേണ്ടാത്തവനാകുന്നു. പരിഹാസപാത്രമാകുന്നു. മണ്‍സൂണ്‍ മാംഗോസിന്റെ സ്ക്രിപ്റ്റുമായി ഒരു നിര്‍മ്മാതാവിനെ കണ്ടെത്താനുള്ള അന്വേഷണവും പരാജയപ്പെടുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഹിന്ദി സിനിമയിലെ മുന്‍ സൂപ്പര്‍താരം പ്രേംകുമാറിനെ ഡി പി പള്ളിക്കല്‍ കണ്ടുമുട്ടുന്നത്. പ്രേംകുമാറിനെ നായകനാക്കി തന്‍റെ സിനിമ പൂര്‍ത്തിയാക്കാനുള്ള ഡി പി പള്ളിക്കലിന്റെ ശ്രമങ്ങളും ഇടയില്‍ സംഭവിക്കുന്ന തമാശകളും സംഘര്‍ഷങ്ങളുമാണ് മണ്‍സൂണ്‍ മാംഗോസിനെ മുന്നോട്ട് നയിക്കുന്നത്.

പ്രശസ്ത ബോളിവുഡ് നടന്‍ വിജയ റാസ് അവതരിപ്പിക്കുന്ന പ്രേംകുമാറാണ് മണ്‍സൂണ്‍ മാംഗോസിനെ ആസ്വാദ്യകരമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ആശ എന്ന പ്രണയ ദുരന്ത ചിത്രത്തോടെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നു കലഹിച്ചിറങ്ങി പോയ നടനാണ് പ്രേംകുമാര്‍. കച്ചവട സിനിമകളുടെ ഫോര്‍മുലകള്‍ക്ക് വഴങ്ങി കൊടുത്തില്ല എന്നതാണ് അയാളെ പുകഞ്ഞ കൊള്ളിയാക്കി മാറ്റിയത്. പ്രേംകുമാര്‍ എന്ന നടന്‍റെ പൂര്‍വകാല ജീവിതത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളിലൂടെ മനോഹരമായി അവതരിപ്പിക്കാന്‍ സംവിധായകന്‍ അബി വര്‍ഗ്ഗീസിന് സാധിച്ചിട്ടുണ്ട്. പ്രേംകുമാര്‍ സിനിമ വ്യവസായത്തില്‍ അഭിമുഖീകരിച്ച സഘര്‍ഷങ്ങള്‍ തന്നെയാണ് മറ്റൊരു തരത്തില്‍ ഒരു അമേച്വര്‍ സിനിമാ സംവിധായകനായ ഡി പി പള്ളിക്കലും അഭിമുഖീകരിക്കുന്നത്. എന്നാല്‍ കലയോടുള്ള അഭിനിവേശം രണ്ടു പേരെയും ഒരേ ബിന്ദുവില്‍ കൊണ്ടെത്തിക്കുന്നു.

ഈ സിനിമയുടെ ഹൈലൈറ്റ് എന്നു പറയുന്നത് മണ്‍സൂണ്‍ മാംഗോസ് എന്ന പേരില്‍ ഡി പി പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണമാണ്. അതിനു വേണ്ടി അവര്‍ നടത്തുന്ന ഒരുക്കങ്ങളും നോണ്‍ പ്രൊഫഷണലായ നടീനടന്മാരും കുതിരയ്ക്ക് പകരം ചിത്രീകരണത്തിനെത്തിക്കുന്ന കഴുതയും ഒക്കെ ചേര്‍ന്ന് സറീയലായ ഹാസ്യത്തിന്‍റെ മറ്റൊരു അനുഭവതലം സൃഷ്ടിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. ചിത്രീകരണത്തിനിടയില്‍ ഷോട്ടില്‍ നിന്നിറങ്ങി പോകുന്ന കഴുതയും ഷൂട്ടിംഗ് മുടങ്ങിയപ്പോള്‍ തെരുവിലൂടെ കഴുതയോടൊപ്പം നടന്നു പോകുന്ന സംവിധായകനും മറ്റും മലയാള സിനിമയില്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള ശുദ്ധഹാസ്യത്തിന്‍റെ നിമിഷങ്ങളാണ്. ഇത് ഓര്‍ത്ത് ചിരിക്കാവുന്ന ഹ്യൂമറിനപ്പുറം സിനിമ നിര്‍മ്മാണത്തെക്കുറിച്ചുള്ള ഗൌരവതരമായ ചിന്തകളായും പ്രേക്ഷകരുടെ മുന്‍പില്‍ അവതരിക്കുന്നുണ്ട്. ചിത്രീകരണത്തിനുപയോഗിക്കുന്ന പഴയ മോഡല്‍ ക്യാമറ, ഫ്ലോപ്പി ഡിസ്ക്, ഫിലിം റോള്‍, എഡിറ്റിംഗ് ടേബിള്‍, ഡി പി പള്ളിക്കലിന്റെ കാര്‍, ഇടയ്ക്കിടയ്ക്ക് മലയാള സിനിമാ വാര്‍ത്ത കേള്‍പ്പിക്കുന്ന ടി വി, പഴയ മട്ടിലുള്ള വാള്‍ കലണ്ടറുകള്‍ എന്നിവയൊക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന സിനിമയുടെ അന്തരീക്ഷവും കാലവും വ്യത്യസ്ഥമായ അനുഭവം പകര്‍ന്നു തരുന്നു.

മീര നായരുടെ മണ്‍സൂണ്‍ വെഡിംഗില്‍ കല്യാണ വീട്ടിലെ വേലക്കാരിയെ പ്രേമിക്കുന്ന ദുബേ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിച്ച വിജയ് റാസും ഫഹദ് ഫാസിലും ചേര്‍ന്ന് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നു. ആമേനില്‍ അവസാന സീക്വന്‍സില്‍ കടന്നു വന്ന മകരന്ദ് പാണ്ഡെയും ഫഹദും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഇത്. അഭിനയത്തിന്റെ സാങ്കേതികതയില്‍ രണ്ടു പേരും ഫഹദിനെ പിന്നിലാക്കുകയും ചെയ്യുന്നുണ്ട്.കൈരളി ടിവിയിലൂടെ പ്രേക്ഷകര്‍ കണ്ട അക്കര കാഴ്ചകള്‍ എന്ന സിറ്റ്കോമിലൂടെ സുപരിചിതനാണ് സംവിധായകന്‍ അബി വര്‍ഗ്ഗീസ്. അക്കരകാഴ്ചകളുടെ സ്വാധീനം ചില രംഗങ്ങളിലൊക്കെ കാണാമെങ്കിലും മലയാള സിനിമയില്‍ അധികം കാണാത്ത ദൃശ്യ ഭാഷയിലൂടെ ലളിതമായും വൃത്തിയായും തനിക്ക് പറയാനുള്ളത് അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മുരളി നായരെയും (മരണ സിംഹാസനം) ജയന്‍ ചെറിയാനെയും (പാപ്പിലിയോ ബുദ്ധ) പോലെ പ്രവാസി പശ്ചാത്തലമുള്ള സംവിധായകരില്‍ അത്ര മോശമല്ലാത്ത ഇരിപ്പിടം സ്വന്തമാക്കാന്‍ മണ്‍സൂണ്‍ മാംഗോസ് അബി വര്‍ഗ്ഗീസിനെ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

അലന്‍സിയറുടെ തിയറ്റര്‍ മുതലാളി, നന്ദു അവതരിപ്പിക്കുന്ന ഡി പിയുടെ അപ്പന്‍, നിര്‍മ്മാതാക്കളില്‍ ഒരാളായ തമ്പി ആന്‍റണിയുടെ ശശാങ്കന്‍ എന്ന കലയുടെ അസുഖമുള്ള അമേരിക്കന്‍ മലയാളി എന്നിങ്ങനെ പീലിപ്പൊസിന്റെ കൂടെ ലേഹ്യ കച്ചവടത്തിനിറങ്ങുന്ന അപ്പൂപ്പന്‍മാര്‍വരെ മനസില്‍ പതിഞ്ഞു നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു പാട്ട് രംഗത്ത് കടന്നു പോകുന്ന ഗ്രിഗറി പോലും പ്രേക്ഷകരെ ചിരിപ്പിച്ചാണ് കടന്നു പോകുന്നത്.

സൂപ്പര്‍ താരങ്ങളുടെ ദ്വയാര്‍ത്ഥ, സ്ത്രീ വിരുദ്ധ വളിപ്പ് തമാശകള്‍ക്കിടയില്‍ ജീവിതത്തിന്റെയും സിനിമയുടെയും ഇടകലരലും സമാന്തര സഞ്ചാരവും ബന്ധങ്ങളുടെ ഊഷ്മളതയും അനുഭവിപ്പിക്കുന്നുണ്ട് മണ്‍സൂണ്‍ മാംഗോസ്. അതോടൊപ്പം എന്തായിരിക്കണം സിനിമ എന്ന തിരിച്ചറിവും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories