TopTop
Begin typing your search above and press return to search.

മൂകാംബികയിലേക്ക്: ചില യാത്രകള്‍ അങ്ങനെയാണ്; ആരുമില്ലെങ്കിലും പോയി വരും

മൂകാംബികയിലേക്ക്: ചില യാത്രകള്‍ അങ്ങനെയാണ്; ആരുമില്ലെങ്കിലും പോയി വരും

കൊല്ലൂര്‍ മൂകാംബിക യാത്ര വളരെ നാളായുള്ള ഞങ്ങളുടെ ആഗ്രഹമായിരുന്നു. ഞാനും പാര്‍വ്വതിയും അമ്മയും. ഒരുപാട് നേരത്തേ തീരുമാനിച്ചാല്‍ നടക്കില്ലാ എന്നറിയാവുന്നതു കൊണ്ട് പെട്ടെന്ന് ഒരു ദിവസമാണ്, അങ്ങനെ ഒരു പ്ലാന്‍ ഇട്ടത്. ഒറ്റ ദിവസം കൊണ്ട് എത്തണ്ടാ എന്നുള്ളതുകൊണ്ട് നേരെ കോഴിക്കോട് പാര്‍വ്വതിയുടെ വീട്ടില്‍ ഒരു ദിവസം, അവിടുന്ന് അച്ഛനേയും അമ്മയേയും ഞങ്ങളുടെ കൂടെ കൂട്ടി പിറ്റേ ദിവസം അതിരാവിലെ നാലുമണിക്ക് അവിടുന്നിറങ്ങി. ജീവിതത്തിലെ ഏറ്റവും നീണ്ട കാര്‍ യാത്ര. നേരം വെളുത്ത് ട്രാഫിക് ആകുന്നതിനു മുന്‍പു തന്നെ കേരളത്തിന്റെ അതിര്‍ത്തിയിലെങ്കിലും എത്തണമെന്നുണ്ടായിരുന്നു.


പോകുന്ന വഴിയില്‍ പറശ്ശിനിക്കടവെന്ന ബോര്‍ഡ് കണ്ടപ്പോള്‍ എല്ലാവര്‍ക്കും മുത്തപ്പനെ കാണണം. തൊട്ടടുത്തൂടെ പോയപ്പോള്‍ എങ്ങനെ കയറാതിരിക്കും. അങ്ങനെ അവിടെ കയറി. പോകുന്ന വഴിയ്ക്കാണ്, സന്തോഷേട്ടന്റെ വീട്. തണലിന്റെ പ്രവര്‍ത്തകനാണ്, സന്തോഷ് മാളിയേക്കല്‍. കാഞ്ഞങ്ങാട് ആണ് വീട്. ബ്രേക്ക് ഫാസ്റ്റ് സന്തോഷേട്ടന്‍ ഏറ്റതു കൊണ്ട് യാത്രാ വഴിയ്ക്ക് അവിടെ കയറി. നല്ല ചൂടന്‍ ഇഡ്ഡലിയും സാമ്പാറും ദോശയും ചട്ണിയും ഉഴുന്നുവടയും ചായയും. യാത്രയുടെ തുടക്കം തന്നെ ഉഷാറാണല്ലോ എന്നോര്‍ത്ത് സന്തോഷേട്ടനൊപ്പം കുറച്ച് നേരമിരുന്നു. പത്തുമണിയോടെ ഞങ്ങളിറങ്ങി; ബാക്കിയുള്ള വഴിയെ കുറിച്ച് അവിടുന്നു കുറച്ചു കൂടി വിവരങ്ങള്‍ കിട്ടി. മംഗലാപുരം കഴിഞ്ഞപ്പോള്‍ ട്രാഫിക് തീരെയില്ല. ഹൈവേ വീതി കൂട്ടുന്ന പണി നടക്കുന്നു, വലിയ ബ്ലോക്കുക ള്‍ ഒന്നുമില്ല, ഇടയ്ക്കിടയ്ക്ക് പണി തീരാത്ത സ്ഥലങ്ങള്‍.

വൈകുന്നേരം മൂന്നു മണിയായപ്പോള്‍ ഞങ്ങള്‍ കൊല്ലൂരെത്തി. അന്തരീക്ഷത്തില്‍ പ്രകടമായ മാറ്റം, തണുപ്പ്, ഹരിതാഭം, ശുദ്ധവായു... ഒരു സുഹൃത്ത് മുഖേന അവിടെ അമ്പലത്തിന്റെ തൊട്ടു മുന്നില്‍ റൂം പറഞ്ഞു വച്ചിരുന്നു. പക്ഷേ വീല്‍ ചെയറില്‍ ആ ഹോട്ടലില്‍ നിന്ന് ക്ഷേത്രത്തില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ട്. അവിടെ വരെ വന്നിട്ട് ഇനി എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഇരുന്നപ്പോള്‍, ഒടുവില്‍ അവര്‍ തന്നെ മറ്റൊരു ലോഡ്ജില്‍ റൂം ശരിയാക്കി. ക്ഷേത്രത്തിനോട് ചേര്‍ന്നു തന്നെ. കാര്‍ അകത്തു കയറ്റിയാല്‍ വീല്‍ ചെയറില്‍ ക്ഷേത്രത്തില്‍ എത്താം. സമാധാനമായി. ഹോട്ടല്‍ ശ്വേതയിലെ ജീവനക്കാര്‍ എല്ലാവരും തന്നെ ആദ്യം മുതലേ നല്ല സഹകരണമായിരുന്നു. വീല്‍ ചെയറില്‍ പിടിയ്ക്കാനും ഭക്ഷണം എത്തിച്ചു തരാനും എല്ലാം.

ബെസ്റ്റ് ഓഫ് അഴിമുഖം

കടല്‍ കടന്നൊരു ജീവിതം
മഴ നനയാന്‍ പറ്റിയ ഒരിടം തേടി
എന്നാണ് ഈ നാട്ടില്‍ ഒരാളുടെ സഹായമില്ലാതെ എനിക്ക് സഞ്ചരിക്കാനാവുക?
കാട്ടിലെത്തിയാല്‍ നിശബ്ദരാകുന്ന കൂട്ടുകാര്‍ക്ക്
കുടജാദ്രിയുടെ നിറങ്ങള്‍

പറഞ്ഞു വച്ചിരുന്നതിനെക്കാള്‍ സൗകര്യമുള്ള റൂം. ഒന്ന് ഫ്രഷായി വൈകുന്നേരം തന്നെ ക്ഷേത്രത്തിലെത്തി. വീല്‍ ചെയറില്‍ വടക്കുവശം വഴി അകത്തു കയറാന്‍ എളുപ്പമാണ്. കൊടിമരത്തിനു മുന്നിലെത്തി തൊഴുതു നിന്നു. ഇടയ്ക്കിടയ്ക്ക് ഭക്തരെ തടഞ്ഞു നിര്‍ത്തുന്നതു കൊണ്ട് കൊടിമരത്തിന്റെ ചുവട്ടിലിരുന്നാലും നന്നായി ദര്‍ശനം നടത്താന്‍ കഴിയും. പിന്നെ അമ്പലത്തിന്റെ വിശാലമായ മതിലകം. ഉപദേവന്മാര്‍, പല്ലക്ക്, മഞ്ചല്‍, രഥം. എല്ലായിടവും കറങ്ങി നടക്കാം, കാണാം. മൂന്നു ദിവസമായിരുന്നു മൂകാംബികയില്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. മൂന്നു പകലും മൂന്നു രാത്രിയും. മൂന്നു ഭാവങ്ങള്‍. അവര്‍ മൂന്നു ദിവസവും അകത്തു കയറി തൊഴുതു; ഞാന്‍ പുറത്തു നിന്നും. പിന്നെ സരസ്വതീ മണ്ഡപത്തില്‍ ഇരുന്നു. പലരും വന്നു സംസാരിച്ചു. പല ദേശക്കാര്‍... പലതരം ആളുകള്‍., ഒരുപാട് കഥകള്‍... രസകരം തന്നെ. ഒരു ദിവസം പാര്‍വ്വതിയും അമ്മയും കുടജാദ്രിയില്‍ പോയി. അപൂര്‍വ്വമായ ആ യാത്രയെ കുറിച്ച് അന്നവള്‍ കുറേ സംസാരിച്ചു. ആ സമയത്ത് ഞാന്‍ വായനയിലായിരുന്നു. കുറച്ചു പുസ്തകങ്ങള്‍, സിനിമകള്‍ എല്ലാം കയ്യിലെടുത്തിരുന്നു. സിനിമ കാണുന്നതിനേക്കാള്‍ ഇഷ്ടപ്പെട്ടത് പുസ്തകം വായന തന്നെ ആയിരുന്നു. വിശപ്പും ദാഹവും പോലും അറിഞ്ഞില്ല.

ഭക്ഷണം വളരെ ശ്രദ്ധിച്ചാണ് കഴിച്ചത്. പൊതുവേ പുറത്തു പോയാല്‍ ഭക്ഷണം കഴിക്കല്‍ ശ്രദ്ധിച്ചാണ്; പരമാവധി ഒഴിവാക്കാനും നോക്കും. ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടായാലോ എന്ന് ഭയന്നിട്ടു തന്നെ. ഈ യാത്ര ഇത്ര നീണ്ടതായതു കൊണ്ട് പേടി കൂടുതലുമായിരുന്നു. ഒരു ദിവസം അത്താഴം ക്ഷേത്രത്തില്‍ നിന്നു തന്നെ ആയിരുന്നു. അകത്തു കയറി ഭക്ഷണം കഴിക്കാനാകുമെന്ന് വിചാരിച്ചില്ല, പക്ഷേ ഒരു നേരമെങ്കിലും കഴിക്കണം എന്നു തോന്നി. അകത്തു കയറി ഭക്ഷണം കഴിക്കാനുള്ള ഏര്‍പ്പാടുകള്‍ അതിന്റെ ആള്‍ക്കാര്‍ തന്നെ ചെയ്തു തന്നു. അപ്രതീക്ഷിതമായി ഒരു വാളണ്ടിയര്‍ കൈകഴുകാന്‍ വെള്ളം അടുത്തു കൊണ്ടത്തന്നു. അതിശയം തോന്നി. എന്നെ അവര്‍ ശ്രദ്ധിച്ചിരിക്കുന്നു. നല്ല സ്വാദുള്ള രസവും സാമ്പാറും പച്ചരിച്ചോറും പിന്നെ മോരും. ലളിതമായ ഭക്ഷണം, വയര്‍ നിറഞ്ഞു.

അവസാന ദിവസം ഞങ്ങള്‍ മറ്റൊരിടത്തു പോയി, മുരുഡേശ്വര്‍. വലിയ ഉയരത്തില്‍ ഉള്ള ശിവ പ്രതിമ ഉള്ള ക്ഷേത്രമാണത്. അവിടെയുള്ള വലിയ ഒരു വ്യവസായിയുടെ അധീനതയിലുള്ള ക്ഷേത്രം. ക്ഷേത്രം എന്നു പറയുന്നതിനേക്കാള്‍ നല്ലത് ടൂറിസ്റ്റ് കേന്ദ്രം എന്നു പറയുന്നതു തന്നെയാകും. തൊട്ടടുത്ത് കടലാണ്. ഡ്രൈവ് ഇന്‍ ബീച്ച് സൗകര്യവുമുണ്ട്. പക്ഷേ കടല്‍ വെള്ളം പെട്ടെന്ന് തുരുമ്പുണ്ടാക്കുമെന്നതു കൊണ്ട് അതിനു തോന്നിയില്ല. പകരം കുറച്ചു നേരം അവിടിരുന്ന് കാറ്റു കൊണ്ടു, ഫോട്ടോയെടുത്തു, മടങ്ങുന്നതിനു മുന്‍പ് ഒരു പാനീപൂരിയും കഴിച്ചു (അതു വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി).

മടക്കയാത്ര രസകരമായിരുന്നു. പാനീപൂരിയുടെ അരുചി മാറാന്‍ റോഡ് സൈഡില്‍ കണ്ട കാപ്പിക്കടയില്‍ വണ്ടി നിര്‍ത്തി. നമ്മുടെ നാട്ടിലൊക്കെ പണ്ട് ഉണ്ടായിരുന്നതരം വളരെ ചെറിയ ഒരെണ്ണം. തീരെ പരിഷ്‌കാരമില്ല. മലയാളികളേയും ആകര്‍ഷിക്കാനെന്ന മട്ടില്‍ വച്ചിരിക്കുന്ന ബോര്‍ഡില്‍ നിറയെ അക്ഷരത്തെറ്റ്. പക്ഷേ കാപ്പിയുടെ സ്വാദ് പറയാതെ വയ്യ; ഗംഭീരം, എന്നാല്‍ ഗ്ലാസ്സ് കണ്ട് എല്ലാവരും ചിരിയോട് ചിരി. ഒരു ചെറുവിരലിന്റെ അത്ര വലിപ്പമേയുള്ളൂ ഗ്ലാസ്സിന്. നമ്മുടെ നാട്ടില്‍ ശരവണ ഭവനുകളില്‍ കിട്ടുന്ന ഗ്ലാസ്സാണ്, ലോകത്തേറ്റവും ചെറിയ കാപ്പി ഗ്ലാസ്സെന്നു വിചാരിച്ചത് തെറ്റി. അതിലും ചെറിയ ഗ്ലാസും അതിലും സ്വാദുള്ള കാപ്പിയും ഉണ്ടെന്ന് അന്നാണ്, മനസ്സിലായത്. അകത്തുണ്ടായിരുന്ന ബഞ്ച് വെട്ടുകല്ലിന്മേല്‍ ഉറപ്പിച്ചു വച്ചിരുന്ന പലകക്കഷണങ്ങളാണെന്ന് അകത്തു കയറി കാപ്പി കുടിച്ചവര്‍ പറഞ്ഞു. പരിഷ്‌കാരം ഒട്ടും ഇല്ലെങ്കിലും ആ ഗ്രാമത്തിന്റെ ശാലീനത ഞങ്ങളെയൊക്കെ ആകര്‍ഷിച്ചിരുന്നു. ഭാഷ അറിയില്ലെങ്കിലും മനുഷ്യനെ മനസ്സിലാക്കുന്ന അവരുടെ സ്‌നേഹവും ആകര്‍ഷിച്ചു. പൊതുവേ കേരളത്തിനെ അപേക്ഷിച്ച് ആര്‍ഭാടം വളരെ കുറവ്.

നാലാം ദിവസം രാവിലെ മടക്കയാത്ര. മടുപ്പായിരുന്നോ അതോ ഊര്‍ജ്ജം അധികമായതിന്റെ വിളര്‍ച്ചയായിരുന്നോ എന്ന് മനസ്സിലായില്ല. കാരണം വനമദ്ധ്യത്തിലെ ആ ക്ഷേത്രവും അതിന്റെ ഊര്‍ജ്ജപ്രവാഹവും അത്രമാത്രം മറ്റൊരവസ്ഥയില്‍ കുറച്ചു ദിവസങ്ങളായി ഞങ്ങളെയെത്തിച്ചിരുന്നു. ഒരു മണിക്കൂറില്‍ ഉടുപ്പി എത്തി. മടക്കത്തില്‍ അവിടെയും കയറണം എന്നു നേരത്തെ അവിടെ പോയിട്ടുള്ള സുഹൃത്ത് പുഷ്പകുമാര്‍ ചേട്ടന്‍ പറഞ്ഞിരുന്നു, വീല്‍ചെയര്‍ ആക്‌സസിബിള്‍ ആണെന്നും; കയറിയപ്പോള്‍ അത് ശരിയാണെന്ന് മനസ്സിലായി. ചെറിയ ചില പടികള്‍ ഉണ്ടെങ്കിലും അവിടെയൊക്കെ സെക്യൂരിറ്റി സ്റ്റാഫ് സഹായത്തിനുണ്ട്. ചെറിയൊരു ഷോപ്പിങ്ങും കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ വിശപ്പിന്റെ വിളി. ലോകത്തെല്ലാമുള്ള ഉടുപ്പി ഹോട്ടല്‍ കാണുമെന്നു കരുതി, വഴിയിലെങ്ങുമില്ല! എന്തായാലും ഒരു ചെറിയ കാന്റീന്‍ കിട്ടി, അവിടെയും പ്രതീക്ഷിക്കാത്ത വിഭവങ്ങളും സ്വാദും! കുറച്ചു സ്‌പെഷ്യല്‍ വട പാഴ്‌സലും വാങ്ങി.

മടക്കയാത്രയില്‍ ആദ്യം ആരും ഒന്നും മിണ്ടിയില്ല, തിരിച്ചു പോരുന്നതിന്റെ സങ്കടം എല്ലാവരിലും ഉണ്ടായിരുന്നു. തിരികെ മടങ്ങുന്ന വഴി ഏറ്റവുമധികം പണി തന്നത് കണ്ണൂരാണ്. ട്രാഫിക് ജാമില്‍ പെട്ട് നട്ടം തിരിഞ്ഞു. ഏറ്റവും വലിയ പട്ടണമായ മംഗലാപുരം പോലും ഉണ്ടാക്കാത്ത ഒരസ്വസ്ഥത ആദ്യമായി അപ്പോഴാണ് തോന്നിയത്. വാഹനങ്ങളുടെ അതിപ്രസരം കേരളത്തിന്റെ തോന്നലുകളെ തിരിച്ചു കൊണ്ടുവന്നു. തിരികെ വരുന്ന വഴി ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളായ സ്മിതയേയും പ്രവീണ്‍ ദേവരാജിനേയും കണ്ടു. കുറേ പേരേ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയക്കുറവു മൂലം കഴിഞ്ഞില്ല. വഴിയിലെ ചില ഡസ്റ്റിനേഷനുകളും ഉപേക്ഷിക്കേണ്ടി വന്നു. ക്ഷീണിതരായിരുന്നു എന്നതായിരുന്നു സത്യം. അന്നു രാത്രി കോഴിക്കോട് വീട്ടിലെത്തി നല്ല ചൂടു കഞ്ഞിയും പപ്പടവും കഴിച്ചു. പിറ്റേന്നു രാവിലെ നാട്ടിലേയ്ക്ക്.

മടക്കയാത്രയിലും കൊല്ലൂരിനെക്കുറിച്ചും ഞങ്ങളുടെ യാത്രയെ കുറിച്ചും മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ആയിരത്തഞ്ഞൂറോളം കിലോമീറ്റര്‍ യാത്ര കഴിഞ്ഞ് ആറാം ദിവസം വീട്ടിലെത്തുമ്പോള്‍ പിന്നെയും മനസ്സില്‍ തീരുമാനമെടുത്തിരുന്നു, ഇനിയും പോകണം. ആരേയും സഹായത്തിനായി കൂട്ടിയില്ലെങ്കിലും എല്ലാം നടക്കും എന്ന് ആ ദിവസങ്ങളില്‍ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. അതെ, ഇനിയും പോകണം ഇതുപോലെ ലോങ്ങ് ഡ്രൈവുകള്‍.


Next Story

Related Stories